നിങ്ങൾക്ക് സമൂഹത്തോട് സ്നേഹമുണ്ടെങ്കിൽ മറ്റൊരാൾക്ക് രോഗം കൊടുക്കാതിരിക്കുക, അതാണ് യഥാത്ഥ രാജ്യസ്നേഹം

201

എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ഞങ്ങളൊക്കെ ക്ലബിൽ ബ്ലഡിന് വേണ്ടി ആളുകൾ വരുമ്പോൾ കൂടെ പോയി കൊടുക്കും അവന് ഭയം ആയതിനാൽ എപ്പോളും ഒഴിഞ്ഞു മാറും അങ്ങനെ അവൻ ഗൾഫിൽ എത്തി അവിടെത്തെ മെഡിക്കലിൽ പൊട്ടി നാട്ടിൽ എത്തി വിശദപരിശോധനയിൽ ലിവറിനെ സാരമായി ബാധിച്ചിരുന്നു ഹെപ്പാറ്ററ്റിസ്‌ ബി ഇന്ന് അവൻ നമ്മുടെ കൂടെയില്ല ഇപ്പോൾ പലപ്പോളും ചിന്തിക്കും ബ്ലഡ് കൊടുക്കാൻ ഞങ്ങളുടെ കൂടെ വന്നിരുന്നു എങ്കിൽ നേരെത്തെ അസുഖം തിരിച്ചറിഞ്ഞു ചികിത്സ കിട്ടിയിരുന്നു എങ്കിൽ ഒരുപക്ഷെ ഇന്നും അവൻ നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു എന്ന്

യാസർ അലിയുടെ പോസ്റ്റ്

കൗമാര ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച് മോഹിച്ച് നടന്ന കാര്യമായിരുന്നു ഏറ്റവും വേഗം കടല്‍ കടന്ന് അറബി നാട്ടില്‍ പോയി സ്വപ്നം കണ്ട പോലോത്തൊരു ഭദ്രമായ ജീവിതം കെട്ടിപ്പടുക്കുക എന്ന്.നിരന്തരമായ പരിശ്രമത്തിലൂടെ 22-ാം വയസ്സില്‍ ഞാനാ കടമ്പ കടന്നു. അന്നത്തെ എന്‍റെ യോഗ്യതകള്‍ വെച്ച് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ജോലിയും ശമ്പളവും ഓഫര്‍ കിട്ടിയാണ് അബുദബി അഡ്നോക്ക് കമ്പനിയില്‍ സി-സ്റ്റോര്‍ അറ്റന്‍ഡര്‍ ആയി വിമാനം കേറുന്നത്.. അന്ന് സാലറി 2200 ദിര്‍ഹംസ്. ഇന്നത് 3200നടുത്താണ്.ചെന്നിറങ്ങിയതിന്‍റെ പിറ്റേന്ന് തന്നെ 1800 ദിര്‍ഹംസ് അഡ്വാന്‍സ് സാലറിയായി നേരില്‍ കൈപ്പറ്റി. പിറ്റേന്ന് അബൂദബി അഹല്യ ഹോസ്പിറ്റലില്‍ നിന്നും കമ്പനി ഹെല്‍ത്ത് കാര്‍ഡിനുള്ള മെഡിക്കല്‍ ടെസ്റ്റ്‌. വൈകുന്നേരം റിസള്‍ട്ട് വന്നപ്പോള്‍ അത് പാസ്.
മൂന്നാം നാളായിരുന്നു വിസക്ക് വേണ്ടിയുള്ള ഒഫീഷ്യല്‍ മെഡിക്കല്‍. അബുദബി ശൈഖ് സായിദ് ഹോസ്പിറ്റലില്‍ നിന്നും, നാലാം നാള്‍ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഫെയില്‍ഡ്. നാലാം നാള്‍ റീ മെഡിക്കലിന് വിളിച്ചു. വൈകുന്നേരം റിസള്‍ട്ട് വന്നു.. മെഡിക്കല്‍ കാര്‍ഡില്‍ HB എന്നെഴുതി വട്ടത്തിലിട്ട് തന്നു. അഡ്നോക്ക് കമ്പനിയുടെ പ്രതിനിധിയോട് എന്നെ തിരിച്ചയക്കാന്‍ പറഞ്ഞു..
അങ്ങനെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ ആറു ദിവസങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞു.
റിട്ടേണ്‍ ടിക്കറ്റ് കിട്ടാന്‍ വൈകിയതിനാല്‍ 32-ാം ദിവസമാണ് തിരിച്ചു നാട്ടിലെത്തിയത്. അതും GCC-യിലേക്ക് ലൈഫ് ബാന്‍ സീല്‍ ചെയ്ത പാസ്പോര്‍ട്ടുമായി.

വന്നതിന്‍റെ പിറ്റേന്ന് തന്നെ ബത്തേരി MES ഹോസ്പിറ്റലില്‍ പോയി ബ്ലഡ് ടെസ്റ്റ് ചെയ്തു. മെഡിക്കല്‍ ഫെയിലാവാന്‍ കാരണം രക്തത്തിലെ ഹെപ്പറ്റൈറ്റിസ് ബി വൈറസുകളാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒന്നര വര്‍ഷത്തോളം ട്രീറ്റ്മെന്‍റെടുത്തു. ശേഷം ഒട്ടനവധി സ്ഥലങ്ങളിലെ നാടന്‍ മരുന്നുകള്‍, ആയുര്‍വേദ മരുന്നുകള്‍.. പലതും ട്രൈ ചെയ്തു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലിവര്‍ ക്ലിനിക്കിലേക്കെത്തി.. അവിടുത്തെ വിശദമായ സ്ക്രീനിംഗുകള്‍ക്കൊടുവില്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ഇന്‍ ലിവര്‍ ആണെന്ന് കണ്ടെത്തി. ഇടക്കെപ്പോഴോ ട്രീറ്റ്മെന്‍റ് മുടങ്ങി ഒന്നര വര്‍ഷത്തോളം. ശേഷം നടത്തിയ ടെസ്റ്റില്‍ ലിവറില്‍ സിറോസിസ് മെല്ലെ തലപൊക്കിയതായി കണ്ടു. അതിനെതിരെ പടപൊരുതുന്ന ട്രീറ്റ്മെന്‍റ് ഇപ്പഴും തുടരുന്നു.പറഞ്ഞു വന്നത്.. ഈ വൈറസ് പകരുന്നത് ബ്ലഡ് കോണ്‍ടാക്റ്റ് വഴിയാണ്. എന്‍റെ ഉപ്പാക്ക് ഇതേ വൈറസ് ബാധയായിരുന്നു. അന്നത്തെ കാലത്ത് മതിയായ ചികിത്സാസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപ്പയുടെ രക്തത്തില്‍ നിന്നും വൈറസുകള്‍ ലിവറിലെത്തി സിറോസിസ് ആയി. പിന്നീട് ക്യാന്‍സര്‍ വന്ന് 37-ാം വയസില്‍ തന്നെ ഉപ്പ മരണത്തിന് കീഴടങ്ങി.ഞാന്‍ പക്ഷേ ഹെപ്പറ്റൈറ്റിസ് ബി വാഹകനാണെന്നറിഞ്ഞ അന്ന് മുതല്‍ കൂടെയുള്ളവരോട് ശ്രദ്ധിച്ചേ ഇടപെടാറുണ്ടായിരുന്നുള്ളൂ.സ്ഥിരമായി ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ നഴ്സുമാരോട് ഗ്ലൗ ഇടാന്‍ നിര്‍ബന്ധിക്കും.

ഒരിക്കല്‍ ചെറിയൊരു ബൈക്ക് ആക്സിഡന്‍റ് ആയി മുറിവ് പറ്റി ബ്ലീഡിങ്ങായപ്പോള്‍ പരിചരിക്കാന്‍ ഓടി വന്നവരോടെല്ലാം ”എന്‍റെ ബ്ലഡ് നിങ്ങളുടെയൊന്നും ശരീരത്തില്‍ ആവാതെ ശ്രദ്ധിക്കണേ.. എനിക്ക് മഞ്ഞപ്പിത്തമാണ്” എന്ന് ഉറക്കെ പറയേണ്ടി വന്നു.അന്ന് ചികിത്സിക്കാന്‍ പോയ ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയിലെ നഴ്സ് കോട്ടണുമായി ബ്ലഡ് ഒപ്പാന്‍ വന്നപ്പോള്‍ ഗ്ലൗ ഇട്ട് വരൂ എന്ന് പറഞ്ഞയച്ചു. ശേഷം എന്‍റെ അവസ്ഥ പറഞ്ഞു.മുടി വെട്ടാന്‍ പോവുന്നത് എന്‍റെ ജന്മനാട്ടിലെ ഹംസക്കയുടെ അടുത്ത് മാത്രം. ഇനിയഥവാ അങ്ങനെ കഴിയാത്ത സാഹചര്യങ്ങള്‍ വന്നാല്‍ ഷേവിംഗ് ടൈമില്‍ ബ്ലഡ് വരാതെ സൂക്ഷിക്കാനും ഉപയോഗ ശേഷം അതെല്ലാം ചൂടാക്കി വൃത്തിയാക്കാനും ആ ബാര്‍ബറോട് ഞാനോര്‍മ്മിപ്പിക്കും.എല്ലാത്തിലുമുപരി തെച്ചിയോട് പ്രണയം തോന്നിയ കാലത്ത് ആദ്യമായി ഞാനവളോട് പറഞ്ഞത് ഐ ലവ് യൂ എന്നല്ലായിരുന്നു.
”എനിക്ക് ചെറിയൊരു അസുഖമുണ്ട്. നമ്മള്‍ വിവാഹിതരായാല്‍ അത് നിനക്കും പകരും. അതില്ലാതിരിക്കാന്‍ 10 മാസം നീളുന്ന ഒരു കോഴ്സ് വാക്സിനേഷന്‍ ഇഞ്ചക്ഷന്‍ എടുക്കണം” എന്നെല്ലാമായിരുന്നു.

പ്രണയം പൂത്തുലഞ്ഞു കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ ഞങ്ങള്‍ പോയത് ആ വാക്സിനെടുക്കാന്‍ ഹോസ്പിറ്റലിലേക്കായിരുന്നു.. അങ്ങനെ പത്ത് മാസങ്ങള്‍ക്ക് ശേഷം അവളേയും സ്ക്രീനിംഗ് ചെയ്ത് നെഗറ്റീവ് ആണെന്നറിഞ്ഞ ശേഷമാണ് ഞങ്ങള്‍ ആദ്യരാത്രി പോലും ശരിക്കാസ്വദിച്ചത്.ഞാന്‍ പോലും അറിയാതെ എന്‍റെ രക്തത്തില്‍ കയറിക്കൂടിയ ഹെപ്പറ്റൈറ്റിസ് ബി വൈറസുകള്‍ എന്നിലൂടെ ഒരു ജീവനിലേക്കും പകരരുതെന്ന നിര്‍ബന്ധമുണ്ടെനിക്ക്…!
വിശേഷബുദ്ധിയുള്ള എല്ലാതരം വൈറസ് വാഹകര്‍ക്കും അതുണ്ടാവണം.. അതൊരു സാമൂഹിക നന്മയും കൂടിയാണ്.


നിങ്ങളുടെ മക്കളോട് സ്നേഹം ഉണ്ടെങ്കിൽ മതമോ ജാതിയോ പണമോ ഒന്നും അല്ല മാനദണ്ഡമാക്കേണ്ടത് മെഡിക്കൽ ഫിറ്റ്നസ് ആണ്.  HIV മറച്ചു വെച്ച് കല്യണം കഴിച്ചു അതിന്റെ വിക്റ്റീമായി ജീവിക്കുന്ന ഒരു പെണ്ണ് എന്റെ നാട്ടിൽ ഉണ്ട് അവൻ ചാവുന്നതിനു മുൻപ് ഒരു കുഞ്ഞിനേയും ഉണ്ടാക്കി അതുപോലെ ഗുരുതരം ആണ് .

മകളെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോഴും അവളുടെ മിഴികൾ തോരാതെ പെയ്യുകയായിരുന്നു.പുറത്ത് അപ്പോഴും മഴ ആർത്തുപെയ്യുന്നുണ്ടായിരുന്നു…ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു.. ഒരിക്കൽ അവളും മഴ നന്നായി ആസ്വദിച്ചിരുന്നു.പ്രകൃതിയെ കേൾക്കുമായിരുന്നു..ഇന്ന് എല്ലാത്തിന്റെയും അസ്തമന നാളുകൾ മാത്രം.അവളെ ഞാനാക്കി ഈ കഥ തുടരട്ടെ. ഞാൻ ജാൻസി .ഒരിക്കൽ ഞാനും സൗഭാഗ്യത്തിന്റെ നടുവിൽ ആയിരുന്നു.ഇന്ന് ദൈവത്തിനു പോലും ആവശ്യമില്ലാത്ത രണ്ടു ജന്മങ്ങൾ.. ഞാനും എന്റെ പ്രിൻസിയും തലയുയർത്തി പിടിച്ചു നിൽക്കുന്ന പാറപ്പറമ്പിൽ ബംഗ്ലാവ്, കൂട്ടുകുടുംബം. അച്ഛൻ എനിക്കൊരോർമ്മ മാത്രമായിരുന്നു. ജോൺ ഫിലിപ്പ് എന്ന കാരണവർ. അച്ഛനില്ലാത്ത കുറവ് ജോണച്ചായൻ ഞങ്ങളെ അറിയിച്ചിരുന്നില്ല.
ജോണച്ചായൻ ഒരുവശം തളർന്നു കിടപ്പിലായതോടു കൂടി കാരൃങ്ങൾ കൈവിട്ട അവസ്ഥയിലാരുന്നു. കുടുംബ ബിസിനസ് തകർന്നു.. കടങ്ങൾ മൂലം പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ. ആൺമക്കൾ ബിസിനസ് ഏറ്റെടുക്കാൻ നോക്കിയെങ്കിലും പരാജയത്തിലായിരുന്നു എല്ലാം അവസാനിച്ചത്.അതോടെ വിവാഹപ്രായമായ ഞാൻ അവരുടെ കണ്ണിലെ കരടായി.വിവാഹകമ്പോളത്തിൽ പെണ്ണിനാവശൃം തൊലിവെളുപ്പായിരുന്നു.അവിടെ അവളുടെ മനസിന് സ്ഥാനം ഉണ്ടാവില്ല.നിറം ഇല്ലാത്ത തിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങിയതോടെ മറ്റുളളവർക്ക് ഞാൻ കെട്ടാച്ചരക്കായീ.ഒടുവിൽ എല്ലാവരുടെയും ശ്രമഫലമായി ഒരു ആലോചന തപ്പിയെടുത്തു കൊണ്ടു വന്നു.ഇന്നത്തെ നിലയിൽ പോലും ഒട്ടും ചേരാത്ത ബന്ധം… ഒരു മണൽ വാരൽ തൊഴിലാളി.പരിഹാസത്തിൽ നിന്നും കുത്തുവാക്കുകളിൽ നിന്നും രക്ഷപെടാൻ ആയിരുന്നു ജോയിയേട്ടനുമായുളള വിവാഹത്തിന് സമ്മതിച്ചത്‌..
വാടക വീട്ടിൽ ആയിരുന്നു ജീവിതമെങ്കിലും അധ്വാനിയായിരുന്നു ജോയിയേട്ടൻ.വെളുപ്പിന് രണ്ടു മണിക്കൊക്കെയാണ് ജോലിക്ക് പോവുക.പകൽ വന്നു കിടന്നുറങ്ങും… പട്ടിണിയില്ല അത്രമാത്രം… കുഴപ്പമൊന്നുമില്ലാതെ ആറുമാസം കടന്നു പോയീ.
പതിയെ ജോയിയേട്ടൻ രോഗിയാവുകയായിരുന്നു വിട്ടുമാറാത്ത പനിയും ശരീരവേദനയും ചുമയും ആയിരുന്നു തുടക്കം ഡോക്ടർ വിശദമായ പരിശോധനയ്ക്ക് കുറിച്ചു തന്നു ഒടുവിൽ ആണ് എയ്ഡഡ് ആണെന്ന് തിരിച്ചറിഞ്ഞത്.കുത്തഴിഞ്ഞ ജീവിതം ആയിരുന്നു ജോയിയേട്ടന്റെ എല്ലാ ദു:ശ്ശീലങ്ങൾക്കുമുടമ വിവാഹം കഴിക്കേണ്ട ആവശൃം ഇല്ലായിരുന്നു എല്ലാവരും അറിഞ്ഞിരുന്നിട്ടും എന്നോട് മാത്രം മറച്ചു വെച്ചു നടത്തിയ വിവാഹം ആയിരുന്നു. മണൽ വാരുന്നിടത്തെ പണിക്കാരികളായ സ്ത്രീകളായിരുന്നു ജോയിയേട്ടന്റെ ദൗർബല്യം.ആഴ്ചകളോളം വീട്ടിൽ പോകാതെ പണിസ്ഥലത്ത് ആയിരുന്നു അവർ താമസിക്കുക വെളുപ്പിനെയുളള ജോലിയുടെ അനുകൂല സാഹചരൃങ്ങളും അതിന്റെ പാപഫലം.എയ്ഡ്സ് എന്നത്‌ ജീവിതത്തിലെ ഭീകരമായ അവസ്ഥയാണ് ഒറ്റപ്പെടലിന്റെ നാളുകൾ അപ്പോഴേക്കും പറിച്ചെറിയാൻ കഴിയാത്ത വിധം ഒരു കുരുന്നു ജീവനെന്നിൽ വേരുറച്ചു തുടങ്ങിയിരുന്നു എന്നിലും എയ്ഡ്സ് പടർന്നു പിടിക്കാൻ തുടങ്ങിയിരുന്നു.
വിവരം പുറത്തറിയുന്നതിന് മുമ്പേ തന്നെ തറവാട്ടിൽ അഞ്ച് കല്യാണങ്ങൾ രണ്ടു മാസത്തിടയിൽ നടന്നു ഏറ്റവും ഇളയവന് ഇരുപത് വയസു മാത്രം പ്രായമുണ്ടായിരുന്നുളളൂ എങ്കിലും അവനും വിവാഹിതനായി. വിവാഹക്കാര്യം അവർ എന്നെ അറിയിച്ചിരുന്നില്ല ഈ വിവരം പുറത്തറിഞ്ഞാൽ പിന്നെ വീട്ടിൽ കല്യാണം ഒന്നും നടക്കില്ല എന്ന ഭയമായിരുന്നു എല്ലാവരും വേഗം കല്യാണം കഴിക്കാൻ കാരണം.വാടകവീടിന്റെ ഉടമ വീടൊഴിയാൻ ആവശ്യപ്പെട്ടു കയറിക്കിടക്കാൻ വീടില്ലാത്ത നിസഹായവസ്ഥ ഞങ്ങളെ വീണ്ടും തറവാട്ടിലെത്തിച്ചു പക്ഷേ ഞങ്ങൾക്കവിടെ സ്ഥാനമില്ലായിരുന്നു പുറംപോക്കു പോലെ തറവാടിന്റെ അങ്ങേമൂലയിലെ കട്ടകെട്ടിയ വീട്ടിലേക്ക് ഞങ്ങളെ അവർ മാറ്റി എന്റെയും അമ്മയുടെയും സ്വത്തുക്കൾ പോലും അവർ കയ്യടക്കി വച്ചു ഔദാരൃം പോലെ ഭക്ഷണം വച്ചു നീട്ടി. ജോയിയേട്ടന്റെ ആരോഗ്യ നില നാൾക്കുനാൾ വഷളായി അത്രയും വെറുക്കപ്പെട്ട അസുഖം ആയതിനാലാവും ആശുപത്രിയിൽ പോലും തരംതിരിവായിരുന്നു പേടിയോടെ ശുശ്രൂഷിക്കുന്ന ഹോസ്പിറ്റൽ ജീവനക്കാരും ഒടുവിൽ എന്റെയുദരത്തിലെ ജീവന് എട്ടുമാസം ആയ സമയത്ത് ജോയിയേട്ടൻ ഈ ലോകത്തുനിന്ന് അല്ല ദുരിതങ്ങളിൽ നിന്നും രക്ഷപെട്ടു ആളും ആരവവുമില്ലാതെ ആംബുലൻസിൽ കയറ്റി വിട്ട് ആ ജോലിയും ഒഴിവായീ.ഞങ്ങളുടെ ദയനീയ അവസ്ഥയിൽ സഹായവുമായി അമ്മ വന്നു അതോടെ അമ്മയ്ക്കും ആ വീട്ടിൽ സ്ഥാനമില്ലാതെയായി ഞങ്ങളിലേക്ക് പറിച്ചെറിയപ്പെട്ടു.പ്രസവമടുത്തപ്പോൾ അടുത്തുളള ഹോസ്പിറ്റലുകാർ ഞങ്ങളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു ഒരു വാഹനവുമായി വരാൻ പോലും ആരുംതന്നെ തയ്യാറായില്ല ആരും സഹായിക്കാനില്ലാതെ നിസ്സഹായതയിൽ കണ്ണീർ വാർത്തപ്പോൾ എന്റെ നാട്ടുകാരനായ ഒരു ചെറുപ്പക്കാരൻ സഹായവുമായി മുന്നോട്ടു വന്നു അയാളുടെ കാറിൽ മെഡിക്കൽ കോളേജിലേക്ക് അവിടത്തെ കാരൃങ്ങൾ കൂടി അവൻ ചെയ്തു തന്നു.
ഇന്ന് എന്റെ മകൾക്ക് മൂന്നു വയസുണ്ട് മകൾക്ക് എയ്ഡ്സ് ഇല്ല അതംഗീകരിക്കാനോ മകളുടെ അരികിലേക്ക് വരാനോ ആരും തയ്യാറാവുന്നില്ല കാർക്കിച്ചു തുപ്പുന്ന മുഖങ്ങൾ കണ്ടു മടുത്തു കണ്ടാൽ അറപ്പോടെ എല്ലാവരും ഓടിയകലുകയാണ്.ഇതിനെല്ലാം പരിഹാരമെന്നവണ്ണം നിശ്ചയദാർഢൃത്തോടെ കണ്ണീരുതുടച്ച് ജാൻസി എണീറ്റു ഒരു പാത്രത്തിൽ നിന്നും വിഷം നിറച്ച ചോറ് അവർ പങ്കിട്ടു കഴിച്ചു മൂന്നു വയസുകാരിക്ക് നൽകിയപ്പോൾ ആ അമ്മയുടെ കൈവിറച്ചിരിക്കണം മനം പിടച്ചിരിക്കാം അപ്പോഴും ചിന്തകളിൽ ഈ ഗതി ആർക്കുമുണ്ടാകരുതേയെന്നും സമൂഹത്തിന്റെ കണ്ണുതുറക്കണേയെന്നുമായിരുന്നു.ഒരുപാട് ജാൻസിമാർ ഇന്നും ദുരിതത്തിൽ വീണു കിടപ്പുണ്ട് എഴുന്നേൽക്കാൻ കഴിയാതെ.ആരാണ് ഇതിനൊക്കെ ഉത്തരവാദി സമൂഹമോ, കുടുംബമോ നമ്മുടെ ചുറ്റുപാടുകളോ …എന്തു തന്നെ ആയാലും തിരുത്തപ്പെടേണ്ടതാണ്. വിവാഹം ചെയ്യാൻ തയ്യാറായി വരുന്ന ആണും പെണ്ണും HIV ടെസ്റ്റായ എലീസ ടെസ്റ്റ് ചെയ്തു രോഗം ഇല്ല എന്ന സർട്ടിഫൈ ചെയ്യാൻ തയ്യാറായാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളു എന്ന നിയമം കൊണ്ടുവരണം അല്ലെങ്കിൽ ഇതുപോലെ ഒരുപാടു ജാൻസിമാർ പിറന്നു കൊണ്ടേയിരിക്കും.