elephant story

ഞങ്ങളുടെ നാട്ടില്‍നിന്ന്, അതായത് പുല്‍പ്പള്ളിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോകുന്നത് ഫോറസ്റ്റിലൂടെയാണ്. ഇരുളം എന്ന സ്ഥലം മുതലാണ്‌ ഫോറസ്റ്റ്‌ ആരംഭിക്കുന്നത്. ഈ ഭാഗത്ത് സ്ഥിരം കാണപ്പെടാറുള്ള ഒരു കാട്ടാനയുണ്ടായിരുന്നു. ഒരു ഒറ്റയാന്‍! അവനെക്കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല. ആ ഭാഗത്തുള്ള കച്ചവടക്കാരൊക്കെ അവന് പഴങ്ങളും മറ്റും നല്‍കി സ്നേഹം പ്രകടിപ്പിച്ചു പോന്നിരുന്നു. നാട്ടുകാര്‍ അവന് ഒരു പേരുമിട്ടു, മണിയന്‍!!! മിക്കവാറും റോഡിന്‍റെ വക്കത്ത് തന്നെ കാണപ്പെടാറുണ്ടായിരുന്ന അവനെ കാണാന്‍ വഴിപോക്കരൊക്കെ വണ്ടി നിര്‍ത്തിയാലും അവനൊരു കൂസലും ഉണ്ടാകാറില്ല.

ഈ അടുത്ത ദിവസങ്ങളിലായി മണിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. കാര്യം മറ്റൊന്നുമല്ല, തന്നെ ഇതുവരെ സ്നേഹിച്ച നാട്ടുകാരെ തിരിച്ചു സ്നേഹിക്കാന്‍ അവന്‍ തീരുമാനിച്ചത് തന്നെ കാര്യം. ഇപ്പോള്‍, ഇരുളം അങ്ങാടിയിലൂടെയും പരിസരവാസികളുടെ പുരയിടങ്ങളിലൂടെയുമൊക്കെ അവനിങ്ങനെ ഇറങ്ങി നടക്കും. ആരെയും ഉപദ്രവിക്കാനൊന്നുമല്ല, വല്ല പച്ചക്കറി വേസ്റ്റ് ഒക്കെയേ അവന്‍ ആഹരിക്കൂ… പറഞ്ഞിട്ടെന്താ കാര്യം ഈ കയറിയിറങ്ങി നടക്കുന്നത് ഒത്ത ഒരു കൊമ്പനാനയല്ലേ? അവന്‍ വരുന്നത് സ്നേഹക്കൂടുതല്‍കൊണ്ടാണെന്ന് അവനല്ലേ അറിയൂ? ഏതായാലും, മണിയനിപ്പോള്‍ ആ നാട്ടുകാരുടെ ഒരു പേടി സ്വപ്നമായെന്നു പറഞ്ഞാല്‍ മതിയല്ലോ.

മണിയനെക്കുറിച്ച് ചില തമാശകളും ഉണ്ട്.. അതിലൊന്ന് പറയാം.ഒരിക്കല്‍ ചില സുഹൃത്തുക്കള്‍ ഒരു സന്ധ്യാസമയം ഈ ഭാഗത്തുകൂടി കാറില്‍ പോവുകയായിരുന്നു. അതാ നില്‍ക്കുന്നു റോഡിന്‍റെ ഒത്ത നടുവില്‍ ഒരാന. “അത് നമ്മുടെ മണിയനാടാ, നീ ധൈര്യമായി വണ്ടിയെടുത്തോ..” ഒന്ന് പകച്ച ഡ്രൈവര്‍ക്ക് ഒരു സുഹൃത്ത്‌ ധൈര്യം പകര്‍ന്നു. ആ വിശ്വാസത്തില്‍ റോഡിന്‍റെ ബാക്കി ഭാഗത്തുകൂടി അദ്ദേഹം കഷ്ടപ്പെട്ട് വണ്ടി കടത്തി. കുറച്ചു മുന്നോട്ടു ചെന്നപ്പോള്‍ അവര്‍ പാതയോരത്ത് കണ്ടു, ഒറിജിനല്‍ മണിയനെ!

പുതിയ ചില വാര്‍ത്തകള്‍ അല്‍പ്പം സങ്കടകരമാണ്. മണിയന്‍ വിലസിക്കൊണ്ടിരുന്ന വനപ്രദേശത്ത്‌ ചില ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസികള്‍ വനം കയ്യേറ്റം നടത്തിയിരിക്കുന്നതിനാല്‍, അവരുടെ സുരക്ഷയെക്കരുതി വനം വകുപ്പ് ഇടപെട്ട് മണിയനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ചുറ്റും കിടങ്ങുകളുള്ള ഒരു വനഭാഗത്ത് അവനെ കൊണ്ടുവിട്ടിരിക്കുകയാണത്രേ…!!!

Advertisements