ഡാർട്ടിന്റെ ഇടി ഉടനെ ഉണ്ടാകും
Ananthu MG
ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹത്തിനു നേരെ മനുഷ്യന് ആദ്യമായി തിരിച്ചിടിക്കുന്ന പരീക്ഷണം നടത്തുന്നു. ഒരു മാസത്തിനകം ഭൂമിയില്‍ നിന്നും 68 ലക്ഷം മൈല്‍ അകലെയുള്ള ഡിമോർഫോസ് എന്ന ഛിന്നഗ്രഹത്തിലേക്കാണ് മണിക്കൂറില്‍ 15,000 മൈല്‍ വേഗത്തില്‍ ബഹിരാകാശ പേടകം ഇടിച്ചിറക്കുക. കഴിഞ്ഞ നവംബറില്‍ വിക്ഷേപിച്ച ഡബിള്‍ അസ്ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (DART) എന്ന് പേരിട്ടിരിക്കുന്ന പേടകം ഡിമോർഫോസിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് ദൂരദര്ശനികള് ഉപയോഗിച്ച് കഴിഞ്ഞ ആറു രാത്രികളില്‍ ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചപ്പോള്‍ നാസയുടെ ഡാര്‍ട്ട് പേടകം ഡിമോർഫോസിന്റെ പാതയില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് 32.5 കോടി ഡോളറാണ് ഈ ദൗത്യത്തിനായി നാസ ചെലവിടുന്നത്. അരിസോണയിലെ ലോവെല്‍ ഡിസ്കവറി ടെലസ്കോപും ചിലെയിലെ മഗെല്ലന് ടെലസ്കോപും ഉപയോഗിച്ചുള്ള നിരീക്ഷണം ജ്യോതിശാസ്ത്രജ്ഞര്‍ തുടരുകയാണ്.
ദിദിമോസ് എന്ന ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുകയാണ് ഡിമോർഫോസ്. 11 മണിക്കൂറും 55 മിനിറ്റുമാണ് ഡിമോർഫോസിന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ വേണ്ടത്. ഫലത്തില്‍ സമയം വച്ചുനോക്കിയാല്‍ ഒരു ക്ലോക്കിലെ സൂചി കറങ്ങും പോലെയാണ് ഡിമോർഫോസിന്റെ കറക്കം. ഡിമോർഫോസിനെ സ്ഫോടനം വഴി തകര്ത്തുകളയുകയല്ല നാസ ദൗത്യത്തിന്റെ ലക്ഷ്യം. ഡിമോർഫോസിലേക്ക് അതിവേഗത്തില്‍ വന്നിടിച്ച് അതിന്റെ സഞ്ചാരപഥത്തില്‍ ഒരു ശതമാനത്തിന്റെയെങ്കിലും വ്യതിയാനം വരുത്താനാവുമോ എന്നാണ് നാസ അന്വേഷിക്കുന്നത്.
ഭാവിയില്‍ ഭൂമിക്കു നേരെ ഏതെങ്കിലും ഛിന്നഗ്രഹം വരികയാണെങ്കില്‍ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നതിന്റെ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ഏതാണ്ട് 525 അടി വ്യാസം കണക്കാക്കപ്പെടുന്ന ഡിമോർഫോസ് ഭൂമിക്ക് വെല്ലുവിളിയൊന്നുമല്ല. മനുഷ്യ ഇടപെടല്‍ മൂലം ഇങ്ങനെയൊരു ഛിന്നഗ്രഹത്തിനെ എങ്ങനെ ദിശമാറ്റാമെന്നത് പരീക്ഷിച്ചറിയുക മാത്രമാണിവിടെ. ബഹിരാകാശ പേടകവുമായുള്ള കൂട്ടിയിടി വഴി ഡിമോർഫോസിന്റെ ഭ്രമണ വേഗം കുറയുമെന്നും കൂടുതല്‍ ദിദിമോസിലേക്ക് അടുക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. ഈയൊരു ഇടിയില്‍ ഭ്രമണ സമയത്തില്‍ പത്തു മിനിറ്റ് കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഭ്രമണപഥത്തിലുണ്ടാവുന്ന മാറ്റവും മറ്റും ഭൂമിയില്‍ നിന്നും ദൂരദര്ശനികള് വഴിയാണ് നിരീക്ഷിക്കുക. ഏറ്റവും കുറഞ്ഞത് 73 സെക്കൻഡിന്റെ വ്യത്യാസമെങ്കിലും ഡിമോർഫോസിന്റെ ഭ്രമണപഥത്തിലുണ്ടായാല് ദൗത്യം വിജയിച്ചതായി നാസ കണക്കാക്കും.
ദിദിമോസിനെ 1996ലും ഡിമോർഫോസിനെ 2003ലുമാണ് കണ്ടെത്തുന്നത്. 0.05 അസ്ട്രാണമിക്കല് യൂണിറ്റിനേക്കാള്‍ ഭൂമിയുടെ അടുത്ത് വരുന്ന ആകാശഗോളങ്ങളെല്ലാം നമുക്ക് ഭീഷണിയാണ് എന്നാണ് നാസ കണക്കാക്കുന്നത്. ഇവയ്ക്ക് കുറഞ്ഞത് 460 അടി വ്യാസവും വേണം. ഈയൊരു പരിധിയില്‍ പെടുന്ന ഭൂമിക്ക് ഭീഷണിയാവാന്‍ വിദൂര സാധ്യതയുള്ള 27,000 ഛിന്നഗ്രഹങ്ങളെ നമ്മള് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.