Anand Raj S R
പുതുപ്പണക്കാരനായ ഒരു മുൻ മോഷ്ടാവ് കാലങ്ങൾക്ക് ശേഷം ഒരു വെളിപ്പെടുത്താൽ നടത്തുകയാണ് എന്ന് കരുതുക. പണ്ട് താൻ കള്ളനായിരുന്നു എന്നും, തൃശ്ശൂരിലെ കവലകളിൽ കറങ്ങി നടന്ന് വീടുകൾ കുത്തിതുറന്ന് താൻ ഒരുപാട് മോഷണം നടത്തിയിട്ടുണ്ട് എന്നും. ഒരുപാട് പണ്ടവും, പണവും താൻ അങ്ങനെ മോഷ്ടിച്ചിട്ടുണ്ട് എന്നും, ഇപ്പോൾ ധാരാളം സാമ്പത്തുണ്ട് അതുകൊണ്ട് മാത്രം മോഷ്ടിക്കുന്നില്ല. എന്ന് പറയുന്നു എന്ന് കരുതുക.
അതുപോലെ, ഒരു മുൻ കൊലപാതകി കാലങ്ങൾക്ക് ശേഷം അതുപോലൊരു വെളിപ്പെടുത്താൽ നടത്തുന്നു. താൻ പണ്ട് ഒരുപാട് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. വടിവാൾ കൊണ്ട് വെട്ടിയും, കുത്തിയും, വെടിവെച്ചും ധാരാളം പേരെ കൊന്നിട്ടുണ്ട്, എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. അതുകൊണ്ട് അതൊക്കെ നിർത്തി എന്ന് പറയുന്നു എന്ന് കരുതുക.
സമാനമായ രീതിയിൽ, ഒരു മുൻ കള്ളക്കടത്തുകാരൻ കാലങ്ങൾക്ക് ശേഷം വന്ന് ഒരു വെളിപ്പെടുത്താൽ നടത്തുകയാണ് പണ്ട് താൻ ഒരുപാട് കള്ളക്കടത്തു നടത്തിയിട്ടുണ്ട് എന്നും, സ്വർണ്ണവും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ താൻ കടത്തിയിട്ടുണ്ട്. അതുവഴി ധാരാളം പണം സമ്പാദിച്ചിട്ടുണ്ട്. ഇപ്പോൾ ദാരിദ്ര്യം ഇല്ലാത്തോണ്ട് ആ പണി ചെയ്യുന്നില്ല എന്ന് പറയുകയാണെന്ന് കരുതുക.
അതേപോലെ, ഒരു മുൻ കള്ളവാറ്റുകാരൻ കാലങ്ങൾക്ക് ശേഷം ഒരു വെളിപ്പെടുത്താൽ നടത്തുന്നു. താൻ പണ്ട് ആയ കാലത്തു പോലീസുകാരുടെ കണ്ണ് വെട്ടിച്ചു ഒരുപാട് വാറ്റിയിട്ടുണ്ട്. വാറ്റി വിറ്റ് കാശുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ നാല് കാശ് കയ്യിൽ വന്നപ്പോൾ ആ പണിയൊക്കെ നിർത്തി ഇപ്പോൾ ദാരിദ്ര്യം ഇല്ലാത്തോണ്ട് വാറ്റുന്നില്ല എന്നും പറയുകയാണെന്ന് കരുതുക.
ഇതിനോടൊക്കെ ഭരണകൂടത്തിന്റെയും, പൊതുജനങ്ങളുടെയും നിലപാട് എന്തായിരിക്കും?
അവനെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുക എന്നതാണ് ആദ്യം ഭരണകൂടം ചെയ്യുക. ജനങ്ങൾക്ക് അവനെതിരെ നടപടിക്കായി തെരുവിലിറങ്ങും. പ്രതിപക്ഷം ആ സമരം ഏറ്റെടുക്കും. എന്നാൽ എന്തുകൊണ്ടാണ് ഇവിടെ ഇപ്പഴും ഈ സ്മശാന മൂകത?
ഇതിനേക്കാൾ എത്രയോ വല്യ കുറ്റങ്ങളാണ് താൻ ഓരോ തൃശൂർ പൂരത്തിനും ചെയ്തിരുന്നത് എന്ന് തുറന്ന് സമ്മതിച്ചിരിക്കുന്നത് ബോബി ചെമ്മണ്ണൂർ ആണ്. തന്റെ ചെറുപ്പക്കാലത്തു തൃശൂർപ്പുരത്തിൽ പങ്കെടുക്കുമ്പോൾ താൻ സ്ത്രീകളെ ‘ജാക്കി’ വെച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്താൽ. അതൊരു കൺഫെഷൻ പോലും അല്ലായിരുന്നു. നാട്ടുകാരുടെ മുന്നിൽ ജാഡയിടാൻ നൊസ്റ്റാൾജിയ അയവിറക്കിയ പ്രാഞ്ചി അച്ചായൻ, അബദ്ധത്തിൽ സത്യങ്ങളൊക്ക വിളിച്ചു പറഞ്ഞു പോയി. ഇത് അദ്ദേഹത്തിന്റെ കുറ്റസമ്മതമൊഴിയായി കരുതി കേസ് എടുത്തു, നിയമനടപടികൾക്ക് വിധേയനാക്കണം എന്നതാണ് അഭിപ്രായം. Rape culture വളരെ സ്വഭാവികതയോടെ പ്രചരിപ്പിച്ചതിനും പ്രത്യേകം കേസ് വേറെ എടുക്കണം.
രണ്ട് ചോദ്യങ്ങൾ:-
1) ഇപ്പോൾ ദാരിദ്ര്യം ഇല്ല എന്നും അതുകൊണ്ട് ‘ജാക്കി’ വെയ്ക്കുന്നില്ല എന്നും ബോബി വിഡീയോയിൽ പറയുന്നുണ്ട്. അപ്പോൾ ഇനി ദാരിദ്ര്യം ഉണ്ടായാലോ? ഇനിയും ജാക്കി വെയ്ക്കുമോ?
2) ബോബി ചെമ്മണ്ണൂർ മുൻപ് ചെയ്ത ആ പ്രവർത്തി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം Rape Assult/ Molestation/ Challenging the modesty of women എന്ന കീഴിലൊക്കെ വരുന്ന ശിക്ഷാർഹമായ വല്യ കുറ്റമാണ്. അത് ഓഡിറ്റ് ചെയ്യപ്പെടണ്ടേ? അത് നിയമപരമായി ശിക്ഷിക്കപ്പെടണ്ടെ?
ഇയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘ദാരിദ്ര്യ’മുണ്ടായിരുന്ന കാലത്തു അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിലേക്ക് കടന്നുകയറിയതും, അവരെ റേപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കഥയൊക്കെ യാതൊരു കുറ്റബോധമോ ഉളുപ്പോ ഇല്ലാതെ, വളരെ ലാഘവത്തോടെ സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുന്ന ഇയാൾ എത്ര വല്യ റേപ്പിസ്റ്റ് ആയിരിക്കും? എത്ര വല്യ പ്രിവിലേജ്ഡ് ആയിരിക്കും? ഇനിയും ഏതെങ്കിലും കാലത്തു ‘ദാരിദ്ര്യം’ വരുകയാണെങ്കിൽ ഇയാൾ എത്ര വല്യ റേപ്പിസ്റ്റ് ആകും? Potential Rapist ആയി കണ്ട് സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടെണ്ട ആളല്ലേ ഇയാൾ?
ഇയാൾ റേപ്പ് ചെയ്യാൻ ശ്രമിച്ച, ലൈംഗിക അതിക്രമം കാട്ടിയ, സ്വാതന്ത്ര്യത്തിലേക്കും, സ്വകാര്യതയിലേക്കും കടന്നുകയറിയ എത്രയോ ഇരകൾ ഉണ്ടാകും? അതിന്റെ ട്രൗമയിൽ കഴിഞ്ഞ/കഴിയുന്ന എത്രയോ സ്ത്രീകളുണ്ടാകും? അവർക്കൊക്കെ നീതി വേണ്ടേ? കാലങ്ങൾ കഴിഞ്ഞെന്ന് വെച്ച് വേട്ടക്കാരൻ ശിക്ഷിക്കപ്പെടണ്ട എന്നുണ്ടോ? അതൊരു മറക്കാൻ കഴിയുന്ന തെറ്റും, ബോച്ചയുടെ കൗമാരകുറുമ്പുമായി നമുക്ക് തോന്നുന്നുണ്ടെങ്കിൽ അത്രമേൽ റേപ്പ് കൾച്ചർ ഈ നാട്ടിൽ നോർമലൈസ് ചെയ്യപ്പെട്ടത് കൊണ്ടാണ്.