അമൃതം ഗമയ: ഇന്ന് 36 വർഷം തികയുന്നു.
എഴുതിയത് : രാഗനാഥൻ വയക്കാട്ടിൽ
കടപ്പാട് : Malayalam Movie & Music DataBase (m3db)
മറക്കാനാവാത്ത ചലച്ചിത്രങ്ങളിൽ ഇന്ന് അവലോകനം നടത്തുന്നത് ശ്രീ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി പ്രശസ്ത സംവിധായകൻ ഹരിഹരൻ മലയാളി പ്രേക്ഷകർക്കു നൽകിയ അമൃതംഗമയ എന്ന സിനിമയെ കുറിച്ചാണ്. ഷിർദിസായി ക്രിയേഷൻസിൻ്റെ ബാനറിൽ പി.കെ ആർ പിള്ള നിർമ്മിച്ച ഈ ചിത്രം 1987 ഫെബ്രുവരി ആറിനാണ് പ്രദർശനശാലകളിൽ എത്തിയത്.മോഹൻലാലാണ്. Dr ഹരിദാസ് ആയി പ്രധാന റോളിൽ . ശ്രീദേവിയായി പാർവ്വതി ജയറാമും , ശ്രീദേവിയുടെ അച്ഛൻ ഇളയതി ൻ്റെ വേഷത്തിൽ ബാബു നമ്പൂതിരിയും അമ്മയായി കമലയും അഭിനയിച്ചു.
ഡോക്ടർ ഹരിദാസിൻ്റെ അമ്മയുടെ വേഷത്തിൽ സുകുമാരിയും സുകുമാരിയുടെ സഹോദരൻ കാർക്കശ്യക്കാരനായ കുറുപ്പിൻ്റെ വേഷത്തിൽ തിലകനും മക്കളായി ദേവനും (രഘു ) ക്യാപ്റ്റൻ രാജുവും ( സുകു) മറ്റു രണ്ടു ആൺമക്കളെ കൂടാതെ ഏക മകൾ ഭാനുവായി ഗീതയും അഭിനയിച്ചിരിക്കുന്നു. ഡോക്ടർ ഹരിദാസ് ആദ്യ പ്രാക്ടീസിനെത്തിയ സർക്കാർ ആശുപത്രിയിലെ സഹ ഡോക്ടറായി ജോണിയും കമ്പൗണ്ടറായി കുതിരവട്ടം പപ്പുവും വേഷമിട്ടു.
ആമുഖം:
റാഗിങ്ങ് ഇന്ന് എല്ലാ സംസ്ഥാനളും ക്രിമനൽ കുറ്റമാക്കിയിട്ടുണ്ട്.ഒരു വർഷം മുമ്പ് ഭൂമിയിലെത്തി എന്ന ധിക്കാരം തന്നേക്കാൾ ജൂനിയർ ആയവരുടെ മേൽ പ്രയോഗിക്കുന്ന കിരാത വിനോദം ആദ്യകാലങ്ങളിലെ നിർദ്ദോഷഫലിതങ്ങൾ പുരോഗമിച്ച് ശാരീരിക പീഢനത്തിൽ എത്തി നിൽക്കുന്നു. അതിനെ അനുകൂലിക്കാൻ അക്കാലത്ത് ചില രക്ഷിതാക്കളും ഉണ്ടായിരുന്നു എന്നതാണ് കൗതുകം .തനിക്ക് നേരിടേണ്ടി വന്ന പീഢനത്തിന് പകരം വീട്ടുന്നത് അത് ചെയ്തവരോടല്ല. ഇതൊന്നുമറിയാത്ത അടുത്ത വർഷം പ്രവേശനം നേടുന്ന പുതുമുഖങ്ങളോട്. അവർക്ക് കാര്യപ്രാപ്തിയും എന്തിനേയും നേരിടാനുള്ള ധൈര്യവും ഉണ്ടാകാനാണെന്ന ന്യായവും: ഒരു വയസ്സിൻ്റെ വ്യത്യാസം മാത്രമുള്ള അനിയനും അനിയത്തിയുമല്ലേ അവർ. അവരെ അങ്ങനെ ദ്രോഹിക്കാൻ പാടുണ്ടോ?
റാഗിങ്ങ് എന്ന ക്രൂര വിനോദം മൂലം എത്രയെത്ര കുടുംബങ്ങളുടെ ആശ്രയമാണ് സ്വപ്നമാണ് കുരുന്നിലേ നുള്ളപ്പെട്ടിട്ടുള്ളത്.റാഗിങ്ങ് എന്ന പേരിലുള്ള ക്രൂര പീഢനം സഹിക്കാൻ കഴിയാതെ അധ്യയനം അവസാനിപ്പിച്ചു പോയവർ അനേകമുണ്ട്. മാനസികനില തെറ്റിയവർ ഒട്ടനവധി. ആത്മഹത്യ ചെയ്തവരെ കൂടാതെ റാഗിങ് പീഢനത്തിൽ മരണപ്പെട്ടവർ എത്രയെത്ര.റാഗിങ്ങ് ഇരയാക്കപ്പെടുന്നവരുടെയും കുടുംബത്തേയും എങ്ങനെ ബാധിക്കുന്നു എന്ന് ശക്തമായ തിരക്കഥയിലൂടെ അതിൻ്റെ തീവ്രത ഒട്ടും ചോർന്നു പോകാതെ ശ്രീ ഹരിഹരൻ അഭ്രപാളിയിൽ എത്തിച്ചു.
കഥയിലേക്ക്:
ഡോക്ടർ ഹരിദാസിൻ്റ മെഡിക്കൽ പഠനകാലത്ത് ഒരു വിദ്യാർത്ഥിക്ക് സംഭവിച്ച ദാരുണ മരണം താൻ മൂലമാണെന്ന ചിന്ത ജീവിതകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആ ഓർമ്മകൾ കടന്നു വരുമ്പോൾ മയക്കുമരുന്നു കുത്തിവപ്പിൽ അഭയം തേടുന്നു.എം.ബി-ബി.എസ് പഠനം കഴിഞ്ഞ് വിജയികളായ വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങോടെ അമൃതംഗമയയുടെ തുടക്കം. ഏറ്റവും മികച്ച വിദ്യാർത്ഥിനിക്ക് ആ കോളേജിലെ ഏറ്റവും നല്ല അധ്യാപകനായിരുന്ന ജേക്കബ്ബ് സാറിൻ്റെ പേരിൽ നൽകുന്ന മെഡൽ സ്വീകരിക്കാൻ ശ്രീദേവി ( പാർവ്വതി)യെ ക്ഷണിച്ചു.ഹാളിൻ്റെ ഏറ്റവും പിൻഭാഗത്ത് ഇത് കണ്ടു കൊണ്ടിരിക്കുന്ന Dr.ഹരിദാസ് ആഹ്ളാദത്തോടെ കയ്യടിക്കുമ്പോൾ അപ്രതീക്ഷിതമായി കണ്ടതിൻ്റെ സന്തോഷത്തിൽ അത്ഭുതത്തോടെ ഹരിദാസിൻ്റെ അരികിലേക്ക് ഓടിയെത്തി. ചടങ്ങുകൾക്ക് ശേഷം ഹോസ്റ്റൽ ഒഴിഞ്ഞ് ശ്രീദേവിയുടെ വീട്ടിലേക്ക് ഡോക്ടറുടെ കാറിൽ യാത്ര.
യാത്രാ മധ്യേ കരിക്കു കുടിക്കാൻ കാർ പുഴയോരത്തെ കടയുടെ മുന്നിൽ നിറുത്തി.കരിക്ക് കുടിച്ച് കൊണ്ട് പുഴയുടെ അരികിൽ എത്തിയപ്പോൾ ഓർമ്മകളിലേക്ക് ഡോക്ടറുടെ മനസ്സ് കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചു പോകുന്നു.തൻ്റെ മെഡിക്കൽ പഠനം കഴിഞ്ഞ് അമ്മാവൻ്റെ വീടിനടുത്ത ആരോഗ്യ കേന്ദ്രത്തിലെ ആദ്യ നിയമനം. അമ്മയോടൊപ്പം അമ്മാവൻ്റെ വീട്ടിലേക്ക് വരുമ്പോൾ ‘തിരുനാവായ പുഴയോരത്ത് ബലിതർപ്പണങ്ങൾ നടക്കുന്നു.താൻ എത്തുമ്പോഴേക്കും അമ്മാവൻ ഡോക്ടർ ഹരിദാസ് MBBS എന്ന ബോർഡ് സ്ഥാപിച്ചത് .വീട്ടിൽ എത്തിയപ്പോൾ മുറ്റപ്പെണ്ണായ ഭാനു (ഗീത )വിൻ്റെ അത്യധികമായ സന്തോഷം. അമ്മാവൻ്റെ വീട്ടിലെ ഒരു മുറിയിൽ താമസം: അന്നു തന്നെ അമ്മ തിരിച്ചു പോയി. വൈദ്യനായിരുന്ന അച്ഛൻ്റെ ശ്രാദ്ധം കഴിഞ്ഞാൽ ഉടനെ കല്യാണം നടത്താമെന്ന് അമ്മാവൻ (തിലകൻ)അമ്മയോട് ( സുകുമാരി ) പറഞ്ഞു. അമ്മായിയും മരണപ്പെട്ട് അധികനാളായിട്ടില്ല. പിറ്റേന്ന് തന്നെ ആശുപത്രിയിൽ ചാർജെടുത്തു. തനി ഗ്രാമപ്രദേശം പാവപ്പെട്ട രോഗികളുടെ ഏക ആശ്രയ കേന്ദ്രം മുമ്പുണ്ടായിരുന്ന ഡോക്ടർമാർ ആശുപത്രി ഫാർമസിയിൽ നിന്നും മരുന്ന് കൊടുക്കാറില്ല.പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക് എഴുതിക്കൊടുക്കും.
(ഡോക്ടർ ഹരിദാസ് എന്ന ബോർഡ് വക്കുന്നത് ഇളയതിൻ്റെ മകൾ ശ്രീദേവി വളരെ ദു:ഖത്തോടെ നോക്കി നിന്നു. തൻ്റെ മുറ്റത്തും ഇങ്ങനെ ഒരു ബോർഡ് വരേണ്ടതായിരുന്നു. ചേട്ടൻ ഉണ്ണികൃഷ്ണൻ്റെ പേരിൽ ‘ശ്രീദേവി ക്ലിനിക് എന്ന പേരിടും എന്നൊക്കെ ചേട്ടൻ വാഗ്ദാനം നൽകിയതാണ്. ബലികർമ്മങ്ങൾ നടത്തിക്കൊടുക്കുന്ന അച്ഛൻ ഇളയതിൻ്റെ അരികിലെത്തി ശ്രീദേവി വടക്കേപ്പാട്ട് ഡോക്ടർ വരുന്നതും ബോർഡ് വച്ചതും പറയുന്നു.ചേട്ടൻ മരണപ്പെട്ടത് കൊണ്ടുണ്ടായായ ദൗർഭാഗ്യത്തെ ഓർത്ത് രണ്ടു പേരും നെടുവീർപ്പിടുന്നു’}അടുത്ത ദിവസം തന്നെ കിടപ്പു രോഗിയായ ഇളയതിൻ്റെ ഭാര്യയെ പരിശോധിക്കാൻ ഡോക്ടർ ഹരിദാസിന് അവരുടെ വീട്ടിൽ പോകേണ്ടി വന്നു. തൻ്റെ മകനും MBBS ന് പഠിച്ചിരുന്നു എന്ന് ഇളയത് പറയുന്നു.
ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട കാര്യവും പറഞ്ഞു. ഇളയതിൻ്റെ മകൾ ശ്രീദേവി ചേട്ടൻ ഉണ്ണികൃഷ്ണനെ അറിയുമോ എന്ന് ചോദിച്ചപ്പോൾ ഹരിദാസ് ഞെട്ടിപ്പോയി. താൻ മൂലം മരണപ്പെട്ട ആ വിദ്യാർത്ഥിയുടെ കുടുംബത്തിലാണ് നിൽക്കുന്നത് എന്ന സത്യം അറിഞ്ഞപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായി..താമസ സ്ഥലത്ത് തിരിച്ചെത്തിയ ഡോക്ടർ ദാസ് വല്ലാത്ത വിഷാദത്തിലായി . ഭാനു കൊച്ചുവർത്തമാനങ്ങൾ പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സിൽ കയറുന്നില്ല’.. അന്ന് രാത്രിയിൽ ഇഞ്ചക്ഷനിൽ അഭയം തേടിയാണ് ഉറങ്ങിയത്.’
ആയുർവ്വേദ വൈദ്യനായിരുന്നു ഡോക്ടർ ഹരിദാസിൻ്റെ പിതാവ്. അതിനാൽ രോഗി കളോട് വളരെ നല്ല രീതിയിൽ ഇടപെടുന്ന ശീലം ഹരിദാസും സ്വായത്തമാക്കി.ആവശ്യത്തിന് മാത്രമേ മരുന്ന് എഴുതൂ’.ആശുപത്രിയിലെത്തുന്നവരിൽ ആയുർവ്വേദ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് നിറുത്താൻ പറയുന്നില്ല. വടക്കേപ്പാട്ടുകാരുടെ മെഡിക്കൽ ഷോപ്പിലേക്ക് കൂടുതൽ മരുന്നുകൾ കുറിച്ച് കച്ചവടം വർദ്ധിപ്പിക്കാത്തതിൽ അമ്മാവൻ വലിയ ദേഷ്യത്തിലാണ്. അത്ര സുഖപ്രദമല്ലാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.
ഇളയതിൻ്റെ ഭാര്യക്ക് അസുഖം കൂടി ഡോക്ടറെ വന്ന് വിളിക്കുന്നു. വീട്ടു ചികിത്സകൊണ്ട് കാര്യമില്ല എന്ന് പറഞ്ഞ് ഹരിദാസ് അവരെ മികച്ച ആശുപത്രിയിലേക്ക് മാറ്റി. തൻ്റെ പഴയ അധ്യാപകൻ (കരമന ) ആ ആശുപത്രിയിലെ പ്രധാന ഡോക്ടറായതിനാൽ നല്ല പരിചരണം ലഭിച്ചു. ചികിത്സയുടെ ഉത്തരവാദിത്തമെല്ലാം ഏറ്റെടുത്തു. ചികിത്സാ ബില്ലുകളും Drഹരി ദാസ് തന്നെ അടച്ചു.. ബിൽ അടക്കാൻ
വീട്ടിലുണ്ടായിരുന്ന സ്വർണ്ണം പണയം വച്ച് ഇളയത് വന്നിരുന്നു. ആ പൈസ കൊടുത്ത് ആഭരണം തിരിച്ചെടുക്കൻ ശ്രീദേവിയോട് ഹരിദാസ് പറഞ്ഞു. അകാലത്തിൽ പൊലിഞ്ഞു പോയ ചേട്ടനായി തന്നെ കാണാൻ ഹരിദാസ് പറഞ്ഞു.അതിനിടെ അമ്മാവൻ കുറുപ്പുമായും ”’ അളിയൻമാരിൽ ഇളയവനൊഴികെയുള്ളവരുമായി അകൽച്ചയിലായി. കുറുപ്പിൻ്റെ പീടിക മുറി ഒഴിയാത്തതിന് വാടകക്കാരനെ തല്ലിച്ചതച്ച് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ നിർബ്ബന്ധിത ഡിസ്ചാർജ് കൊടുക്കാൻ മച്ചുനൻ രഘു (ദേവൻ) പറഞ്ഞതു കേൾക്കാത്തതിനാൽ ക്ഷോഭിച്ചു സംസാരിക്കുകയും തിരിച്ച് പോകുകയും ചെയ്തു. മറ്റൊരു ദിവസം ചട്ടമ്പി വേലായുധനേയും കൊണ്ട് വന്ന് പരിക്ക് ഉണ്ടെന്ന് വരുത്തി അഡ്മിറ്റ് ചെയ്യാൻ രഘു (ദേവൻ) പറയുകയും വേലായുധൻ നഴ്സിനോട് അപമര്യാദയായി സംസാരിക്കുകയും ചെയ്തു. ഇതു കേട്ട ഡോക്ടർ ഹരിദാസ് വേലായുധനെ അടിച്ച് നിലത്തിടുകയും ചെയ്തത് കൂടുതൽ ഭിന്നതയിലേക്ക് നീങ്ങി.
മരുന്നുകൾ അധികം കഴിക്കേണ്ട എന്ന് രോഗികളോട് പറയുന്നു എന്നും കടയിൽ കച്ചവടമില്ല എന്നും വീട്ടിൽ എല്ലാവരോടും പറഞ്ഞു് ക്ഷോഭിച്ച് സംസാരിക്കുകയും അച്ഛനെപ്പോലെ പച്ചമരുന്ന് വെട്ടിക്കൊടുക്കാൻ ഇരുന്നാൽ മതിയായിരുന്നല്ലോ എന്ന് അമ്മാവൻ പരിഹാസരൂപത്തിൽ പറയുകയും ചെയ്തപ്പോൾ അതിനും മടിയില്ല എന്ന് ഹരിദാസ് തിരിച്ചു പറയുകയും ചെയ്തു.അടുത്ത ദിവസം തന്നെ അമ്മാവൻ്റെ വീട്ടിൽ നിന്നും താമസം വാടക വീട്ടിലേക്ക് മാറുന്നു.ഭാനു അവിടെയെത്തി ചേട്ടൻമാർ കളക്ടറുടെ ആലോചനയുമായി മുന്നോട്ടു പോകുന്ന കാര്യം സംസാരിക്കുകയും ഞാൻ എവിടേക്ക് വേണമെങ്കിലും ദാസേട്ടൻ്റെ കൂടെ വരാമെന്നും പറഞ്ഞു. ഇളയതിൻ്റെ കൂടുംബത്തെ സംരക്ഷിക്കുന്നതിൽ വിഷമവും പരിഭവം പറയുകയും ചെയ്തു. എന്തിനാണ് അവരുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് എന്നതിന് ഉത്തരം പറയാൻ കഴിയാതെ ഹരിദാസ് കുഴങ്ങിപ്പോയി. ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞു. അവിടെ നിന്നും ‘ഭാനുവിനെ സ്കൂട്ടറിൽ അമ്മാവൻ്റെ വീട്ടിൽ കൊണ്ടുവിടുന്നു.ഭാനുവിൻ്റെ അച്ഛനും സഹോദരൻമാർക്കും അത് ഇഷ്ടമായില്ല. കാരണം ആ സമയത്ത് ഭാനുവിനെ വിവാഹമാലോചിക്കാൻ വന്ന കളക്ടർ അവിടെ ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ ആശുപത്രിയിൽ പ്രസവക്കേസ് വന്നപ്പോൾ ഡോക്ടർ തോമസ് അവിടെ ഉണ്ടായിരുന്നില്ല മകളുടെ പിറന്നാൾ ആഘോഷത്തിലായിരുന്നു. താൻ നോക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് ഗർഭിണിയുടെ ഭർത്താവിനെ പറഞ്ഞ് വിട്ടു.ബ്ളീഡിങ്ങ് അധികമാണെന്ന വിവരം കിട്ടിയപ്പോൾ ഡോക്ടർ ഹരിദാസ് ആശുപത്രിയിലെത്തി. പക്ഷേ തന്നേക്കാൾ പരിചയം Dr.തോമസിനാണെനതിനാൽ ഡോക്ടറെ വിളിക്കാൻ വീട്ടിൽ പോയപ്പോൾ ബർത്ത് ഡേ പാർട്ടിയും മദ്യസൽക്കാരവുമാണ് നടക്കുന്നത്. ഡോക്ടർ വരാതായപ്പാൾ തിരിച്ചു വന്ന ഡോക്ടർ ഹരിദാസ് കേസ് അറ്റൻഡ് ചെയ്യാൻ വേഷം മാറുമ്പോഴേക്കും ആ ഗർഭിണി മരണപ്പെട്ടു. .അതിനു ശേഷം ലക്കില്ലാതെ ഡോക്ടർ തോമസ് എത്തിയെരിലും രൂക്ഷമായി നോക്കി Dr.ഹരിദാസ് തിരിച്ചു വന്നു.Dr. തോമസ് നടത്തിയ കൃത്യവിലോപം ഹരിദാസിൻ്റെ തലയിലേക്കിട്ടു. ശത്രുവായി മാറിയ അമ്മാവൻ ഇതൊരു അവസരമാക്കി വാർത്തയാക്കി പത്രത്തിൽ കൊടുക്കുകയും ചെയ്തു. സുകു (ക്യാപ്റ്റൻ രാജു )വിൻ്റെ ഭാര്യയായ ഹരിദാസിൻ്റെ സഹോദരിയോട് അനുജൻ്റെ വിശേഷങ്ങൾ പത്രത്തിൽ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് പരിഹസിച്ചപ്പോൾ ആദ്യമായി സ്വന്തം അമ്മാവനെ എതിർത്ത് നല്ല മറുപടിയും കൊടുത്തു.പഴയ വൈരാഗ്യത്തിൻ്റെ പേരിൽ വേലായുധനും കൂട്ടരും രാത്രിയിൽ വീട് ആക്രമിച്ച് സ്കൂട്ടറിന് തീയിട്ടു ജനൽച്ചില്ലുകൾ തകർത്തു. വടക്കേപ്പാട്ടെ അമ്മാവനും മക്കളും കൂടിഅവിടെ നിന്നും ജോലി തെറിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
ഡോക്ടറുടെ വീട്ടിൽ എത്തിയ ഇളയത് മകൻ്റെ ആത്മാവ് ഗതികിട്ടാതെ അലയുന്നത് പോലെ എപ്പോഴും തോന്നുന്നു എന്ന് വിഷമത്തോടെ പറഞ്ഞു. അപമൃത്യു സംഭവിച്ചാലേ ഇങ്ങനെ ഉണ്ടാകു എന്ന് പറഞ്ഞ ഇളയത് സ്വാഭാവിക മരണം തന്നെ ആയിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ എല്ലാ കാര്യവും തുറന്ന് പറയേണ്ടി വരുന്നു. താൻ നടത്തിയ റാഗിങ്ങിനിടെ തന്നെ തോളിലേറ്റി നടക്കുമ്പോൾ ഹൃദ്രോഗിയായ ഉണ്ണി ചോര ഛർദ്ദിച്ചാണ് മരിച്ചതെന്ന സത്യം വെളിപ്പെടുത്തി. അധ്യാപകൻ്റെ കാലു പിടിച്ച് കരഞ്ഞപ്പോൾ തന്നെ രക്ഷിച്ച കാര്യം പറഞ്ഞ് തീരുംമുമ്പേ ഇളയതിൻ്റെ കാൽ പിടിച്ച് കണ്ണീരോടെ മാപ്പിരന്നു.
ദുർമരണത്തിൻ്റെ പരിഹാര കർമ്മങ്ങൾ ഹോമങ്ങൾ ഇളയതിൻ്റെ വീട്ടിൽ നടത്തി. അന്നു തന്നെയാണ് ഭാനുവിൻ്റെ വിവാഹം കളക്ടറുമായി നടക്കുന്നത്.
ബലികർമ്മങ്ങൾക്ക് തിരിച്ചു വരുന്ന ശ്രീദേവിയുടെ അമ്മ ഉണ്ണിയെ കൊന്നു അല്ലേ എന്ന് ചോദിച്ചപ്പോൾ മനപ്പൂർവ്വമല്ല എന്ന് തിരിച്ചു പറഞ്ഞെങ്കിലും അസ്വസ്ഥനായ ഡോക്ടർ ഹരിദാസ് മുറിയിൽ കയറി കൈത്തണ്ട മുറിച്ചു.ശ്രീദേവി എത്തിയതിനാൽ വന്ന് കൈ മുറുകെ പിടിച്ചു. ഒരു ജീവന് പകരം മറ്റൊരു ജീവൻ തരാം എന്ന് പറഞ്ഞ ഡോക്ടറെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മൃത്യുവിൽ നിന്ന് അമരത്വത്തിലേക്ക്. SSLC ക്ക് നല്ല മാർക്ക് വാങ്ങിയ ശ്രീദേവിയെ പ്രീ ഡിഗ്രി പഠിച്ചിപ്പ് പിന്നീട് മെഡിക്കൽ കോളേജിൽ ചേർത്തതു വരെയുള്ള മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്തത് വരെയുള്ള കാര്യങ്ങൾ സ്മൃതിപഥത്തിൽ .
ഓർമകളിൽ നിന്നും തിരിച്ച് എത്തിയപ്പോൾ ശ്രീദേവിയുടെ ഗ്രാമത്തിൽ എത്തി: വീട്ടിൽ രോഗമുക്തയായ അമ്മ സ്വീകരിച്ചു.ഇളയതിൻ്റെ മാലയിട്ട ഫോട്ടോയ്ക്കു മുന്നിൽ ഡോക്ടർ ഹരിദാസ് പ്രണമിച്ചു. അവിവാഹിതനായി തുടരാനാണോ എന്ന ശ്രീദേവിയുടെ അമ്മയുടെ ചോദ്യത്തിൽ നിങ്ങൾ എല്ലാം ഉണ്ടല്ലോ എന്ന മറുപടിയിൽ ഡോക്ടർ ഹരിദാസ് തിരിച്ചു പോകുന്നതോടെ അമൃതംഗമയ അവസാനിക്കുന്നു.
അമൃതം അവലോകനത്തിൽ എഴുതി തീർക്കാൻ കഴിയില്ല. ഓരോ സീക്വൻസിലും അഭിനയത്തിൻ്റെ വൈവിധ്യങ്ങളാണ്. ഒരാളും മോശമായി അഭിനയിച്ചിട്ടില്ല .ആ അഭിനയ മുഹൂർത്തങ്ങൾ ഹൃദയത്തിലും മനസ്സിലും പതിഞ്ഞു കിടക്കുന്നു. അക്ഷരങ്ങളിലേക്ക് കഥാസാരത്തെ മാത്രമേ എത്തിക്കാൻ കഴിയൂ.. മോഹൻലാൽ അതിഗംഭീരമായി .അതു പോലെ തിലകനും. ബാബു നമ്പൂതിരിയുടെ ഇളയതിനു പകരമായി മറ്റാരേയും സങ്കൽപ്പിക്കാൻ കഴിയില്ല. .സുകുമാരിയും, കരമനയും ചെറിയ വേഷത്തിലാണെങ്കിലും തികച്ചും അനുയോജ്യമായി.അമൃതംഗമയ കണ്ടിരിക്കേണ്ട മലയാള ചിത്രങ്ങളിൽ ഒന്നാമത് തന്നെയാണ്.
ജിവിതയാത്രയുടെ എൺപത്തിഎട്ടു സംവത്സങ്ങൾ പിന്നിട്ട കൂടല്ലൂരിൻ്റെ കഥാകാരൻ മലയാളികളുടെ അഭിമാനം എം ടി വാസുദേവൻ നായർക്ക് ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
രാഗനാഥൻ വയക്കാട്ടിൽ