പുരാതന ഇന്ത്യൻ ശാസ്ത്രവും തത്വചിന്തയും അതിന്റെ ആധുനിക ശാസ്ത്രത്തിലെ സ്വാധീനവും

62
പുരാതന ഇന്ത്യൻ ശാസ്ത്രവും തത്വചിന്തയും അതിന്റെ ആധുനിക ശാസ്ത്രത്തിലെ സ്വാധീനവും
എഴുതിയത് :ഋഷിദാസ്. എസ്
പുരാതന ഇന്ത്യൻ തത്വചിന്തയും ശാസ്ത്രവും അത്യുന്നതമായ നില പ്രാപിച്ചിരുന്നു. ദൗർഭാഗ്യവശാൽ പൗരാണിക ഇന്ത്യയുടെ ശാസ്ത്രപരമ്പര്യത്തെപ്പറ്റിയുള്ള ചർച്ചകൾ എല്ലാം തന്നെ മണ്ടത്തരത്തിന്റെയും വെളിവുകേടിന്റെയും പ്രകടനങ്ങൾ ആയി മാറുന്നതാണ് പതിവ് .
ഒരു വശത്തു വിമാനവും, ആറ്റം ബോംബും ഉപഗ്രഹവും ലേസറുമെല്ലാം പുരാതന ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് വാദിക്കുന്ന വെളിവ് കെട്ടവർ,
മറുഭാഗത്ത് എല്ലാ ശാസ്ത്രവും പാശ്ചാത്യമാണെന്ന് വാദിക്കുന്ന കൂപമണ്ഡൂകങ്ങൾ.
ഇതാണ് ഇപ്പോഴത്തെ ഒരു പൊതു കാഴ്ച.
ഇത്തരം വിവരക്കേടുകളിൽ നിന്നും മാറി സ്വതന്ത്രമായി തിരഞ്ഞാൽ പുരാതന ഇന്ത്യയുടെ ശാസ്ത്ര തത്വജ്ഞാന സംഭാവനകളുടെ ആഴവും പരപ്പും ബോധ്യമാകും .
ശാസ്ത്രം എന്ന പദത്തിന്റെ നിർവ്വചനം തന്നെ പലതരത്തിലാണ് നൽകപ്പെട്ടു കണ്ടിട്ടുളളത് . ആധുനിക ”ശാസ്ത്രം ” എന്നത് ഭൗതികമായ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ള വസ്തുതകളുടെ ആകെത്തുകയാണ്. ഇതിൽതന്നെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ശാസ്ത്രീയത പലരും പല രീതിയിലാണ് വിലയിരുത്തുന്നത് . അതിനാൽതന്നെ പ്രാപഞ്ചികമായ അംഗീകരിക്കപ്പെട്ടിട്ടുള്ള ശാസ്ത്ര സത്യങ്ങൾ ഏതൊക്കെയാണെന്നുള്ളത് പോലും തർക്കവിഷയമാണ്. ഉദാഹരണത്തിന് പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചോ , അതിസൂക്ഷ്മ കണങ്ങളുടെ സ്ഥിരതയെക്കുറിച്ചോ ഏവരും അംഗീകരിക്കുന്ന ശാസ്ത്ര സത്യങ്ങൾ നിലവിലില്ല. സാധാരണയായി ഭൂരിപക്ഷ അഭിപ്രായം താൽക്കാലികമായ ശാസ്ത്രസത്യമായി കരുതപ്പെടുന്നു .
പുരാതന ഭാരതീയ ആചാര്യന്മാർ പരീക്ഷണങ്ങളെയും നിരീക്ഷണങ്ങളെയും ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല . ഭൗതിക പരീക്ഷണങ്ങൾ നടത്താൻ പ്രായോഗികമായി അസംഭവ്യമായിരുന്ന മനുഷ്യ നാഗരികതയുടെ ആദ്യകാലത്ത് നിരന്തരമായ മനനത്തിലൂടെയും യുക്തി ചിന്തയിലൂടെയും പ്രപഞ്ചസത്യങ്ങൾ കണ്ടെത്താനാണ് നമ്മുടെ ആചാര്യന്മാർ ശ്രമിച്ചിട്ടുളളത് . അതിൽ അവർ വലിയൊരളവുവരെ വിജയിക്കുകയും ആധുനിക ശാസ്ത്രത്തിനു പോലും വഴികാട്ടികളാവാൻ അവരുടെ ദർശനങ്ങൾക്ക് കഴിയുകയും ചെയ്തു എന്നതാണ് വാസ്തവം.
നമ്മുടെ പൗരാണികരായ ആചാര്യന്മാർ അറിവിന്റെ എല്ലാ മേഖലകളിലും വിഹരിച്ചിരുന്നു . അതിനാൽ തന്നെ വിപുലമായ ഒരു വിവരണം വസ്തുതകളുടെ ബാഹുല്യം നിമിത്തം വിരസമായിത്തീരാനിടയുണ്ട് . അതിനാൽ ചില പ്രത്യേക മേഖലകളിലുളള പൗരാണികാചാര്യന്മാരുടെ ആധുനിക ശാസ്ത്രത്തെ സ്വാധീനിച്ച സങ്കല്പങ്ങളെക്കുറിച്ചുള്ള പ്രതിപാദനമായിരിക്കും ഉചിതം .
ഏറ്റവും വലുതിനെക്കുറിച്ചും , ഏറ്റവും ചെറുതിനെക്കുറിച്ചും , വലുതിനെയും ചെറുതിനെയും മനസ്സിലാക്കാനുതകുന്ന ഗണിത രീതികളെക്കുറിച്ചും അതിഗഹനമായ വിചിന്തനങ്ങളാണ് നമ്മുടെ ആചാര്യന്മാർ നടത്തിയിട്ടുള്ളത്.
.
അതിനാൽ തന്നെ പ്രപഞ്ച ഘടനാ ശാസ്ത്രം ( Cosmology ) ,പരമാണുവിനെക്കുറിച്ചുള്ള പഠനം (Atomic Theory ), ഗണിതം ( Mathematics) എന്നീ മേഖലകളിലുളള ഭാരതീയ തത്വചിന്തയുടെ ആധുനിക ശാസ്ത്ര സങ്കല്പങ്ങളിലുള്ള സ്വാധീനം അവലോകനം ചെയ്യുന്നത് ഉചിതമായിരിക്കും.
പ്രപഞ്ച ഘടനാ ശാസ്ത്രവും ( Cosmology) ഭാരതീയ തത്വചിന്തയും __________________
ഒരു പക്ഷെ ഭാരതീയ തത്വചിന്ത ഏറ്റവും പൂർണത പ്രാപിച്ചത് പ്രപഞ്ചത്തിന്റെ ഘടനയേയും ഉത്പത്തിയെയും പറ്റിയുള്ള അതിന്റെ നിഗമനങ്ങളിലും കാഴ്ചപ്പാടുകളിലുമാണ് . അതി പുരാതനമായ ഋഗ്വേദത്തിലെ പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ അത്യാധുനിക ശാസ്ത്ര സങ്കല്പപങ്ങളോട് കിടനിൽക്കുന്നുണ്ട് എന്ന് പറയാതെ തരമില്ല.
.
ഋക് വേദത്തിലെ പത്താം മണ്ഡലത്തിലെ നാസാദിയ സൂക്തത്തിൽ,പ്രപഞ്ച സൃഷ്ടിയെയും അതിൽ ഉൾപ്പെട്ട പ്രതിഭാസങ്ങളെയും പറ്റിയുള്ള വിവരണമാണ് നടക്കുന്നത്.
ഒന്നുമില്ലാത്ത ഒരവസ്ഥയുണ്ടായിരുന്നെന്നും അക്കാലത്തു ഇരുട്ട് ഇരുട്ടിനെ മൂടിയിരുന്നു(‘’At first there was only darkness wrapped in darkness.’’-From translation of A. L. Basham) എന്നുമുള്ള കല്പനയോടെയാണ് സൂക്തം തുടങ്ങുന്നത് .
.
എപ്പോഴോ എവിടെനിന്നോ ഒരു ബുദ്ധി ഉടലെടുത്തു .അതായിരുന്നു പ്രപഞ്ചത്തിനു ജന്മം നൽകിയ പ്രഭാവം .ആ പ്രഭാവം താപത്തിൽനിന്നു ഉത്ഭവിച്ചതായിരുന്നു (arose at last, born of the power of heat.).ആതാപവും (ഊർജവും) ബുദ്ധിയും (ആഗ്രഹവും) ചേർന്ന് പ്രചണ്ഡമായ ശക്തികളെ സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ചരടുകൾ വലിച്ചു കെട്ടി (And they have stretched their cord across the void).
.
ദേവകൾ പോലും ഈ പ്രതിഭാസത്തിനു ശേഷമാണ് സൃഷ്ടിക്കപ്പെട്ടത്(the gods themselves are later than creation) . .ഇതാണ് ചുരുക്കത്തിൽ ഋക് വേദത്തിലെ നാസാദിയ സൂക്തം മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച സൃഷ്ടി കല്പന .സൂക്തം ഉപസംഹരിക്കുന്നത് ഇങ്ങേനെയാണ് .”ഈ പ്രപഞ്ചരഹസ്യങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും ഉണ്ടാവുമോ? ചിലപ്പോൾ ഉണ്ടാകുമായിരിക്കും ?( who knows truly whence it has arisen? Whence all creation had its origin,).
.
ഈ ചിന്തകളുടെ ഔന്നത്യം പ്രാഥമികമായിത്തന്നെ മനസ്സിലാക്കാവുന്നതാണ് ഊർജത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നും ബാക്കിയെല്ലാം അതിനു ശേഷമാണ് നിര്മിക്കപെട്ടതെന്നും ചിന്തിക്കാൻ തുനിഞ്ഞ നമ്മുടെ പൂർവ്വികന്മാർ തന്നെയാണ് ആദ്യ ”സ്വതന്ത്ര ചിന്തകർ”.
(ഇവിടെയെനിക്ക് പൂർണ്ണമായും ഋഷി ശിവദാസിനോട് യോജിക്കാനാകില്ല, കാരണം ഋക് വേദത്തിൽ ദേവന്മാരും അവർക്കുള്ള ആരാധനാ രീതികളും പ്രസ്താവ്യമായതു തന്നെ കാരണം. അത്രയും പഴക്കമേറിയ ഭാരതീയ ഭാവനകൾ ആധുനികമതങ്ങളുടെ ഉല്പത്തി ഭാവനകളേക്കാളും ആധുനികശാസ്ത്രകാരന്മാരുടെ സിദ്ധാന്തങ്ങളോട് അടുത്തു നിൽക്കുന്നു എന്നതാണ് ആകർഷകമായിട്ടുള്ളത്)
ഋക് വേദം(10:129)
नासदासीन्नो सदासीत्तदानीं नासीद्रजो नो व्योमा परो यत् |
किमावरीवः कुह कस्य शर्मन्नम्भः किमासीद्गहनं गभीरम् ॥ १॥
न मृत्युरासीदमृतं न तर्हि न रात्र्या अह्न आसीत्प्रकेतः |
आनीदवातं स्वधया तदेकं तस्माद्धान्यन्न परः किञ्चनास ॥२॥
तम आसीत्तमसा गूहळमग्रे प्रकेतं सलिलं सर्वाऽइदम् |
तुच्छ्येनाभ्वपिहितं यदासीत्तपसस्तन्महिनाजायतैकम् ॥३॥
कामस्तदग्रे समवर्तताधि मनसो रेतः प्रथमं यदासीत् |
सतो बन्धुमसति निरविन्दन्हृदि प्रतीष्या कवयो मनीषा ॥४॥
तिरश्चीनो विततो रश्मिरेषामधः स्विदासीदुपरि स्विदासीत् |
रेतोधा आसन्महिमान आसन्त्स्वधा अवस्तात्प्रयतिः परस्तात् ॥५॥
को अद्धा वेद क इह प्र वोचत्कुत आजाता कुत इयं विसृष्टिः |
अर्वाग्देवा अस्य विसर्जनेनाथा को वेद यत आबभूव ॥६॥
इयं विसृष्टिर्यत आबभूव यदि वा दधे यदि वा न |
यो अस्याध्यक्षः परमे व्योमन्त्सो अङ्ग वेद यदि वा न वेद ॥७॥
.
Translation by A. L. Basham-
Then even nothingness was not, nor existence,
There was no air then, nor the heavens beyond it.
What covered it? Where was it? In whose keeping?
Was there then cosmic water, in depths unfathomed?
Then there was neither death nor immortality
nor was there then the torch of night and day.
The One breathed windlessly and self-sustaining.
There was that One then, and there was no other.
At first there was only darkness wrapped in darkness.
All this was only unillumined cosmic water.
That One which came to be, enclosed in nothing,
arose at last, born of the power of heat.
In the beginning desire descended on it –
that was the primal seed, born of the mind.
The sages who have searched their hearts with wisdom
know that which is kin to that which is not.
And they have stretched their cord across the void,
and know what was above, and what below.
Seminal powers made fertile mighty forces.
Below was strength, and over it was impulse.
But, after all, who knows, and who can say
Whence it all came, and how creation happened?
the Devas (minor gods) themselves are later than creation,
so who knows truly whence it has arisen?
Whence all creation had its origin,
he, whether he fashioned it or whether he did not,
he, who surveys it all from highest heaven,
he knows – or maybe even he does not know.
.
നാസാദിയ സൂക്തത്തെ അതിപുരാതനമായ സത്യത്തിലൂന്നിയ തത്വചിന്തയായോ .പ്രപഞ്ച രഹസ്യങ്ങളെ അറിയുവാനുള്ള വേദാന്തികളുടെ മനനത്തിന്റെ ഔന്നത്യമായോ കരുതാം .ഏതു നിലയിൽ ചിന്തിച്ചാലും നാസാദിയസൂക്തം ഭാരതീയ ചിന്തയുടെ സ്വതന്ത്രമായ വ്യവഹാരത്തെയും ,സത്യാന്വേഷണ ത്വരയെയുമാണ് വ്യക്തമാക്കുന്നത്.ഏറ്റവും ആധുനികമായ പ്രപഞ്ച ശാസ്ത്ര സിദ്ധാന്തങ്ങൾ പോലും നാസാദിയ സൂക്തത്തിലെ കല്പനകൾക്ക് അനുരൂപമാണ് . പ്രതിഭാധനന്മാരായ അനേകം ആധുനിക ഭൗതിക ശാസ്ത്രജ്ഞർ ഈ സാമ്യവും സ്വാധീനവും സമ്മതിച്ചിട്ടുമുണ്ട്.
.
പരമാണുവിനെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങളും ( Atomic Theory) പൗരാണിക ഭാരതീയ സങ്കൽപ്പങ്ങളും
_______________________
.
പദാർത്ഥങ്ങളെല്ലാം നിർമിച്ചിരിക്കുന്നത് വിഭജിക്കാനാവാത്ത പരമാണുക്കൾ കൊണ്ടാണെന്നാണ് ആധുനിക ശാസ്ത്രമതം . ഈ മൗലിക കണങ്ങൾ പ്രോട്ടോൺ , ന്യൂട്രോൺ , ഇലക്ട്രോൺ എന്ന സങ്കല്പത്തിൽനിന്നും വിഭജിക്കാനാവാത്ത ക്വാർക്കുകൾ എന്ന നിലയിലേക്ക് കഴിഞ്ഞ ദശകങ്ങളിൽ മാറിയിട്ടുണ്ട് . ക്വാർക്കുകൾ ആണോ അന്തിമമായ വിഭജിക്കാനാവാത്ത കണങ്ങൾ എന്നതിൽപ്പോലും ഇപ്പോൾ ഏകാഭിപ്രായം ഇല്ല . ഈ സാഹചര്യത്തിലാണ് പുരാതന ഭാരതീയ സൂക്ഷ്മകണ കൽപ്പനകൾ വിലയിരുത്തപ്പെടേണ്ടത്.
ആസ്തിക ദർശനമായ വൈശേഷിക ദർശനമാണ് പദാർത്ഥങ്ങളുടെ സൂക്ഷ്മ ഘടനെയെപ്പറ്റി ചിന്താപരമായ അവലോകനത്തിന് മുതിരുന്നത്.വൈശേഷിക ദർശന പ്രകാരം എല്ലാ വസ്തുക്കളും പരമാണുക്കളാൽ നിർമ്മിതമാണ്. പരമാണുക്കൾ പല രീതിയിൽ വ്യത്യസ്തമായി വിന്യസിക്കപെടുമ്പോൾ വിവിധതരം മൂർത്തമായ വസ്തുക്കളുണ്ടാകുന്നു. കാണുന്ന വസ്തുക്കളെല്ലാം ദ്രവ്യം ,ഗുണം ,കർമ്മ ,സമന്യ,വിശേഷ ,സമവായ എന്നിവയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വസ്തുക്കളുടെ സ്വത്വം നിർവചിക്കപെടുന്നത് ഇതിൽ ”വിശേഷ” എന്ന അംശമാണ് വസ്തുക്കൾക്ക് വെവ്വേറെ അസ്ഥിത്വവും സ്വഭാവങ്ങളും നൽകുന്നത് .
വൈശേഷിക സിദ്ധാന്തപ്രകാരം ത്രസരേണു ,ദ്വൈഅണുക,പരമാണു എന്നിവയാണ് അസ്ഥിത്വമുള്ള കണങ്ങൾ.
ഇതിൽ പരമാണുവാണ് ഏറ്റവും സൂക്ഷ്മമായിട്ടുള്ളത് .
പരമാണുക്കളെ നശിപ്പിക്കാനോ നിർമ്മിക്കാനോ സാധിക്കില്ല ..ഓരോ പരമാണുവും അദ്വിതീയമായ വിശേഷങ്ങൾ ഉള്ളവയാണ് .ഓരോ പരമാണുവും തനതായ അസ്ഥിത്വങ്ങളാണ് . കണാദ മഹർഷിയാണ് വൈശേഷിക ദർശനത്തിന്റെ പരമാചാര്യൻ .അദ്ദേഹം രചിച്ച വൈശേഷിക സൂത്രമാണ് പ്രമാണ പുസ്തകം .ഇന്നേക്ക് 2600 വര്ഷം മുൻപാണ് കാണാദ മുനി ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
.
ആധുനിക ഗണിത ശാസ്ത്രത്തിലെ ഭാരതീയ സ്വാധീനം
___________________
.
“It is India that gave us the ingenious method of expressing all numbers by means of ten symbols, each symbol receiving a value of position as well as an absolute value; a profound and important idea which appears so simple to us now that we ignore its true merit. But its very simplicity and the great ease which it has lent to computations put our arithmetic in the first rank of useful inventions; and we shall appreciate the grandeur of the achievement the more when we remember that it escaped the genius of Archimedes and Apollonius, two of the greatest men produced by antiquity.”
.
― Pierre-Simon Laplace( Greatest French Mathematician and Doyen of modern Cosmology
പത്തൊൻപതാം നൂറ്റാണ്ടിലെ മഹാനായ ഫ്രഞ്ച് ബഹുമുഖ പ്രതിഭയും ആധുനിക ഗണിത ശാസ്ത്രത്തിന്റെ ശില്പികളിൽ ഒരാളുമായ പിയറി സൈമൺ ലാപ്ലാസിന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത് . ആധുനിക ഗണിത ശാസ്ത്രത്തിനു പുരാതന ഭാരതത്തിന്റെ സംഭാവനകൾ വിവരിക്കാൻ മാറ്റൊന്നിന്റേയും ആവശ്യമില്ല . എന്നാലും ആധുനിക ഗണിതശാസ്ത്രത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധങ്ങളിൽ ഒന്നായ കാൽക്കുലസിന്റെ കണ്ടുപിടുത്തത്തിന് കേരളീയരായ ഭാരതീയ ഗണിത ശാസ്ത്രജ്ഞരുടെ പങ്ക് എടുത്തു പറയാതിരിക്കുന്നത് നമ്മുടെ പൗരാണികരായ ഗണിതജ്ഞരോട് കാട്ടുന്ന അനാദരവാകും.
സംഖ്യകളുടെ ഗണിതപരമായ ഉപയോഗം തന്നെ ശാസ്ത്രീയമായി നിർവ്വചിക്കപ്പെട്ടത് ഇന്ത്യയിലായിരുന്നു . സംഖ്യകൾക്ക് ലോകം ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ആൽബർട്ട് ഐൻസ്റ്റെയ്ൻ തന്നെ പ്രസ്താവിച്ചിട്ടുളളത് . നാം ഇന്നുകാണുന്ന സംഖ്യാ രീതി ബ്രഹ്മഗുപ്തൻ എന്ന ഇൻഡ്യാക്കാരന്റെ സംഭാവനയാണ് .
പോസിറ്റീവ് സംഖ്യകൾ ,പൂജ്യം , നെഗറ്റീവ് സംഖ്യകൾ . കോംപ്ലെക്സ് സംഖ്യകൾ അങ്ങിനെ പോകുന്നു സംഖ്യകളിലെ വൈവിധ്യം .
ഗണിതത്തിന്റെ പ്രാരംഭദിശകളിൽ എണ്ണാനുപയോഗിക്കുന്ന സംഖ്യകൾ മാത്രമായിരുന്നു ഗണിതക്രിയകൾക്ക് ആധാരം . പിന്നീട് ദശാംശ സംഖ്യകളും ഉപയോഗത്തിൽ വന്നു . ഇത്രയും വരെ ഈജിപ്ഷ്യൻ , സുമേറിയൻ ചൈനീസ് സംസ്കാരങ്ങൾ സംഖ്യകളിൽ മുന്നേറിയിരുന്നു . എന്നാൽ പൂജ്യത്തെയും നെഗറ്റീവ് സംഖ്യകളെയും ഉൾപ്പെടുത്തി സംഖ്യകളുടെ സാധ്യതകളെ മനുഷ്യരാശിക്കുമുന്നിൽ തുറന്നിട്ടത് പുരാതന ഇന്ത്യൻ ഗണിതജ്ഞരാണ് .
ഇവരിൽ തന്നെ സംഖ്യകൾ പ്രയോഗിക്കുമ്പോൾ പാലിക്കേണ്ട പ്രായോഗിക നിയമങ്ങൾ കണ്ടെത്തിയത് ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന ബ്രഹ്മ ഗുപ്തൻ എന്ന ഇന്ത്യക്കാരനായ ഗണിതജ്ഞനാണ് .പൂജ്യം കൊണ്ടും നെഗറ്റീവ് സംഖ്യകൾകൊണ്ടും കണക്കുകൂട്ടലുകൾ നടത്താൻ മനുഷ്യകുലത്തെ പഠിപ്പിച്ച ബ്രഹ്മഗുപ്തനെ എക്കാലത്തെയും മഹാനായ ഗണിതജ്ഞനായി കണക്കാക്കുന്നതിൽ ഒരപാകതയും ഇല്ല .
മദ്ധ്യ ഇന്ത്യൻ നഗരമായ ഉജ്ജെയിനി ആയിരുന്നു ബ്രഹ്മഗുപ്തന്റെ കർമ്മ ഭൂമി .ചവാദ രാജവംശത്തിലെ (Chavda dynasty ) വ്യാഘ്രമുഖ മഹാരാജാവിന്റെ ഭരണകാലത്താണ് ബ്രഹ്മഗുപ്തൻ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. .
സംഖ്യാശാസ്ത്രത്തിനു ഭാരതത്തിന്റെ വിലപ്പെട്ട സംഭാവനയായി പൂജ്യത്തെ കരുതിപ്പോരാറുണ്ട് . മഹാരഥന്മാരായ പാശ്ചാത്യ ,പൗരസ്ത്യ ഗണിതജ്ഞർ ഈ വസ്തുത അടിവരയിട്ട് അംഗീകരിക്കുന്നുണ്ട് . ഈ അടുത്തകാലത്ത് ലഭിച്ച ചില രേഖകൾ പ്രകാരം പൂജ്യം എന്ന സംഖ്യയേയും അതിന്റെ വ്യാവഹാരികനിയമങ്ങളെയും ഭാരതീയർ ഇപ്പോൾ കരുത്തപ്പെടുന്നതിനും നൂറ്റാണ്ടുകൾ മുൻപുതന്നെ
സ്വായത്തമാക്കിയിരുന്നു .
പൂജ്യം മാത്രമല്ല നെഗറ്റീവ് സംഖ്യകളെയും ഗണിതത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വന്നതും ,അവ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ ആവിഷ്കരിക്കപ്പെട്ടതും നമ്മുടെ രാജ്യത്തു തന്നെയാണ് . പതിനേഴാം നൂറ്റാണ്ടു വരെ പാശ്ചാത്യ ഗണിതജ്ഞർ കരുതിയിരുന്നത് നെഗറ്റീവ് സംഖ്യകൾ എന്ന സംഖ്യകൾ ഭ്രാന്തന്മാരുടെ ജൽപ്പനങ്ങൾ മാത്രമാണ് എന്നാണ് . പക്ഷെ ഏഴാം ശതകത്തിൽ മഹാനായ ഇന്ത്യൻ ഗണിതജ്ഞനായ ബ്രഹ്മഗുപ്തൻ നെഗറ്റീവ് സംഖ്യകളുടെ അസ്‌തിത്വം ശരിയായി മനസ്സിലാക്കിയിരുന്നു എന്ന് മാത്രമല്ല , അവരെ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ വരെ സുവ്യക്തമായി നിർവ്വചിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു . ബ്രഹ്മഗുപ്തനും ആയിരം വർഷങ്ങൾക്കു ശേഷമാണ് പാശ്ചാത്യ ഗണിതജ്ഞർക്ക് നെഗറ്റീവ് സംഖ്യകളുടെ രഹസ്യം മനസ്സിലായത് .
പോസിറ്റീവ് സംഖ്യകളെ ” ഭാഗ്യ സംഖ്യകൾ ” എന്നാണ് ബ്രഹ്മഗുപ്തൻ നാമകരണം ചെയ്തത് . നെഗറ്റീവ് സംഖ്യകൾക്ക് അദ്ദേഹം നൽകിയത് ” ഋണ സംഖ്യകൾ ” എന്ന പേരും . പൂജ്യത്തിനു ശൂന്യം എന്ന പേര് ബ്രഹ്മഗുപ്തനും വളരെ മുൻപ് തന്നെ നിലവിൽ വന്നിരുന്നു .
ബ്രഹ്മഗുപ്തന്റെ സംഖ്യാനിയമങ്ങൾ ചുരുക്കത്തിൽ ഇപ്രകാരമാണ് .
.
1.ഒരു ഋണ സംഖ്യയിൽ നിന്നും ശൂന്യം കുറച്ചാൽ ഉത്തരം ഋണസംഖ്യ ആയിരിക്കും
.
2.ഒരു ഋണസംഖ്യയെ ശൂന്യതയിൽ നിന്ന് കുറച്ചാൽ ഉത്തരം ഭാഗ്യ സംഖ്യ ആയിരിക്കും .
.
3.ഒരു ഭാഗ്യ സംഖ്യയിൽ നിന്നും ശൂന്യം കുറച്ചാൽ ഉത്തരം ഭാഗ്യ സംഖ്യ ആയിരിക്കും .
.
4.ശൂന്യതയിൽ നിന്നും ശൂന്യം കുറച്ചാൽ ശൂന്യം തന്നെ ലഭിക്കും .
.
5.ഒരു ഭാഗ്യ സംഖ്യയെ ശൂന്യതയിൽ നിന്ന് കുറച്ചാൽ ഉത്തരം ഋണ സംഖ്യ ആയിരിക്കും .
.
ഋണ,ഭാഗ്യസംഖ്യകളുടെ ഗുണനഹരണ നിയമങ്ങളും അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു .
ദൗർഭാഗ്യവശാൽ ബ്രഹ്മഗുപ്തനും ആയിരത്തിലധികം വർഷത്തിന് ശേഷം ജീവിച്ചിരുന്ന ബ്രിട്ടീഷ് ഗണിതജ്ഞൻ ജോൺ വാലീസിനെയാണ് ഈ അടുത്തകാലം വരെ ഋണസംഖ്യകളുടെ ആചാര്യനായി കരുതിയിരുന്നത് .
ദ്വിമാന സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള രീതികൾ ആവിഷ്കരിച്ചതും ബ്രഹ്മഗുപ്തൻ തന്നെ .ചിലതരം ദ്വിമാന സമവാക്യങ്ങൾ നിർദ്ധാരണം ചെയ്യുമ്പോൾ നെഗറ്റീവ് സംഖ്യകൾ ഉത്തരമായി ലഭിക്കുന്ന സാഹചര്യവും അദ്ദേഹം വ്യക്തമായി വിവരിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ ഏറ്റവും ബൃഹത്തായ കൃതി ”ബ്രഹ്‌മ സ്ഫുട സിദ്ധാന്ത ” മാണ്. ആ മഹാഗ്രന്ഥം കൂടാതെ ഖാണ്ഡ ഖാണ്ട്യക (Khandakhadyaka ) എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട് .ബ്രഹ്മസ്ഫുട സിദ്ധാന്തത്തിലാണ് അദ്ദേഹം സംഖ്യകളെപ്പറ്റിയും സമവാക്യങ്ങളെപ്പറ്റിയുമുള്ള തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് .
സംഖ്യാശാസ്ത്രത്തിലും ദ്വിമാന സമവാക്യങ്ങളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഗണിതത്തിനു ബ്രഹ്മഗുപ്തന്റെ സംഭാവന . ട്രിഗണോമെട്രിയിലും ജ്യോതി ശാസ്ത്രത്തിലും കനപ്പെട്ട സംഭാവനകൾ ബ്രഹ്മഗുപ്തൻ നൽകിയിട്ടുണ്ട് .
ബ്രഹ്മഗുപ്തന്റെ മരണത്തിന് ഏതാനും ദശകങ്ങൾക്ക് ശേഷം അറബികൾ ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആക്രമിച്ചു . സിന്ധ് പൂർണമായും അറബ് നുകത്തിന് കീഴിലായി . ഉജ്ജെയിനി അറബികളെ തുരത്തി .പക്ഷെ ഈ ആക്രമണത്തിനിടയ്ക്ക് അറബികൾ ബ്രഹ്മഗുപ്തന്റേതുൾപ്പെടെയുള്ള അമൂല്യമായ ഗ്രന്ഥങ്ങൾ പല രീതിയിലും പിടിച്ചെടുത്തു . ദ്വിഭാഷികളിലൂടെ മൊഴിമാറ്റിയെടുത്ത ഗ്രന്ഥങ്ങൾ അറബികൾ സ്വന്തം പേരിൽ പ്രചരിപ്പിക്കാൻ തുടങ്ങി .
മുഹമ്മദ് അൽ ഫസാരി എന്നയാൾ ബ്രഹ്മ ഗുപ്തന്റെ ബ്രഹ്മസ്ഫുട ഭാഷ്യത്തെ തന്നെ അറബിയിലേക്ക് വിവർത്തനം ചെയ്തു .മറ്റൊരാളായ അൽ ഖവാരിസ്മി ( Al-Khwarizmi ) ബ്രഹ്മഗുപ്തന്റെ കണ്ടെത്തലുകളിൽ ചിലതിനെ അൽ -ജാം വാൽ -തഫ്രീക് ബി ഹിസാൽ -അൽ -ഹിന്ദ് (al-Jam wal-tafriq bi hisal-al-Hind ) – ( Addition and Subtraction in Indian Arithmetic) എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രചരിപ്പിച്ചു .
ഈ അറബി പുസ്തകങ്ങൾ നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിൽ എത്തിപ്പെടുകയും ലത്തീൻ ഭാഷയിലേക്ക് അൽഗോരിതമി ഡി നുമേറോ ഇൻഡോറം ( Algorithmi de numero indorum) എന്ന പേരിൽ മൊഴിമാറ്റം നടത്തപ്പെടും ചെയ്തു .ഈ പുസ്തകങ്ങളിലൂടെയാണ് ബ്രഹ്മ ഗുപ്തന്റെയും സമകാലീകരായിരുന്ന മഹാഗണിതജ്ഞരുടെയും ഗവേഷണങ്ങൾ ലോകമാസകലം പടർന്നത് . പക്ഷെ അറബികളും യൂറോപ്യരും അവയൊക്കെ സ്വന്തം കണ്ടെത്തലുകളായാണ് ഈ അടുത്ത കാലംവരെ പ്രചരിപ്പിച്ചിരുന്നത് .
ചുരുക്കത്തിൽ മാധവാചാര്യന്റെ കലനം മാത്രമല്ല ഇന്ത്യയിൽ നിന്നും യൂറോപിലെത്തിയ ഗണിത മേഖല . ഗണിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളും വളർന്നതും വികസിച്ചതുമെല്ലാം പുരാതന ഇന്ത്യയിലാണ് . മൊഴിമാറ്റം നടത്തിയവരും മോഷ്ടിച്ചവരും അതുപയോഗിച്ചാണ് സമ്പന്നരായത്. തങ്ങളിൽ തല്ലി ഇന്ത്യൻ രാജാക്കന്മാർ അടിമത്തത്തിലേക്കും സർവ്വനാശത്തിലേക്കും വഴുതിവീണ അവസരത്തിൽ ഇന്ത്യയുടെ ബൗദ്ധിക സമ്പത്താകെ അറബികളിലൂടെ പാശ്ചാത്യ ലോകം സ്വന്തമാക്കുകയാണുണ്ടായത് .
മഹാഗണിതജ്ഞനും ജ്യോതി ശാസ്ത്രജ്ഞനുമായിരുന്ന ബ്രഹ്മഗുപ്തൻ ഭാരതത്തിൽ അവഗണിക്കപ്പെട്ടുവെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ലോകം അംഗീകരിച്ചു എന്നുതന്നെ പറയാം . സമുന്നതനായ ശാസ്ത്ര ചരിത്രകാരൻ ജോർജ്ജ് സാർട്ടനിന്റെ അഭിപ്രായത്തിൽ മനുഷ്യകുലത്തിലെ ഏറ്റവും പ്രഗത്ഭരായ ഗണിതജ്ഞരിൽ ഒരാളാണ് ബ്രഹ്മഗുപ്തൻ.
പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ ,അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.
.
സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (Infinite Series Expansion) കളിലൂടെ സൈൻ(Sine), കോ സൈൻ(cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫംഗ്ഷനുകളുടെ മൂല്യം അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും നൂറ്റാണ്ടുകൾക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത് . അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപ്പിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .ആധുനിക ഗണിത ശാസ്ത്രശാഖയായ കാൽകുലസിന്(Calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ . അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടുമുൻപ് ചേര രാജാവിന്റെ(സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. “ലഘുഭാഷാ ക്രിയാ വിവരണം” എന്ന ഗണിത ഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു .
.
ഗോട്ട്ഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു .അവർ അതിനെ മാധവ -ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു ”.പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട് .പാശ്ചാത്യർക്കും നൂറ്റാണ്ടുകൾക്കുമുൻപ് ”.പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ ,വേണ് വരോഹ ,ചന്ദ്ര വ്യാഖ്യായിനി തുടങ്ങി അനേകം ഗ്രന്ഥങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.
.
അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു .അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ .ഇന്റഗ്രേഷന് സങ്കലനം (Collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു . കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ് ,അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.
.
സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് ( Calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു .കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ഥങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത് . ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല .അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ ,തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരുന്നത്.
.
ശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും തലയുയർത്തി വിരാജിച്ചവരാണ് പുരാതന ,മദ്ധ്യകാല ഭാരതത്തിലെ മഹാമനീഷികൾ .
ഭാരതീയ പ്രപഞ്ച ശാസ്ത്ര വീക്ഷണങ്ങളും ,പരമാണു സിദ്ധാന്തവും സത്യത്തോട് വളരെ അടുത്ത് നിൽക്കുന്നുവെന്നും നമ്മുടെ ഗണിതജ്ഞർ ന്യൂട്ടനും നൂറ്റാണ്ടുകൾക്ക് മുൻപ് കാൽകുലസ്സ് കണ്ടുപിടിച്ചിരുന്നുവെന്നും ഇന്ന് ലോകമാകമാനം അംഗീകരിക്കപ്പെടുന്നുണ്ട് . പൗരാണിക ആചാര്യന്മാരുടെ പിന്മുറ ഭ്രംശിച്ചുപോയതും ,ദീർഘമായ വൈദേശിക ആധിപത്യവും പിന്നീടുള്ള നമ്മുടെ ശാസ്ത്ര പുരോഗതിയെ വേരോടെ നശിപ്പിച്ചു എന്ന് വേണം അനുമാനിക്കാൻ .
—-