മനുസ്മൃതിയിൽ അധ്ഷ്ഠിതമായ ഹിന്ദുരാജ്യമെന്നത് സ്വാതന്ത്ര്യത്തിനു മുമ്പെയുള്ള അവരുടെ സ്വപ്നമാണ്

64

Ananya Raj

സനാതന ധർമത്തിൽ ഊന്നിയ ആര്‍ഷ ഭാരതത്തിലെ “ഭരണഘടന” ആയിരുന്നു മനുസ്മൃതി. ആദിമ മനുഷ്യനായ സ്വയംഭൂ മനു ബ്രഹ്മാവില്‍ നിന്നും ലഭിച്ച നിയമങ്ങള്‍ ഋഷിമാര്‍ ക്ക് പറഞ്ഞു കൊടുക്കുന്നതാണ് മനുസ്മൃതി എന്നതാണ് “വിശ്വാസം”
കീഴ് ജാതിയിൽ ജനിക്കാനുള്ള കാരണം മുൻ ജന്മത്തിലെ പാപങ്ങൾ ആണെന്നുള്ള ഹിന്ദുത്വ ആശയമാണ് മനുസമൃതി അടക്കുള്ള സനാതന ധർമ്മ സ്‌മൃതികളും വേദങ്ങളുമെല്ലാം മുൻപോട്ട് വെക്കുന്നത്. ഹിന്ദുത്വത്തിന്റെ ഉപോല്പന്നമായ സംഘപരിവാറും അതിനെ പിന്തുണക്കുന്നു. കാരണം RSSന് ബീജ വാഹം നൽകിയ മൂഞ്ഞേ മുതൽ ഹെഗ്‌ഡെവാറും ഗോൾവാൾക്കറും ഗോഡ്സെയും സവർക്കറും ഇന്ന് അതിന്റെ തലപ്പത്ത് ഇരിക്കുന്ന മോഹൻ ഭാഗവത് വരെ ആദിമ മനുഷ്യനായ സ്വയംഭൂ മനു ബ്രഹ്മാവില്‍ നിന്നുള്ള പുണ്യ വിധി നിർണയ ഗ്രന്ധമാണ് മനുസമൃതി എന്നു വിശ്വസിക്കുന്ന ഉത്തരേന്ത്യൻ ആര്യ ബ്രാഹ്മണ വർഗമാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയിലെ ജാതിക്ക് അതീതമായ മനുഷ്യ സമത്വമെന്ന ആശയത്തെ ഏറ്റവുമധികം എതിർത്തതും ഇന്ന് രാജ്യം ഭരിക്കുന്ന സംഘപരിവാർ തന്നെയായിരുന്നു.

സവര്‍ക്കര്‍ മനുസമൃതിയെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്:

‘നമ്മുടെ ഹിന്ദു രാജ്യത്ത് വേദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ആരാധനാ യോഗ്യമായ വേദഗ്രന്ഥമാണ് മനുസ്മൃതി. ആദ്യകാലങ്ങള്‍ മുതല്‍തന്നെ നമ്മുടെ സംസ്‌കാരം, ചിന്ത, ആചാരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനവും അതായിരുന്നു. നൂറ്റാണ്ടുകളായുള്ള നമ്മുടെ നാടിന്റെ ആത്മീയ സഞ്ചാരം ഈ കൃതി ക്രോഡീകരിച്ചിട്ടുണ്ട്. ഇന്നു പോലും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ നിത്യ ജീവിതത്തില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനവും അതുതന്നെയാണ്. ഇന്ന് മനുസ്മൃതിയെ നമുക്ക് ഹിന്ദു നിയമമെന്നു വിളിക്കാം.
(women in manusmriti. (Hindi) VD Savarker, page: 416)

ഭരണഘടനാ സമിതി ഇന്ത്യന്‍ ഭരണഘടനയുടെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ആര്‍.എസ്.എസ് അതില്‍ അസംതൃപ്തരായിരുന്നു. മനുസ്മൃതിയിലപ്പുറം മറ്റൊരു ഭരണഘടനയെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഈയൊരു മാനസിക വിമ്മിഷ്ടം അവര്‍തന്നെ തങ്ങളുടെ മുഖപ്പത്രത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ഓര്‍ഗനൈസര്‍ പറയുന്നു:
..പക്ഷെ, നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ പുരോഗതിയെ കുറിച്ചൊന്നും പറയുന്നില്ല. സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസിനെക്കാളും പേര്‍ഷ്യയിലെ സൊളോണേക്കാളും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. ഈ ദിവസം വരേക്കും ലോകത്തിന്റെ ആദരവും വണക്കവും അംഗീകാരവും നേടിയതാണ് മനുസ്മൃതിയിലെ നിയമങ്ങള്‍. പക്ഷെ, നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അതൊന്നും ഒന്നുമല്ല.’
(Organizer 1949. November,26)

മനുസ്മൃതിയെ ഇന്ത്യയുടെ ഔദ്യോഗിക നിയമമായി കൊണ്ടുവരാന്‍ ആര്‍.എസ്.എസ് വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാംപയിനുകള്‍ നടത്തിയിരുന്നു. മുന്‍ ഹൈകോര്‍ട്ട് ജഡ്ജുമാരിലൊരാളായ സങ്കര്‍ സുബ്ബ അയ്യര്‍ അര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഇങ്ങനെ എഴുതി:
‘മനുവിന്റെ കാലം കഴിഞ്ഞുപോയെന്ന് ഈയിടെ ഡോ. അംബേദ്കര്‍ ബോംബെയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, വര്‍ത്തമാന കാലത്തുപോലും ഹിന്ദുക്കളുടെ ദൈനംദിന ജീവിതം മനുസ്മൃതിയിലെ നിയമാവലികളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ് പരമാര്‍ത്ഥം. മതം അത്ര കാര്യമാക്കാത്ത ഒരു പരിഷ്‌കൃത ഹിന്ദുവിനു പോലും മാറ്റിനിര്‍ത്താനാവാത്ത വിധം, ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക്, മനുസ്മൃതിയിലെ നിയമങ്ങള്‍ അവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് കാണാം.’
കടുത്ത സവർണ ആഭിമുഖ്യമുള്ള RSS ഹിന്ദു വേദ/സ്‌മൃതി ആശയങ്ങൾ തൽക്കാലത്തേക്ക് മാറ്റി വച്ചത് ജനസംഘത്തിന്റെ രൂപീകരണത്തോടെ മാത്രമാണ്. എങ്കിലും അണികളിൽ മാനസികമായ ജാതി അടിമത്വം നില നിർത്താൻ സംഘപരിവാർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്.

RSSന്റെ പൂജനീയ ഗുരുവായ മൂന്നു പതിറ്റാണ്ടോളം RSSനെ നിയന്ത്രിച്ച ഗോൾവാൾക്കർ കീഴ് ജാതിക്കാർ ഉയർന്ന ജാതിക്കാരെ എങ്ങനെ ബഹുമാനിക്കണമെന്നു ഇന്ത്യക്കാരെ പഠിപ്പിക്കുന്നുണ്ട്. ലിങ്ക് കാണുക-
http://bodhicommons.org/…/when-sangh-parivar-politics…
സനാതന ധർമ്മത്തിന്റെ ഉയർന്ന ശ്രേണിയിലെ ബ്രാഹ്മണരായ സ്ത്രീകൾ പോലും പുരുഷന്റെ അടിമകളാണെന്നും അവർക്ക് സ്വത്തവകാശമില്ലെന്നും പറയുന്ന മനുസമൃതി ശൂദ്രർക്ക് (കേരളത്തിൽ നായർ വിഭാഗം) പൗരാവകാശം പൂർണമായി തന്നെ നിഷേധിക്കുന്നു. സംഘപരിവാർ ആവശ്യ പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ മനുസമൃതി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കേരളത്തിലെ നായന്മാർക്ക് വിദ്യാഭ്യാസം നേടാനോ സ്വത്ത് കൈവശം വെക്കാനോ മരം, ഓട് കൊണ്ടുള്ള വീടുകൾ പണിയാനോ നിയമപ്രകാരം തന്നെ സാധിക്കുമായിരുന്നില്ല. ഭാരതത്തിൽ അനേകായിരം വർഷം നില നിന്ന ഹിന്ദു രാജ്യ ഭരണത്തിൽ ശൂദ്രരുടെ അവകാശം അങ്ങനെയായിരുന്നു താനും. കേരളത്തിലെങ്കിലും അല്പം മാറ്റം വന്നത് മുഗൾ, ബ്രട്ടീഷ് ഭരണത്തിലും അക്കാലത്ത് നടന്ന നായർ-നമ്പൂതിരി സംബന്ധത്തിനും ശേഷമാണ്.

ശൂദ്ര നായന്മാരിൽ താഴ്ന്ന ദളിത്, ഈഴവർക്ക് മണ്ണിൽ തുപ്പാനുള്ള അവകാശം പോലും ബിജെപി കൊണ്ടു വരാൻ ആഗ്രഹിക്കുന്ന ഭരണഘടന നൽകുന്നില്ല. പഞ്ചമ വിഭാഗം തുപ്പാനുള്ള ചിരട്ട കഴുത്തിൽ തൂക്കി നടക്കണമെന്നും ശേഷം സവർണരിൽ നിന്നും നിശ്ചിത ദൂരം കണക്കാക്കി അവിടെ നിക്ഷേപിക്കാണെന്നും മനുസമൃതി പറയുന്നു. അപ്പോൾ അവർണ ജാതിക്കാർക്ക് സംഘി ഭരണഘടന നൽകുന്ന അവകാശങ്ങളെ കുറിച്ചു പറയാതിരിക്കുന്നതല്ലേ ഭേദം. എന്നാൽ ശൂദ്ര നായന്മാർക്കും സവർണ സ്ത്രീകൾക്കുമുള്ള ഭരണഘടനാ നിർദേശങ്ങളിൽ ചിലത് താഴെ വായിക്കാം.
പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാകാൻ പാടില്ല.അവൻറെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417)
കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129)
ഈ ലോകത്തിന്റെ അഭിവൃദ്ധിക്ക് ബ്രാഹ്മണ, ക്ഷത്രിയ, വൈഷ്യ, ശൂദ്ര എന്ന വിഭജനം ഇവിടെ നിലനില്‍ക്കല്‍ അനിവാര്യമാണ്.(1/91) ശൂദ്രന്മാര്‍ക്ക് ഒറ്റൊരു ജോലി മാത്രമാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്. മറ്റുള്ള മൂന്ന് ജാതിയെയും വിനയത്തോടുകൂടെ സേവിക്കലാണ് അവരുടെ ജോലി
(1/93)

ഒറ്റ ജന്മം മാത്രമുള്ളവന്‍(ശൂദ്രന്‍) ഇരു ജന്മമുള്ളവനെ (വൈശ്യ, ക്ഷത്രിയ, ബ്രാഹ്മണർ)അപമാനിക്കുന്ന പക്ഷം അവന്റെ നാവ് പിഴുതെടുക്കപ്പെടുന്നതാണ്. കാരണം അവന്‍ താഴ്ന്ന ജാതിയില്‍ ജനിച്ചവനാണ്.(vii/270)
ഇരു ജന്മമുള്ളവന്റെ പേരോ ജാതിയോ അവജ്ഞതയോടെയെങ്ങാന്‍ അവന്‍ ഉച്ചരിച്ചാല്‍ പത്ത് വിരല്‍ നീളമുള്ള ചുട്ടുപഴുത്ത ദണ്ഡ് അവന്റെ വായിലേക്ക് കുത്തിക്കയറ്റണം.(viii/271)
അവന്‍ അഹങ്കാരത്തോടെ ബ്രാഹ്മണരെ അവരുടെ കടമ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിളച്ച ചുടു എണ്ണ അവന്റെ വായിലേക്കും ചെവിയിലേക്കും ഒഴിക്കേണ്ടതാണ്.(viii/272)
ശൂദ്ര ജാതിക്കാരന്റെ ഏതെങ്കിലും ഒരു അവയവം മറ്റു മൂന്ന് ഉയര്‍ന്ന ജാതിയുലുള്ളവനെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അത് ഛേദിക്കപ്പെടും.(viii/279)

ശൂദ്രർ മുതൽ മറ്റു താഴ്ന്ന ജാതിയിലെ ആരെങ്കിലും മേല്‍ ജാതിക്കാരെ വടികൊണ്ടോ കൈ കൊണ്ടോ തൊഴിച്ചാല്‍ അവന്റെ കൈ ഛേദിക്കുന്നതാണ്. ദേഷ്യത്തോടെ കാല് കൊണ്ട് തൊഴിച്ചാല്‍ അവന്റെ കാലും വെട്ടിമാറ്റപ്പെടുന്നതാണ്.(viii/280)
ശൂദ്രൻ ഉയര്‍ന്ന ജാതിക്കാരന്റെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചാല്‍ അവന്റെ ഊരയില്‍ മുദ്രകുത്തപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുകയോ അല്ലെങ്കില്‍ അവന്റെ ആസനം അരിഞ്ഞ് കളയുകയോ ചെയ്യും.(viii/281)
സ്ത്രീകളെ സംബന്ധിച്ച മനുസമൃതിയിലെ ചോദ്യോത്തര ഭാഗത്ത് നിന്ന്-
ചോദ്യം: തന്റെ ഭര്‍ത്താവ് തന്നെ അടിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഭാര്യ എന്ത് ചെയ്യണം?
മറുപടി: താനിവിടെ മുന്‍ ജീവിതത്തിന്റെ കടം വീട്ടുകയാണെന്നും തനിക്ക് അനുഭവിക്കേണ്ടി വരുന്നത് തന്റെ പാപങ്ങള്‍ തന്നെയാണെന്നുമാണ് ഇത്തരം അവസരങ്ങളില്‍ ഭാര്യ ചിന്തിക്കേണ്ടത്. അത് സഹിക്കുക വഴി അവള്‍ നിര്‍മ്മലയായിത്തീരുന്നു. ഭര്‍ത്താവിന്റെ ഈ പെരുമാറ്റം അറിയുമ്പോള്‍ ഭാര്യയെ അവളുടെ വീട്ടുകാര്‍ തിരികെ കൊണ്ടുപോകും. ഇങ്ങനെയുള്ള കാര്യങ്ങളെ സഹിക്കാന്‍ അവളെ പരിശീലിപ്പിക്കാന്‍ വേണ്ടിയാണിത്.

ചോദ്യം: തന്റെ മാതാപിതാക്കള്‍ തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നില്ലെങ്കില്‍ ഭാര്യ എന്ത് ചെയ്യണം?
മറുപടി: ഇങ്ങനെയുള്ള അസന്നിഗ്ദ ഘട്ടങ്ങളില്‍ നിസ്സഹായയായ ഭാര്യക്ക് എന്ത് ചെയ്യാനാകും? അവള്‍ ഭൂതകാലത്ത് ചെയ്ത് കൂട്ടിയ പാപങ്ങളുടെ പരിണിതഫലം പേറുകയാണവള്‍. അതുകൊണ്ട് തന്നെ അവള്‍ ഭര്‍ത്താവിന്റെ അടിയും ഉപദ്രവും സഹിച്ചേ തീരൂ. ഇങ്ങനെ എല്ലാം സഹിക്കുന്നതിലൂടെ അവള്‍ പാപമുക്തയാകും. അതുവഴി ഭര്‍ത്താവ് അവളെ സ്‌നേഹിക്കുകയും ചെയ്യും.
ചോദ്യം: ‘സതി പ്രത'(ഭര്‍ത്താവിനെ ശവദാഹം നടത്തുന്ന സമയത്ത് ഭാര്യ ചിതയിലേക്ക് സ്വയം എടുത്ത് ചാടുന്ന പാരമ്പര്യ ആചാരം) ഉചിതമാണോ അനുചിതമാണോ?

മറുപടി: സ്വന്തം ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിനൊപ്പം അതിലേക്ക് എടുത്ത് ചാടി മരണം വരിക്കുകയെന്നത് പാരമ്പര്യമല്ല. ശരിയായ വിശ്വസവും സന്തോഷവുമുള്ളവളാണെങ്കില്‍ തീയിലേക്ക് എടുത്തു ചാടുന്ന സമയത്ത് അവള്‍ക്ക് ഒരിക്കലും വേദന അനുഭവപ്പെടുകയില്ല. ഇതൊരു പാരമ്പര്യ പ്രവര്‍ത്തിയല്ല. മറിച്ച് വിശ്വസത്തിന്റെയും പരമാനന്ദത്തിന്റെയും അന്തസ്സിന്റെയും ഭാഗമായി ചെയ്യേണ്ടതാണ്.