കുഞ്ഞുങ്ങളെ അമ്മമാർ നിഷ്ടൂരമായി കൊല്ലുമ്പോൾ ഒരു അമ്മയുടെ ഓർമ്മക്കുറിപ്പ്

86

Anamika Prakash

ഒരമ്മക്കുറിപ്പ്…

കുഞ്ഞുവാവകൾക്കൊരു മണമുണ്ട്. അമ്മയെന്ന് ഏതു പെൺകുഞ്ഞിലും മനം നിറയ്ക്കുന്ന മണം. അമ്മിഞ്ഞമണം. അവരുടെ കുഞ്ഞുവായുടെ ചാരെ പതിയെ മൂക്കൊന്നു പറ്റിച്ചുവെച്ചാലതറിയാം. പിന്നെയാ കുഞ്ഞു കണ്ണുകൾ വിരലുകൾ. ഉറക്കിലെ സ്വപ്‌നങ്ങൾ ചിരികൾ വിതുമ്പലുകൾ, കുഞ്ഞുടുപ്പുകൾ, പിന്നിക്കെട്ടുകൾ, കമിഴ്ന്നുവീഴൽ നീന്തല് മുട്ടിലിഴയിൽ വിരൽത്തുമ്പിൽ പിടിച്ചെണീറ്റു നിന്നപ്പോ ആ മുഖത്തെ ഗമ. അതേ വിരൽത്തുമ്പിൽ മുറുകെപ്പിടിച്ച ആദ്യ നടത്ത സിസേറിയനായിരുന്നു എനിക്ക്. രണ്ടുപേരേയും. ഉണ്ണിയെ, പ്രസവവേദന പാതിമുക്കാലും പിന്നിട്ട് കഴിഞ്ഞാണ് സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞത്.

പാലു വരാൻ ചിലപ്പോ വൈകുമെന്നും നന്നായി കുടിപ്പിക്കണം ന്നും ഡോക്ടർ പറഞ്ഞപ്പോ ആധിയായി. ഒരു ഇൻജെക്ഷൻ വേദന കൂടി സഹിക്കാനറീല്ലാത്ത ഞാനപ്പോഴേയ്ക്കും ”അമ്മ”യെന്നു പരുവപ്പെട്ടു തുടങ്ങിയിരുന്നു. പാൽ കുടിച്ചു തുടങ്ങിയപ്പോ മുലക്കണ്ണുകൾ രണ്ടും പഴുത്തു. ഉണ്ണി ഉറങ്ങുമ്പോ ഒരു ഓയിന്റ്മെന്റ് പുരട്ടും. ഉണരുമ്പോ ചൂടുവെള്ളത്തിൽ തുണി പിഴിഞ്ഞെടുത്ത് തുടച്ചു വൃത്തിയാക്കി കുടിപ്പിക്കും.ഉണ്ണി ഉണർന്നു…ന്ന് കേട്ടാൽ ഞാൻ തോർത്തുമുണ്ട് വായിൽ തിരുകി കരച്ചിലടക്കും…വേദനയുടെ. അവിടന്നും വളർച്ചയുടെ ഓരോ പടവുകളിലും തല്ലും തലോടലുമായി എന്നുമീ നെഞ്ചോടടുക്കിയിട്ടെയുള്ളൂ.

ഈ നിമിഷം വരേയ്ക്കും. കണ്ണൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത് വല്ലാത്തൊരു ഘട്ടത്തിലായിരുന്നു. ഉണ്ണിയും കണ്ണനും തമ്മിൽ കഷ്ടി 11 1/2 വയസ്സിന്റെ വ്യത്യാസമുണ്ട്. ഉണ്ണി ജനിച്ചു മൂന്ന് നാലു വർഷം കഴിഞ്ഞും ഇനിയൊരു വാവയെ കാണാതായപ്പോ സ്വാഭാവികമായും ഒരു ഡോക്ടർ നെ കണ്ടു. കുറച്ചു നാൾ medications ക്കേം തന്നിട്ടും ഫലം കാണാതായപ്പോൾ ഡോക്ടർ എലിസബത്ത് ഞങ്ങളോട് പറഞ്ഞു.. ആരോഗ്യത്തോടെ ഒരാളുണ്ട് ല്ലോ. അങ്ങനിരിക്കട്ടെ. ഇനിയൊരാളെ സർവ്വേശ്വരൻ നിങ്ങൾക്കായ് കരുതിയിട്ടുണ്ട് എങ്കിൽ കിട്ടും. തീർച്ച ഈ ഹോർമോൺ റ്റാബ്സ് ദീർഘകാല ഉപയോഗം നന്നല്ല. ഒരു ട്യൂബൽ pregnency ഇടയില് നോവിച്ചു കടന്നുപോയി.പിന്നെയാണ് കണ്ണൻ വരുന്നത്.അതും ന്റെ ഏട്ടൻ ഞങ്ങളെ വിട്ടുപോയ ആ സമയത്ത്.

കുഞ്ഞിനെ ഇല്ലാതാക്കുക എന്നത് ഏട്ടനോ എനിക്കോ ചിന്തിക്കാൻ പോലും അറിയില്ലായിരുന്നു. നാമെല്ലാം ഏതെങ്കിലും വിധേന സ്വയം ആശ്വസിപ്പിക്കാൻ വഴികൾ കണ്ടെത്തില്ലേ. അത്രമേൽ ഇരുട്ടങ്ങിനെ നമ്മെയാകെയും വിഴുങ്ങാനെത്തുന്ന നിമിഷം പോലും.അതുപോലെ അതുപോലെ. ഞാനുമെന്നെ ആശ്വസിപ്പിച്ചു. ന്റെ ഏട്ടനെ അസമയത്ത് കൊണ്ടുപോയെന്ന ഈശ്വരന്റെ കുറ്റബോധം പരിഹാരമെന്നോണം നിയ്ക്കെന്റെ ഏട്ടനെ വളർത്താനായി തിരികെ തന്നതാണ് ന്റെ വാവ ന്ന് അങ്ങിനെ കണ്ണനും ഭൂരിപക്ഷം അമ്മമാരും ഇങ്ങനെയെല്ലാം തന്നെ എന്നിട്ടുമെപ്പോഴാണ് ഒരമ്മയിൽ നിന്നും അമ്മത്തം മായ്ക്കപ്പെടുക..?അതിനേക്കാൾ അപ്പുറമുള്ള ഏതു വികാരമാണുള്ളത് ?

നോക്കൂ എന്റെ അച്ഛൻ പെങ്ങൾക്ക് ബുദ്ധിയുറയ്ക്കാത്ത ഒരു മകനുണ്ടായിരുന്നു. അന്നെല്ലാം ഞാൻ വിശ്വാസിയായിരുന്നു.ഞാൻ പ്രാർത്ഥിക്കുമായിരുന്നു. അമ്മായി മരിക്കും മുൻപേ ഏട്ടനെ കൊണ്ടുപോകണേ ന്ന്.കാരണം ആ അമ്മയ്ക്കപ്പുറം ആ മകന് ആരും പകരം വെയ്ക്കാനില്ലായിരുന്നു.വെറുക്കപ്പെട്ടവനോ അകറ്റപ്പെട്ടവനോ ആകുമായിരുന്നു, ഏട്ടൻ.ആ ഏട്ടനാണ് അച്ഛൻ പെങ്ങളേക്കാൾ മുൻപേ മരിച്ചത്. ഞാൻ ശരിയോയെന്നറീല്ല. തെറ്റെന്നെന്നെ വിധിച്ചാലും വെറുക്കരുത്.

എങ്കിലും ചിന്തിച്ചിട്ടുണ്ട്.നിയ്ക്കൊരു ഉണ്ണി അശേഷമെന്റെ സഹായമില്ലാതെ ജീവിക്കാനാകില്ലാതെ ജനിച്ചാൽ നിയ്ക്ക് ഇഴഞ്ഞു നടക്കാനാകും വരേം ഞാനെന്റെ ഉണ്ണിയെ പോറ്റും.. പൊന്നുപോലെ. ആകുന്നില്ലെനിക്കെന്നുറപ്പായാൽ ന്റെ ആരോഗ്യം ക്ഷയിച്ചുവെന്നുറപ്പായാൽ ന്റെ ഉണ്ണിയും ഞാനും ഒരുമിച്ചു തീരുമെന്ന്.എന്നിട്ടുമെങ്ങിനെ അമ്മമാരിങ്ങനെ.