7773-8x10-ul2-big-813x1024

എഴുതിയത്: മോനി കെ വിനോദ്

കോഴിക്കോട്ട് നിന്ന് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ ആയത് കൊണ്ട് മാത്രമാണ് ജീവിതത്തില്‍ ആദ്യമായും അവസാനമായും കുറച്ചു കാലം എങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യാന്‍ സര്‍ തീരുമാനിച്ചത്. സാധു മനുഷ്യന്‍. യഥാര്‍ത്ഥ കോയിക്കോടന്‍ . സിമ്പിള്‍ ഫെല്ലോ. താമരശ്ശേരി ചുരം വഴി റോഡ് റോളര്‍ ഓടിച്ച മഹാന്റെ അനന്തര അവകാശി.

കസേരയില്‍ കയറി കുത്തീരിക്കും, രോഗിയോട് കുരയുണ്ടോ എന്ന് പട്ടികളോട് ചുമയുണ്ടോ എന്നും ചോദിക്കും. ജോലി സമയം കഴിഞ്ഞാല്‍ മുണ്ടാണ്ട് മണ്ടിക്കളയും.വന്നപ്പോള്‍ തന്നെ നമ്പര്‍ വണ് അസിസ്റ്റന്റ് ആയി കിട്ടിയത് കിട്ടിയത് ഒരു കിടിലം തിരോന്തരംകാരനെ. അണ്ണന്‍ മറ്റൊരു പുലി . സുരാജ് വെഞ്ഞാറമ്മൂട് മാറി നിന്ന് നമസ്‌ക്കരിക്കും.

ശത്രുക്കള് ഇവരെ പ്യേട്ടകള് എന്ന് പറയും . പേട്ട എന്ന അര്‍ഥത്തില്‍ .

പക്ഷെ സത്യത്തില്‍ പേട്ടയില്‍ താമസിക്കുന്ന ചെല്ലന്‍മ്മാരും ചെല്ലക്കിളികളും നല്ല ബോഞ്ചികള്‍ പോലത്തെ, കലിപ്പുകള്‍ ഇല്ലാത്ത ഭാഷകള്‍ പറയുന്നവരാണ്. പിന്നെ എന്തരാണോ യെവരെയിങ്ങനെ കേക്കണത് എന്ന് ഒരു വെവരോം ഇല്ല കേട്ടാ.

ആദ്യ ആഴ്ച തന്നെ സാര്‍ പ്യേട്ട അണ്ണനോട് ഒരു ആപ്പരെഷന്‍ ചെയ്യാന്‍ ഏപ്പിച്ചു കൊടുത്തു.
ഇനി ഒരല്‍പം മെഡിക്കല്‍ വിദ്യാ ആഭാസം . ബാക്ക് ഗ്രൗണ്ട് ഇന്‍ഫര്‍മേഷന്‍ .

പൊളിഞ്ഞ നാഷണല്‍ ഹൈവേയിലും തകര്‍ന്ന ഹാര്‍ട്ടിലും മാത്രമല്ല വയറിലും ബൈപാസ്സുകള്‍ നിര്‍മിക്കാറുണ്ട് ..വല്ല മുഴകള്‍ , ക്യാന്‍സര്‍ , ടൂബര്‍കുലോസിസ് തുടങ്ങിയവ കുടലില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുമ്പോള്‍.
കുടലിലെ ഇത്തരം ബൈ പാസ്സുകള്‍ക്ക് നല്ല കിടിലം പേരുകള്‍ ഉണ്ട് . സ്റ്റൊമക്കില്‍ നിന്നും കുടലിലേക്ക് ആണെങ്കില്‍ ഗാസ്‌ട്രോ ജെജുനോസ്ടമി ( gatsro jejunostomy ) , കുടലില്‍ നിന്നും കുടലിലേക്ക് ആണെങ്കില്‍ എന്‍ടറോ എന്‍ടറോസ്ടമി ( entero enterostomy ) എന്നിങ്ങനെ ..
ഈ രോഗി വന്നത് കുടലില്‍ ടൂബര്‍കുലോസിസ്ബാധിച്ച് ആയിരുന്നു . കുടല്‍ വഴി മുടക്കി .
പാല്‍, പത്രം എന്നിവയെ പോലും കടത്തി വിട്ടില്ല . അക്രമ രാഷ്ട്രീയക്കാര്‍ എത്ര ഭേദം .തികഞ്ഞ മാന്യന്മാര്‍ .അവര് ബന്ദു കളിക്കുമ്പോള്‍ പാലിനെയും പത്രത്തെയും വെറുതേ വിടും , പക്ഷെ പാല്‍ ക്കാരനെയും പത്രക്കാരനെയും അടിച്ചു പഞ്ചറാക്കും..

പരിശോധനകള്‍ക്ക് ശേഷം പ്രതിയെ ഓപ്പറേഷന് വിധിച്ചു .എന്‍ടറോ എന്‍ടറോസ്ടമി ആയിരുന്നു പ്ലാന്‍.ക്രൂര കൃത്യം ചെയ്യാന്‍ ശിഷ്യനെ ഏല്‍പ്പിച്ചു സാര്‍ അടുത്ത ഓപ്പറേഷന്‍ തീയേറ്ററില്‍ അതിലും വമ്പന്‍ ഏതോ സ്രാവിനെ പിടിക്കാന്‍ പോയി . വല്ല വി ഐ പി യുടെ മൂലക്കുരു ആയിരിക്കും . വിഐപികള്‍ അങ്ങിനെയാണ് ഏതു കുരു ആണെങ്കിലും പ്രൊഫസ്സര്‍ തന്നെ ചെയ്യണം . അതാണ് ഒരു സ്റ്റാറ്റസ്.

രോഗിയുടെ വയര്‍ തുറന്നു നോക്കിയ ശിഷ്യന്‍ അന്തം വിടുകയും കുന്തം വിഴുങ്ങുകയും ഒന്നിച്ചായിരുന്നു .ക്ഷയരോഗം അതീവ സങ്കീര്‍ണം. കുടലാകെ മുന്നണി സര്‍ക്കാര്‍ ഭരണം മാതിരി അട്ടര്‍ കന്‍ഫൂഷന്‍ ആയിട്ടുണ്ട് ..ആവശ്യത്തില്‍ അധികം വെന്ത് കുഴഞ്ഞ് പോയ നൂടില്‍സോ പാസ്തയോ പോലെ .
ആമാശയം ഏതാ അല്ലാത്ത ആശയം ഏതാ കുടല്‍ ഏതാ പണ്ടം ഏതാ ഒരു പിടിയും കിട്ടുന്നില്ല .

പക്ഷെ നമ്മുടെ ഹീറോ ആള് സര്‍ജറിയില്‍ മാത്രമല്ല ശസ്ത്രക്രീയയില്‍ പോലും പുലിയാണ്. (അത് രണ്ടും ഒന്നല്ലേ എന്നോ ?? മാഷേ ,,കഥക്ക് നീളം ഇല്ലെങ്ങില്‍ പത്രാധിപര് സുക്കര്‍ബെര്‍ഗ് , മാര്‍ക്ക് പോയിട്ട് പണം പോലും തരില്ല . മഹാ പിശുക്കന്‍ ആണ് )

അണ്ണന്‍ പതിയെ സമയം എടുത്ത് ഡിസ്സെക്റ്റ് ചെയ്ത് പുഷ്പം പുഷ്പം പോലെ ബൈ പാസ് പണി വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഏതെങ്കിലും പണിയില്ലാത്ത മന്ത്രിയെ വിളിച്ചു ഉല്‍ഗാടനം ചെയ്താല്‍ മതി എന്നായി.വൈകുന്നേരം പോസ്റ്റ് ഓപ്പറെറ്റീവ് റവുണ്ട്‌സില്‍ രോഗിയുടെ അടുത്ത് എത്തിയ ചീഫ് വിശേഷങ്ങള്‍ അന്വേഷിച്ചു . ‘എങ്ങിനെയുണ്ടായിരുന്നു സര്‍ജറി ??’

രായ മാണിക്കം , ‘ അയ്യോ എന്തര് പറയാന്‍ സാറേ, തോറന്നപ്പോ, സ്റ്റൊമക്ക് എന്തര്, ജെജുനം എന്തര് , ഇലിയം എന്തര് ( പേടിക്കണ്ട ഇതൊന്നും സിസ്റ്റര്‍മാരുടെ പേരുകള്‍ അല്ല , ചെറു കൊടലിന്റെ പല പല ഭാഗങ്ങള്‍ അത്രേ ) ഒരു പിടിയും കിട്ടീല്ല സാറേ . ആകെ കൊളം .’

വകുപ്പ് മേധാവി : ‘പിന്നെ താന്‍ എന്ത് ചെയ്തു ?’

‘ പിന്നെ എന്തര് ചെയ്യാന്‍ സാറേ,’ മാണിക്കം പറഞ്ഞു, ‘ എന്‍ടറോ എന്‍ടറോസ്ടമി ചെയ്യാന്‍ പറ്റില്ല എന്നായപ്പോള്‍ ഞാന്‍ ഒരു എന്തരോ എന്തരോസ്ടമി ചെയ്തു, ഇറങ്ങി പോന്നു ‘

പ്രൊഫസ്സര്‍ എന്ത് മറുവെടി വച്ചെന്നു അമ്മച്ചിയാണേ , പെറ്റ തള്ളയാണേ എനിക്ക് അറിയില്ല ..

സര്‍ജറിയും കഴിഞ്ഞു , ടി ബി യുടെ മരുന്നും കഴിച്ചു രോഗി രണ്ടാഴ്ചകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും പുട്ട് പോലെ നടന്നു പോയി .
അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് സര്‍ജന്‍ ആള് പുലിയാണെന്ന്.
രായ മാണിക്കന്‍ പറഞ്ഞ പോലെ ..യഥാര്‍ത്ഥ പുലി അതായത് സിംഹം .
ഇപ്പോള്‍ പെന്‍ഷന്‍ പറ്റി തിരോന്തരത്തെ പ്രൈവറ്റ് ആശുപത്രികളില്‍ കറങ്ങി നടക്കുന്നുണ്ട് , ഇര പിടിക്കാന്‍ , ഈ എന്തരോ മഹാനു ഭാവലു ..
വാല്‍ കഷണം: മുഴകള്‍ എന്ന് പറഞ്ഞപ്പോള്‍ ആണ് മധുരയില്‍ നിന്നും വന്ന് മലയാളിയെ തിരുമണം ചെയ്ത് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ചന്ദ്രിക മാഡത്തിനെ ഓര്‍ത്തത് ..

തലവേദനക്ക് സ്‌കാന്‍ ചെയ്തു വന്ന രോഗിയോട് ചിത്രം നോക്കി മാഡം പറഞ്ഞത്രേ.’ അമ്മാ നിങ്ങളുടെ തലയില്‍ ഒരു മുള വളരുന്നുണ്ട് ‘. മുഴ എന്ന് ഉദ്ദേശിച്ചു പറഞ്ഞത് ആണ് തലൈവി.അന്ന് മുതല്‍ രോഗി എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കും. മൂക്കില്‍ കൂടെയോ ചെവിയില്‍ കൂടെയോ മുളയുടെ ഇല ഇറങ്ങിവരുന്നുണ്ടോ എന്ന് .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.