പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ച യുവാവ് ആൾക്കൂട്ട അക്രമത്തിന് ഇരയായി എന്നൊരു വാർത്ത നാളെ വന്നാൽ പോസ്റ്റ് മുതലാളിക്ക് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല !

0
126
Ananthu Udayakumar
എന്നെങ്കിലും പെട്രോൾ സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഓർക്കാപ്പുറത്ത് എങ്ങാനും ഒരു mobile call attend ചെയ്തിട്ടുണ്ടെങ്കിൽ അത്ര നല്ല അനുഭവങ്ങൾ ഒന്നുമാകില്ല ചുറ്റുപാട് നിന്നും ലഭിച്ചിട്ടുണ്ടാവുക .ക്യാൻസർ മുതൽ പെട്രോൾ സ്റ്റേഷനിലെ തീ പിടിത്തം വരെ ഉണ്ടാക്കാൻ പോന്ന മാരകമായ Radiations പുറത്ത് വിടുന്ന ഒരുപകരണമാണ് 24×7 കൂടെ കൊണ്ട് നടക്കുന്നത് എന്നൊരു ധാരണ ഇന്നും ജനകീയമായി നമുക്കിടയിൽ തുടർന്നുപോരുന്നു.
തൊണ്ണൂറുകളുടെ അവസാനം ജമൈക്കയിലെ ഒരു shell employeeയുടെ ഇൻബോക്സിൽ നിന്ന് പ്രചരിച്ച ഒരു വ്യാജ email ആണ് ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്ന് പോരുന്ന ”മൊബൈൽ ഫോണുകളാണ് പെട്രോൾ സ്റ്റേഷനിലെ തീ പിടിത്തങ്ങൾക്ക് കാരണമെന്ന” ഈ നവയുഗം അന്ധവിശ്വാസത്തിൻ്റെ അടിസ്ഥാനം ( ഈ കാലത്താണ്
WhatsApp കേശവൻ മാമൻ ജമൈക്കയിൽ ജോലി നോക്കിയിരുന്നത് എന്ന് കരുതപ്പെടുന്നു! ).
ഇന്ന് വരെ mobile phone വഴി ഇത്തരത്തിൽ ഒരു തീപിടുത്തം ഉണ്ടായതിന് ശാസ്ത്രീയമായ ഒരു തെളിവും ലോകത്ത് ഒരു സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ല. 2003ൽ mythbusters എന്ന youtube channelൽ petrol vapour നിറഞ്ഞ അന്തരീക്ഷം ലാബിൽ സൃഷ്ടിച്ച് ഒരു mobile phone ഉപയോഗിച്ച് തീ പിടിത്തം ഉണ്ടാക്കാൻ ആകുമോ എന്ന് പരീക്ഷിച്ച് അതൊരിക്കലും സാധ്യമല്ല എന്ന് തെളിയിച്ചിട്ടുണ്ട് ( Link ചുവടെ ചേർക്കുന്നു).
അപ്പോൾ mobile Radio frequency വഴി ഒരപകടം ഉണ്ടാകില്ല എന്ന് വ്യക്തമാണ് . ഇനിയുള്ള ഒരു സാധ്യത മൊബൈലിൽ മോശം battery ഉപയോഗിക്കുന്നതിലൂടെ അത് പൊട്ടിത്തെറിച്ച് , അതും പെട്രോൾ അടിക്കാൻ നിൽക്കുന്ന സമയത്ത് തന്നെ പൊട്ടിത്തെറിച്ച് ഒരു അപകടം ഉണ്ടാകുക എന്നതാണ് . ഇത് പക്ഷേ വാഹനങ്ങളുടെ battery വഴിയും സംഭവിക്കാവുന്നതെ ഉള്ളു. ഇന്ന് വരെ ഇങ്ങനെയും ഒരു petrol station തീപിടിത്തം ഉണ്ടായതായി എങ്ങും report ചെയ്തിട്ടില്ല എന്നാണ് അറിവ്.
അപ്പോൾ ഇനി എന്താകും ശരിക്കും ഈ അപകടങ്ങൾക്ക് കാരണം എന്ന് നോക്കാം.സ്ഥിത വൈദ്യുതി (Static Electricity) ആണ് ഇവിടെ വില്ലനായി പ്രവർത്തിക്കുന്നത്.നമുക്ക് ചുറ്റുമുള്ള വസ്തുക്കളൊക്കെ ആറ്റങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്ന് നമുക്കറിയാം. സാധാരണ ഒരാറ്റത്തിൽ negative charge ഉള്ള ഇലക്ട്രോണുകളുടെയും positive charge ഉള്ള പ്രോട്ടോണുകളുടെയും എണ്ണം തുല്യമായിരിക്കും. അഥവാ ആറ്റത്തിന് ചാർജ് ഒന്നും തന്നെ ഉണ്ടായിരിക്കില്ല.ഇനി ചില വസ്തുക്കൾ തമ്മിൽ സമ്പർക്കത്തിൽ വരുമ്പോൾ ഈ ഇലക്ട്രോണുകൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി പോകാറുണ്ട്. അങ്ങനെ ഈ വസ്തുക്കളിൽ ഇലക്ട്രോൺ കൈമാറ്റത്തിലൂടെ ഒരു സ്ഥിതോർജ്ജം (Static Energy) രുപപ്പെടുന്നു.
സ്കൂൾ ക്ലാസുകളിൽ നമ്മളൊക്കെ ചെയ്ത ഒരു പരീക്ഷണം പറഞ്ഞാൽ സംഭവം പെട്ടെന്ന് മനസ്സിലാകും . നമ്മുടെ കയ്യിലുള്ള പ്ലാസ്റ്റിക് സ്കെയിൽ പഞ്ഞിയിലോ കമ്പിളിയിലോ ഒക്കെ കുറച്ചു നേരം ഉരസിയ ശേഷം ചെറിയ ചെറിയ പേപ്പർ കഷണങ്ങൾക്ക് അടുത്തേക്ക് കൊണ്ട് ചെന്നപ്പോൾ അവ സ്കെയിലിലേക്ക് ആകർഷിക്കപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട് . പ്ലാസ്റ്റിക്, കമ്പിളി, റബ്ബർ മുതലായ വസ്തുക്കളിൽ ഉള്ള സമ്പർക്കത്തിലൂടെ മുകളിൽ പറഞ്ഞതുപോലെ നമ്മുടെ ശരീരത്തിലും സ്ഥിതോർജ്ജം രൂപപ്പെടാം . ചെരുപ്പൊന്നും ഇടാതെ നിലത്ത് നിൽക്കുകയാണെങ്കിലോ അല്ലെങ്കിൽ വൈദ്യുതി കടന്ന് പോകുന്ന ചെരുപ്പ് ഇട്ട് നിന്നാലോ ഈ ഊർജ്ജം അപ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് ഭൂമിയിലേക്ക് ഒഴുകി പോകും . വൈദ്യുതി കടത്തി വിടാത്ത ചെരുപ്പ് ധരിച്ചാണ് നിൽക്കുന്നതെങ്കിൽ ഈ ഊർജ്ജം അതേ പോലെ ശരീരത്തിൽ തങ്ങി നിൽക്കുന്നു.
മാത്രമല്ല നേരത്തെ പറഞ്ഞ വസ്തുക്കളുമായി തുടർന്നുള്ള സമ്പർക്കം മൂലം ഇലക്ട്രോൺ കൈമാറ്റത്തിൻ്റെയും ഒപ്പം ശരീരത്തിൽ രൂപപ്പെടുന്ന ഈ സ്ഥിതോർജ്ജത്തിൻ്റെയും അളവ് കൂടി വരുന്നു. ഇനി നമ്മൾ വൈദ്യുതി കടത്തി വിടുന്ന ഏതെങ്കിലും വസ്തുവിൽ സ്പർശിക്കുമ്പോൾ ഒരു ചെറിയ തീപ്പൊരി (spark) ഓടുകൂടി charged ആയ നമ്മുടെ ശരീരത്തിൽ നിന്നും സ്ഥിതോർജ്ജം discharge ആകുകയും ചെയ്യുന്നു. ഇരുമ്പ് അതുപോലെയുള്ള ലോഹങ്ങളിൽ തൊടുമ്പോൾ , ദൂരെയാത്ര കഴിഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അല്ലെങ്കിൽ സമാനമായ സാഹചര്യങ്ങളിലോ പലർക്കും നിത്യ ജീവിതത്തിൽ ഇത്തരം ചെറിയ ‘shocking’ അനുഭവങ്ങൾ പല തവണ ഉണ്ടായി കാണും. ഇതിന്റെ ഒരു വലിയ version ആണ് മേഘങ്ങൾക്കും ഭൂമിക്കുമിടയിലുള്ള energy discharge , ഇടിമിന്നലായി നമ്മൾ കാണുത്തത് .
പെട്രോൾ സ്റ്റേഷൻ തീ പിടിത്തങ്ങൾക്ക് കാരണമായ തീപ്പൊരി എങ്ങനെ ഉണ്ടാകുന്നു എന്നതിനുള്ള ഉത്തരം ഇപ്പോൾ കിട്ടി കാണുമെന്ന് കരുതുന്നു. ദൂരെയാത്രകളിൽ വാഹനത്തിനുള്ളിലെ സീറ്റിൽ നിന്നൊക്കെ ഇത്തരത്തിൽ charged ആയി സ്ഥിതോർജ്ജം സംഭരിക്കപ്പെടുകയും petrol station നിൽ എത്തി വാഹനത്തിന്റെ metal ഭാഗങ്ങളിൽ സ്പർശിക്കുന്നതു വഴി ഒരു തീപ്പൊരി ഉണ്ടാകുന്നതുമാണ് സാധാരണ ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമായി വരാറുള്ളത്. Petrol vapour നിറഞ്ഞ ഒരന്തരീക്ഷത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു തീപ്പൊരി തന്നെ വലിയ ഒരപകടം ഉണ്ടാക്കാൻ ധാരാളമാണ് .ഇനി ഇതൊക്കെ കേട്ടു , കാര്യങ്ങളൊക്കെ പിടി കിട്ടി എങ്കിലും petrol അടിക്കാൻ പോകുമ്പോൾ തന്നെ ഫോണിൽ സംസാരിക്കണം എന്ന് എന്താ നിനക്കിത്ര നിർബന്ധം എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും കാണും
അങ്ങനെ ഒരു നിർബന്ധവുമില്ല .ഇത്തരത്തിലുള്ള തീപിടിത്തങ്ങൾക്കു പിന്നിലെ ശരിക്കുമുള്ള കാരണങ്ങൾ മനസ്സിലാക്കാതെ ചുമ്മാ mobile radiationനെ പഴി ചാരി ഇരുന്നാൽ വീണ്ടും വീണ്ടും ഇതേ സാഹചര്യങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● വലിയ വലിയ യാത്രകൾക്കിടെ petrol അടിക്കാൻ കയറും മുന്നേ കുറച്ച് നേരം പുറത്തൊക്കെ ഇറങ്ങി നിൽക്കുകയോ അല്ലെങ്കിൽ ലോഹങ്ങളിൽ വല്ലതും സ്പർശിച്ച് discharged ആണെന്ന് ഉറപ്പ് വരുത്തുകയോ ചെയ്യുക (ഇടയ്ക്ക് ചായ കുടിക്കാനൊക്കെ ഇറങ്ങുന്നത് നല്ലതാണെന്ന് മനസ്സിലായില്ലേ !)
●തുറന്ന് വെച്ചാൽ വളരെ പെട്ടെന്ന് ബാഷ്പീകരണം (evaporation ) സംഭവിക്കുകയും അന്തരീക്ഷത്തിൽ വ്യാപിക്കുകയും ചെയ്യുന്ന ഒരു വസ്തുവാണ് ദ്രാവകാവസ്ഥയിലുള്ള petrol . അതുകൊണ്ടാണ് ഒന്നും കത്തിക്കാനായി petrol ഉപയോഗിക്കരുത് എന്ന് പറയുന്നത്.
ഇനി ചിലരുണ്ട് (ഇരു ചക്രവാഹനക്കാർ )പെട്രോൾ സ്റ്റേഷനിൽ നല്ല തിരക്കാണ്, ക്യൂവിൽ ആണെങ്കിലും petrol tank തുറന്ന് പിടിച്ചു കൊണ്ടേ നിൽക്കുകയുള്ളു. കത്താനുള്ള ഒരന്തരീക്ഷം ഒരുക്കലാണ് ഇവിടെ നടക്കുന്നത്.അതും ഒഴിവാക്കണം.
● എപ്പോഴും engine switch നിർത്തിയിട്ട് മാത്രം ഇന്ധനം നിറയ്ക്കുക . കാരണം engine പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ സംബന്ധിച്ച് എവിടെയെങ്കിലും ചെറിയ spark ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
PS: ആഹാ എന്നാൽ ഇന്ന് പെട്രോൾ അടിക്കാൻ പോകുമ്പോൾ mobile എടുത്ത് സംസാരിക്കാം എന്ന് വിചാരിച്ച് ഒന്നും ചെന്ന് കയറി കൊടുക്കരുത് . ഇത് കേരളമാണ് , സാക്ഷരതയിൽ ഒന്നാമതാണ് ഒക്കെ ശരി തന്നെ പക്ഷേ scientific temper ൻ്റെ കാര്യത്തിൽ നമ്മളും വളരെ വളരെ പിന്നിൽ തന്നെയാണ് . അതുകൊണ്ട് “പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ച യുവാവ്/യുവതി ആൽക്കൂട്ട അക്രമത്തിന് ഇരയായി” എന്നൊരു വാർത്ത നാളെ വന്നാൽ പോസ്റ്റ് മുതലാളിക്ക് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല !
Written by: Ananthu Udayakumar