ക്ഷേത്ര സ്വത്തുക്കൾ പിടിച്ചെടുത്ത് അവകാശികൾക്ക് നൽകാനാണ് കോടതി വിധികൾ വരേണ്ടത്, അല്ലാതെ ഒരിക്കൽ കൂടി മനുസമൃതി ഭരണം നടത്തിയ രാജാക്കന്മാർക്ക് അധികാരം നൽകുന്ന രീതിയിലല്ല

82

Ananya Raj

ബ്രാഹ്മണ്യ ജാതി നിയമങ്ങൾ ഏറ്റവും ശക്തമായി നിലനിന്ന സമയമായിരുന്നു നാട്ടുരാജ്യങ്ങളിലെ രാജഭരണ കാലം. സനാതന ധർമ്മമെന്നും ഹിന്ദു മതമെന്നുമൊക്കെയുള്ള ഓമനപ്പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണ്യ ഹിന്ദു നിയമങ്ങൾ ശക്തമായി അന്ന് രാജാക്കന്മാർ പാലിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണവും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ലെന്നു ചരിത്രം പഠിച്ചവർക്കറിയാം.
ഈഴവനായ പൽപ്പുന്റെ സ്ക്കൂൾ വിദ്യാഭ്യാസം പോലും തടയാൻ രാജ കുടുംബം നേരിട്ട് ഇടപെട്ടിരുന്നു. ശേഷം എ ജെ ഫെർണാണ്ടസ് എന്ന സായിപ്പാണ് പല്പുവിന് വിദ്യാഭ്യാസം നൽകാൻ സഹായിച്ചത്. ശേഷം അന്നത്തെ കാലത്ത് പാരീസ്, ജർമ്മനി, ജനീവ, റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയെത്തിയ ഡോക്ടർ പല്പു സേവനത്തിനായി തിരുവിതാംകൂർ രാജാക്കന്മാരോട് അനുവാദം ചോദിച്ചപ്പോൾ കുലത്തൊഴിലായ കള്ള് ചെത്തലിന് അനുവാദം നൽകാമെന്നാണ് അവർ പരിഹസിച്ചത്.

ഇതൊരു പൽപ്പുവിന്റെ മാത്രം അവസ്ഥയായിരുന്നില്ല മാന്യമായ ജോലികൾ ഈഴവർക്ക് പോയിട്ട് ശൂദ്ര വിഭാഗങ്ങൾക്ക് പോലും ചെയ്യാൻ രാജാവ് അനുമതി നൽകിയിരുന്നില്ല. ആലോപതി ഡോക്ടർമാരാവാൻ അനുമതി തിരുവതാംകൂറിലെ തമിഴ് ബ്രാഹ്മണർക്ക് മാത്രമായിരുന്നു. 5 രൂപക്ക് താഴെ വരുമാനം ലഭിക്കുന്ന ജോലികൾ ചെയ്യാൻ മാത്രമേ ദളിത്, ആദിവാസി, ഈഴവർ അടക്കമുള്ള പിന്നാക്ക അവകാശം ഉണ്ടായിരുന്നൊള്ളൂ. മാത്രവുമല്ല സ്വത്ത് കൈവശം വെക്കാനുള്ള അവകാശമോ മരമോ കല്ലോ കൊണ്ടുള്ള വീട് വെക്കാനുള്ള അവകാശമോ രാജഭരണ കാലത്ത് ഭൂരിപക്ഷം പ്രജകൾക്കും ഇല്ലായിരുന്നു. പുറമ്പോക്കിൽ മാത്രമാണ് പിന്നാക്കർ വീട് വച്ചത്.അത് എപ്പോൾ വെണമെങ്കിലും പൊളിച്ചു മാറ്റാനുള്ള അധികാരവും രാജ ഭരണകൂടത്തിന് ഉണ്ടായിരുന്നു. ദളിത്,ആദിവാസികളിൽ വലിയൊരു വിഭാഗത്തിനും പകൽ സമയം പുറത്ത് ഇറങ്ങാനുള്ള അവകാശം പോലും ഹിന്ദു രാജക്കന്മാർ നൽകിയിരുന്നില്ല. ബ്രാഹ്മണ/ക്ഷത്രിയ/വൈശ്യർ എന്നിവർ അയിത്ത ജാതിക്കാരെ ( അങ്ങനെ ഹിന്ദുത്വം പറയുന്നു) കൊന്നാൽ പോലും അവർക്ക് ശിക്ഷ നൽകപ്പെട്ടരുന്നില്ല. അവർ ആത്മാവ് ഇല്ലാത്തവർ ആണെന്നും അതിനാൽ കൊലയായി പരിഗണിക്കാനാവില്ലന്നുമാണ് ന്യായം.

ഇത് പോലെ ഏറ്റവുമധികം ചൂഷണം നിറഞ്ഞതായിരുന്നു അന്നത്തെ നികുതി ഘടനയും. ബ്രാഹ്മണ/ക്ഷേത്രിയർക്ക് ഒരു രൂപ പോലും നികുതിയുണ്ടായിരുന്നില്ല. ഇതിൽ തന്നെ ഏറ്റവുമധികം നികുതി നകേണ്ടിയിരുന്നത് പിന്നാക്ക ജാതിക്കാർ തന്നെയായിരുന്നു. ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണ് , കാഴ്ച്ച, ദത്തുകാഴ്ച്ച, പൊന്നരിപ്പ് , അറ്റാലടക്ക് , ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പ്, കൊമ്പ്, കുറവ് , വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരാമ്പേര് , ചങ്ങാതം, തിരുമുൽക്കാഴ്ച്ച, ആണ്ടക്കാഴ്ച്ച, കെട്ടുതെങ്ങു , പൊളിച്ചെഴുത്ത് , പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്.. ഇങ്ങനെ പോകുന്നു നികുതിയുടെ പേരുകൾ. നമ്മൾ അധ്വാനിക്കുന്നത്തിന്റെ ഏതാണ്ട് 94% വരെ തിരുവിതാംകൂർ ഭരണകൂടം നികുതിയായായി പിരിച്ചിരുന്നു. പ്രണയിക്കുന്നവരെ വ്യഭിചാരികളായി മുദ്ര കുത്തി അടിമ വിലക്ക് വിറ്റു. ആ പണം രാജാവിന് നേരിട്ട് നൽകുന്ന രീതിയും അന്ന് നില നിന്നിരുന്നു.

ഇത്തരം ക്രൂരതകൾ നടത്തിയും നികുതകൾ പിരിച്ചും പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് നിർബന്ധിത കാഴ്ച പണം വാങ്ങിയും രാജക്കന്മാർ സ്വരുക്കൂട്ടിയതാണ് ഇന്ന് 4ലക്ഷം കോടിയോളം വരുന്ന ക്ഷേത്ര സ്വത്തുക്കൾ. ഇന്ന് അതിന്റെ യഥാത്ഥ അവകാശികൾ അന്ന് ക്രൂരമായ ചൂഷണം നേരിട്ടവരുടെ പിന്മുറക്കാർ കൂടിയാണ്. ക്ഷേത്ര സ്വത്തുക്കൾ പിടിച്ചെടുത്ത് അവകാശികൾക്ക് നൽകാനാണ് കോടതി വിധികൾ വരേണ്ടത്. അല്ലാതെ ഒരിക്കൽ കൂടി മനുസമൃതി ഭരണം നടത്തിയ രാജാക്കന്മാർക്ക് അധികാരം നൽകുന്ന രീതിയിലല്ല.

Advertisements