ഫഹദ് ഫാസിൽ : സൈക്കോ നടനങ്ങളുടെ രാജകുമാരൻ !
അനസ് കബീർ
കയ്യെത്തും ദൂരത്ത് മുതൽ മലയൻകുഞ്ഞ് വരെയുള്ള ഫഹദ് എന്ന നടന്റെ ഫിലിമോഗ്രാഫിയിലൂടെ സഞ്ചരിച്ചാൽ ആദ്യ സിനിമയിൽത്തന്നെ എഴുതിത്തള്ളി പരിഹാസ്യനാക്കപ്പെട്ടവനിൽ നിന്ന് ഒരു ഇടവേളയെടുത്ത് അപ്രത്യക്ഷമാവുകയും ഏറെക്കാലം കഴിഞ്ഞ് ഇടവേളക്കൊടുവിൽ പുതിയൊരു അവതാരമായി പ്രത്യക്ഷപ്പെട്ട് ഏറ്റവും മികച്ച പരീക്ഷണങ്ങളും അവതരണങ്ങളും ഏറ്റെടുത്ത് കൊണ്ട് ഏറ്റവും മികച്ച നടൻ എന്ന് ആവർത്തിച്ചാവർത്തിച്ച് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരെക്കൊണ്ട് ആർത്ത് വിളിപ്പിച്ച പരിശ്രമശാലിയായ നടനാണ് ഫഹദ്.
ഫഹദിന്റെ ഇടവേളയ്ക്ക് ശേഷമുള്ള കഥകളുടെ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചാൽ തനിക്ക് വേണ്ടും വിധമുള്ള നടനസാധ്യത ഉണ്ട് എന്നും, തെരഞ്ഞെടുക്കപ്പെടുന്ന കഥാപാത്രങ്ങൾക്ക് കൃത്യമായ ക്യാരക്ടർ ആർക്കും, കഥയുടെ പരിണാമ ഗുപ്തിയിൽ നോട്ടീസബിൾ ആയിട്ടുള്ള ഭാവ പരിണാമങ്ങൾക്ക് സാധ്യതയുള്ളതുമായ കഥാപാത്രങ്ങളെയാണ് ഫഹദ് തെരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം എന്ന് നിരീക്ഷിക്കുന്നതിൽ തെറ്റില്ല.
വളരെ സട്ടിലായ മഹേഷിന്റെ പ്രതികാരം പോലെയുള്ള ചിത്രങ്ങൾ ഫഹദിലെ നടന്റെ ഫ്ലെക്സിബിലിറ്റി പുറത്ത് കൊണ്ട് വരുമ്പോഴും പലപ്പോഴും ഫഹദിന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് പലപ്പോഴും ലൗഡായ അളന്ന് മുറിച്ച പ്രകടനങ്ങളുടെ മീറ്ററിന് മേൽ നുരഞ്ഞുപതയുന്ന വ്യത്യസ്ത മാനസിക മാനങ്ങളും ആന്തരിക സങ്കീർണതകളും ഉള്ള കഥാപത്രങ്ങളെത്തേടി ആയിരുന്നു എന്ന് തോന്നുന്നു..
ഫഹദിന്റെ മികച്ച പല പ്രകടനങ്ങളും എടുത്ത് നോക്കിയാൽ അതിൽ സൈക്കോളജിക്കൽ ട്രാന്‍സിഷൻസ് ഉള്ള കഥാപാത്രങ്ങളാണോ കൂടുതൽ എന്ന സംശയത്തിൽ നിന്നാണ് ഈ കുറിപ്പ്. കൂടുതൽ നിരീക്ഷണങ്ങൾ നിങ്ങൾക്കായി വിട്ട് തരുന്നു.
ഫഹദിന്റെ ചില കഥാപത്രങ്ങളും അതുമായി ബന്ധപ്പെട്ട ചില സൈക്കോളജിക്കൽ കണ്ടീഷൻസും വായനയിലൂടെ മനസ്സിലാക്കിയത് പങ്ക് വെക്കുന്നു. ഈ രംഗത്തെ വിദഗ്ധർക്ക് കൂടുതൽ പറയാനുണ്ടാവും
———————————
നോർത്ത് 24 കാതം : ഹരികൃഷ്ണൻ :
ഒബ്സസിവ് കംപൽസിവ് ഡിസോർഡർ രോഗാവസ്ഥയോട് വളരെ സാമ്യം കാണിക്കുന്ന ഒരു വ്യക്തിത്വമാണ് ഹരികൃഷ്ണന്റേത്. മനുഷ്യനിലെ അനാവശ്യമായ ഉത്കണ്ഠയെ ഉണർത്തുന്ന രോഗങ്ങളിലെ പ്രബലനായ അംഗമാണ് ഒ.സി.ഡി. കൂടക്കൂടെ തികട്ടിവരുന്ന, അപ്രിയമായ, സ്വന്തമെന്നു തിരിച്ചറിയുകയും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അമർത്തിവെക്കാൻ രോഗി ശ്രമിക്കുകയും ചെയ്യുന്ന നിയന്ത്രണാതീതമായ ചിന്തകളാണിവിടെ (obsession) വില്ലൻ. ഈ ചിന്തകളെ തടയാൻ ശ്രമിക്കുമ്പോഴവർ പരാജയപ്പെടുകയും ചെയ്യും. അങ്ങനെ അവയുണ്ടാക്കുന്ന ഉത്കണ്ഠയൊഴിവാക്കാനുള്ള മാർഗമായി കംപൽഷനുകൾ എന്നറിയപ്പെടുന്ന ആവർത്തിച്ച് ചെയ്യുന്ന ചില പ്രവൃത്തികൾ സ്വീകരിക്കുന്നു. അമിത വൃത്തി ചിന്ത മൂലം കൂടിയ ഇടവേളകളിൽ കൈ കഴുകുക, ശരീരം വൃത്തിയാക്കിക്കൊണ്ടിരിക്കുക
പോലെയുള്ള കംപൽഷനുകൾ, വീണ്ടും വീണ്ടുമുള്ള പരിശോധനകളും ഉറപ്പുവരുത്തലുകളും, എന്നിങ്ങനെ നിരവധിയാണ്. വ്യക്തിയുടെ നിത്യജീവിതത്തെ താളംതെറ്റിക്കുമ്പോഴാണ് ഇതിനെയൊരു രോഗാവസ്ഥയായി ഗണിക്കുന്നത്.
———————————————————-
ട്രാൻസ് : ജോഷ്വാ കാൾട്ടൺ
സ്കിസോഫ്രീനിയ/ ഡില്യൂഷൻ :
യാഥാർഥ്യവുമായി അല്പം പോലും ബന്ധമില്ലാത്ത വിശ്വാസമാണ് മതിഭ്രമം അഥവാ ഡില്യൂഷൻ. ഇതിനെ മിഥ്യാബോധമെന്നും വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡില്യൂഷനുകളുടെ പ്രമേയങ്ങൾ പലപ്പോഴും വളരെ വിചിത്രമായിരിക്കും. സ്വയം ദൈവമാണെന്ന് കരുതുന്ന വരെ തരത്തിൽ ഈ രോഗം മൂർഛിക്കപ്പെടാറുണ്ട് .നമ്മുടെ ആൾദൈവങ്ങളുണ്ടാവുന്ന സൈക്കോളജി ഇതാണ്. മരുന്ന് കൊണ്ട് മാറാവുന്നതേയുള്ളു.
മനോരോഗങ്ങളിൽ െവച്ചേറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണിത്. ‘ഡെല്യൂഷൻ’ എന്നറിയപ്പെടുന്ന മിഥ്യാവിശ്വാസങ്ങൾ, ‘ഹാലൂസിനേഷൻ’ എന്നറിയപ്പെടുന്ന നേരല്ലാത്ത പഞ്ചേന്ദ്രിയാനുഭവങ്ങൾ, ചിന്തകളുടെ ഒഴുക്കിനുണ്ടാകുന്ന തകരാറുകൾ, സംഭാഷണത്തിലതുണ്ടാക്കുന്ന വ്യതിയാനങ്ങൾ, സംസാരത്തിലും ചലനങ്ങളിലുമുള്ള ചുറുചുറുക്കും വൈകാരിക ഭാവങ്ങളിലുള്ള സ്വാഭാവികതയും കൈമോശം വരുക, ഉൾവലിയാനുള്ള പ്രവണത എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. അശരീരി കേൾക്കൽ, ചിന്തകളും പ്രവൃത്തികളും മറ്റാരാലോ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന വിശ്വാസം, സാമൂഹിക സമ്പർക്കത്തിൽനിന്ന് ഒഴിഞ്ഞുമാറൽ എന്നിങ്ങനെ യാഥാർഥ്യബോധവും ഉൾക്കാഴ്ചയും നഷ്ടമായി വേറെ ഒരു വ്യക്തിയായി അയാൾ മാറുന്ന ഒരു അവസ്ഥയിൽ വരെ രോഗി എത്തിപ്പെടാം.
ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്സിറ്റിവ് ആയിരിക്കും. ചെറിയ പ്രശ്നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കിലും അവരുടെ മനസ്സ് അതിന് സമ്മതിക്കില്ല. പ്രശ്നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി ബാധകൂടിയതുപോലെ വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത.
അദൃശ്യമായ കാര്യങ്ങള്‍ കാണുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത വസ്തുക്കള്‍ മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍, തൊട്ടതിനും പിടിച്ചതിനും സംശയം, താന്‍ ദൈവമാണ് എന്ന രീതിയിലുള്ള അസാധാരണമായ ചിന്തകള്‍, തന്നെ ആരോ ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുന്നെന്ന തോന്നല്‍, അവനവന്‍െറ ചിന്തയിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍ എന്നിവയാണ് രോഗിയെ വലക്കുന്ന പ്രധാന ലക്ഷണങ്ങള്‍.
—————————————-
കുമ്പളങ്ങി നൈറ്റ്സ് : ഷമ്മി
ഷമ്മിയെപ്പോലെ പേഴ്സണാലിറ്റി ഡിസോഡറോ, വ്യക്തിത്വ വൈകല്യങ്ങളാ ഉള്ളവർ പൊതുവേ മാന്യമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നവരാണ്. പുറമെ നിന്ന് നോക്കിയാൽ ഷമ്മിയേപ്പോലെ ഇവരിൽ രോഗാതുരമായ ഒന്നു പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. അമിതമായി ദേഷ്യപ്പെടുന്ന ,അല്പം കടും പിടുത്തം പിടിക്കുന്ന, ചില പ്രത്യേക ശീലങ്ങൾ ഉള്ള വ്യക്തി എന്ന തരത്തിൽ സമൂഹം ഇവരെ വിലയിരുത്തുന്നു. ഒട്ടുമിക്കവരും ആകഷകമായ സംസാര ശൈലി ഉള്ളവരായിരിക്കും. മറ്റുള്ളവരെ കൗശലം കൊണ്ട് സ്വാധീനിക്കാൻ കഴിയുന്ന ഇവർ പൊതുസമൂഹത്തിന് മുന്നിൽ ഞാൻ ഒരു പ്രശ്നക്കാരനല്ല എന്ന് മറ്റുള്ളവരെ കൊണ്ട് പറയിക്കുന്ന തരത്തിലാകും പെരുമാറുക. നല്ല ശീലങ്ങൾ ഉള്ള വ്യക്തി എന്ന അഭിപ്രായം നേടി എടുക്കാൻ അത്തരക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരുന്നില്ല. എന്നാൽ കൂടെ താമസിക്കുന്നവർക്ക് അധികം വൈകാതെ തന്നെ പെരുമാറ്റത്തിലും ,സ്വഭാവത്തിലുമുള്ള രോഗാതുരതയെ കണ്ടെത്താനോ, മനസ്സിലാക്കാനോ കഴിയും. എന്നാൽ അവർ ഇത് മറ്റുള്ളവരോട് പറഞ്ഞാൽ അവർ ചിരിച്ച് തള്ളുകയും ,ഒക്കെ തോന്നലാണ് ,മാന്യനായ ഒരു വ്യക്തിയെ കുറിച്ച് അപവാദം പറയരുത് എന്നൊക്കെ പറഞ്ഞ് ഗുണദോഷിച്ച് വിടുകയും ചെയ്യാം. മിണ്ടാതെ പുറംതിരിഞ്ഞ് നിന്ന് ഭയപ്പെടുത്തി മറ്റുള്ളവരെ വല്ലാത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്ന അയാൾ കളളച്ചിരിയോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുന്നു. വൈകാരിക അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകൾ വലിയ തോതിൽ Emotional Unstability ആയി അയാളിൽ നിന്ന് പുറത്ത് ചാടുന്നു. ഒറ്റ പ്രാവിശ്യം പറയും അനുസരിച്ചില്ല എങ്കിൽ പിന്നീട് ചോദ്യമോ, പറച്ചിലോ ഉണ്ടാകില്ല എന്ന് ഷമ്മി തന്റെ ക്രൂരമായ പ്രവർത്തിയിലൂടെ കുട്ടികളെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ എന്നേ കുറിച്ചല്ലേ സംസാരിക്കുന്നത് എന്നുള്ള സംശയാതുരമായ മനസ്സ് Suspiciousnes mind ആയിരിക്കും ഇക്കൂട്ടർക്ക്
———————————-
ജോജി :
കാഴ്ചയിൽ ഷേക്സ്പിയറിന്റെ മാക്ബെത്തിന്റെ ആന്തരികാശയത്തോടും കെജി ജോർജ്ജിന്റെ ഇരകളോടും കടപ്പെട്ടിരിക്കുന്ന ജോജി എന്ന സിനിമയിലെ ജോജി എന്ന അധികാരത്തിനു വേണ്ടിയുള്ള ഒരു സൈക്കോ ക്രിമിനലിന്റെ ട്രാന്‍സിഷൻസ് അസാധ്യമായിട്ടാണ് പെർഫോം ചെയ്തിരിക്കുന്നത് .
ജോജിയുടെ കഥാപാത്രത്തിന്റെ വ്യക്തിത്വം പല തരത്തിൽ ഒരു സൈക്കോപാത്തുമായി സാമ്യമുള്ളതാണ്. അധികാരത്തിനും സ്വന്തം സ്വാതന്ത്യ്രത്തിനും വേണ്ടി അച്ഛനെയും ജ്യേഷ്ഠനെയും കൊന്നതിനു ശേഷവും അയാൾ കുറ്റബോധത്തിന്റെയോ പശ്ചാത്താപത്തിന്റെയോ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. അയാളുടെ സഹാനുഭൂതിയുടെ അഭാവവും കൊലപാതകങ്ങൾ നടത്തിയതിനു ശേഷവും ഒരു കള്ളക്കഥ മെനഞ്ഞെടുക്കാനുള്ള ജോജിയുടെ ത്വര അവന്റെ ക്രിമിനൽ tendency യുടെ അങ്ങേ അറ്റമാണ് കാണിക്കുന്നത് . ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാതെ ജോജി തന്റെ പരാജയങ്ങളുടെയും തെറ്റുകളുടെയും കുറ്റം ‘സമൂഹത്തിന്’ എളുപ്പത്തിൽ കൈമാറുന്നു. തന്റെ പ്രവർത്തികൾ കണ്ട് പിടിക്കപ്പെടുമ്പോൾ അത് മറയ്ക്കാനുള്ള ഭ്രാന്തമായ ശ്രമങ്ങൾ ഒരു സൈക്കോ പാത്തിന്റെ അനിവാര്യമായ ക്ളൈമാക്സിൽ അവനെ എത്തിക്കുകയും ചെയ്യുന്നു
—————–
അകം എന്ന സൈക്കോ ത്രില്ലറിലെ ആർക്കിടെക്റ്റായ ശ്രീനി തന്റെ സുന്ദരിയായ ഭാര്യ യക്ഷി ആണെന്ന് സംശയിക്കുന്ന തരത്തിൽ നിരവധി സങ്കീർണ്ണ മാനസിക വ്യാപാരങ്ങൾക്ക് സാധ്യതയുള്ള ഒരു വേഷമായിരുന്നു .ചാപ്പ കുരിശിലെ അർജുൻ എന്ന ബിസിനസ്സ് മാഗ്നറ്റിന്റെ പ്രതികാരങ്ങളിലും ഫൈറ്റിംഗിലും ഒക്കെ ഈ ഒരു എക്സ്ട്രീം തീവ്രത പ്രേക്ഷകനെ ഞെട്ടിച്ചിട്ടുണ്ടാവണം
വരത്തനിലെ എബിന്റെ പ്രത്യാക്രമണങ്ങളിലും പ്രതികാരങ്ങളിലും പ്രേക്ഷകന്റെ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള ചില സൈക്കിക് എലമെന്റുകൾ ഫഹദ് കൊണ്ട് വരുന്നുണ്ട്
ആർട്ടിസ്റ്റിലെ പരുക്കനായ സെൽഫ് സെന്റേഡ് ആയ നാർസിസ്റ്റ് ആയ തനിക്ക് ഇഷ്ടമായ തന്റെ പാഷനിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന ആർട്ടിസ്റ്റ് മൈക്കിൾ ഫഹദിന്റെ മൂഡ് സ്വിങ്ങുകൾ പ്രേക്ഷകന് വായിച്ചെടുക്കാം
പുഷ്പയിലെ ഭൻവർ സിങ് ശെഖാവത്തെന്ന ഐ പി എസ് കാരനിൽപ്പോലും ഒരു സാഡിസ്റ്റിക്ക് സൈക്കോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പ്രേക്ഷകന് തോന്നിപ്പോകും
തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും കള്ളൻ പ്രസാദ് ആർക്കും പിടി കൊടുക്കാത്ത മാനസിക സങ്കീർണ്ണതകളുള്ള ഒരു ക്രിമിനലാണ്. യാതൊരു കുറ്റബോധവുമില്ലാതെ മറ്റൊരാളുടെ ഐഡന്റിറ്റിയോ അയാളുടെ സ്വത്തോ തട്ടിയെടുക്കാനോ അവരെത്തന്നെ കുറ്റവാളിയാക്കി രക്ഷപ്പെടാനോ ശ്രമിക്കുന്ന ഒരിക്കലും പിടി തരാത്ത നിഗൂഢ ഭൂതകാലമുള്ള ഒരു വ്യക്തിത്വമാണ് പ്രസാദ് (ആ പേര് പോലും സത്യമാണോ എന്നറിയില്ല)കാർബണിലെ യാഥാർഥ്യത്തിൽ നിന്നുള്ള ഭ്രമാത്മകമായ ഫാന്റസിയിലേക്കുള്ള അയാളുടെ ട്രാന്‍സിഷനും ‘ഇരുളി’ലെ ഡാർക്ക് മിസ്റ്ററി ത്രില്ലറിലെ വിചിത്ര പെരുമാറ്റ രീതികളിലും പെർഫോമൻസിന്റെ ലൗഡ്നെസ്സ് അയാൾ തെരഞ്ഞെടുക്കുന്നുണ്ട്
എന്തിനു റിയലിസ്റ്റിക് ആവിഷ്കാരമായ ബട്ടർഫ്ളൈ എഫക്ടിന്റെ പ്രതീകമായ മഹേഷിന്റെ പ്രതികാരത്തിലെ വളരെ സാധാരണക്കാരനായ മഹേഷ് ഭാവനയുടെ പ്രതികാരബുദ്ധിയിലും അതിന്റെ എക്സിക്ക്യൂഷനിലെ കാത്തിരിപ്പിൽ പ്പോലും ഒരു വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ് ഉണ്ട്
ഏറ്റവും ഒടുവിലെത്തിയ മലയൻ കുഞ്ഞിൽ ഫഹദ് തെരഞ്ഞെടുത്ത സങ്കീർണ്ണ ഭാവം ക്ലസ്ട്രോഫോബിയ ആണ് . ഇത് ഒരു ഉത്കണ്ഠാ രോഗമാണ്, ഇത് അടച്ച ഇടങ്ങളെക്കുറിച്ചുള്ള തീവ്രമായ ഭയം ഉണ്ടാക്കുന്നു. എലിവേറ്റർ അല്ലെങ്കിൽ തിരക്കേറിയ മുറി പോലെയുള്ള ഇടുങ്ങിയ സ്ഥലത്തായിരിക്കുമ്പോൾ നിങ്ങൾ വളരെ പരിഭ്രാന്തരാകുകയോ അസ്വസ്ഥരാകുകയോ ചെയ്താൽ, നിങ്ങൾക്ക് ക്ലസ്ട്രോഫോബിയ ഉണ്ടാകാം. എല്ലാത്തരം അടച്ച സ്ഥലങ്ങളിലും ആയിരിക്കുമ്പോൾ ചില ആളുകൾക്ക് ക്ലോസ്ട്രോഫോബിയ ലക്ഷണങ്ങളുണ്ട്.ചുരുക്കിപ്പറഞ്ഞാൽ നീണ്ട ഇടവേളയെടുത്ത് ഫഹദ് അമേരിക്കയിൽ പഠിക്കാൻ ശ്രമിച്ചത് ഫിലോസഫിയാണോ അതോ സൈക്കോളജിയായിരുന്നോ എന്ന് ഫഹദിനോട് നേരിട്ട് ചോദിക്കേണ്ടി വരും… 🙂
ഇനിയും അസാധ്യ പ്രകടനമികവുകളുള്ള കഥാപാത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു സൈക്കോ ആക്ടർ ആണയാൾ !
🙂
~