ഒരലമാരയും രണ്ട് മനുഷ്യരും

Balachandran Chirammal
മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

ചരിത്രത്തിലെ ഏറ്റവും മികച്ച സർറിയലിസ്റ്റിക് സിനിമകളിലൊന്നാണ് “ആൻ ആൻഡലൂഷ്യൻ ഡോഗ്”( An Andalusian Dog). വെറും ഇരുപത്തിയൊന്ന് മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം സിനിമയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ മഹത്തായ സിനിമയാണ്. ലൂയി ബുനുവൽ എന്ന ലോകപ്രസിദ്ധനായ ചലച്ചിത്രകാരൻറെ ആദ്യചിത്രം എന്ന ഖ്യാതി മാത്രമല്ല ഈ സിനിമക്കുള്ളത്, ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ സർറിയലിസ്റ്റിക് ചിത്രകാരൻ സാൽവദോർ ദാലിയുടെ രചനാവൈദഗ്ദ്യം കൂടി ഈ ചിത്രത്തെ മഹത്തരമാക്കി എന്നത് കൂടിയാണ്. ദാലിയും ബുനുവലും സംയുക്തമായി രചിച്ച തിരക്കഥയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണ് “ആൻ ആൻഡലൂഷ്യൻ ഡോഗ്”.

1924 ഓട് കൂടി യൂറോപ്പിലെങ്ങും അലയടിച്ച സർറിയലിസ്റ്റിക് പ്രസ്ഥാനത്തിലെ മികച്ച ഒരു സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധാനന്തര കാലത്തെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും ഫ്രോയിഡിൻറെ മനശ്ശാസ്ത്ര വിചാരങ്ങളും അക്കാലത്തെ കലാകാരന്മാരെ സ്വാധീനിക്കുകയും സ്വന്തം ജീവിത ചുറ്റുപാടുകളിലേക്ക് തിരിഞ്ഞ് നോക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തതിൻറെ ബഹിർസ്ഫുരണമാണ് സർറിയലിസ്റ്റിക് പ്രസ്ഥാനമായി വളർന്നത്. ആദ്യം സാഹിത്യത്തിലാണ് ഇത് പ്രകടമായതെങ്കിൽ പിന്നീട് ചിത്രകലയിലേക്കും തിയറ്ററുകളിലേക്കുമൊക്കെ ഈ പ്രസ്ഥാനം കടന്ന് വന്നു. ആന്ദ്രേ ബ്രെട്ടൺ, മാക്സ് ഏണസ്റ്റ്, ജോവാൻ മിറോ, റെനെ മാഗ്രിറ്റ്, ട്രിസ്റ്റൻ സാറ, മാൻ റേ, സാൽവഡോർ ഡാലി, ലൂയിസ് ബുനുവൽ തുടങ്ങിയവർ സർറിയലിസത്തെ ചരിത്രത്തിൻറെ ഭാഗമാക്കി. തങ്ങളുടെ രചനകൾക്ക് യാഥാർഥ്യവുമായി ബന്ധമുണ്ടായിരിക്കണമെന്ന് കരുതുകയും അതിനനുകൂലമായി രചനാ സമ്പ്രദായങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു എന്നതാണ് സർറിയലിസ്റ്റ് പ്രസ്ഥാനത്തിൻറെ പ്രസക്തി. പിന്നീട് ഈ പ്രസ്ഥാനം സിനിമയിലേക്കും കടന്ന് വന്നു. അക്കൂട്ടത്തിലെ ആദ്യകാല സിനിമകളിലൊന്നാണ് “ആൻ ആൻഡലൂഷ്യൻ ഡോഗ്”.

സർറിയലിസ്റ്റിക് സിനിമാ പ്രസ്ഥാനത്തിലെ മറ്റൊരു മഹത്തായ സൃഷ്ടിയാണ് “ റ്റു മെൻ ആൻറ് എ വാർഡ്രോബ്” (Two Men and a Wardrobe). പ്രമുഖ സിനിമാ സംവിധായകരിലൊരാളായ റൊമാൻ പൊളാൻസ്കിയുടെ ആദ്യ സിനിമയാണിത്. റൊമാൻ പൊളാൻസ്കിയെ അറിയാത്ത സിനിമാ പ്രേമികൾ ഉണ്ടായിരിക്കില്ല. “ദ പിയാനിസ്റ്റ്” എന്ന ഒറ്റ ചിത്രം മതി പൊളാൻസ്കിയെ അറിയാൻ. ബിറ്റർ മൂൺ, ടെസ്സ്, നൈഫ് ഇൻ ദ വാട്ടർ തുടങ്ങി നിരവധി ക്ലാസ്സിക് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. ഹിറ്റ്ലറുടെ വംശീയ ആക്രമണങ്ങളെ അതിജീവിച്ച പൊളാൻസ്കി ഫാസിസ്റ്റ് അനുഭവങ്ങളെ അനുഭവിച്ചറിഞ്ഞ മനുഷ്യനാണ്. അദ്ദേഹത്തിൻറെ അമ്മ ജർമൻ തടവറയിൽ വെച്ച് കൊല്ലപ്പെടുകയും അച്ഛൻ തടവറയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ജീവിതത്തോടുള്ള നിഹിലിസ്റ്റിക് വീക്ഷണം അദ്ദേഹത്തിൽ രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിൻറെ കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾക്ക് വലിയ പങ്കുണ്ട്. അത് കൊണ്ട് തന്നെ മനുഷ്യത്വത്തിന് വേണ്ടിയുള്ള തെരച്ചിലുകൾ അദ്ദേഹത്തിൻറെ സിനിമകളിൽ ദൃശ്യമാണ്.

ലോഡ്സിലെ നാഷണൽ ഫിലിം സ്കൂളിൽ വിദ്യാർഥിയായിരിക്കെയാണ് പൊളാൻസ്കി “ റ്റു മെൻ ആൻറ് എ വാർഡ്രോബ്” സംവിധാനം ചെയ്തത്. സർറിയലിസ്റ്റിക് പ്രസ്ഥാനത്തിലെ മികച്ച സിനിമകളിലൊന്നായി ഈ ചിത്രം പരിഗണിക്കപ്പെടുന്നു. സ്റ്റെഫാൻ തെമേഴ്സന്റെ ഒരു പരീക്ഷണ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പൊളാൻസ്കി ഈ സിനിമ നിർമിച്ചത്. ബ്രസ്സൽസിൽ അക്കാലത്ത് നടന്ന ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിനാണ് പ്രധാനമായും പൊളാൻസ്കി ഈ സിനിമ നിർമിച്ചത്.

കടലിൽ നിന്ന് രണ്ട് മനുഷ്യർ ഒരു വലിയ അലമാരിയുമായി വരുന്നിടത്ത് നിന്ന് തുടങ്ങുന്ന സിനിമ അവർ അത് പോലെ കടലിലേക്ക് തിരിച്ച് പോകുന്നിടത്ത് അവസാനിക്കുന്നു. ആകെ വ്യത്യാസം വരുമ്പോൾ ആളൊഴിഞ്ഞ കടൽത്തീരത്തണ് അവർ എത്തിയതെങ്കിൽ തിരികെ പോകുമ്പോൾ മണൽക്കൊട്ടാരങ്ങൾ പണിയുന്ന ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു അതേ കടൽ തീരത്ത് എന്നത് മാത്രമാണ്. ഒഴിഞ്ഞ വലിയ അലമാരയുമായി തീരത്ത് വന്ന് പിന്നീട് നഗരങ്ങളിലും ഹോട്ടലുകളിലും മനുഷ്യർക്കിടയിലൂടെ അലഞ്ഞ് തിരിഞ്ഞ് പീഢനങ്ങളും പരിഹാസങ്ങളും ഒക്കെ ഏറ്റുവാങ്ങി തിരിച്ച് പോകുന്ന രണ്ട് മനുഷ്യർ പ്രതീകവൽക്കരിക്കുന്നത് ജീവിതത്തെ തന്നെയാണ്, അഥവാ ജീവിതത്തെ മാത്രമാണ്. ഒഴിഞ്ഞ മനസ്സും ബുദ്ധിയുമായി നിഷ്കളങ്കമായി ഭൂമിയിൽ ജനിച്ച് പീഢനങ്ങളുടെയും പരിഹാസങ്ങളുടെയും കടൽ താണ്ടി തിരിച്ച് പോകുന്ന മനുഷ്യർ. പോളാൻസ്കിയുടെ ജീവിതത്തോടുള്ള വെറുപ്പ് മുഴുവൻ ഈ സിനിമയിലേക്ക് ആവാഹിച്ചിട്ടുണ്ട് അദ്ദേഹം. സിനിമാ ചിത്രീകരണത്തി നിടയിൽ പലപ്പോഴും പൊളാൻസ്കി ദേഷ്യപ്പെടുകയും സ്ഥലം വിടുകയും ചെയ്യുമായിരുന്നത്രേ. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ച് വരികയും ചെയ്യും. ഒരു ദിവസം ഷൂട്ടിങ്ങിനുപയോഗിച്ച അലമാരയുടെ കണ്ണാടിച്ചില്ലുകൾ തകർത്താണ് അദ്ദേഹം സ്ഥലം വിട്ടത്. സിനിമയുടെ കഥ ഈ ദേഷ്യപ്പെടലിനുള്ള കാരണം നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.

സിനിമയിലെ അലമാര ശൂന്യമായത് വെറുതെയല്ല എന്നോർക്കുക. അത് വളരെ മഹത്തായ ഒരു പ്രതീകമാണ്. അത് നിഷ്കളങ്കതയുടെ മാത്രമല്ല എല്ലാം ഉൾക്കൊള്ളാനുള്ള മനുഷ്യൻറെ അസാധ്യമായ ശേഷിയെ കൂടി പ്രതീകവൽക്കരിക്കുന്നുണ്ട്. എന്നാൽ ഉൾക്കൊള്ളാൻ ഒന്നുമില്ലാത്ത അല്ലെങ്കിൽ എല്ലാം നിരാകരിക്കപ്പെടുന്ന ഒരു സമൂഹത്തിന് മുൻപിലേക്കാണ് രണ്ട് മനുഷ്യർ എന്തും സ്വീകരിക്കാൻ തയ്യാറായി വരുന്നത് എന്ന വിരോധാഭാസം നിലനിൽക്കുന്നു. സിനിമയിലുടനീളം ഈ നിരാകരണം നമുക്ക് ദർശിക്കാവുന്നതാണ്. ട്രാമിൽ, പ്രണയത്തിൽ, ബാറിൽ, ഹോട്ടലിൽ എന്ന് വേണ്ട എല്ലായിടത്തും ഇവർക്ക് പ്രവേശനം നിഷേധിക്കുന്നു. ആക്രമിക്കപ്പെടുന്ന പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ക്രൂര മർദ്ദനത്തിനിരയാകുന്നു. എന്തിന് വീപ്പകൾ അട്ടിയിട്ട വെളിമ്പറമ്പിൽ നിന്ന് പോലും അവർ ആട്ടിയോടിക്കപ്പെടുന്നു.

അലമാര ഒഴിഞ്ഞതും പൊള്ളയായതുമാണ്. മനുഷ്യ ജീവിതത്തിൻറെ നിരർഥകതയാണ് പൊളാൻസ്കി സിനിമയിലൂടെ ആവിഷ്കരിക്കുന്നത്. അതേ സമയം തന്നെ പുതിയതെന്തിനേയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ആ അലമാരിക്ക് എന്നോർക്കണം.അലമാരിയും കൊണ്ടുള്ള യാത്രക്കിടയിൽ ക്രൂരമായ മർദ്ദനത്തിനിരയാകുന്നുണ്ട് ആ രണ്ട് ചെറുപ്പക്കാർ. ആപ്പിളും തിന്ന് ആഘോഷിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഒരു പാവം പൂച്ചക്കുഞ്ഞിനെ ക്രൂരമായി കൊല്ലുകയും അതിൻറെ മൃതശരീരം കൊണ്ട് എറിഞ്ഞ് കളിക്കൂകയും ചെയ്യുന്നു. അത് വഴി നടന്ന് പോവുകയായിരുന്ന ഒരു യുവതിയെ ആക്രമിക്കാൻ തയ്യാറാവുന്ന ആ ക്രിമിനൽ കൂട്ടത്തെ അറിയാതെയാണെങ്കിലും ഇവർ തടയുന്നു. അതാണ് പ്രകോപനമാവുന്നത്. രണ്ട് പേർക്കും കഠിനമായ മർദ്ദനം ഏറ്റ് വാങ്ങേണ്ടി വന്നു. തൻറെ ബാല്യകാലത്ത് നേരിട്ട് ഫാസിസ്റ്റ് ആക്രമങ്ങളുടെ കഠിനമുഖമാണ് പൊളാൻസ്കി ഈ ദൃശ്യത്തിലൂടെ ആവിഷ്കരിക്കുന്നത്.

സമൂഹത്തിലെ സധാരണക്കാരിൽ നിന്നും വ്യത്യസ്തമായി അലമാരയുമായി കടന്ന് വന്നവരെ നിരാകരിക്കുന്ന സമൂഹം വ്യത്യസ്തമായതെന്തും നിരാകരിക്കുന്ന സമൂഹമാണ്. വൈവിധ്യത്തിന് പകരം ഏകാൽമകമായ ഒരു സമൂഹത്തെ പ്രോൽസാഹിപ്പിക്കുന്നത് ഫാസിസം മാത്രമാണ്. ഭൂരിപക്ഷത്തെ മാത്രമേ അത് സംരക്ഷിക്കൂ. ന്യൂനപക്ഷത്തെ അത് വംശമായാലും അഭിപ്രായമായാലും മതമായാലും രാഷ്ട്രീയമായാലും നിരാകരിക്കുന്ന ഒരു സമൂഹത്തെയാണ് പൊളാൻസ്കി സിനിമയിൽ സൂചിപ്പിക്കുന്നത്. അലമാരയുമായി വന്നവർ എന്തിനേയും സ്വീകരിക്കുന്നവരാണെങ്കിലും അത്തരക്കാരെ സ്വീകരിക്കുന്ന സമൂഹമല്ല നമ്മുടെ കാലത്തുള്ളത് എന്നാണ് സിനിമയിലെ സൂചന.

ചിരിച്ച് കൊണ്ട് തോളിൽ കൈയിട്ട് ഒരുവൻ മറ്റൊരുവൻറെ പോക്കറ്റടിക്കുന്ന അപകടകരമായ ഒരു കാലത്തിൻറെ സിനിമയാണ് “റ്റു മെൻ ആൻറ് എ വാർഡ്രോബ്”. മനുഷ്യബന്ധങ്ങൾ വെറും കെട്ടുകാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നാം നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണിത്.

സിനിമയുടെ അവസാനത്തെ രംഗം പ്രതീക്ഷയുടെ ഒരു ചെറു കൈത്തിരി നൽകുന്നുണ്ട്. ഒരു കുട്ടി കടൽക്കരയിൽ പണിതുയർത്തിയ നിരവധി മണൽക്കൊട്ടാരങ്ങൾക്കിടയിലൂടെ സസൂക്ഷ്മം, അവയിലൊന്നിനും ഒരു പോറൽ പോലുമേല്പിക്കാതെ കടലിലേക്ക് നടന്ന് പോകുന്ന അലമാര കടത്തുകാർ ഇനിയെന്നെങ്കിലും വീണ്ടും തിരിച്ച് വരുമെന്ന പ്രതീക്ഷ.ചിരിച്ച് കൊണ്ട് തോളിൽ കൈയിട്ട് ഒരുവൻ മറ്റൊരുവൻറെ പോക്കറ്റടിക്കുന്ന അപകടകരമായ ഒരു കാലത്തിൻറെ സിനിമയാണ് “റ്റു മെൻ ആൻറ് എ വാർഡ്രോബ്”. മനുഷ്യബന്ധങ്ങൾ വെറും കെട്ടുകാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നാം നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണിത്. (സിനിമ യുട്യൂബിൽ ലഭ്യമാണ്).

https://www.youtube.com/watch?v=X8g3fqchasU

You May Also Like

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ?

കാറിലിരുന്ന് സിനിമ കാണാവുന്ന തിയറ്ററുകള്‍ക്ക് പറയുന്ന പേരേന്ത് ? അറിവ് തേടുന്ന പാവം പ്രവാസി സ്വന്തം…

പേരിനോട് നീതി പുലർത്തി ‘വിചിത്രം’ ട്രെയ്‌ലർ

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തീയറ്ററുകളിലെത്തുന്നു. സംവിധാനം നിർവഹിക്കുന്നത് അച്ചു വിജയനാണ്…

ഉഭയ ലൈംഗികതയെ ഇത്രമേൽ സർഗാത്മകമായി ഉപയോഗിച്ച അധികം സംവിധായകർ ലോകത്തുണ്ടാവണമെന്നില്ല

Harikrishnan Kornath ഋതുപർണോ, 10 വർഷം മുൻപ് ഈ ദിവസംവരെ നിങ്ങളുണ്ടായിരുന്നു. അൻപതു വയസ്സാവാൻ മൂന്നു…

മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു

മെഗാഹിറ്റ് ആയ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു. ഇതിനെ അനുകരിച്ചു ഇപ്പോൾ പലയിടത്തും ചാമ്പിക്കോ…