ഭർത്താവിനാലും മക്കളാലും അവഗണിക്കപ്പെട്ടൊരു സ്ത്രീയുടെ സങ്കടത്തെ പരിഹസിക്കുന്ന നന്മമനുഷ്യർ

88

Amrutha S

മീൻ കറി കിട്ടാഞ്ഞതുകൊണ്ട്‌ വീട്ടമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്ത സ്ക്രീൻ ഷോട്ടെടുത്ത്‌, ഇങ്ങനെയൊക്കെയാ നിന്നെ പോലുള്ള സ്ത്രീകൾ, അല്ലെങ്കിൽ നീയുമിതുപോലെയാണൊ എന്നാലും മീൻ കറി കിട്ടിയില്ലെന്ന് പറഞ്ഞ്‌ ആത്മഹത്യ ചെയ്യുക നാണം കെട്ടൊരാത്മഹത്യയായ്‌ പോയ്..‌ എന്നുതുടങ്ങി വിവിധതരം കമന്റുമായ്‌ ഇൻബോക്സിലും വാട്ട്സാപ്പിലേയ്ക്കും വന്ന ഇനിയും വരാനിരിക്കുന്ന പ്രിയസുഹൃത്തുക്കളോട്‌ ഒന്ന് പറയട്ടെ. നിങ്ങളൊക്കെ കണ്ടതുപോലെ ചിരിക്കാൻ വകയുള്ള ഒന്നും തന്നെ ആ വാർത്തയിൽ എനിക്ക്‌ കാണാനായില്ല. പകരം ഭർത്താവിനാലും മക്കളാലും അവഗണിക്കപ്പെട്ടൊരു സ്ത്രീയുടെ സങ്കടം മാത്രമെ കാണാൻ കഴിഞ്ഞുള്ളു

ഒന്നാലോചിച്ചു നോക്കു, വീട്ടിലുള്ള നിങ്ങളുടെ അമ്മ , ഭാര്യ , സഹോദരി ഒക്കെ നിങ്ങളുടെ മുന്നിലേയ്ക്ക്‌ ആഹാരം വെച്ച്‌ വിളമ്പി കൊണ്ടുത്തരുമ്പൊ തിന്നു വയറു നിറച്ച്‌ കുറച്ച്‌ കുറ്റങ്ങളും പറഞ്ഞ്‌ എഴുന്നേറ്റു പോകുന്നതിനിടയിൽ കഴിച്ചോ അല്ലെങ്കിൽ കഴിക്കാൻ ബാക്കിയെന്തെങ്കിലുമുണ്ടൊ എന്നൊരു വാക്ക്‌ നിങ്ങളിലെത്ര പേർ ചോദിക്കാറുണ്ട്‌ ? ഓഹ്‌ വെച്ചുണ്ടാക്കുന്നവർക്ക്‌ എടുത്ത്‌ കഴിച്ചാലെന്താ അതിനിപ്പൊ ചോദിക്കണൊ എന്നൊരു മറുചോദ്യം നിങ്ങളുടെ കണ്ണുകളിലും ചുണ്ടിലെ പരിഹാസ ചിരിയിലും എനിക്ക്‌ കാണാം (എല്ലാവരും ഇങ്ങനെയൊക്കെയാണെന്നല്ല കേട്ടോ) . ശരിയാണു നിങ്ങൾ പറയുന്നത്,‌ പക്ഷെ പ്രിയപ്പെട്ടവരിൽ നിന്നും കരുതലിന്റെയൊരു വാക്ക്‌ ഒരു പ്രവൃത്തി അല്ലെങ്കിലൊരു നോട്ടമെങ്കിലും കൊതിക്കാത്ത സ്ത്രീകൾ ഇല്ലെന്ന് തന്നെയാണെന്റെ വിശ്വാസം .

ഒരു കടലോളം സ്നേഹിച്ച്‌ ഭർത്താവ്‌ മക്കൾ ഒക്കെയാണു തന്റെ ലോകമെന്ന് വിശ്വസിച്ച്‌ ജീവിക്കാൻ ശ്രമിക്കുന്നൊരു സ്ത്രീക്ക്‌ അവരിൽ നിന്നും നേരിടേണ്ടി വരുന്ന അവഗണന നിങ്ങളുടെ കാഴ്ച്ചയിൽ ചെറുതായാലും വലുതായാലും അവർക്കത്‌ സഹിക്കാൻ കഴിയില്ല. അതവരുടെ തെറ്റൊ അഹങ്കാരമൊ വിവരമില്ലായ്മയൊ അല്ല അത്രമേൽ സ്നേഹിച്ച്‌ പോയതുകൊണ്ടാണു. അതുകൊണ്ടാണു പ്രിയപ്പെട്ടവരുടെ അവഗണനയിൽ ചിലസ്ത്രീകൾ അത്മഹത്യ ചെയ്യുകയൊ, ചുരുക്കം ചിലരെങ്കിലും അഹങ്കാരി തന്നിഷ്ടക്കാരി എന്ന് നമ്മളൊക്കെ ചാർത്തികൊടുക്കുന്ന ധൈര്യത്തോടെ ജീവിതത്തെ ഭ്രാന്തമായ്‌ പ്രണയിച്ചുകൊണ്ട്‌ തനിക്ക്‌ വേണ്ടിക്കൂടി ജീവിച്ച്‌ തുടങ്ങുകയും ചെയ്യുന്നത്‌ .ആത്മഹത്യ ചെയ്താലവൾ വിവരമില്ലാത്തവൾ . ധൈര്യത്തോടെ ജീവിച്ച്‌ തുടങ്ങിയാലവൾ അഹങ്കാരി എന്താല്ലെ ഇത്രയും മനോഹരമായ്‌ ചിന്തിക്കാൻ നമുക്കല്ലാതെ മറ്റാർക്ക്‌ കഴിയും “നന്മ മനുഷ്യർ”.