ആ കോളേജ് കാലത്ത് ഞാനും ആത്മഹത്യ ചെയ്യേണ്ടതായിരുന്നു / ബഹിയ

5540

ആ കോളേജ് കാലത്ത് ഞാനും ആത്മഹത്യ ചെയ്യേണ്ടതായിരുന്നു / ബഹിയ

വിദ്യാർത്ഥിനി ആയിരിക്കെ കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. ഇന്റേണൽ മാർക്ക് വെട്ടിക്കുറച്ചത് ഇന്നും സ്ഥിരമായൊരു ജോലി നേടാനാകാതെ അലയുന്നതിന് കാരണം ആയിട്ടുമുണ്ട്.

വീട്ടിൽ എട്ട് BEd ബിരുദധാരികൾ.അതിൽ സോഷ്യൽ സയൻസ് ബിഎഡ് കാരായ നാലു പേരുടെയും മോഡലുകൾ ഉണ്ടാക്കൽ, മാപ്പ്, പിച്ചർ ആൽബം,വര, എഴുത്ത് എന്നിവയിൽ സജീവമായി പങ്കെടുത്ത പരിചയവും അധ്യാപനവും സ്റ്റേജുകളിൽ പ്രസംഗിച്ചു പഴകിയ ധൈര്യവുമായാണ് ഞാനും ബിഎഡ് പ്രവേശനം നേടിയത്. അതും മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിൽ രണ്ടിലും ഒന്നാം സ്ഥാനം നേടി തന്നെ. പഠിക്കാൻ ആശിച്ചു കരഞ്ഞും പിഴിഞ്ഞും നേടിയ സമ്മതവും ആഗ്രഹവും കൊണ്ട്.

അതേ ഞാൻ പഠിച്ചിറങ്ങിയത് ആദ്യ സെമ്മിൽ മൂന്നു പേപ്പർ തോറ്റ്. അത്രയ്ക്ക് മാനസിക സമ്മർദം നേരിട്ട പഠനം മറ്റൊന്ന് ഇല്ലായിരുന്നു.

കുറ്റങ്ങൾ അനവധി ഉണ്ടായിരുന്നു എന്റെ അക്കൗണ്ടിൽ. സ്റ്റാഫ് റൂമിൽ മാഷെയും ടീച്ചറെയും കാണരുതാത്ത രീതിയിൽ കണ്ടത്, അത് ചോദ്യം ചെയ്തത്, വർക്കിങ്-സ്റ്റിൽ മോഡലുകൾ അധ്യാപകർ പറഞ്ഞ ആളെ കൊണ്ട് ചെയ്യിക്കാതെ സ്വന്തം നിർമ്മിച്ചത്, കോളേജിൽ വരും മുമ്പേ അവിടുത്തെ അധ്യാപകൻ വിവാഹം ആലോചിച്ചു നടക്കാതെ പോയത്, ഭർത്താവിന്റെ തൊഴിൽ രാഹിത്യം, സാമ്പത്തിക പ്രതിസന്ധി, ഒത്തിരി ദൂരം അഥവാ നാലു ബസ്സുകൾ കയറി കോളേജിൽ എത്തേണ്ടത്, വിവാഹം കഴിഞ്ഞത്, വീട്ടു ജോലികളുടെ ഭാരം, ഗർഭിണി ആവാൻ ചികിത്സ തേടുന്നത്…

സൈക്കോളജി അധ്യാപകൻ സകല കുട്ടികളുടെയും മുന്നിൽ വെച്ച് പറഞ്ഞു: “ഏറ്റവും നന്നായി വർക്ക് ചെയ്തത് ബഹിയ ആണ്. പക്ഷേ, ഒന്നിനും കൊള്ളാത്ത അവൾക്ക് അത് കഴിയില്ല. ആരോ ചെയ്ത വർക്ക് വെക്കാൻ നാണമില്ലേ?” എന്ന്. അദ്ദേഹത്തോട് അന്ന് തോന്നിയ വികാരം ഇന്ന് അതേ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി സൈക്കോളജിസ്റ്റ് ആക്കി മാറ്റി എന്നെ.

മറ്റൊരാൾ വിവാഹ അന്വേഷണം നടത്തിയ പഴയ കഥ അയാൾ തന്നെ കോളേജിൽ പാട്ടാക്കി. ഒപ്പം സെക്കന്റ് ബെല്ലടിക്കുമ്പോഴേക്ക് ഓടി കയറി വന്ന എന്നോട് ഒരൊറ്റ ചോദ്യം :”വീട്ടിൽ വേലേം കൂലീം ഇല്ലാത്ത കെട്ട്യോനില്ലേ? രണ്ട് നേരം ഇങ്ങോട്ട് പോരാൻ പറ, ഇങ്ങനെ നാല് ബസ്സിൽ തൂങ്ങി വരണത് എന്തിനാണ്?” ഒപ്പം വൈകിയ മറ്റുള്ളവരെ അകത്തേക്ക് കയറ്റി കൊണ്ട് വീണ്ടും വീണ്ടും പരിഹാസം. ഞാൻ പറഞ്ഞു:”വീട്ടിലെ കാര്യം നോക്കാൻ സാറിനെ ആരും ഏല്പിച്ചിട്ടില്ല, സാറിന് വേണേൽ വൈകിയതിൽ നടപടി എടുക്കാം”. അന്നും പിന്നീട് പലപ്പോഴും കാരണം ഉണ്ടായിട്ടും ഇല്ലാതെയും പുറത്തു നിന്നു പിന്നെ ഞാൻ. ഫുഡ് പോയ്സൺ കാരണം ഫീൽഡ് ട്രിപ്പ് മുടങ്ങിയതിനു വരെ നാല് ദിവസം പുറത്ത്. കൂടെ വരില്ല എന്ന് കെട്ടിയോൻ. മാഷിന്റെ സുഹൃത്ത് കൂടിയായ എന്റെ കെട്ടിയോൻ വന്ന് രണ്ട് പറയണം എന്ന് മാഷ്. ഒടുവിൽ മെഡിക്കൽ ലീവ് വഴി എങ്ങിനെ ഒക്കെയോ ക്ലാസ്സിൽ.

ഗർഭിണിയാവാൻ ചികിത്സ ചെയ്തു റെസ്റ്റിൽ ആയതിനാൽ ഫിസിക്കൽ എജുക്കേഷനിൽ നിന്നും ഇളവ് ചോദിച്ച എന്നെ വൈവേക്ക് യൂണിവേഴ്‌സിറ്റി വിട്ട അംഗത്തിനു മുന്നിൽ ഫിസിക്കൽ എഡുക്കേഷന്റെ സകല വർക്കും ചെയ്യാൻ വിട്ടു. അവസ്ഥ കണ്ട് ആ പ്രൊഫസർക്ക് പാവം തോന്നിയതിന് പിന്നീട് വലിയ മാനസിക പീഡനം ഏല്ക്കേണ്ടി വന്നു എന്ന് മാത്രം.

ഹോസ്റ്റലിൽ ഉള്ളവർക്ക് മാത്രം മുൻകൂട്ടി റെക്കോർഡ് കൊടുത്ത അധ്യാപകർ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞു വന്ന ഞങ്ങൾ ഡേ സ്കോളേഴ്സിന് 1 സെമസ്റ്റർ പരീക്ഷ സ്റ്റഡി ലീവിന് റെക്കോർഡ് എഴുതാൻ തന്ന് പഠിക്കാൻ സമ്മതിക്കാതിരുന്നത് കൂട്ട തോല്വി ഉണ്ടാക്കി.

ടീച്ചിംഗ് പ്രാക്ടീസ് സ്കൂളിൽ എല്ലാവരും നല്ല ടീച്ചർ പദവി തന്ന എനിക്കാകട്ടെ ഇന്റേണൽ ഏറ്റവും കുറവ് ആയിരുന്നു. വൈവേ, കമ്മീഷൻ സമയത്ത് സ്റ്റിൽ മോഡൽ ഇല്ലാതെ പുറത്ത് നിന്ന കുട്ടിക്ക് എന്റെ കൂടുതൽ ഉള്ള നാല് മോഡലിൽ നിന്നും രണ്ട് എണ്ണം സാർ പറഞ്ഞു കൊടുത്തു സഹായിച്ചിരുന്നു, അവൾക്ക് അതിന്റെ കമ്മീഷൻ ഒന്നും പറയാൻ കിട്ടിയും ഇല്ല. എന്നിട്ടും അവളേക്കാൾ എന്ന് മാത്രമല്ല; സകല കുട്ടികളെക്കാളും ഇന്റേണലുകൾ കുറവായിരുന്നു എനിക്ക്. 59.75% മാർക്ക് വാങ്ങി ഫസ്റ്റ് ക്ലാസ് കിട്ടാതെ, അഥവാ 60% തികയാതെ എന്നും ഇന്റർവ്യൂകളിൽ പിന്നിലായി അങ്ങനെ ഞാൻ.

അവിടെ എല്ലാവരും എംഎഡ് കഴിഞ്ഞ അധ്യാപകർ. അഥവാ സൈക്കോളജി പഠിച്ചവർ. പക്ഷേ; അവരിൽ പലരും ആ സ്ഥാനത്തിനു അർഹർ ആയിരുന്നില്ല. മരിക്കാൻ, എല്ലാം വലിച്ചെറിഞ്ഞു എങ്ങോട്ടെങ്കിലും പോവാൻ, പഠിപ്പ് നിർത്താൻ, നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴെ പോവാൻ എല്ലാം തോന്നിയിട്ടുണ്ട്, പല തവണ. അവിടെ വെച്ചാണ് എഴുത്തും പ്രസംഗവും കലകളും ഉപേക്ഷിച്ചത്, വിദ്യാർത്ഥിനി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതി അംഗത്വം രാജി വെക്കുന്നത്…

പക്ഷേ, തോറ്റു കൊടുത്തില്ല. പഠനം, ജോലി എന്നിവയോട് ഉളള ഇഷ്ടം കാരണം തുടർന്ന് പഠിച്ചു. തനിച്ച് വീട്ടിൽ ഇരുന്ന്… ഡബ്ബിൾ പിജി. ബിഎഡ് മുഴുമിക്കൽ, നെറ്റ്, കൗൺസിലിങ്… തീർന്നില്ല, പിഎച്ച്ഡി കൂടെ ചെയ്യണം. വലിയ ആഗ്രഹം ആണ്. നടക്കുമോ ആവോ?