ഹിന്ദുക്കൾ എന്നത് മനുഷ്യരിൽ നിന്നും വിഭിന്നമായ പ്രത്യേക ജീവികൾ ഒന്നുമല്ലന്ന തിരിച്ചറിവാണ് ബിജെപിക്കാർക്ക് ആദ്യം വേണ്ടത്. ഹിന്ദുക്കളുടെ ആത്മാഭിമാനം ഉയർത്താൻ ഗോൾ വാൾക്കറോ സവർക്കറോ ഹെഗ്ഡെവാറോ പറഞ്ഞ പോലുള്ള ക്രിസ്ത്യൻ/മുസ്ലിം വംശീയ ഉന്മൂലനമൊന്നുമല്ല ആവശ്യം. ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ നല്ല വായു, വെള്ളം, വസ്ത്രം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം എന്നിവയൊക്കെയാണ് ഹിന്ദുക്കൾക്കും അത്യാവശ്യമായിട്ടുള്ളത്. എത്ര തെരെഞ്ഞെടുപ്പിൽ നിങ്ങൾ ഇതൊക്കെ പ്രധാന മുദ്രാവാക്യങ്ങളായി ജനങ്ങൾക്ക് മുൻപിൽ വച്ചിട്ടുണ്ട്?
ബിജെപി തെരെഞ്ഞെടുപ്പിൽ 10 വിഷയങ്ങൾ ഉയർത്തുമ്പോൾ 9ഉം വെറുപ്പും വർഗീയതയും ആയിരിക്കും. അത് കൊണ്ടാണ് സംഘപരിവാർ ഭരണ/പ്രതിപക്ഷ സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളെല്ലാം സാമ്പത്തികമായി കൂടി തകരുന്നത്. ഭരിക്കുന്നത് ബിജെപി അല്ലെങ്കിൽ കൂടി ഭരിക്കുന്നവരെ മതം മാത്രം പറയാൻ നിങ്ങൾ നിർബന്ധിക്കുന്നു. കേരളത്തിൽ ശബരിമല നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സംഘപരിവാർ ഉയർത്തിയപ്പോൾ മറ്റു പാർട്ടികൾക്കും ജനകീയ വിഷയങ്ങൾ മാറ്റി വച്ചു അതിന് പിറകെ വരേണ്ടി വന്ന പോലെ. വൈകാരിക വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്തു അത് വോട്ടാക്കി മാറ്റാൻ മാത്രം കഴിവുള്ള ബിജെപിക്കാർക്ക് എങ്ങനെയാണ് നേരത്തെ പറഞ്ഞ മനുഷ്യന്റെ (ഹിന്ദുവിന്റെ) അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാവുക.
3000കോടിയുടെ പട്ടേൽ പ്രതിമ കൊണ്ടോ പതിനായിരക്കണക്കിന് കോടി മുടക്കി പണിയുന്ന അയോദ്ധ്യയിലെ ക്ഷേത്രങ്ങൾ കൊണ്ടോ ദാരിദ്ര്യത്തിൽ ഉഴറുന്ന ഇന്ത്യയിലെ 40കോടിയോളം വരുന്ന മനുഷ്യർക്ക് (അതിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്) ഹിന്ദുവിന് എന്താണ് നേട്ടം? ഇന്ത്യയിലെ ഒരാളുടെ ശരാശരി വരുമാനമെടുത്താൽ അതിൽ ഒന്നാം സ്ഥാനം കേരളത്തിലെ ഹിന്ദുവിനാണ്, വിദ്യാഭ്യാസത്തിൽ ഒന്നാമത് കേരളത്തിലെ ഹിന്ദുവാണ്, ഏറ്റവും നല്ല ചികിത്സാ സൗകര്യമുള്ളത് കേരളത്തിലെ ഹിന്ദുവിനാണ്, ആധുനിക സൗകര്യത്തോടെയുള്ള വീടുകളിൽ പണിയുന്നതിൽ മുൻപിൽ കേരളത്തിലെ ഹിന്ദുവാണ്.
കേരളത്തിലെ ഹിന്ദു ഒരു രൂപ നികുതിയായി നൽകുമ്പോൾ തിരിച്ചു കിട്ടുന്നത് 25പൈസയാണ്. അതായത് നാലിൽ ഒന്ന്. ബാക്കി പണം ജനസഖ്യ ആനുപാതികമായി വീതിക്കുമ്പോൾ ജനസഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്നു. അതായത് സംഘപരിവാറിന് ശക്തിയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ തീറ്റി പോറ്റുന്നത് കേരളത്തിലെ ഹിന്ദുക്കളാണ്. ഇതൊക്കെ പരിഗണിച്ചാൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആത്മാഭിമാനത്തോടെ ഹിന്ദു ജീവിക്കുന്നത് സംഘപരിവാറിന് ഏറ്റവും ശക്തി കുറഞ്ഞ കേരളത്തിലാണ്.
കാരണം മുകളിൽ സൂചിപ്പിച്ചതൊക്കെ തന്നെ. കേരളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു “ഹിന്ദു” സ്ഥാനാർഥിക്ക് അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് അയാൾ മുസ്ലിം/ക്രിസ്ത്യാനികൾക്ക് എതിരെ എന്തൊക്കെ ചെയ്തു എന്ന് ഹിന്ദു വോട്ടർമാരോട് വിശദീകരിക്കേണ്ട ആവശ്യമില്ല. പകരം ഹിന്ദുക്കൾക്ക് അടക്കം ഉൾപ്പെട്ട തന്റെ മണ്ഡലത്തിലെ മനുഷ്യർക്ക് വേണ്ടി, മൃഗങ്ങൾക്ക് വേണ്ടി, പ്രകൃതിക്ക് വേണ്ടി എങ്ങനെയൊക്കെ പ്രവർത്തിച്ചു എന്നതേ വിശദീകരിക്കേണ്ടതൊള്ളൂ. അത് കൊണ്ടാണ് കേരളത്തിലെ ഹിന്ദു( മനുഷ്യൻ) ആത്മാഭിമാനത്തോടെ ജീവിക്കുന്നത്.