Vani Jayate

എൺപതുകളുടെ രണ്ടാം പകുതിയിൽ, ചാട്ടയെയും ലോറിയെയും പോലെയുള്ള ഭരതന്റെ ചില സിനിമകൾ ഇറങ്ങിയിരുന്നു. ചോര മണക്കുന്ന, പരുക്കന്മാരായ പുരുഷന്മാർ പെണ്ണിനും, പണത്തിനും, പകയ്ക്കും, പ്രതികാരത്തിനും വേണ്ടി, ചെന്നായ്ക്കളെപ്പോലെ പരസ്പരം കടിച്ചു കീറാൻ ഇറങ്ങുന്ന അസംസ്കൃത വികാരങ്ങളുടെ രസായനക്കൂട്ടുകൾ. അതിന്റെ ചുവട് പിടിച്ചു കാലോചിതമായി നവീകരിക്കപ്പെട്ട ഒരു കോക്ക്ടെയിൽ ആണ് ഉല്ലാസ് ചെമ്പൻ ഒരുക്കുന്ന ‘അഞ്ചക്കള്ളകോക്കാൻ’. ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിക്കുമൊരു ‘വെടിച്ചില്ല് ഐറ്റം’. അവസാനത്തെ അര മണിക്കൂറിൽ അഡ്രിനാലിൻ കയറി വരുന്നത് നമുക്ക് തന്നെ അനുഭവിക്കാൻ കഴിയുന്ന ഓരോന്നൊര ത്രില്ലർ. കാള വേലുവും, കോസറ വൈരവനും പോലെ ചാപ്രയും, ഗില്ലാപ്പികളും, ശങ്കരാഭരണവും, നടയുമൊക്കെയായി പേരുകളിൽ പോലും ആ ഒരു സവിശേഷമായ ഫീൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പേ ട്രെയിലർ കാണാൻ ഇടയായപ്പോൾ, എന്തൊക്കെയാണ് ഇവന്മാർ കാട്ടിക്കൂട്ടിയത് എന്ന് ചിന്തിച്ചു വാ പൊളിച്ചു നിന്ന് പോയിരുന്നു. അതി വിദഗ്ദമായി കത്രിക വെച്ച, ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഗതിവേഗത്തിലും ചില കണ്ണിൽ തറച്ചു വെക്കുന്ന ദൃശ്യങ്ങൾ നിരത്തി വെച്ചപ്പോൾ എന്തെകിലും ഒക്കെ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഇയ്യടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച എഡിറ്റിങ് വർക്കും മ്യൂസിക്ക് സ്കോറും ഈ സിനിമയുടേതാണ്. ഡ്രോൺ വന്നതിന് ശേഷം ആവശ്യമായും അനാവശ്യമായും ഡ്രോൺ ഷോട്ടുകൾ ഉപയോഗിച്ച് നശിപ്പിച്ചു വരുന്ന കാലത്ത്, ഡ്രോൺ ഷോട്ടുകൾ എവിടെ എങ്ങനെ വെറുപ്പിക്കാതെ പ്ലെയ്സ് ചെയ്യാം എന്ന് കാട്ടിത്തരുന്നുണ്ട്. തുടക്കത്തിൽ ഗരുഡനെ പറപ്പിച്ച ഒരു ക്ളീഷേ ഷോട്ട് ഒഴിവാക്കിയാൽ ഷോട്ടുകളിലും കളർ ഗ്രെഡിങ്ങിലുമൊക്കെ ഒരു ഫ്രഷ്‌നെസ്സ് അനുഭവപ്പെടും.

ലളിതമായ ഒരു മൂലകഥയാണ്, കൊക്കാന്റെത്. എന്നാൽ അത് പറയാൻ പശ്ചാത്തലമായി കൊണ്ടുവന്ന ആ ഒരു ഭൂപ്രദേശത്തിന്റെ പരിചരണങ്ങൾ കൊണ്ടും, കാരക്ടർ ആർക്കുകൾ കൊണ്ടും, അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ സാധിച്ചിട്ടുണ്ട്. കഥ നടക്കുന്നത് എൺപതുകളുടെ അന്ത്യ പാദത്തിൽ ആണെന്ന് ഊഹിക്കാൻ കഴിയും. മലയാളികളായ കുടിയേറ്റക്കാരും, തോട്ടങ്ങളിൽ പണിക്കായി കൊണ്ടുവരുന്ന കന്നഡിഗരുമൊക്കെ ചേർന്നുള്ള ഒരു സങ്കര സംസ്കാരത്തിന്റെ പശ്ചാത്തലമുളള സാങ്കൽപ്പിക പ്രദേശമാണ് ‘കാളഹസ്തി’ (ശരിക്കുള്ള കാളഹസ്തി ആന്ധ്ര പ്രദേശിലാണ്, അതാണ് സങ്കല്പികമാണെന്ന് സൂചിപ്പിച്ചത്). അവിടുത്തെ ഒരു പോലീസ് സ്റ്റേഷനും അവിടേക്കെത്തുന്ന ഒരു പുതിയ പൊലീസുകാരനായ വാസുദേവനും, അവരിലേക്കെത്തുന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണവുമാണ് പ്രമേയം. പോലീസ് അന്വേഷണത്തിന് സമാന്തരമായി കൊല്ലപ്പെട്ട ചാപ്രയുടെ വിചിത്ര സ്വാഭാവികളായ ഗില്ലാപ്പികൾ എന്നറിയപ്പെടുന്ന രണ്ടു മക്കൾ നടത്തുന്ന അന്വേഷണവും കാണിക്കുന്നുണ്ട്.

ഒരു ഭരതൻ സിനിമയിലേക്ക് ടാരന്റിനോ കഥാപാത്രങ്ങളെ പറിച്ചു നടുന്നത് പോലെയാണ് ഗില്ലാപ്പികളുടെ അഴിഞ്ഞാട്ടം. സ്വാഗ് എന്ന് പറഞ്ഞാൽ ഒന്നൊന്നര സ്വാഗ്. ക്ളൈമാക്സ് എത്തുമ്പോൾ അവർ സിനിമ മുഴുവൻ അടിച്ചുകൊണ്ടു പോവുമോ എന്ന ഭയമുള്ളത് കൊണ്ടാണെന്ന് തോന്നുന്നു ചെമ്പൻമാർ അവരുടെ വിളയാട്ട് ഒന്ന് ഡൌൺ പ്ലെ ചെയ്തത്. എന്നാലും അവർ തന്നെയായിരുന്നു ഷോ സ്റ്റീലേഴ്‌സ് എന്ന് സമ്മതിക്കേണ്ടി വരും. ലുക്ക്മാനും ചെമ്പനും അവരുടേതായ റോളുകൾക്ക് നളപാകമാണ്. മണികണ്ഠനോട് കുറേക്കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കഴിവുകളോട് അൽപ്പമെങ്കിലും നീതി പുലർത്തുന്ന ഒരു വേഷം കൊടുക്കാൻ സംവിധായകൻ തുനിഞ്ഞിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങളിൽ പദ്മിനിയായി വേഷമിട്ട മേഘ തോമസിന് പ്രമേയത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു ഭാഗധേയം തന്നെ നൽകിയിട്ടുണ്ട്. അവസാന നിമിഷം കളത്തിലിറങ്ങുന്ന കഥാപാത്രമായി സെന്തിലും മോശമായിട്ടില്ല.

ഫൈറ്റ് കൊറിയോഗ്രാഫി, പ്രത്യേകിച്ച് ആ ഷാപ്പിലെ ഫൈറ്റിൽ, അക്ഷരാർത്ഥത്തിൽ പൊടി പാറിയിട്ടുണ്ട്. അതിന്റെ അനുഭവത്തെ ത്രസിപ്പിക്കുന്ന തലത്തിലേക്ക് ഉയർത്തുന്നതിൽ അയ്യപ്പ മണികണ്ഠന്റെ സംഗീതം വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. ഇയ്യടുത്ത കാലത്ത് കേൾക്കാൻ കഴിഞ്ഞിട്ടുള്ളതിൽ വെച്ച് കൃത്യമായ വ്യക്തിത്വമുള്ള ഒരു മ്യൂസിക്ക് സ്‌കോർ തന്നെയാണ് സിനിമയുടെ മൊത്തത്തിലുള്ള ഒരു ക്വാളിറ്റിയെ സ്വാധീനിച്ചിട്ടുള്ളത്. വരത്തന്മാരായ കഥാപാത്രങ്ങളാണ് മിക്കവരും എന്നുള്ള സൂചനകൾ കൊടുത്തിട്ടുള്ളത് കൊണ്ട്, അതിർത്തി ഗ്രാമത്തിലെ മിക്കവരും സംസാരിക്കുന്ന ഭാഷയിലെ തൃശ്ശൂർ സ്ലാങിന്റെ അതിപ്രസരം അവഗണിക്കാം. മലയാള സിനിമ ഈ വർഷം തുടങ്ങി വെച്ചിരിക്കുന്ന ഗെയിം, അതിന്റെ അടുത്ത ലെവലിലേക്ക് അഞ്ചരക്കള്ളക്കോക്കാനിലൂടെ പ്രവേശിച്ചിരുന്നു എന്ന് നിസ്സംശയം പറയാം. ഇത്തവണയും യുട്യൂബിൽ അടുത്തു തന്നെ തമിഴരുടെ “എന്നടാ പണ്ണി വെച്ചിരിക്കുതെ …” എന്ന കമന്റിനായി കാതോർത്തിരിക്കാം.

വാൽക്കഷ്ണം:

സിനിമാസ്വാദനം തികച്ചും വ്യക്തിപരമായ വിഷയം തന്നെയാണ്. ഏതാണ്ട് അർദ്ധരാത്രി കഴിഞ്ഞു ഹൌസ് ഫുൾ ഷോ വിട്ട് തീയറ്ററിൽ നിന്നും രോമാഞ്ചത്തോടെ പുറത്തിറങ്ങുമ്പോൾ ലിഫ്റ്റിൽ കൂടെക്കയറിയ രണ്ടു ഫാമിലികൾ, ഈ സിനിമ ഗംഭീരമാണെന്ന് റിവ്യൂ പറഞ്ഞ ആരെയോ പഴി പറയുന്നത് കൂടി കേട്ടു. അതുകൊണ്ട് ക്ളീഷേ പ്രയോഗം നടത്തുന്നില്ല എന്നാലും അവനവന്റെ ചായയെയും കോപ്പയെയും ഒക്കെ സ്മരിച്ചു തന്നെ കാണുക !! -അഞ്ചക്കള്ളക്കോക്കാൻ തീയറ്ററുകളിൽ

Leave a Reply
You May Also Like

മമ്മൂട്ടിയ്ക്കും സുരേഷ്‌ഗോപിയ്ക്കും തെലുങ്കിൽ ഉണ്ടായിരുന്ന സ്റ്റാർ വാല്യൂ ലാലിന് ഇല്ലായിരുന്നു എങ്കിലും തെലുങ്കിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ലാൽ സിനിമകൾ

Bineesh K Achuthan കഴിഞ്ഞ മൂന്നര ദശാബ്ധമായി മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. നാല്…

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് മൂവി ‘ആയിഷ’യുടെ സൂപ്പർ ട്രെയ്‌ലർ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ…

പുരുഷന്മാരെ ഭ്രമിപ്പിക്കുന്ന വനിതാ ബോഡി ബിൽഡർ വ്ലാഡിസ്ലാവ ഗലഗൻ

സ്ത്രീകൾ എല്ലായിടത്തും ലിംഗ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നു. “കെൻഡൽ ജെന്നർ ഓൺ സ്റ്റിറോയിഡുകൾ” എന്ന് വിളിപ്പേരുള്ള ഒരു…

സത്യത്തിൽ പടവെട്ടിലെ ഫലകങ്ങൾ കെ റെയിൽ കുറ്റികൾ തന്നെയല്ലേ ?

ചൂഷണതിന്റെയും ചെറുത്തുനിൽപ്പിന്റെയും ശക്തമായ രാഷ്ട്രീയം പറയുന്ന ഗംഭീര ചിത്രം. പാവങ്ങൾക്കും ചെറുത്ത് നിൽക്കാൻ കെൽപ്പില്ലാത്തവർക്കും എതിരെയുള്ള…