ബന്ധങ്ങളിലെ ആണധികാര വടംവലികൾ

67

Anand Raj

ബന്ധങ്ങളിലെ ആണാധികാര വടംവലികൾ

ഒരു പുരുഷൻ താൻ ഇഷ്ടപെടുന്ന ഇണയെ ആകർഷിക്കാൻ അവർ പോകുന്ന സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും പുറകെ നടന്ന്‌ തന്റെ സമയവും, effort ഉം, emotions ഉം അതിന് വേണ്ടി ചിലവഴിക്കും. കോളേജ് ക്ലാസ്സ്‌ കട്ട്‌ ചെയ്യുക, ഓഫീസിൽ നിന്ന് നേരത്തെയിറങ്ങുക തുടങ്ങി, തന്റെ ഇണയെ കാണാനും മിണ്ടാനും വേണ്ടി അവൻ എന്തും ചെയ്യും. അതോടൊപ്പം താൻ യോഗ്യനാണ് എന്ന് ഇണയുടെ മുന്നിൽ തെളീക്കാൻ മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ വരെ ആശാൻ അങ്ങ് ഉപേക്ഷിച്ചു കളയും. സുഹൃത്തുക്കളുമായുള്ള കറക്കമൊക്കെ കുറച്ചു, ഇണയെ ഇണക്കിയെടുക്കാൻ പദ്ധതികൾ തയ്യാറാക്കും. ഇത് ഒരുമാതിരി തപസിരിക്കുംപോലെയാണ്.

ഇണയാണെങ്കിലോ അതുവരെയും ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന, എല്ലാ വിനോദങ്ങളിലും, നൃത്യാ-നാട്യകാര്യങ്ങളിൽ താല്പര്യായിരുന്ന, വല്യ-വല്യ സ്വപ്നങ്ങളുണ്ടായിരുന്ന, ധാരാളം hobbies ഉണ്ടായിരുന്ന ആ സ്ത്രീയുടെ തീരുമാനങ്ങളിൽ lover എന്ന പേരിൽ നുഴഞ്ഞു കയറിയ ആ ആശാൻ direct ആയും indirect ആയും ഇടപെടും.
“എനിക്ക് നീ എല്ലാവരുടെയും മുന്നിൽ ഡാൻസ് ചെയ്യുന്നത് ഇഷ്ടമല്ല.”
“അവൻ കോഴിയാണ്. എനിക്ക് നിന്റെ ആൺ സുഹൃത്തുകളെ ഇഷ്ടമല്ല.”
“അവൾ വെടിയാണ്. അവളുടെ കൂടെ നടന്നാൽ നിന്നെയും നാട്ടുകാർ അങ്ങനെയേ കാണാള്ളു. എനിക്കത് സഹിക്കില്ല”

എന്നൊക്കെ പറഞ്ഞ് ഫലിപ്പിച്ചു ആൺ-പെൺ സൗഹൃദവലയങ്ങളിൽ നിന്നും അവളെ അടർത്തി മാറ്റി, അവളുടെ ചിറകുകൾ അരിഞ്ഞു, അവളുടെ വിശാലമായ ലോകത്തെ അയാളിൽ മാത്രമായി ചുരുക്കിക്കളയും. പൊസസീവ്‌നെസ് ആണ് യഥാർത്ഥ സ്നേഹമെന്നു മനസിലാക്കി വച്ചേക്കുന്ന ഈ പൊതുസമൂഹത്തിൽ വളരുന്ന സ്ത്രീ ‘അതൊക്കെ ഏട്ടന്റെ സ്നേഹം കൊണ്ടന്നെന്ന്’ തെറ്റിദ്ധരിക്കും.
ഇനി ആ പുരുഷനോ? അവന്റെ ലോകത്തിനൊന്നും ഒരു മാറ്റോം വരാൻ പോകുന്നില്ല. അവന്റെ ജീവിതത്തിലും, ജീവിതശൈലിയിലും ഒരു മാറ്റോം വരില്ല. അവൻ സുഹൃത്തുക്കളായി കറങ്ങും, വെള്ളമടിക്കും, സിനിമ കാണും, സൊറ പറയും. അവന്റെ സോഷ്യൽ ലൈഫിൽ ഒന്നും ഒരു മാറ്റോം ഉണ്ടാകില്ല.

എന്നാൽ, ചിറകരിയപ്പെട്ട ആ സ്ത്രീയുടെ കാര്യമോ? കോളേജുകഴിഞ്ഞു/ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ അവൾക്ക് ആകെ സംസാരിക്കാനുള്ളത് അവനോട് മാത്രമാകും. അത്രകാലത്തെ പ്രണയബന്ധം കൊണ്ട് അവൾ അവനിലേക്ക് മാത്രമായി ചുരുങ്ങീരിക്കും. അവനെയൊന്ന് ഫോണിൽ കിട്ടാനായി അവൾ കാത്തിരിക്കും. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു നടക്കുന്ന അവന് എവിടെ സമയം? ഇനി സമയമുണ്ടെങ്കിൽ തന്നെ, അവന് തോന്നുന്ന സമയത്തിനായി അവൾ കാത്തിരിക്കണം. നിരാശയിലേക്കും, ഫ്രസ്ട്രേഷനിലേക്കും, അവൻ നഷ്ടപ്പെടുമോ എന്ന പേടിയിലേക്കും അവളെ അവൻ തള്ളിവിടും.

അപ്പോഴായിരിക്കും അവനൊരു പുതിയ പെൺസുഹൃത്തു ഉണ്ടാകുക. അവർ ചിലപ്പോൾ നല്ല സുഹൃത്തുക്കൾ മാത്രമായിരിക്കാം. എന്നാലും frustrated ആയി ധാരാളം insecurities ൽ കഴിയുന്ന കാമുകിക്ക്, കാമുകന്റെ പെൺ സുഹൃത്തുമായ പുതിയ ബന്ധത്തിൽ സംശയം തോന്നാം. തനിക്ക് സമയം നൽകാതെ, മറ്റൊരാൾക്ക്‌ സമയം നൽകുന്നത് കാണുന്ന എല്ലാ ഇണകൾക്കും അതുണ്ടാകുന്നത് സ്വഭാവികമാണല്ലോ? ശേഷം അവർ തമ്മിൽ അതിന്റെ പേരിൽ തെറ്റും. അവൾ കരുതുംപോലെയല്ല എന്നും അത് തന്റെയൊരു സുഹൃത്തു മാത്രമാണെന്ന് അവൻ പ്രൂവ് ചെയ്യും. ശേഷം, അവളെ സംശയരോഗിയായി മുദ്രകുത്തും. അവളുടേത് വളരെ മോശം സ്വഭാവമാണെന്നും, താൻ അത് സഹിക്കുകയാണെന്നും, തന്നെപോലൊരു ‘ചേട്ടനെ’ കിട്ടിയ അവൾ എത്ര ഭാഗ്യവതിയാണെന്നും അയാൾ സ്ഥാപിച്ചെടുക്കും.
‘ഹാ! ഇത്ര നല്ല ചേട്ടനെയാണല്ലോ ഞാൻ സംശയിച്ചത്. എല്ലാം തന്റെ തെറ്റാണെന്നും, തന്നെപോലെ സംശയരോഗിയും, possessive ഉം ആയ ഒരാളെ ചേട്ടൻ സ്നേഹിക്കുന്നത് തന്നെ വല്യ ഭാഗ്യമാണെന്ന് അവൾ ആശ്വസിക്കും’ പിന്നെയൊരു ജീവിതകാലം മുഴുവൻ അടിമയായി കഴിയാൻ അവൾക്കൊരു മടിയുമുണ്ടാകുകയില്ല. അപ്പോൾ മാടമ്പള്ളിയിലെ ആ യഥാർത്ഥ മനോരോഗി സന്തോഷിക്കുന്നുണ്ടായിരിക്കും.

നോക്കൂ,നിങ്ങളുടെ ലോകം നിങ്ങളുടെ കാമുകൻ/കാമുകി മാത്രമല്ല. കൂട്ടുകാരും, വീട്ടുകാരും, സഹപ്രവർത്തകരും, ക്ലാസ്സ്‌മേറ്റ്സ്സും നിറഞ്ഞ വല്യ ലോകമാകണം നിങ്ങളുടേത്. നിങ്ങളെ ഒരാളിൽ തന്നെ restrict ചെയ്യുന്ന ഏത് ബന്ധവും നിങ്ങൾക്ക് toxic ആണ്. അത് തിരിച്ചറിഞ്ഞു വേണം ബന്ധങ്ങൾ തിരഞ്ഞെടുക്കാൻ. Toxic എന്ന് കണ്ടാൽ ഒരു ബന്ധത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഇറങ്ങിവരാൻ നിങ്ങൾക്ക് കഴിയണം. അതിലൊരു രാഷ്ട്രീയ ശരിക്കേടും തോന്നേണ്ടതില്ല. Lets Love make us all Independent.