അനസ് പൂവത്തിങ്കൽ
ചില സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾക്ക് മറ്റുള്ളവരുടെ വാക്കുകളിലൂടെ കൊടുക്കുന്ന ബിൽഡ് അപ്പ് ഉണ്ട്. ചുമ്മാ തളളി ഉത്തരത്തിൽ കയറ്റി വെക്കുന്നതല്ല. വളരെ subtle ആയി എന്നാൽ ആ കഥാപാത്രത്തിന്റെ ഭൂതകാലമോ അയാളുടെ ഒരു അംശമോ നമുക്ക് മുന്നില്‍ തുറന്നിടുന്ന തരത്തിലുള്ള ഡയലോഗുകൾ. മലയാളത്തിൽ അത്തരം ഡയലോഗുകളില്‍ ആദ്യം ഓര്‍മ്മയിലേക്കെത്തുന്നത് കൗരവരിലെ ഗ്യാങ്ങിനെ കുറിച്ച് പറയുന്നതാണ്.
“ഒരുകാലത്ത് ഈ സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്‌സും അവർക്ക് ഒന്നുമല്ലായിരുന്നു..”
ബിഗ് ബിയില്‍ വിജയരാഘവൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മുതൽ മലയാള സിനിമയിൽ ഈ ഒരു രീതിക്ക് കൂടുതല്‍ ഉദാഹരണങ്ങൾ കാണാൻ കഴിയും. പ്രേക്ഷകനെന്ന നിലയില്‍ ഈ ശൈലിയില്‍ ഏറ്റവും കൂടുതൽ ഇമ്പാക്ട് കിട്ടിയിട്ടുള്ള ഡയലോഗുകളിലൊന്ന്, ജോണ്‍ വിക്കിലെ വില്ലനായ Viggo ജോണ്‍ വിക്കിനെ പറ്റി പറയുന്നതാണ്. ഒരു സാധാരണ സിനിമ പോലെ പോയിരുന്ന സിനിമയുടെ സ്വഭാവം തന്നെ മാറ്റി കളയുന്നുണ്ട് ആ ഒരു ഡയലോഗ്.
“That “f***in’ nobody” is John Wick. He once was an associate of ours. They call him Baba Yaga.
തങ്ങള്‍ സ്ക്രീനില്‍ കാണുന്ന കഥാപാത്രത്തിന്‍റെ പൂര്‍വ്വകാല ജീവിതം അതിന്‍റെ ഭംഗിയില്‍ പ്രേക്ഷകന് മുന്നില്‍ ചുരുള്‍ നിവര്‍ത്തുന്നതില്‍ ഇത്തരം ഡയലോഗുകള്‍ക്ക് വലിയ പങ്കുണ്ട്. അതില്‍ തന്നെ ആ കഥാപാത്രത്തെ മുഴുവനായി തുറന്നിടാതെ, അയാളിലെ ഒരു ഷേഡ് മാത്രം അവതരിപ്പിക്കുന്നതിലാണ് എഴുത്തുകാരന്‍റെ മികവ്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ, നമ്മെ വിട്ടുപിരിഞ്ഞ അനിൽ നെടുമങ്ങാട് അവതരിപ്പിച്ച സി ഐ സതീഷ് കുമാര്‍ എന്ന കഥാപാത്രം മുണ്ടൂർ മാടനെ കുറിച്ച് കോശിയോട് വിവരിക്കുന്ന ഒരു രംഗമുണ്ട്. അത് വരെ സ്ക്രീനില്‍ ഉണ്ടായിരുന്ന അയ്യപ്പൻ നായരെന്ന സാധാരണ മനുഷ്യനെ ഒരു നിമിഷം കൊണ്ട് മുണ്ടൂർ മാടനാക്കി മാറ്റിയ ആ നരേഷന്‍.
“കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീ.? തൃശ്ശൂർ കുമ്മാട്ടിയല്ല, മുണ്ടൂർ കുമ്മാട്ടി. പണ്ട്, ജന്മിമാർ കുമ്മാട്ടിക്കോലത്തിൽ പാണ്ടികളെ ഇറക്കും, എതിരെ നിൽക്കുന്ന യൂണിയൻ പ്രവർത്തനമുള്ള ഹരിജൻ സഖാക്കളെ തീർക്കാൻ. രണ്ട് കുമ്മാട്ടി കഴിഞ്ഞു. കുറച്ച് സഖാക്കൾ തീർന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീർന്നത് പതിമൂന്ന് പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ പാർട്ടിക്ക് കിട്ടി. ഇരുപത്തഞ്ച് തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തിൽ കൊണ്ടുവന്ന് നിർത്തി എം ൽ എ ചാത്തൻമാഷിന്റെ മുന്നിൽ. മാഷ് അവനോട് പറഞ്ഞു, ‘നീ ചെയ്തത് തെറ്റല്ല, ചെറുത്തുനിൽപ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം’, എന്നുപറഞ്ഞ് നിർബന്ധിച്ച് അവനെ പോലീസിൽ ചേർത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പൻ നായർ. പിന്നീട് ‘മുണ്ടൂർ മാടൻ’ എന്നൊരു വിളിപ്പേരും കിട്ടി. യൂണിഫോമിൽ കയറിയതുകൊണ്ട് അയാള്‍ ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ, ഇനി നിനക്ക് എന്താ സംഭവിക്കുക എന്ന്!”
അദ്ദേഹത്തിന്‍റെ ഈ നരേഷൻ എത്രത്തോളം നമ്മിൽ ഇമ്പാക്ട് ഉണ്ടാക്കി എന്ന് തിരിച്ചറിയുന്നത് ഒടുവിലെ സംഘട്ടനത്തിൽ അയ്യപ്പന്റെ കയ്യിൽ കിടന്ന് ഞെരിയുന്ന കോശിയുടെ പ്രാണഭയം നമ്മിലേക്ക് കൂടി പടരുമ്പോഴാണ്. ഒരു പക്ഷെ മൊത്തം പടത്തിന്റെ സ്വഭാവം തന്നെ മാറ്റിയ രണ്ടു മിനിറ്റുകൾ… ആ രണ്ടു മിനിറ്റുകൾ കൊണ്ട് വരുന്ന ഒരാളുടെ മൊത്തം പാസ്റ്റിനെ നമുക്ക് മുന്നിൽ ഇട്ടു തരുന്ന കുറച്ചു ഡയലോഗ്. അത് വരെ അയ്യപ്പൻ നായർ ആരാണെന്നോ എന്താണെന്നോ അറിയാത്ത കോശിയിലേക്ക് എതിരെ നില്കുന്നവന്റെ വലിപ്പം മനസ്സിലാക്കി കൊടുക്കുന്ന, സിനിമ കാണുന്ന പ്രേക്ഷകരിലെക്ക് അവിടെ നിന്നും ആരാണ് വിജയിക്കേണ്ടത് എന്നു വ്യക്തമാക്കി തരുന്ന രണ്ടു മിനിറ്റുകൾ… പ്രസ്തുത സിനിമയെ തന്നെ ഈ രണ്ടു മിനിട്ട് കൊണ്ട് സച്ചി എലിവേറ്റ് ചെയ്യുന്നത് വേറെ ഒരു ലെവലിലേക്ക് ആണ്.
ഒരു സിനിമയിൽ നായകൻറെ ഭൂതകാലം കാണിക്കുന്നത് പല തരത്തിൽ കാണിക്കാം….എന്നാൽ വളരെ വലിയ ഒരു പാസ്റ്റിനെ ചുരുക്കം ചില വാക്കുകൾ കൊണ്ട് പറഞ്ഞു അത് കാണുന്ന പ്രേക്ഷകരിലേക്ക് അതിന്റെ പത്തിരട്ടി ഇമ്പാക്റ്റിൽ എത്തികുന്നിടത്താണ് സച്ചി എന്ന എഴുത്തുകാരന്റെയും അയാളിലെ ആ സംവിധായകന്റെ കഴിവിനെ നമ്മൾ മനസ്സിലാക്കേണ്ടത്.
അനാർക്കലിയിലൂടെ അനശ്വര പ്രണയത്തിന്റെ ചൂടിനെ, അതിന്റെ വേദനയെ കാത്തിരിപ്പിന്റെ മധുരത്തെ എല്ലാറ്റിനുമുപരി അവിടെയുള്ളവരുടെ സൗഹൃദത്തെ അയാൾ വരച്ചു കാട്ടിയിരുന്നതും അത് പോലായിരുന്നു… തന്റെ തൂലികയിലൂട അയാൾക്ക് പറയാൻ ഇനിയും ഒരുപാട് കഥകൾ ഉണ്ടായിരിക്കണം…ഒരുപാട് അയ്യപ്പന്മാരും ശന്തനുമാരും എല്ലാം മലയാള സിനിമയിലേക്ക് എത്തേണ്ടിയിരുന്നിരിക്കണം.തോറ്റു പോയത് മരണമാണ്.. കാരണം അയാൾ സൃഷ്ടിച്ച ആ കഥാപാത്രങ്ങളിലൂടെ സച്ചി ഇനിയും ഇവിടെ ഓര്മിപ്പിക്കപ്പെടും.തിരശ്ശീലയിൽ കാണിക്കേണ്ടത് കൺകെട്ടും കാർണിവലും ആണെന്ന് വിശ്വസിച്ച, കഥ പറച്ചിലിന്റെ രസച്ചരടിൽ കാണുന്ന പ്രേക്ഷകരേ കൂടെ കൂട്ടിയ, മലയാളത്തിന്റെ തീരാനഷ്ടങ്ങളിൽ ഒന്നായി…
സച്ചി ❤️❤️