ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവുംവലിയ മടിയന്മാരിൽ ഒരാൾ

130

Ananda Gopan

പുതുതായി ആ നാട്ടിലേക്ക് വരുന്ന നായകന്റെ കുടുംബം. അവരോട് കലിപ്പ് അടിക്കുന്ന ഓട്ടോക്കാർ. ആ ഓട്ടോക്കാർക്ക് ഒരു യൂണിയൻ നേതാവ്. രണ്ട് മാസ്സ് ഡയലോഗ് അടിച്ചിട്ട് ഇവരെയെല്ലാം അടിച്ചു റൊട്ടിയാക്കുന്ന നായകൻ. നായകന് ചൂണ്ടയിടാൻ ഒരുങ്ങുന്ന അസിറ്റന്റ് വില്ലൻ എസ്ഐക്ക് മുന്നിലേക്ക് നെഞ്ചും വിരിച്ചു കയറി വന്ന് ഒഴിഞ്ഞ സിഐയുടെ കസേരയിലേക്ക് കയറിയിരുന്ന് ‘ട്വിസ്റ്റ്‌’ കാണിക്കുന്ന നായകൻ.

ബിജു മേനോൻ എന്ന നടനോട് ഇഷ്ടം തോന്നി തുടങ്ങിയത് ‘ശിവം’ കണ്ട ശേഷമാണ്. പിന്നീട് പത്രത്തിലെ അംഗ്രി യങ് പോലീസ് ഓഫീസറായ ഫിറോസ് മൊഹമ്മദ്‌ എന്റെ ആ നടനോടുള്ള ഇഷ്ടം അടിവരയിട്ട് ഉറപ്പിച്ചു. സീനിയൊരിറ്റി ഫിറോസ് മൊഹമ്മദിനാണെങ്കിലും ആദ്യം മനസ്സിൽ കയറിയത്‌ ഭദ്രൻ കെ മേനോനെയാണ്. പിന്നീടാണ് ഈ ഇടി വെട്ട് നായകനാണ് ഭാര്യയയെ പച്ചയ്ക്ക് തീ കൊളുത്തിയ മഹേന്ദ്ര വർമ്മയായി വന്നത് എന്ന് ഞാൻ തിരിച്ചറിയുന്നത്. ചോര തിളച്ചു മറിഞ്ഞു ഒഴുകുന്ന നായകന്റെ സകല രൗദ്രഭാവങ്ങളും കണ്ണിൽ ചോര ഇല്ലാത്ത വില്ലന്റെ കൊടും ക്രൂരതകളും വെള്ളിത്തിരയിൽ കാഴ്ച വയ്ക്കാൻ ബിജു മേനോന് പകരക്കാരനില്ലായെന്ന് അനിയനോട് ബെറ്റ് വച്ചു നടക്കുന്ന സമയത്താണ് ജോസേട്ടന്റെ രംഗ പ്രവേശം. കുഞ്ഞാടിന്റെ സ്വന്തം ജോസേട്ടനായി ബിജു മേനോൻ പൂന്തുവിളയാടി. തുടർന്ന് ഒരു ഘോഷയാത്ര തന്നെയായിരുന്നു ഫിലിപ്പ് ഇടിക്കുള്ള (സീനിയർസ്), സാജൻ ജോസഫ് (ഉലകം ചുറ്റും വാലിബൻ), സുകു (ഓർഡിനറി), ഫാദർ സെബു (റൊമാൻസ്), മാമ്മച്ചാൻ (വെള്ളി മൂങ്ങ), സക്കറിയ (അനാർക്കലി), ബൈജു കുമ്പള (രക്ഷധിക്കാരി ബൈജു ഒപ്പ്), ചെങ്കൽ രഘു (പടയോട്ടം).. അങ്ങനെ അങ്ങനെ തന്റെ ഓരോ മുക്കലും മൂളലും കൊണ്ട് മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങൾ.

ഇതിന്റെ ഒക്കെ ഇടയിലൂടെ പൂട്ടിന് പീര പോലെ അനുരാഗ കരിക്കൻ വെള്ളത്തിൽ ‘റഫ് & ടഫ് അച്ഛനായും’ ലീലയിൽ ‘വേണ്ടാത്ത ഹോബിസ്’ ഉള്ള കുട്ടിയപ്പനായും ‘പക വീട്ടാനുള്ളത്താണ്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ എസ്.ഐ അയ്യപ്പൻ നായരായുമെല്ലാം ബിജു മേനോൻ മലയാളികൾക്ക് ഇടയിലേക്ക് എത്തിയിട്ടുണ്ട്. ഒരിക്കൽ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു, ‘താൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ മടിയന്മാരിൽ ഒരാളാണ് ബിജു മേനോൻ എന്ന്’. ഈ മടിയൻ ചുമന്ന മലകളിൽ ചിലത്തിലെ പറ്റിയാണ് മുകളിൽ പരാമർശിച്ചത്. ഇനി എങ്ങാനും ഇങ്ങേര് , നമ്മുടെ പൃഥ്വിയേയും ടോവിനെയേയും പോലെയൊക്കെ അദ്ധ്വാനിക്കാൻ ഇറങ്ങിയാൽ…
“Adakachakko Adataka
Ah ha oh ho ho
eh he eh Adapode…
Haa Apdipode
Haa Adakachakko..”
മലയാളിയുടെ സ്വന്തം ബിജു മേനോന് ഒരായിരം ജന്മദിനാശംസകൾ…