ഒരു അനശ്വര പ്രണയത്തിന്റെ കഥ

235

എഴുതിയത്  : HarisHorizon Athippatta

വിവാഹിതരാകുവാൻ പോകുന്ന നാളുകൾ െതാട്ട് ഇനിയൊരിക്കലും പിരിയാനിടവരരുതേ എന്നാഗ്രഹിച്ചാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്നത്. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും നാളുകളാണെങ്കിൽപ്പോലും നല്ലപാതി തനിക്കു നിഴലായി കൈത്താങ്ങായി കൂടെയുണ്ടെങ്കിൽ പിന്നൊന്നിനും തോൽപ്പിക്കാനാവില്ലെന്നു കരുതുന്നവരുണ്ട്. ഇന്നു സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കഥ പ്രായമായപ്പോൾ മക്കൾ പിരിച്ച മാതാപിതാക്കളുടേതാണ്. പക്ഷേ അങ്ങനെയങ്ങ് രണ്ടിടത്തായി ജീവിതം തീര്‍ക്കാൻ അവർ തയ്യാറല്ലായിരുന്നു, ഒടുവിൽ മക്കളുടെ കൺവെട്ടിച്ച് ഇരുവരും ഒളിച്ചോ‌ടി ഇന്ന് ഒന്നിച്ചു ജീവിക്കുന്നു.

പ്രശസ്ത ഫൊട്ടോഗ്രഫറായ ജിഎംബി ആകാശ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ച ഷംസുദ്ദീൻ മിയയുടെയും പത്നി രേഖാ ബീഗത്തിന്റെയും കഥയാണ് മനസലിവുള്ളരുടെ കണ്ണു നനയിക്കുന്നത്. ഇന്ന് 77 വയസുണ്ട് ഷംസുദ്ദീന്, ഭാര്യ രേഖാ ബീഗത്തിന് 62ഉം. ഈ പ്രായത്തിൽ ഒളിച്ചോടി ജീവിതം നയിക്കാൻ ഒരു കാരണമുണ്ട്. അതു ഷംസുദ്ദീൻ തന്നെ പറയും. ” കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഒന്നിച്ച് അവിടം വിട്ട് ഓ‌ടിപ്പോന്നത്. ഞങ്ങള്‍ക്ക് അതിനു കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എനിക്കറിയാമായിരുന്നു ഞങ്ങളുടെ മക്കൾ ഞങ്ങളോട് ഇനി മിണ്ടില്ലെന്ന്. പക്ഷേ ഞാനും ഭാര്യയും 47 വർഷം ഒന്നിച്ചു ജീവിച്ചതാണ്. എല്ലാദിവസവും സൂര്യോദയത്തിനു ശേഷം അവൾ എന്നെ വിളിച്ചുണർത്തി ഞങ്ങൾ ഒന്നിച്ചു പ്രാർഥിക്കും. 47 വർഷത്തിൽ ഒരിക്കൽപ്പോലും ഞങ്ങൾ പിരിഞ്ഞു നിന്നിട്ടില്ല. എല്ലാ ദിവസവും എന്റെ ഭാര്യയുടെ മുഖം കണ്ടുകൊണ്ടാണ് ആരംഭിക്കുന്നത്. ആറു മക്കളുമായി ഞങ്ങൾ ഒരുപാടു കഷ്ടപ്പെ‌ട്ടിട്ടുണ്ട്. മുമ്പു പലപ്പോഴും ഒരുനേരത്തെ ഭക്ഷണം മാത്രമേ എനിക്കു തരപ്പെടുത്താനായിരുന്നുള്ളു, മക്കളെ ഊട്ടിയതിനു ശേഷം ദിവസവും മുഴുവൻ ഞാനും ഭാര്യയും പട്ടിണി കിടക്കും. അവൾ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. ഒരു ഭർത്താവ് എന്ന നിലയ്ക്ക് ഞാൻ പരാജിതനാണെന്ന് അവൾ ഒരിക്കലും പറഞ്ഞിട്ടില്ല. ആ കഷ്ടപ്പാ‌ടുകളിൽപ്പോലും ഞങ്ങൾ പരസ്പരം പഴിചാരുകയോ വഴക്കുകൂടുകയോ ചെയ്തിട്ടില്ല, പരസ്പര വിശ്വാസവും കൈവിട്ടില്ല. എന്റെ മൂത്ത മകൻ എന്നെയും ഇളയ മകൾ ഭാര്യയെയും കൊണ്ടുപോകാൻ തുനിഞ്ഞപ്പോഴാണ് മക്കൾ ഞങ്ങളെ പിരിക്കാൻ പോവുകയാണെന്നു മനസിലായത്. മക്കളുടെ വരുമാനം കുറവായിരുന്നു. അവരുടെ മക്കളുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനിടയിൽ ഞങ്ങളുടെ ആവശ്യങ്ങൾ ബാധ്യതയായിരുന്നു. എല്ലാം ഞങ്ങൾക്കറിയാമായിരുന്നിട്ടും ഇനി ഒന്നിച്ചു നിൽക്കാൻ കഴിയില്ലെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ നാണമില്ലാതെ ഞാൻ എന്റെ മൂത്ത മകനോട് അതു ചോദിച്ചപ്പോൾ അവൻ അദ്ഭുതപ്പെട്ടു. ഇരുവരെയും ഒന്നിച്ചു നിർത്താൻ മക്കളിലാരും പ്രാപ്തരല്ലെന്നാണ് അവൻ മറുപടി പറഞ്ഞത്. ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. പക്ഷേ എന്നും അവളുടെ ചിരിച്ച മുഖം കണ്ട് എനിക്ക് എഴുന്നേൽക്കണമായിരുന്നു. മകൻ വീട്ടിലെത്താനായി ദിവസം മുഴുവൻ കാത്തിരിക്കും, എന്നാലേ അവന്റെ ഫോൺ വച്ച് എനിക്കു ഭാര്യയെ വിളിക്കാനാകൂ. പക്ഷേ അവൻ എത്തുമ്പോഴേക്കും സമയം ഒത്തിരി വൈകുകയും അപ്പോഴേക്കും മകൾ ഉറങ്ങിയിട്ടുണ്ടാവുകയും ചെയ്യും. അവളുടെ ശബ്ദം കേൾക്കുന്ന ദിവസം ഞങ്ങളിലാർക്കും ഒരു വാക്കുപോലും പറയാൻ കഴിയില്ല. കണ്ണീരിൽ കുതിർന്ന വാക്കുകളെ അവൾ കടിച്ചമർത്താൻ പാടുപെടുന്നത് എനിക്കു മനസിലാകുന്നുണ്ടായിരുന്നു, ഞാൻ എന്തെങ്കിലുമൊക്കെ പുലമ്പിക്കൊണ്ടിരിക്കും. ഒന്നിച്ചല്ലാത്ത ജീവിതം അർഥരഹിതമായിത്തീരുമെന്ന് ഞാൻ ചിന്തിച്ചിരുന്നേയില്ല. എന്നും എനിക്ക് ഞാൻ താമസിക്കുന്ന വീടിനേക്കാൾ ഒരുപാട് അകലെ ഭാര്യ താമസിക്കുന്ന വീട്ടിലേക്ക് ഓടാൻ മനം തുടിക്കും. ഒരുദിവസം ധൈര്യമെല്ലാം സംഭരിച്ച് ഞാനവളോടു പറഞ്ഞു നമുക്ക് ഒളിച്ചോടാം എന്ന്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അപ്പോൾ തന്നെ അതു സമ്മതിച്ചു. എന്റെ വാക്കിങ് സ്റ്റിക്കെടുത്ത് ഒരുതവണ പോലും പുറകിേലക്കു നോക്കാതെ ശൂന്യമായ കൈകളുമായി ഞങ്ങൾ അവിടംവിട്ട് ഓടി. ഇന്ന് കളിപ്പാട്ടം വിൽക്കലാണ് എന്റെ വരുമാനമാർഗം. ദിവസവും എൺപതു രൂപയ്ക്കടുത്ത് നേ‌ടാൻ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷത്തിൽ ഒരുദിവസം ഞങ്ങളുടെ മക്കൾ കാണാൻ വന്നിരുന്നു. ഞങ്ങൾ അവരെ തോൽപ്പിച്ചുവെന്നും അപമാനിച്ചുവെന്നും അവർ പറഞ്ഞു. ഞങ്ങൾ മറുത്തൊന്നും പറഞ്ഞില്ല, കാരണം അവരെ വേദനിപ്പിക്കാൻ ഞങ്ങൾക്കിഷ്ടമല്ല. അവർ ഇനി ഒരിക്കലും വരില്ലെന്നു പറഞ്ഞു. ചിലപ്പോഴൊക്കെ മക്കളെയോർത്ത് വിഷമിക്കാറുണ്ട്, അവരെ കാണാൻ തോന്നാറുണ്ട്. ഞാൻ എന്റെ ഭാര്യയേക്കാള്‍ പതിനഞ്ചു വയസു മൂത്തതാണ്. കളിപ്പാട്ടം വിറ്റുകൊണ്ടിരിക്കുന്നതിനിടയിൽ എപ്പോൾ വേണമെങ്കിലും റോഡരികിൽ മരിച്ചു വീഴാം. അതുകൊണ്ട് ഞാൻ കുറച്ചു പണം ശേഖരിക്കുന്നുണ്ട്, എന്റെ അവാന കർമങ്ങൾ നടത്താൻ ഭാര്യ ആർക്കു മുന്നിലും യാചിക്കരുത്. എല്ലാ ദിവസവും പ്രാ‍ർഥനയ്ക്കി‌ടെ അവൾ ഒരുപാടു കരയും, എന്തിനാണ് ഇത്രയും കരയുന്നതെന്നു ചോദിച്ചാൽ പറയും ”എനിക്കും നിങ്ങൾക്കൊപ്പം മരിക്കണം” എന്ന്. ഒരുനിമിഷത്തെ ഈഗോയുടെയും വാശിയുടെയും പുറത്ത് എന്നെന്നേക്കുമായി പിരിയാൻ തീരുമാനിക്കുന്നവർക്കു മാതൃകയാണ് ഷംസുദ്ദീനും ഭാര്യയും. ദാരിദ്ര്യത്തിലും തെല്ലും തളരാതെ അവർ പോരാടുന്നത് മരണം വരെ ഒന്നിച്ചു നിൽക്കാനാണ്. വാർധക്യത്തിൽ പ്രണയം നഷ്ടപ്പെടുമോയെന്നു സംശയിക്കുന്നവർക്ക് ഉത്തമ ഉദാഹരണവുമാണ് ഇവർ…