സുരേഷ് കുമാർ ഐ.എ.എസ്സിന്റെ മകൻ അനന്തു സുരേഷ് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ്
Ananthu Sureshkumar
നിയമപരമായ അഭിപ്രായങ്ങൾ പറയാൻ ഞാനൊരു അഭിഭാഷകനോ നിയമ പണ്ഡിതനോ അല്ല. പക്ഷെ വളരെ ചെറിയ പ്രായം മുതൽ തന്നെ ഈ നാട്ടിലെ കോടതികളും, നീതി ന്യായ വ്യവസ്ഥയും, രാഷ്ട്രീയ പാർട്ടികളും, സർക്കാരുകളും പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്ന് വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കാൻ അവസരം ലഭിച്ച ഒരു വ്യക്തി എന്ന നിലയിൽ ചില കാര്യങ്ങൾ ഞാനിപ്പോൾ പറയേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .
ജീവിതത്തിൽ ആദ്യമായി ഞാനൊരു കോടതി കയറിയത് ഒൻപതാം വയസ്സിൽ ആണ്. അതൊരു കുടുംബ കോടതി ആയിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള വിവാഹ മോചന കേസിന്റെ ഭാഗമായിരുന്നു അത്. ആ കേസിന്റെ യാത്ര എന്റെ പതിനാലാം വയസ്സിൽ അവസാനിക്കുമ്പോഴേക്കും ഹൈക്കോടതിയും താണ്ടി സുപ്രീം കോടതി വരെ പോയി വരാനുള്ള മഹാഭാഗ്യവും വലിയ വരദാനവും ലഭിച്ച ഒരു എളിയ പൗരനുമാണ് ഞാൻ.
സത്യസന്ധമായി, നട്ടെല്ല് വളയ്ക്കാതെ ജോലി ചെയ്തു എന്ന ഒരൊറ്റ കുറ്റത്തിന്റെ പേരിൽ മാറി മാറി ഭരിച്ചിരുന്ന ഇരുമുന്നണികളുടെയും പൊതു ശത്രു ആയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു എന്റെ അച്ഛൻ. മുൻ ഐ എ എസ് ഉദോഗസ്ഥൻ കെ സുരേഷ്‌കുമാർ. ആ ശത്രുതയുടെ ഭാഗമായി ഇരു സർക്കാരുകളും അദ്ദേഹത്തെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിക്കുന്നതും അതിന്റെ ഭാഗമായി ഉണ്ടായ നിരവധി നിരവധിയായ കേസുകൾ നടത്താൻ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ തരം കോടതികളും അദ്ദേഹം കേറി ഇറങ്ങുന്നതും വരുമാനത്തിന്റെ നല്ലൊരു പങ്ക് വക്കീലന്മാർക്കായി സമർപ്പിക്കുന്നതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
അച്ഛനെതിരെ നിന്നിരുന്നവർ എന്നും അതിശക്തർ ആയിരുന്നു. സ്വാധീനവും പണവും അധികാരവുമുള്ള അതിശക്തർ. കഠിനമായ മാനസിക സംഘർഷങ്ങളിലൂടെ അദ്ദേഹം കടന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി വരി വരി ആയി വലിയ വലിയ തിരിച്ചടികൾ അദ്ദേഹം കോടതികളിൽ നിന്ന് നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും അദ്ദേഹം തോറ്റ് കൊടുക്കുന്നതോ കീഴടങ്ങുന്നതോ മനസ്സ് മടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
എന്റെയും അനിയന്റെയും ലീഗൽ കസ്റ്റഡി സംബന്ധിച്ച കേസായിരുന്നു സുപ്രീം കോടതി വരെ പോയത്. ഞങ്ങൾ പറയാത്ത മൊഴികൾ ഞങ്ങൾ പറഞ്ഞതായി ഒരു ഹൈക്കോടതി ജഡ്ജി തന്നെ രേഖപ്പെടുത്തിയത് കൊണ്ടായിരുന്നു അന്ന് ഞങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. കേസ് ഹൈക്കോടതി തന്നെ ഒരിക്കൽ കൂടി കേട്ട് തീർപ്പാക്കാൻ ആണ് സുപ്രീം കോടതി ഉത്തരവിട്ടത്. അങ്ങനെ കൊച്ചിയിലെത്തി എയർപോർട്ടിൽ നിന്ന് ഹൈകോടതിയിലേക്ക് പോകും വഴി ഹൈക്കോടതിയുടെ കാൽ കിലോമീറ്റർ ഇപ്പുറം ഒരു പോലീസ് ജീപ്പ് വട്ടം വയ്ക്കുകയും അച്ഛനെ അറസ്റ്റ് ചെയ്ത് അച്ഛനെയും എന്നെയും അനിയനെയും ഒരു പോലീസ് ജീപ്പിൽ കയറ്റി ഹൈക്കോടതിയിൽ ഡ്രോപ്പ് ചെയ്യുകയും ചെയ്തു. അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർബന്ധമായിരുന്നു അത്. അച്ഛനെതിരെ നിന്നിരുന്നവരുടെ ശക്തി ആയിരുന്നു അത്.
അന്ന് ഹൈകോടതിയിൽ ഒരു വക്കീൽ പോലുമില്ലാതെ അച്ഛൻ തന്നെ നേരിട്ട് കേസ് വാദിച്ച് അതുവരെ തോറ്റ എല്ലാ തോൽവികളെയും മറികടക്കുന്ന വിജയം സ്വന്തമാക്കി. ഞങ്ങളുടെ കസ്റ്റഡി അച്ഛന് തന്നെ നൽകി കൊണ്ടുള്ള ഹൈകോടതി ഉത്തരവുണ്ടായി. അദ്ദേഹം ഇന്നേവരെ നടത്തിയിട്ടുള്ള എല്ലാ നിയപോരാട്ടങ്ങളുടെ അന്തിമ വിജയം അദ്ദേഹത്തിന് തന്നെ ലഭിച്ചിട്ടുണ്ട്. അതിലേക്കുള്ള യാത്ര എത്ര കഠിനമായിരുന്നെങ്കിൽ പോലും. വർഷങ്ങളോളം തടഞ്ഞ് വെക്കപ്പെട്ട പ്രൊമോഷനും ശമ്പള വർദ്ധനവുമടക്കം ഇത് പോലെ തന്നെ കേസ് നടത്തി മുൻകാല പ്രാബല്യത്തോടെ നിയപരമായി നേടിയെടുത്തതിന് ശേഷമാണ് മൂന്ന് വർഷത്തോളം സർവീസ് ബാക്കി നിൽക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക സർക്കാർ ചുമതലകളിൽ നിന്ന് അദ്ദേഹം സ്വയം വിരമിച്ചത്.
ഇത്രയും പറയാൻ കാരണം മറ്റൊന്നുമല്ല. ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും. വിചാരണ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കും. ആ കോടതി വിധിയിൽ അവൾക്കെതിരെയുള്ള പരാമർശങ്ങൾ വരെ ഉണ്ടായിരിക്കും. പേട്ടൻ ഫാൻസ് പടക്കം പൊട്ടിച്ച് ആഘോഷിക്കും. അവളെ കുറിച്ച് കേട്ടാലറക്കുന്ന വൃത്തികേടുകൾ കൊണ്ട് അവർ എല്ലാ സൈബർ ഇടങ്ങളും മൂടും. ആ സമയത്ത് ഭരണകൂടം വീണ വായിക്കും. കേരള പോലീസ് മിമിക്രി കാണിക്കും. ഇപ്പോൾ സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചത് കൊണ്ട് ഭാവനയെ ഇപ്പോൾ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗം കപട ബുദ്ധി ജീവികളും കപട ഫെമിനിസ്റ്റുകളും അവൾക്ക് നൽകുന്ന ആ പിന്തുണ പിൻവലിക്കും.
പക്ഷെ ആരൊക്കെ എങ്ങനെയൊക്കെ തലകുത്തി നിന്ന് എന്തൊക്കെ കോപ്രായങ്ങൾ കാട്ടി സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ചാലും ഇന്നല്ലെങ്കിൽ നാളെ ഭാവനക്ക് നീതി ലഭിച്ചിരിക്കും. അത് തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. അവൾക്കെതിരെ നിൽക്കുന്നത് എത്ര ശക്തരായാലും ശരി സ്വാധീനമുള്ളവർ ആയാലും ശരി, ഭാവനക്ക് നീതി ലഭിച്ചിരിക്കുക തന്നെ ചെയ്യും. ആ ഉറപ്പിനുള്ള ജീവിച്ചിരിക്കുന്ന ഒരു ദൃസാക്ഷിയാണ് ഞാൻ.
ദിലീപ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിനെ കുറിച്ചുള്ള നിരവധി ചാനൽ ചർച്ചകളിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ഞാൻ അതിലൊന്നും പങ്കെടുക്കാത്തതിന് കാരണം ഇപ്പോൾ നടക്കുന്ന കോപ്രായങ്ങളുടെ സ്വാഭാവിക പരിണാമം എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ്. ഈ പോലീസ് അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ എനിക്ക് നൂറ് ശതമാനം വിശ്വാസമില്ല എന്ന് എന്നെ വിളിച്ച എല്ലാ മാധ്യമ സുഹൃത്തുക്കളോടും ഞാൻ പറഞ്ഞിരുന്നു.
ഒന്നല്ല രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ പിണങ്ങി പോകുന്ന കാഴ്ച മറ്റെവിടെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ ? കോടതി വഴക്ക് പറഞ്ഞത് കൊണ്ടാണ് പോലും. എന്തൊക്കെ തിരിച്ചടികളും പ്രതിസന്ധികളും നേരിടേണ്ടി വന്നാലും നീതി നിഷേധിക്കപെടുന്നവർക്ക് വേണ്ടി അറ്റം വരെ പോരാടാനല്ലേ നമുക്ക് സർക്കാർ സംവിധാനങ്ങൾ വേണ്ടത്. അല്ലാതെ ജഡ്ജി വഴക്ക് പറഞ്ഞാൽ പിണങ്ങി പോകുന്ന നട്ടെല്ലില്ലാത്ത ഇക്രു കുട്ടന്മാരെ പ്രോസിക്യൂട്ടർമാരായി നിയമിക്കുന്ന ഈ കേരള സർക്കാരിനെ വിശ്വസിച്ചാണോ ഈ നാട്ടിലെ സാധാരണക്കാക്കരൻ നീതിക്ക് വേണ്ടി ഇനി നമ്മുടെ കോടതികൾ കയറേണ്ടത് ?
എട്ടാം പ്രതി ദിലീപിന് വേണ്ടി സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി നിൽക്കുന്ന അതിശക്തർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന അതി ഗുരുതരമായ ഒരു വിഷയം ചൂണ്ടിക്കാണിച്ചാണ് നമ്മുടെ നാട്ടിൽ ഒരു അതിജീവിതക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. കേരള സർക്കാരിന് അഭിമാനിക്കാം. സാംസ്‌കാരിക കേരളത്തിന് കോരിത്തരിക്കാം.
ഇനി കേസ് പഠിക്കാൻ പോകുന്ന പ്രതിപക്ഷത്തിൽ നിന്നോ, ഈ നാട്ടുകാരെ അല്ല എന്ന് പറഞ്ഞ് നിൽക്കുന്ന ബി ജെ പി ക്കാരിൽ നിന്നോ, കേരളത്തിന്റെ സ്ത്രീ വിഷയ സൂപ്പർ ഹീറോ ആഭ്യന്തരമന്ത്രി പി ശശി ചേട്ടനിൽ നിന്നോ നീതി ലഭിക്കും എന്ന് പ്രതീക്ഷിച്ച് കാത്ത് നിൽക്കാതെ ഭാവന ചെയ്യേണ്ടത് എത്രയും പെട്ടന്ന് ഈ കേസുമായി കേരളം വിടുക എന്നതാണ്. ഈ സംസ്ഥാനത്തിന് പുറത്തുള്ള ഒരു കോടതിയുടെ മേൽനോട്ടത്തിൽ ഈ സംസ്ഥാനത്തിന് പുറത്തുള്ള നട്ടെല്ലുള്ള ഒരു ഏജൻസി അന്വേഷിച്ചാൽ മാത്രമേ ഭാവനക്ക് നീതി ലഭിക്കുകയുള്ളു. അത് ഇന്നല്ലെങ്കിൽ നാളെ സംഭിവിക്കുക തന്നെ ചെയ്യും. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലാത്ത വലിയൊരു ജനസമൂഹത്തിന്റെ പിന്തുണ ഭാവനയ്ക്ക് എന്നുമുണ്ടാകും, എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും.
മുൻപൊരിക്കൽ പറഞ്ഞത് പോലെ, ഈ കേസിൽ അവളാണ് കോടതി, അന്തിമ കോടതി. നീതി നടപ്പായി എന്ന ഉത്തമ ബോധ്യം അവൾക്കുണ്ടാകുന്നത് വരെ. ഈ നാട്ടിൽ മനസാക്ഷി മരിച്ചിട്ടില്ലാത്ത ലക്ഷകണക്കിന് സാധാരണക്കാരടോപ്പം ഞാനുമുണ്ടാകും അവളോടൊപ്പം, അതിജീവിതക്കൊപ്പം.. അറ്റം വരെ !