എന്റെ കാന്താരി പെണ്ണുങ്ങളേ, അബ്യൂസ് അല്ല പ്രണയം എന്ന് നിങ്ങളൊക്കെ എന്ന് മനസിലാക്കാനാണ് ?

117

Anamika Aami

റ്റിക്റ്റോക്കിനെ കുറിച്ചാണ്.

അത്യാവശ്യം നല്ല വെറുപ്പിക്കലാണെന്ന് പണ്ടേ തോന്നിയിട്ടുള്ളത് കാരണം ഇതേ വരെ റ്റിക്റ്റോക് അക്കൗണ്ട് ഉണ്ടാക്കാൻ പോയിട്ടില്ല. കലിപ്പന്റെ കാന്താരി, മുത്തുമണി പ്രവണതകളെയൊക്കെ കളിയാക്കിയിരുന്നെങ്കിലും അത് ഈ പുതിയ പിള്ളേരിലും എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയത് ദേ ഇന്നലെ ഒരു സുഹൃത്ത് ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തപ്പോഴാണ്. കളിയാക്കി ചിരിച്ചു തള്ളേണ്ട ഒരു പ്രവണതയാണ് എന്ന തെറ്റായ ധാരണയും ഇന്നലെത്തോടെ മാറികിട്ടി. റ്റിക്റ്റോക് എന്ന പാരലൽ വേൾഡിൽ നടക്കുന്ന അതിഭീകര ഗ്ലോറിഫിക്കേഷനുകൾ കണ്ട് കിളി പോയിട്ടാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്.

ഒരു വശത്ത് നിന്ന് കുറച്ചു പേർ പാവാട, ഫെമിനാസി, ഫെമിനിച്ചി, സിമ്പ് തുടങ്ങിയ ഒരുപാട് വിളികളുടെയിടയിൽ നിന്നുകൊണ്ടും കുറച്ചെങ്കിലും വിവരം വെക്കൂ സമൂഹമേ എന്ന് വിളിച്ചു പറയുമ്പോൾ റ്റിക്റ്റോക് എന്ന പാരലൽ വേൾഡിൽ നടക്കുന്നത് ഇതിന്റെയൊക്കെ മഹത്വവൽക്കരണവും നോർമലൈസേഷനുമാണ്. ഫ്രാങ്ക്ലി, കലിപ്പന്മാരെക്കാൾ അവന്റെ കാന്താരിമാരാവാൻ റെഡിയായി നടക്കുന്ന പെങ്കൊച്ചുങ്ങളുടെ എണ്ണം വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനെയൊക്കെ ലൈക്കും കമന്റും കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം ഡബിൾ, ട്രിപ്പിൾ ഡിജിറ്റ്‌ K കളിലാണ്. കാമുകന്റെ തല്ലും വായിലെ തെറിയും കേൾക്കുന്നത് ഒരു പ്രത്യേകരസമാണെന്നും കലിപ്പന്റെ സ്നേഹത്തിന്റെ താജ്മഹലാണ് ഈ അടിയും തെറിയും എന്നും ഈ പിള്ളേർ പടച്ചു വിടുന്ന വീഡിയോസ് കണ്ടാൽ സമൂഹികബോധമുള്ള ആർക്കും പേടി തോന്നും. ടോക്സിക് മാസ്കുലിനിറ്റിയും അബ്യൂസും പ്രണയത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളിലുള്ള എക്സ്പ്രെഷനാണ് ഇവിടുള്ള ജന്മങ്ങൾക്ക്.

ഒരു പാട്രിയർക്കൽ സൊസൈറ്റിയിലാണ് നമ്മൾ ജീവിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും ഡേഞ്ചറസ് ആയിട്ടുള്ള ലോകരാഷ്ട്രങ്ങളുടെ കണക്കെടുത്താൽ അതിൽ ടോപ്പിലുണ്ടാവും ഇന്ത്യ. ഇങ്ങനെയുള്ള ഒരു രാജ്യത്ത്, താരതമ്യേന പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികളാണ് ഇതിനൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. ഗ്യാസ്‌ലൈറ്റിംഗ്, ഫിസിക്കൽ അബ്യൂസ്, ഇമോഷണൽ അബ്യൂസ് എന്നിങ്ങനെ എല്ലാ വൃത്തികെട്ട ആചാരങ്ങളും “തമാശ” ആയി റ്റിക്റ്റോക്കിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനെയെല്ലാം പൂവേറിഞ്ഞു സ്വീകരിക്കുന്നുമുണ്ട്. ടീനേജ്‌ഴ്‌സ് ഒരുപാടുള്ള ഒരു പ്ലാറ്റ്ഫോം കൂടിയാണ് റ്റിക്റ്റോക്. അതായത്, ഈ ജാതി ഗ്ലോറിഫിക്കേഷനുകൾ കണ്ടാണ് ഈ പിള്ളേർ വളരുന്നത്. എന്തിനാ റ്റിക്റ്റോക്കിൽ പോകുന്നത് എന്ന് ചോദിച്ചാൽ പൊതുവേ കിട്ടുന്ന ഉത്തരമാണ് “അതൊരു രസല്ലേ” എന്നുള്ളത്. പക്ഷേ, ഇത്ര വലിയ നോർമലൈസേഷനുകൾ കണ്ടു വളരുന്ന പിള്ളേർ പ്രേമം എന്നാൽ ഇതൊക്കെയാണ്, ഇതൊന്നുമില്ലെങ്കിൽ പ്രേമം സ്ട്രോങ്ങാവില്ല എന്നൊക്കെ തലതിരിഞ്ഞ ആശയങ്ങളുമായാണ് ഒരു റിലേഷൻഷിപ്പിൽ ചെന്ന് ചാടാൻ പോകുന്നത്.

കാമുകിക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന നല്ല കാമുകന്മാരായി ഇവന്മാരും അവന്റെ പിന്നാലെ കരഞ്ഞോണ്ട് നടക്കുന്ന ഉത്തമ കാമുകിമാരായി ഇവളുമാരും മാതൃക കാട്ടുന്നു. അതായത് കാലകാലങ്ങളായി തുടർന്ന് വരുന്ന അതേ കലാപരിപാടികൾ കൂടുതൽ റൊമാന്റിസൈസ് ചെയ്യപ്പെട്ട് ഇതിന്റെ കാഴ്ചക്കാരിലേക്കെത്തുന്നു. ഇങ്ങനെയുള്ളവർക്ക് അടി ഒരു തെറ്റല്ല, സ്നേഹ പ്രകടനമാണ്. എങ്ങനെ തിന്നണം, ഉറങ്ങണം, വസ്ത്രം ധരിക്കണം എന്നൊക്കെ നിർബന്ധബുദ്ധിയോടെ പറയുന്ന കാമുകന്മാർ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈ കടത്തുന്ന പുരുഷ മേലാളിത്തത്തിന്റെ ഡിസൈപ്പിൽസും അല്ല. മറിച്ച്, ഐഡിയൽ കാമുകന്മാരാണ്. ടോക്സിക് അബ്യൂസിവ് റിലേഷൻഷിപ്പ് എന്താണെന്ന് ഇവർക്ക് അറിയുകേം ഇല്ല.

ക്രിയേറ്റിവ് വീഡിയോസും കഴിവുകളും എക്സ്പ്രസ് ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം പാട്രിയർക്കിയുടെയും ടോക്സിസിറ്റിയുടെയും വക്താവുകയാണ് ഇവിടെ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇങ്ങനൊക്കെ തന്നെയല്ലേ എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ, റ്റിക്റ്റോക്കിൽ ഒരു വീഡിയോ ഇട്ടാൽ കിട്ടുന്ന റീച്ചിന്റെയും ഫോളോവേഴ്സിന്റെയും പത്തിലൊന്നെങ്കിലും ഫേസ്ബുക്കിൽ കാര്യമാത്രപ്രസക്തമായ പോസ്റ്റുകളിടുന്നവർക്ക് കിട്ടാറില്ലെന്നത് തന്നെയാണ് വസ്തുത. എന്റെ കാന്താരി പെണ്ണുങ്ങളേ, അബ്യൂസ് അല്ല പ്രണയം എന്ന് നിങ്ങളൊക്കെ എന്ന് മനസിലാക്കാനാണ്? കലിപ്പന്റെ കയ്യിലല്ല നിങ്ങളുടെ വ്യക്തിത്വമിരിക്കുന്നത്. അബ്യൂസിവ് ആയിത്തുടങ്ങുമ്പോൾ ആ റിലേഷൻഷിപ്പ് വിട്ട് ജീവനും കൊണ്ട് ഓടാൻ ശ്രമിക്കുക. ഇല്ലെങ്കിൽ നിങ്ങളിൽ മുന്നേക്കൂട്ടിയുള്ള ഇൻസെക്യൂരിറ്റിയും വൽനിറബിലിറ്റിയും മുതലാക്കി ഇവന്മാർ ഐഡിയൽ കാമുകന്മാരായി ജീവിതം ആഘോഷിക്കും.

എന്റെ കലിപ്പന്മാരെ, ഒരു പെണ്ണിന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തിയും അവളെ ലൈഫ് ലോങ് കണ്ട്രോൾ ചെയ്ത് വിജയിക്കുന്നതുമല്ല പ്രണയം. Abuse is wrong. അത് എന്തിന്റെ പേരിലായാലും. റെസ്പെക്ട് ഇല്ലാതെ എന്ത് മൈരാണ് നിങ്ങൾ പ്രണയം എന്ന് വിളിക്കുന്നത്? ഇക്വൽ ഫൂട്ടിങ്ങിലാണ് റിലേഷൻ മുന്നോട്ട് പോവേണ്ടത്. അല്ലാതെ അവളെ അടക്കിഭരിച്ചുകൊണ്ടല്ല.
ഇതൊന്നും എഴുതിയിട്ടും ഒരു കാര്യോമില്ല എന്നറിയാം. ചുമ്മാ പറഞ്ഞെന്ന് മാത്രം.

എഡിറ്റ്: ഭാഷ സങ്കീർണമായിപോയെന്ന് ചിലർ പറയുന്നു. പറ്റുന്നത് പോലെ പറയാൻ നോക്കിയിട്ടുണ്ട്. ചില മലയാളം വാക്കുകൾ കൃത്യമായി കിട്ടാത്തതുകൊണ്ടാണ്. പാളിപോയി എന്ന് തോന്നുന്നവരോട് ക്ഷമ ചോദിക്കുന്നു.