2003ൽ ലോഹിതദാസിൻ്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് ചക്രം.മോഹൻലാലും ദിലീപുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.നായികയായി എത്തിയത് ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പർ താരം വിദ്യാബാലൻ ആയിരുന്നു. വിദ്യാബാലൻ ആദ്യമായി അഭിനയിച്ച മലയാള ചിത്രവും ചക്രമായിരുന്നു.ലക്ഷ്മി ഗോപാല സ്വാമിയായിരുന്നു മറ്റൊരു നായിക.ലോറി ഡ്രൈവർമാരുടെ കഥപറഞ്ഞ ചിത്രത്തിൽ ചന്ദ്രൻ എന്ന ഡ്രൈവറുടെ വേഷമായിരുന്നു മോഹൻലാലിന്, സഹായിയായ ക്ലീനറുടെ വേഷത്തിൽ ദിലീപും.ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രവീന്ദ്രൻ ഈണം നൽകിയ അഞ്ച് പാട്ടുകളാണ് ചക്രത്തിലുണ്ടായിരുന്നത്, ഈ പാട്ടുകളെല്ലാം തന്നെ അന്ന് ജോണി സാഗരിക വിപണിയിൽ ഇറക്കിയിരുന്നു.സംവിധായകനും തിരക്കഥകൃത്തും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിലാണ് ചിത്രം പിന്നീട് ഉപേക്ഷിച്ചത്.എന്നാൽ പിന്നീട് ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തു.
പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ വിജേഷ്, മീരാ ജാസ്മിൻ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.ചിത്രത്തിൽ പഴയ ചക്രത്തിലെ പാട്ടുകളിലെ ട്രൂണുകൾ വീണ്ടും ഉപയോഗിച്ചു പക്ഷേ വരികൾ വ്യത്യസ്തമായിരുന്നു.ബോക്സ് ഓഫീസിൽ ദയനീയ പരാജയമായിരുന്നു ലോഹി സംവിധാനം ചെയ്ത ചക്രം.