രമ്യ ബിനോയി
അമ്മായിയമ്മ – ആ പേര് തന്നെ ആശ്രീകരമാണ്. എന്തിനാണ് അങ്ങനെ ഒരു പേര് ആ അമ്മമാര്‍ക്ക്. മരുമക്കത്തായകാലത്ത് കുടുംബത്തിലെല്ലാവരുടെയും അനിഷ്ടം ഏറ്റുവാങ്ങിയ അമ്മായി (അമ്മായിയമ്മയെ അമ്മിയെ വച്ചിട്ട് നല്ലൊരു കല്ലോണ്ട് നാരായണാ… എന്നു പാടിയിരുന്നവരുടെ കാലം) ഭര്‍തൃമാതാവ് ആയപ്പോള്‍ വിളിച്ചിരുന്ന ആ പേര് ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. അമേരിക്കന്‍സ് പറയുമ്പോലെ മില്‍ (മദര്‍ ഇന്‍ ലോ) എന്നോ മറ്റോ ഒരു ചെല്ലപ്പേര് കണ്ടെത്തണം. അല്ലെങ്കില്‍ ഒരിക്കലും നേരെയാവാന്‍ പോകുന്നില്ല അമ്മായിയമ്മ – മരുമകള്‍ ബന്ധം.
എന്തിനാണ് ഇരുവരും ഇങ്ങനെ പോരടിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അങ്ങ് മനസ്സിലാവുന്നില്ല. മകനെ പിടിച്ചെടുത്ത് കീശയില്‍ വയ്ക്കണോന്ന് അമ്മമാരോ ഭര്‍ത്താവ് എന്റേതു മാത്രമെന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികളോ ഇപ്പോള്‍ അപൂര്‍വമാണ്. അപ്പോള്‍ അവിടെയല്ല പ്രശ്നം. മിക്കവാറും ദമ്പതിമാര്‍ ജോലി ആവശ്യത്തിനായി കുടുംബം വിട്ടുതാമസിക്കുന്നതു കൊണ്ട് അതിപരിചയത്തിന്റെ മുഷിപ്പും ഈ ബന്ധത്തില്‍ വീഴുന്നില്ല. എന്നിട്ടും എവിടെയാണ് പിഴയ്ക്കുന്നത്…
മരുമകള്‍ നന്ന് എന്ന് പറഞ്ഞാല്‍ അത് അവളെ വളര്‍ത്തിയ മറ്റൊരു സ്ത്രീക്കുള്ള തൂവലാകുമെന്ന അനിഷ്ടം ഒരു വശത്ത്. മിടുക്കിയായ മരുമകളും അത്രയ്ക്കൊന്നും മിടുക്കില്ലാത്ത സ്വന്തം മകളും ഒന്നിച്ചു നില്ക്കുമ്പോള് ആ താരതമ്യം മറുവശത്ത്. മകളുടെ കൊച്ചുകൊച്ചു നന്മകള് പോലും ലോകം മുഴുവന്‍ അറിയണമെന്നാണ്അമ്മ ആഗ്രഹിക്കുക. പക്ഷേ, മരുമകള്‍ ഒറ്റയ്ക്ക് ഹിമാലയം കയറിയാലും, നോവലെഴുതി മാന്‍ ബുക്കര്‍ പ്രൈസ് വാങ്ങിയാലും ഒരു നല്ല വാക്ക്… ങേഹേ…
എന്റെയൊരു കൂട്ടുകാരിയുണ്ട്. വിവാഹം കഴിഞ്ഞു ചെന്ന ദിവസം രാത്രി തന്നെ വിരുന്നിനു വന്ന സ്വന്തംവീട്ടുകാരുടെ പാത്രം മുഴുവന്‍ അവളെ കൊണ്ടു കഴുകിച്ചു. അന്ന് അവള്‍ക്കു മനസ്സിലായി ആ വീട്ടില്‍ തനിക്കെന്താണു കാത്തുവച്ചിരിക്കുന്നതെന്ന്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, മിടുക്കിയായി ബാങ്ക് മാനേജരായി ജോലി ചെയ്യുമ്പോഴും ഭര്‍തൃവീട്ടില്‍ അവളുടെ അവസ്ഥ പഴയതു തന്നെ. എല്ലാവര്ക്കും ഭക്ഷണമുണ്ടാക്കുക, വിളമ്പുക, പാത്രം കഴുകുക, വീട് വൃത്തിയാക്കുക. “ജോലിക്കാരൊന്നും അടുക്കളയില്‍ കയറിയാല്‍ ശരിയാവില്ല, അച്ഛനത് പിടിക്കില്ല” എന്നൊരു ന്യായവും കൂട്ടിനുണ്ട്.
എന്തിനേറെ പറയുന്നു, എന്റെ കാര്യം തന്നെ എടുക്കൂ. 16 വര്‍ഷമായി കോഴിക്കോടിന്റെ മരുമകളായിട്ട്. ഞാന്‍ ഇന്നുവരെ മാനാഞ്ചിറയോ മിഠായിത്തെരുവോ കണ്ടിട്ടില്ല. ഇനിയൊരിക്കല്‍ ഒറ്റയ്ക്കു പോയി കോഴിക്കോട് ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് എനിക്ക് മിഠായിത്തെരുവില്‍ സന്ധ്യയ്ക്ക് നടക്കാനിറങ്ങണം.
ഇതൊന്നും ആരുടെയും കുറ്റമല്ല. “ഞാനിങ്ങനെയൊക്കെയാണ് ജീവിച്ചത്. ഇതില്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് ആവശ്യമില്ലെ”ന്ന് പലരും കരുതുന്നു. അങ്ങനെയല്ല, “എനിക്ക് സ്വപ്നങ്ങള്‍ വേറെയാണ്” എന്നു പറയാന്‍ മരുമകള്‍ക്ക് ധൈര്യമുണ്ടായാല് മതി. പക്ഷേ, നമ്മുടെ സാഹചര്യങ്ങളില്‍ അങ്ങനെ പറയുന്നവള്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഒരു പോരാളിയാകേണ്ടി വരും. നമ്മളോട് പോരടിക്കുന്നത്, അമ്മായിയമ്മ മാത്രമാകില്ല, അവരുടെ സഹോദരങ്ങളും കസിന്സും അകന്ന ബന്ധുക്കളും വരെ നമ്മളുടെ തലയില്‍ കൂടി ചെയിന്‍ സര്‍വീസ് തുടങ്ങും. യേശു ഒരിക്കലേ കുരിശുമരണം വരിച്ചുള്ളുവെങ്കില് അവള് എല്ലാ ദിവസവും ക്രൂശിലേറേണ്ടി വരും.
ഇതിന് എന്നാണൊരു അവസാനം.
നമ്മള് സ്ത്രീകളാണ് ഇവിടെ മാറേണ്ടത്. മിക്കവാറും വീട്ടില്‍ ഭര്‍ത്താവും അമ്മായിയച്ഛനുമൊക്കെ ഡയലോഗ് ഇല്ലാത്ത കഥാപാത്രങ്ങളാണ്. ഇരു കൂട്ടരെയും തൃപ്തിപ്പെടുത്താന്‍ അവര്‍ നിശബ്ദത പാലിക്കുകയേ ഉള്ളൂ. തെറ്റ് കണ്ടാല്‍ കൂടി പറയില്ല. ആ നിലയ്ക്ക് നമുക്ക് സ്വയം തിരുത്തിത്തുടങ്ങാം.
“കാലം മാറി, എന്റെ ലോകമല്ല പുതിയ കുട്ടികളുടേത്. എന്റെ മകനുള്ള അതേ അവകാശങ്ങളും സ്വപ്നങ്ങളും മരുമകള്ക്കുമുണ്ട്” എന്ന് അമ്മമാര്‍ ചിന്തിച്ചു തുടങ്ങിയാല്‍ മുക്കാലും പ്രശ്നങ്ങള്‍ക്കു പരിഹാരമായി. ഇനി ഇതൊന്നും പറ്റില്ലെങ്കില്‍, ‘അവളെ അവളുടെ വഴിക്കു വിടാം, സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാന്‍ ഞാനില്ല” എന്നെങ്കിലും തീരുമാനിക്കാമല്ലോ…
മരുമക്കളും ഒന്ന് ഓര്‍ത്തോളൂ. നമ്മള് നമ്മുടെ കുടുംബാംഗങ്ങളുടെ പല സ്വഭാവ പ്രത്യേകതകളും സഹിക്കാറില്ലേ. ” എന്തുപറഞ്ഞാലും എന്റമ്മയല്ലേ, അച്ഛനല്ലേ, എന്റെ കുഞ്ഞനിയത്തിയല്ലേ” എന്നൊക്കെ ചിന്തിച്ച്. അതുപോലെ മധ്യവയസ്സിലെത്തിയ, കുറെയേറെ ഹോര്‍മോണ്‍ തകരാറുകളുള്ള ഒരു സ്ത്രീയാണ് ഭര്‍ത്താവിന്റെ അമ്മ. ഒരു ജന്മം മുഴുവന്‍ ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ഹോമിച്ചവള്‍. മിക്കവാറും സ്വന്തമായ ചോയ്സുകളൊന്നും അവര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നിരിക്കില്ല. അതുകൊണ്ട് ഒരു കണ്ണ് പാതിയടച്ചേക്കൂ, ഒരു ചെവിയും.
പോര്‍വിളി മുഴക്കിയാല്‍ മാത്രം നമുക്ക് ആയുധസജ്ജരാകാം. അതുവരെ, ട്രംപും കിമ്മും പോലെ അങ്ങോട്ടൊന്ന് വിരട്ടിയും ഇങ്ങോട്ടൊന്ന് ചൊറിഞ്ഞും നമുക്ക് മുന്നോട്ടുപോകാം.