ജ്യോത്സ്യന്‍ ത്രികാലജ്ഞാനി ആവുന്നത് എങ്ങനെ?

875


ജ്യോത്സ്യന്മാര്‍ ഈശ്വരാവതാരങ്ങള്‍ ആവുന്ന ഒരു കാലഘട്ടത്തില്‍ ആണ് നാം. വിവരസാങ്കേതിക വിദ്യയുടെ പുരോഗതി കൊണ്ട് ജ്യോത്സ്യം കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉള്ള സൌകര്യവും പൊതുജനത്തിന്റെ കൈയിലിരിപ്പ് കൂടുതല്‍ മോശമാകുന്നതിനനുസരിച്ചു അവര്‍ക്ക് ഉള്ളിലുള്ള പേടിയും ഒക്കെയാകണം അതിനു കാരണം. ജ്യോത്സ്യന്മാര്‍ പ്രശസ്തരാകുന്നത് പലപ്പോഴും നമ്മളെ കുറിച്ച് അവര്‍ അറിയാന്‍ സാധ്യത ഇല്ലാത്തത് എന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ അവര്‍ നമ്മളോട് പറയുമ്പോഴും, നമുക്ക് ഭാവിയില്‍ സംഭവിക്കും എന്ന് അവര്‍ പ്രവചിക്കുന്ന കാര്യങ്ങള്‍ അതുപോലെ സംഭവിക്കുമ്പോഴും ഒക്കെയാണ്. അതുകൊണ്ട് തന്നെയാണ് ജ്യോത്സ്യം എന്ന കപടശാസ്ത്രത്തിന്റെ ശാസ്ത്രീയ അടിത്തറയില്‍ സംശയമുള്ളവര്‍ പോലും അത് വിശ്വസിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്. ‘പക്ഷെ അവര്‍ പറയുന്നതൊക്കെ സംഭാവിക്കുന്നുണ്ടല്ലോ…’ എന്ന് ഒരുപാട് പേര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. വിശ്വസിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ ഓര്‍ത്തല്ല, മറിച്ച് അവിശ്വസിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ദോഷങ്ങള്‍ ഒഴിവാകാനാണ് പലരും ജ്യോതിഷവിശ്വാസികള്‍ ആവുന്നത്. ജ്യോത്സ്യ വചനങ്ങളുടെ സാധുതയെക്കുറിച് നമുക്ക് അല്പം സംസാരിക്കാം.

ജ്യോതിഷഗ്രന്ഥങ്ങള്‍ ജ്യോതിഷി ഒരു ‘ഊഹാപോഹപടു’ ആയിരിക്കണം എന്ന് പറയുന്നുണ്ട്. ഊഹാപോഹം എന്നാല്‍ ഇംഗ്ലീഷില്‍ Guess work. തീര്‍ച്ചയായും ഒരു നല്ല ജ്യോത്സ്യന്‍ കാര്യങ്ങള്‍ ഊഹിച്ചെടുക്കുന്നതില്‍ നിപുണന്‍ ആയിരിക്കും. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ A study in scarlet എന്ന ഷെര്‍ലക്ക് ഹോംസ് പുസ്തകത്തില്‍ The science of deduction എന്നൊരു അദ്ധ്യായം ഉണ്ട്. മാത്രമല്ല ഏതു ഷെര്‍ലക്ക് ഹോംസ് കഥ വായിച്ചാലും നിരീക്ഷണ പാടവവും അതില്‍ നിന്നും ഊഹാപോഹം വഴി കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവും കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാം. അടിസ്ഥാനപരമായി അത്തരം അത്ഭുതങ്ങള്‍ തന്നെയാണ് ജ്യോത്സ്യനും പ്രവര്‍ത്തിക്കുന്നത്. ഒരു മാജിക് ഷോയില്‍ എന്ന പോലെ കവിടി, ഭസ്മം തുടങ്ങിയ stage properties കൂടി ഉപയോഗിക്കുന്നു എന്ന് മാത്രം. അവയോടൊപ്പം ജ്യോത്സ്യന്റെ സ്വരത്തില്‍ പ്രതിഫലിക്കുന്ന ആത്മവിശ്വാസവും കൂടി ചേര്‍ന്നാല്‍ ഒരു വിശ്വാസിയില്‍ ജ്യോത്സ്യനിലുള്ള വിശ്വാസം വര്‍ധിക്കും.

സംശയലേശമില്ലാതെ ഒരു സംസ്കൃത ശ്ലോകം ചൊല്ലിയിട്ട്‌ അതിനു ശേഷം ജ്യോത്സ്യന്‍ അതിന്റെ അര്‍ഥം എന്തെന്ന് പറയുന്നോ അതാണ്‌ വിശ്വാസിയെ സംബന്ധിച്ച് അതിന്റെ അര്‍ഥം. ഏതോ ഒരു ഹിന്ദു മഹാ സമ്മേളനത്തില്‍ വെച്ച് ഒരു ഡോ. ഗോപാലകൃഷ്ണന്‍ എന്നൊരു മഹാന്‍ പതന്‍ജലിയുടെത് എന്നും ആര്യഭടന്റെത് എന്നും ഒക്കെ പറഞ്ഞു കുറെ ശ്ലോകങ്ങള്‍ തട്ടിവിടുകയും അതിനു വായില്‍ തോന്നുന്ന അര്‍ഥം പറഞ്ഞു ജ്യോതിഷത്തെ പുകഴ്ത്തുകയും ചെയ്യുന്നതു കണ്ടു മുന്നില്‍ ഇരുന്ന വിദ്യാസമ്പന്നര്‍ കൈയടിച്ചു ആഘോഷിക്കുന്നത് കണ്ടു ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്കുണ്ടായിരുന്നു പ്രഭാഷകന്റെ confidence. യാതൊരു ചളിപ്പും ഇല്ലാതെയാണ് തെറ്റായ കാര്യങ്ങള്‍ അദ്ദേഹം അടിച്ചു വിട്ടത്.
നിരീക്ഷണപാടവവും അല്പം മനശാസ്ത്ര പരിജ്ഞാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു പ്രഗല്‍ഭനായ ജ്യോതിഷി ആകാന്‍ സാധിക്കും. മനശാസ്ത്രം ഒരു ജ്യോത്സ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. മകന്റെ ജാതകഫലം അറിയാന്‍ അതിയായ വ്യഗ്രത പൂണ്ടു താനുമായി ബന്ധപ്പെടുന്ന അച്ഛനോട് ‘മകന് ഈയിടെയായി സമയം നല്ലതല്ല’ എന്ന് ജ്യോത്സ്യന്‍ പറയുന്നത് ആകാശത്തേക്ക് നോക്കിയിട്ടല്ല, മറിച്ചു ആ അച്ഛന്റെ മനശാസ്ത്രം മനസിലാക്കിയിട്ടാണ്. സര്‍വ ഐശ്വര്യങ്ങളും വിളങ്ങി നില്‍ക്കുന്ന മകന്റെ ജാതകദോഷം അറിയാന്‍ എത്ര അച്ചന്മാര്‍ വ്യഗ്രതപ്പെടും? മകന് ശരിക്കും ‘ദോഷങ്ങള്‍’ കാണുമ്പോഴാണ് അച്ഛന്‍ അവനെക്കുറിച്ചു ജ്യോത്സ്യനോട് ചോദിക്കുക. ഇത് മനസിലാക്കിയിട്ടാണ് ജ്യോത്സ്യന്‍ സംസാരിക്കുന്നത്.

ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ സത്യമാകുന്നത് വെറും മനശാസ്ത്ര സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെയാണ്. കൃത്യമായി പറഞ്ഞാല്‍ Forer Effect, Subjective Validation, Selectivity of memory എന്നീ മനശാസ്ത്ര തത്വങ്ങള്‍ ആണ് ജ്യോത്സ്യന്മാരുടെ പിടിവള്ളികള്‍. അമേരിക്കക്കാരന്‍ ആയ ബെര്‍ത്രാം ഫോറര്‍ തന്റെ വിദ്യാര്‍ഥികളില്‍ ഒരു പേഴ്സനാലിറ്റി ടെസ്റ്റ്‌ നടത്തുകയും അതിന്റെ റിസള്‍ട്ട് രഹസ്യമായി എഴുതി ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്തു. എന്നിട്ട് റിസള്‍ട്ട് എത്രത്തോളം ശെരിയാണ് എന്ന് പറയാന്‍ അവരോടു ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ ശരാശരി മാര്‍ക്ക് 4.26/5 ആയിരുന്നു. അതായത് എല്ലാവര്‍ക്കും കിട്ടിയ റിസള്‍ട്ട് 85%-ത്തോളം ശരിയായിരുന്നു. ഒടുവില്‍ ഫോരെര്‍ ആ സത്യം വെളിപ്പെടുത്തി. അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയത് ഒരേ കുറിപ്പ് ആയിരുന്നു. അതാകട്ടെ, താന്‍ നടത്തിയ പേഴ്സനാലിറ്റി ടെസ്റ്റ്‌ നോക്കിയൊന്നും അല്ല മറിച്ച് ഒരു ജ്യോത്സ്യന്‍ ആര്‍ക്കോ നല്‍കിയ ഒരു ജാതകഫലം ആയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. (ഫോരെര്‍ തയാറാക്കി നല്‍കിയ കുറിപ്പ് പിന്നീട് Barnum Statements എന്നാണു അറിയപ്പെട്ടത്. എല്ലാവര്‍ക്കും തന്നെ സംബന്ധിച്ച് ശരിയാണ് എന്ന് തോന്നുന്ന തരം statements ആണ് അവ. ദാ ഈ ലിങ്കില്‍ പോയി അവ വായിച്ചു നോക്കു. ഇത് നിങ്ങളുടെ ജാതകഫലം എന്ന് പറഞ്ഞു ഒരു ജ്യോത്സ്യന്‍ തന്നാല്‍ ശരിയാണെന്ന് നിങ്ങള്‍ സമ്മതിക്കുമോ എന്ന് സ്വയം ആലോചിക്കൂ) സംഗതി മനസിലായില്ലേ? ഇതാണ് ഫോരെര്‍ ഇഫക്റ്റ്- “പൊതുവായി എഴുതപ്പെട്ട ഒരു അപഗ്രഥനം തന്നെക്കുറിച് ആണ് എന്ന വിശ്വാസത്തോടെ വായിക്കുന്ന ഒരാള്‍ക്ക് അത് വളരെ ശരിയാണെന്ന് തോന്നുകയും അതിനുള്ള വ്യാഖ്യാനങ്ങള്‍ അയാള്‍ സ്വയം കണ്ടെത്തുകയും ചെയ്യും.” താനുമായി ബന്ധമുള്ള അല്ലെങ്കില്‍ തന്നെ സംബന്ധിച്ച് പ്രാധാന്യം ഉള്ള കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരാള്‍ സ്വയമറിയാതെ നടത്തുന്ന വിധിയെഴുത്തിനെയാണ് subjective validation എന്ന് പറയുന്നത്. ഇതിനു കാരണം selectivity of memory ആണ്. തന്റെ വിശ്വാസങ്ങളെ ശരി വെക്കുന്ന കാര്യങ്ങളെ കൃത്യമായി ഓര്‍ത്തിരിക്കുകയും അല്ലാത്തവ പതിയെ മറക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് അത്. (ഇതിനെ confirmation bias എന്നും വിളിക്കാറുണ്ട്) അതായത് ഒരു പ്രവചനം സത്യമായാല്‍ നാം അത് പറഞ്ഞ ജ്യോത്സ്യനെ കൃത്യമായും ഓര്‍ത്തിരിക്കും. മറിച്ച് അത് നടക്കാതിരുന്നാല്‍ നാം ജ്യോത്സ്യന്‍ അങ്ങനെ ഒന്ന് പ്രവചിച്ചതായി തന്നെ ഓര്‍ത്തെന്നു വരില്ല. ഇതിനു മറ്റൊരു ഉദാഹരണം ശകുനങ്ങളിലുള്ള വിശ്വാസമാണ്. ഒരു സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ കരിംപൂച്ച കുറുകെ ചാടിയാല്‍ ദോഷമാണ് എന്ന് പറയാറുണ്ട്. ഒരു ദിവസം നിങ്ങള്‍ കരിമ്പൂച്ചയെ കാണുകയും അന്ന് മോശമായി എന്തെങ്കിലും സംഭവിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ കരിമ്പൂച്ചയെ ആയിരിക്കും ആദ്യം ഓര്‍ക്കുക. മറിച്ച് അന്നത്തെ ദിവസം വളരെ നല്ലതായിരുന്നു എങ്കില്‍ കരിമ്പൂച്ച കുറുകെ ചാടിയതായി നിങ്ങള്‍ ഓര്‍ക്കുകയെ ഇല്ല. ഇവിടെ മറ്റൊന്ന് കൂടി പറയണം. നിങ്ങള്‍ ഒരു കടുത്ത ശകുനവിശ്വാസി ആണെന്നിരിക്കട്ടെ. കരിമ്പൂച്ചയെ കാണുമ്പോഴേ ഇന്നത്തെ ദിവസം മോശമാകും എന്ന് നിങ്ങള്‍ മനസ്സില്‍ ഉറപ്പിക്കും. തീര്‍ച്ചയായും അന്നത്തെ ദിവസം മോശമാകാന്‍ സാധ്യത വളരെ കൂടുതലാണ്, കാരണം ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ അസ്വസ്തനായിരിക്കും. നിങ്ങള്‍ക്ക് ശ്രദ്ധ കുറയും. കാര്യങ്ങള്‍ നടക്കേണ്ട പോലെ നടന്നെന്നു വരില്ല. വീഴും എന്ന് കരുതി പാലത്തില്‍ കയറിയാല്‍ നിങ്ങള്‍ വീഴാതെ തരമില്ലല്ലോ!

മറ്റൊന്നുള്ളത് ജ്യോത്സ്യ പ്രവചനങ്ങള്‍ എല്ലാം തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കാവുന്ന തരം തന്ത്രപരമായ ഭാഷയിലായിരിക്കും എന്നതാണ്. എന്തെങ്കിലും loop hole അതില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം ശ്രദ്ധിക്കും. “അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു അപകടം സംഭവിക്കും. അത് ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ വിഷ്ണുസഹസ്രനാമം ജപിക്കുന്നത് നന്നായിരിക്കും” എന്ന് ജ്യോത്സ്യന്‍ പ്രവചിച്ചാല്‍ ഒരു വിശ്വാസി ഒരുപക്ഷെ കുളിമുറിയില്‍ തെന്നി വീഴുന്നതുപോലും പ്രവചനത്തിന്റെ സാധൂകരണമായി കാണാന്‍ ആയിരിക്കും ശ്രമിക്കുക. ഒപ്പം ‘തന്റെ വിഷ്ണുസഹസ്രനാമം ശരിയായില്ല’ എന്ന രീതിയില്‍ അത് സ്വന്തം പിഴവായി കണ്ടെന്നും വരും. ഇനി ശ്രദ്ധിക്കത്തക്ക ഒരു അപകടവും സംഭവിച്ചില്ല എന്നിരിക്കട്ടെ, അപ്പോള്‍ ഒന്നുകില്‍ ജ്യോത്സ്യ പ്രവചനം അപ്പാടെ വിസ്മരിക്കപ്പെടാം. അല്ലെങ്കില്‍ വിഷ്ണുസഹസ്രനാമം എന്ന ഉപാധി ഉപദേശിച്ച ജ്യോത്സ്യന്റെ credit -ലേക്ക് അത് പോകും. രണ്ടായാലും അദ്ദേഹം safe ആയിരിക്കും.

പലപ്പോഴും, താന്‍ പറയുന്ന കാര്യങ്ങളോട് customer എങ്ങനെ പ്രതികരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിചിട്ടാവും ജ്യോത്സ്യന്‍ അടുത്ത കാര്യം പറയുന്നത്. ഉദാഹരണം: ‘ജയന്‍ എന്നോ പ്രകാശന്‍ എന്നോ രണ്ടും ചേര്‍ന്ന രീതിയില്‍ ജയപ്രകാശന്‍ എന്ന രീതിയിലോ പേരുള്ള ആരെങ്കിലും കുടുംബത്തില്‍ ഉണ്ടോ?’ എന്നൊരു ജ്യോത്സ്യന്‍ ചോദിക്കുന്നു. ‘ഉണ്ട്’ എന്ന മറുപടി ഉടന്‍ വന്നാല്‍ അങ്ങനെ ഒരാള്‍ അടുത്ത ബന്ധത്തില്‍ ഉണ്ട് എന്ന് വ്യക്തം. മറിച്ച് അല്പം ആലോചിട്ടാണ് മറുപടി എങ്കില്‍ അധികം അടുപ്പമില്ലാത്ത ആളാണ്‌ എന്ന് മനസിലാക്കാം. ഇനി അഥവാ അങ്ങനെ ഒരാള്‍ ഇല്ല എങ്കില്‍ ഒരു ജ്യോതിഷവിശ്വാസി അത് പറഞ്ഞു എന്ന് വരില്ല. കാരണം ‘ജ്യോത്സ്യന്‍ പറയുന്ന സ്ഥിതിക്ക് ഉണ്ടാവും, കുടുംബത്തിലെ എല്ലാവരെയും തനിക്ക് അറിയില്ലല്ലോ.’ എന്നാവും അയാള്‍ ചിന്തിക്കുക. (മുന്നില്‍ ഇരിക്കുന്ന ആള്‍ വിശ്വാസിയാണോ അതോ തന്നെ പരീക്ഷിക്കാന്‍ വന്ന ആളാണോ എന്ന് ഉറപ്പിച്ചിട്ടേ ഇത്തരം നമ്പരുകള്‍ക്ക് അദ്ദേഹം മുതിരൂ). ഇത് ഇത്തിരിപ്പോന്ന ഈയുള്ളവന്റെ ലോജിക് വെച്ചു പറഞ്ഞ ഉദാഹരണം. ഒരു നല്ല ജ്യോത്സ്യന്‍ ഇത് പ്രയോഗിക്കുന്നതില്‍  എന്നെക്കാളും പലമടങ്ങ്‌ മിടുക്കനായിരിക്കും. അപ്പൊ തീര്‍ച്ചയായും ഫലം അത്ഭുതാവഹം ആയിരിക്കും.

അപ്പൊ അല്പം നിരീക്ഷനപാടവവും സ്വന്തം നാക്കില്‍ ഉള്ള ആത്മവിശ്വാസവും കുറച്ചു അടിസ്ഥാന മനശാസ്ത്ര തത്വങ്ങളും വഴങ്ങുമെങ്കില്‍, കുറെ സംസ്കൃത ശ്ലോകങ്ങളൊക്കെ ഹൃദിസ്ഥമാക്കി ഒരു മാന്ത്രിക അന്തരീക്ഷത്തിന്റെ സെറ്റ് ഒക്കെ ഇട്ടു ഒരു ബോര്‍ഡും വെച്ചു ഇരുന്നാല്‍ വെച്ചടി വെച്ചടി കയറ്റമായിരിക്കും. എന്താ നോക്കുന്നോ?

പിന്‍കുറിപ്പ് :

1. ഈ ലേഖനത്തില്‍ ‘ജ്യോത്സ്യന്‍’ എന്ന പദം ജനങ്ങളെ കബളിപ്പിച്ചു കാശുണ്ടാക്കുന്ന ഒരു ഭൂരിഭാഗത്തെ ഉദ്ദേശിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. പാരമ്പര്യമോ സ്വന്തം വിശ്വാസം കൊണ്ടോ ഒരു ചര്യ പോലെ ലാഭേച്ച ഇല്ലാതെ ഇത് അനുഷ്ടിക്കുന്നവര്‍ ഉണ്ടാകാം. അവര്‍ ക്ഷമിക്കുക

2. ഇത് വായിക്കുന്നവര്‍ മിനിമം കോമണ്‍ സെന്‍സിന് ഉടമകളാണ് എന്ന ധാരണയിലാണ് ഇത് എഴുതുന്നത്. അല്ലാത്തവര്‍ ക്ഷമിക്കുക