പുരാതന കേരളം ഇതിഹാസത്തിലും ചരിത്രത്തിലും

0
147

പുരാതന കേരളം ഇതിഹാസത്തിലും ചരിത്രത്തിലും – ഒരവലോകനം

പൗരാണികവും ചരിത്രപരവുമായ നമ്മുടെ വേരുകളെ മറവിലേക്കു തള്ളാനും അറുത്തുമാറ്റാനുമുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന ഒരു കാലമാണ് . അറുപതു വർഷത്തിന് മുൻപ് കേരളം ഇല്ലായിരുന്നു എന്നും . അഞ്ഞൂറ് വര്ഷം മുൻപുവരെ അപരിഷ്‌കൃത മനുഷ്യരാണ് ഇവിടെ വസിച്ചിരുന്നതെന്നും ഭാരത ഖണ്ഡവുമായി ഈ പ്രദേശത്തിന് പൗരാണിക ബന്ധങ്ങൾ ഇല്ലായിരുന്നുവെന്നും ഉള്ള പച്ചക്കള്ളങ്ങൾ ഒരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന ഒരു ദശാസന്ധിയിലാണ് നാം ജീവിക്കുന്നത് . അതിനാൽ താനെ കേരളത്തിന്റെ ഇയ്‌തിഹാസികവും പൗരാണികവുമായ വേരുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് കാലിക പ്രസക്തമാണ് .

ഇതിഹാസങ്ങളിലെ കേരളം

രാമായണത്തിലും മഹാഭാരതത്തിലും കേരളം ഉൾപ്പെടുന്ന പ്രദേശത്തെപ്പറ്റിയും ഇവിടുത്തെ രാജാക്ക ന്മാരെപ്പറ്റിയും വളരെയധികം വർണ്ണനകൾ ഉണ്ട് . .രാമായണത്തിൽ രാമൻ സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയുന്ന ശബരിയും ആ ഋഷിക വസിച്ചിരുന്ന പമ്പാ നദീതീരത്തെക്കുറിച്ചും വർണ്ണനയുണ്ട് .
മഹാ ഭാരതത്തിൽ കര്ണപര്വത്തിന്റെ ഇരുപതാം ഭാഗം മുഴുവൻ പാണ്ട്യ രാജാവായ മലയ ധ്വജന്റെ യുദ്ധപരാക്രമമാണ് വർണ്ണിക്കുന്നത് .യുദ്ധത്തിൽ അദ്ദേഹം പാണ്ഡവ പക്ഷത്തു നിന്നുമാണ് യുദ്ധം ചെയ്യ്തത് .ഭഗവാൻ കൃഷ്ണൻ പോലും മലയധ്വജന്റെ യുദ്ധപരാക്രമത്തെ വാഴ്ത്തുന്നു . ഒരു ” മഹാ രഥിയായിരുന്നു” മലയധ്വജൻ. അദ്ദേഹത്തോടൊപ്പം പാണ്ട്യ സൈന്യവും മഹാഭാരതയുദ്ധത്തിൽ പാണ്ഡവ പക്ഷത്തു യുദ്ധം ചെയ്തു
ദ്രൗപദിയുടെ സ്വയം വരത്തിലും പാണ്ട്യ രാജാക്കന്മാർ പങ്കെടുത്തിരുന്നു .പുരാതന തമിഴ് ഗ്രന്ഥങ്ങൾ പ്രകാരം അർജുന പത്നിയായ ചിത്രഅംഗദ ഒരു പാണ്ട്യ രാജകുമാരിയാണ് . ദ്രൗപദീ സ്വയംവരസമയത് ശ്രീ കൃഷ്ണനും പാണ്ട്യ രാജാവും തമ്മിൽ തർക്കവും ഉടലെടുക്കുന്നു.
മഹാഭാരതയുദ്ധ സമയത് ചേരരാജാവ് പാണ്ഡവരുടെയും കൗരവരുടെയും പക്ഷത്തു ചേരാതെ രണ്ടു കൂട്ടരോടും സൗഹൃദത്തിൽ വർത്തിച്ച കഥയും മഹാഭാരതത്തിലുണ്ട് .യുദ്ധം ഒഴിവാക്കാൻ സന്ധിസംഭാഷണം പോലും അദ്ദേഹം നടത്തുന്നു .അതിൽ നിന്ന് തന്നെ അക്കാലത്തെ ചേര രാജാവിന്റെ ഔന്നത്യം മനസ്സിലാക്കാം .ചേര ദേശത്തുനിന്നും ഭക്ഷണ സാധനങ്ങൾ ഇരുകൂട്ടരും ( കൗരവരും പാണ്ഡവരും ) വരുത്തിയിരുന്നതായും പ്രസ്താവമുണ്ട് .

മഹാഭാരതത്തിലെ പാണ്ട്യ ചേര രാജാക്കൻ മാർ വെറും സാമന്തരോ രണ്ടാം നിരക്കാരോ അല്ല .ഗംഗാതടത്തിലെ ഏതു രാജാവിനും കിടനിൽക്കുന്ന പ്രതാപശാലികളാണ് ഇതിഹാസങ്ങളിൽ കേരള രാജാക്കന്മാർ . മലയധ്വജൻ കർണ്ണനും ,അർജുനനും അശ്വത്ഥാമാവിനും കിടനിൽക്കുന്ന മഹാരാധിയാണ് ,ചേരരാജാവാകട്ടെ കൗരവ -പാണ്ഡവ തർക്കങ്ങളിൽ മധ്യസ്ഥത പറയാൻ തക്ക തലയെടുപ്പുള്ള രാജ ശ്രേഷ്ഠനും.

കേരളം പുരാതന ചരിത്രത്തിൽ

ബി സി ഇ 3000 മുതൽ തന്നെ കേരളം ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് സുഗന്ധവസ്തുക്കൾ കയറ്റി അയച്ചിരുന്നു എന്നതിന് നിസ്തർക്കമായ തെളിവുകൾ ഉണ്ട് .3000 ബി സി ഇ മുതലുള്ള സുമേറിയൻ ലിഖിതങ്ങളും 1500 ബി സി ഇ മുതലുള്ള ഈജിപ്ഷ്യൻ ലിഖിതങ്ങളും കുരുമുളകിനെപ്പറ്റിയും ..അതിന്റെ പല ഉപയോഗങ്ങളെപ്പറ്റും പറയുന്നുണ്ട് അക്കാലത്തു കേരളം മാത്രമായിരുന്നു കുരുമുളകിന്റെ സ്രോതസ്സ് .ഒരുൽപ്പന്നം സംഭരിച്ചു വിദൂരദേശങ്ങളിലേക്കയകകണമെങ്കിൽ ഒരു വ്യവസ്ഥ കൂടിയേ തീരു .അതിനാൽ തന്നെ 3000 ബി സി ഇ മുതൽ എങ്കിലും ഉത്തര ഇന്ത്യയിലെ ജനപദങ്ങൾക്കു സമാനമായ ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു എന്ന അനുമാനത്തിനു പ്രസക്തിയുണ്ട് .അശോകന്റെ( ബി സി ഇ 250) ശിലാശാസനകളിൽ ”കേരളപുത്ര” രെപ്പറ്റി പരാമർശമുണ്ട് .തനിക്കു പ്രിയപ്പെട്ടവരാണ് കേരളപുത്രർ എന്നാണ് അശോകൻ രേഖപ്പെടുത്തുന്നത് .
ഏകദേശം രണ്ടായിരം കൊല്ലം മുൻപ് രചിക്കപ്പെട്ട ഒരു യാത്ര -വ്യാപാര ഗ്രന്ധമാണ് പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ.ഗ്രീക്ക് ഭാഷയിലാണ്ഇത് രചിക്കപ്പെട്ടിരിക്കുന്നത് .പടിഞ്ഞാറേ ഇൻഡ്യാ സമുദ്രത്തെയാണ്അക്കാലത്തെ ഗ്രീക്ക് -റോമൻ സഞ്ചാരികൾ എറിത്രിയൻ സീ എന്ന് വിശേഷിപ്പിച്ചിരുന്നത് .ഇത് പ്രകാരം ഇന്ത്യയുടെ കിഴക്കേ തീരം അക്കാലത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു .കേരോബ്രോത്ത ( കേരളം -കേരളപുത്ര )രാജ്യം ,ആ രാജ്യത്തെ പ്രമുഖ തുറമുഖമായ മുസരീസ് തുടങ്ങിയവയെപ്പറ്റി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു .കേരോബ്രോത്ത(Kingdom of Kerobrotha) ( കേരളം -കേരളപുത്ര )രാജ്യം പാണ്ട്യ രാജ്യത്തിനടുത്താണ് എന്ന് വരെ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ യിൽ പറഞ്ഞിട്ടുണ്ട് .ഇ ഗ്രന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്പോൾ അനായാസം ലഭ്യമാണ് നമ്മുടെ നാടിന്റെ പൗരാണിക വാണിജ്യ ബന്ധങ്ങൾ ഈ ഗ്രൻഥത്തിലൂടെ നമുക്ക് മനസ്സിലാക്കാം .

അശോകനും 60 കൊല്ലം മുൻപ് ഭാരതത്തിലെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ് ( Megasthanes) സ്ത്രീകൾക്ക് പരമാധികാരമുള്ള ”പാണ്ഡയോൺ’ -പാണ്ട്യ പ്രദേശത്തെ കുറിച്ച് പറയുന്നുണ്ട് .നമ്മുടെ നാട്ടിൽ നിലവിലിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ കുറിച്ചാവാം മെഗസ്തനീസ് സൂചിപ്പിക്കുന്നത് .പ്രാചിന കേരളത്തെപ്പറ്റി ഒരു സഞ്ചാരിയും ഇകഴ്തി പറഞ്ഞിട്ടില്ല .13 ആം ശതകത്തിൽ കേരളം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി മാർക്കോ പോളോ കേരള ജനതയുടെ മേന്മകളെക്കുറിച്ചു വിവരിച്ചിട്ടുണ്ട് .

കാന്തളൂർ ശാല -കേരളത്തിന്റെ തക്ഷശില

ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെപ്പോലെ കേരളത്തിലും അതിപുരാതനമായ വിദ്യാപീഠങ്ങൾ അനവധി ഉണ്ടായിരുന്നു .ഇവയിൽ പലതിനും ഇപ്പോൾ ഭൗതികമായ തെളിവുകൾ അവശേഷിക്കുന്നില്ല .പക്ഷെ പുരാതന ലിഖിതങ്ങൾ പല സർവകലാശാലകളുടെ അസ്തിത്വത്തിലേക്കും വെളിച്ചം വീശുന്നു . കാന്തളൂർ, തലക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ സൈനിക വിദ്യകൾ മുതൽ തത്വചിത വരെ പഠിപ്പിച്ചിരുന്ന പാഠശാലകൾ ഉണ്ടായിരുന്നു എന്നത് ചരിത്ര രേഖകളുടെ വെളിച്ചത്തിൽ നിസ്തർക്കമാണ് .ഇവയിൽ കാന്തളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ രേഖകളിലൂടെ തെളിയിക്കപ്പെട്ടതിനാൽ കാന്തളൂർ ശാലയായിരുന്നു ചേര രാജ്യത്തിലെ ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവകലാശാല എന്നനുമാനിക്കുന്നതിൽ തെറ്റില്ല .കാന്തളൂർ യുദ്ധത്തോടനുബന്ധിച്ചുള്ള ചോള ലിഖിതങ്ങളും കാന്തളൂർ ശാലയുടെ പ്രാധാന്യം വെളിവാക്കുന്നു .എഴുനൂറുകൊല്ലം മുൻപ് രചിക്കപ്പെട്ട ഗ്രന്ഥമായ ” അനന്തപുര വര്ണനത്തിൽ ” കാന്തളൂർ ശാലയെ പുകൾപെറ്റ ഒരു വിദ്യാകേന്ദ്രമായി വര്ണിച്ചിട്ടുണ്ട് .
.
ഉത്തര ഇന്ത്യയിലെ വിദ്യാകേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി കാന്തളൂർ ശാലയിൽ ആയുധ പരിശീലനവും ഒരു പാഠ്യ വിഷയമായിരുന്നതായാണ് ലഭ്യമായ സൂചനകൾ .ആയ്, ചേര രാജാക്കൻമാരുടെ സൈന്യത്തിലെ മുൻനിര പടയാളികൾ കാന്തളൂർ ശാലയിൽ പരിശീലനം നേടിയവരായിരുന്നിരിക്കാം . ചോള ചക്രവർത്തി രാജ രാജ ചോളന്റെ ചില ശാസനങ്ങൾ ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത് ചേരരാജ്യം ആക്രമിച്ചിരുന്ന ചോള ചക്രവർത്തിമാർ എല്ലാം തന്നെ കാന്തളൂർ ശാലയെപ്പറ്റി പരാമർശിക്കുന്നു എന്നത് അവഗണിക്കാനാവാത്ത ഒരു സത്യമാണ്

കാന്തളൂർ ശാലയുടെ കൃത്യമായ സ്ഥാനം ഇന്നും വെളിവാക്കപ്പെട്ടിട്ടില്ല .തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുതൽ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങയിൽ എവിടെയോ ആയിരുന്നിരിക്കാം കാന്താവൂർ ശാലയുടെ മുഖ്യമായ സ്ഥാനം എന്ന അനുമാനത്തിനു പ്രസക്തിയുണ്ട് . പുകൾ പെറ്റ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം . അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമു ഖ വും പട്ടണവും ആയിരുന്നിരിക്കണം .. ചോളന്മാർ പല പ്രാവശ്യം കടൽ മാർഗം വിഴിഞ്ഞത്തെ ആക്രമിച്ചിട്ടുണ്ട് . അപ്രധാനമല്ല ത്ത ഒരു സ്ഥലത്തെ ചോളന്മാരെപോലുളള അക്കാലത്തെ പ്രമുഖ ശക്തി ഒരിക്കലും ആക്രമിക്കാൻ ഇടയില്ല .കാന്തളൂർ ശാലയിലെ ആയുധ കളരി ചോളന്മാർ ഒരു ഭീഷണിയായി കണ്ടിരിക്കണം . നിരന്തരമായ ആക്രമണങ്ങൾ നിമിത്തം കാന്തളൂർ ശാല , ഇപ്പോൾ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വലിയ ശാലയി ലേക്ക് ഭാഗീകമായി സ്ഥലം മാറ്റപ്പെട്ടതിന് സൂചനകൾ ഉണ്ട് .പുരാതന ലിഖിതങ്ങൾ കാണപ്പെടുന്നതിനു സമാനമായ സൂചനകൾ വലിയശാല ക്ഷേത്രത്തിൽ ഇപ്പോഴും ദൃശ്യമാണ്

ഏഴാം ശതകം മുതൽ പന്ത്രണ്ടാം ശതകം വരെ കാന്തളൂർ ശാല ഒരു വലിയ വിദ്യാകേന്ദ്രമായി നിലകൊണ്ടു എന്ന അനുമാനത്തിന് ആധാരമായി അനേകം രേഖകൾ ഉണ്ട് .ആയ് രാജാവായ കരുനന്ദകനോ അദ്ദേഹത്തിന്റെ പുത്രൻ വിക്രമാദിത്യ വരഗു ണനോ ആണ് കാന്തളൂർ ശാലയെ ഒരു വലിയ വിദ്യാപീഠമാക്കി മാറ്റിയത് എന്നനുമാനിക്കപ്പെടുന്നു . അതിനുമുമ്പും ഒരു ആയുധ പരിശീലന കേന്ദ്രമായി ആയ് രാജാക്കന്മാരുടെ കാലത്ത് സ്ഥാപനം നിലനിന്നിരിക്കാം . ചേരവംശം പ്രതാപവും സമ്പത്തും ആർജിച്ചപ്പോൾ കാന്തളൂർ ശാലയും വികസിക്കുകയും വിവിധങ്ങളായ കലകളുടെയും ശാസ്ത്രങ്ങളുടെയും ഒരു ആലയമായി വളരുകയും ചെയ്തിരിക്കാം . നിരന്തരമായ ചോള ആക്രമണങ്ങളിലൂടെ ചേരരാജാക്കന്മാർ ക്ഷയിച്ചപ്പോൾ കാന്തളൂർ ശാലയും വിസ്‌മൃതിയിലേക്ക് മറഞ്ഞു .ഇന്നത്തെ വലിയ ശാലയിലെ ശിവ ക്ഷേത്രപരിസരം കാന്തളൂർ ശാലയുടെ പരിമിതമായ ജീവിക്കുന്ന ശേഷിപ്പുകൾ ആയിരിക്കാം.

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം – -പാശ്ചാത്യർക്കും മുന്നൂറുകൊല്ലം മുൻപ് കാൽക്കുലസ് കണ്ടുപിടിച്ച കേരളീയർ

ന്യൂട്ടനെയും(Issac Newton) ലെബനിറ്റസിനെയും(Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകൾ മലയാളത്തിൽ ഗണിത ഗ്രന്ധങ്ങൾ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തിൽ ആയിരം കൊല്ലം മുൻപ് നിലനിന്നിരുന്നത്.
പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ ,അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ(sine), കോ സൈൻ(cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ മൂല്യം .അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം .അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ക്കത്യർക്ക് ഇത് സാധ്യമായത് . അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാല്കുലസിന്(calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ . അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ(സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു .ലഘുഭാഷ ക്രിയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു .

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു .അവർ അതിനെ മാധവ -ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു ”.പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട് .പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”.പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ ,വേണ് വരോഹ ,ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.
അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു .അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ .ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആൺ ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക് .മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു . .കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ് ,അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് ( calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു .കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത് .
എന്നാൽ മാധവ ആചാര്യനും നൂറ്റാണ്ടുകൾ മുൻപും കേരളം മഹാ ഗണിതജ്ഞരുടെ വിഹാര രംഗമായിരുന്നു . മാധവ ആചാര്യനും ആറു നൂറ്റാണ്ടുമുമ്പ് ജീവിച്ചിരുന്ന മഹാനായ ഗണിതജ്ഞനാണ് ഹരിദത്തൻ .
തിരുനാവായയിലാണ് ഹരിദത്തൻ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു . ഏഴാം ശതകത്തിലാണ് ഹരിദത്തന്റെ ജനനം . അക്കാലത്തെ കേരളത്തിന്റെ വൈഞ്ജാനിക തലസ്ഥാനമായിരുന്നിരിക്കണം തിരുനാവായ . 12 വര്ഷത്തിനിടക്ക് നടന്നു വരുന്ന മാമാങ്കം അക്കാലത്തു ആയുധാഭ്യാസത്തിന്റെ മാത്രമല്ല ഗണിതജ്ഞരുടെയും പോർക്കളമായിരുന്നു .അക്കാലത്തു ആര്യഭടന്റെ ഗണിത സിദ്ധാന്തങ്ങളായിരുന്നു സമയത്തിന്റെ കൃത്യമായ കണക്കുകൂട്ടലിനും ഖഗോളങ്ങളുടെ സ്ഥാനം നിര്ണയിക്കുന്നതിനും ഇന്ത്യയിലൊട്ടാകെ ഉപയോഗിച്ചിരുന്നത് . കേരളത്തിലും അതെ സംവിധാനമാണ് അക്കാലത്തു നിലവിലിരുന്നത്.

ഹരിദത്തൻ ആര്യഭടന്റെ ഗണന സംവിധാനത്തെ സമൂലമായി പരിഷ്കരിച്ചു . അദ്ദേഹം മുന്നോട്ടുവച്ച ”പ്രഹിത ” എന്ന ഗണന സംവിധാനത്തിന് ആര്യഭടീയത്തിലെ ഗണന സംവിധാനത്തേക്കാൾ പല മേന്മകളും ഉണ്ടായിരുന്നു .683 ലെ മാമാങ്കത്തിലാണ് ഹരിദത്തൻ തന്റെ പ്രഹിത ഗണന സംവിധാനം അവതരിപ്പിച്ചതെന്ന് കരുതപ്പെടുന്നു .ചന്ദ്രന്റെയും , സൂര്യന്റെയും , ഗ്രഹങ്ങളുടെയും സ്ഥാനം കൂടുതൽ കൃത്യമായി കണക്കുകൂട്ടാൻ ഹരിദത്തന്റെ പുതിയ ഗണന രീതിക്കായി .
ഗ്രഹകാരണീബന്ധനം എന്ൻ അദ്ദേഹത്തിന്റെ മഹാഗ്രന്ഥം കഴിഞ്ഞ നൂറ്റാണ്ടിൽ വീണ്ടും കണ്ടെടുക്കപ്പെടുകയുണ്ടായി .മറ്റു ഗ്രന്തങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടാവാം . അവയെല്ലാം കാലത്തിന്റെകുത്തൊഴുക്കിൽ നഷ്ടപ്പെട്ടു പോയതാവാം .

ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല .അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ ,തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരുന്നത് .ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല ,മഹാ ഗണിതജ്ഞരുടെയും ,മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്.

ചൈനയും കേരളവും

പതിനഞ്ചാം ശതകത്തിൽ ചൈനീസ് നാവികന്( ചൈനയിലെ ഏറ്റവും മുതിർന്ന അഡ്മിറൽ ) ആയ ഷെങ് ഹി( Zheng He (1371– 1435)fleet admiral and Chief Envoy during China’s Ming dynasty ) നൂറുകണക്കിന് വൻ കപ്പലുകളടങ്ങുന്ന ഒരു നാവിക പടയുമായി പലതവണ ഇവിടം സന്ദർശിച്ചു .കൊല്ലത്തെ ചിന്നക്കട (-ചൈന കട ) യിൽ ഷെങ് ഹി യും അനുചരന്മാരും ഏതാനും നാൾ തങ്ങിയതായും രേഖകളുണ്ട് .തൊട്ടടുത്ത ശ്രീ ലങ്കയിൽ അക്രമം കാണിച്ച ഷെങ് ഹി ഇവിടെ മാന്യനായി പെരുമാറിയത് അക്കാലത്തെ നമ്മുടെ സൈനിക മികവിനെയാണ് സൂചിപ്പിക്കുന്നത് .
ശ്രീ ലങ്കയിൽ കൈയേറ്റക്കാരനായ ഷെങ് ഹി ഇവിടെ കച്ചവടക്കാരനായി .ചീന വല ചീന ,ചട്ടി തുടങ്ങിയവയെല്ലാം ഷെങ് ഹി യുമായുള്ള കച്ചവടം വഴി നമുക്ക് ലഭിച്ചതാണ് .ഗാമയുടെ വരവ് മുതൽ (1498 ) 1947 വരെയുള്ള കാലഘട്ടം നമ്മുടെ ചരിത്രത്തിലെ ഇരുണ്ട യുഗമാണ് .ഈ കാലത്താണ് കേരളം സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമായി മാറിയത് .ടിപ്പുവിന്റെ അധിനിവേശ വംശഹത്യക്കെതിരെ തിരുവിതംകൂർ നടത്തിയ എഐതിഹാസികമായ ചെറുത്തുനിൽപ്പും നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവിനെതിരെ നേടിയ വൻ വിജയവും ഇരുണ്ട യുഗത്തിലെ അഭിമാനാർഹമായ നേട്ടം ആണ്.

ഈ നാട് ഭ്രാന്താലയമായത് വിദേശ ശക്തികളുടെ കടന്നുകയറ്റവും അതിനോടനുബന്ധിച്ചുള്ള സാമൂഹ്യ തകർച്ചയിലൂടെയും ആണ്. നമ്മുടെ നാട് എത്ര സമ്പത്സമൃദ്ധം ആയിരുന്നു വെന്നും എങ്ങിനെയാണ് അതൊരു ഭ്രാന്താലയമായി മാറിയതെന്നും നാം കൂലങ്കഷമായ അവലോകങ്ങളിലൂടെ കണ്ടെത്തി അവതരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ചിത്രം : ഭാരതയുദ്ധം മാതാപിതാക്കൾക്ക് വിവരിക്കുന്ന ശ്രീ കൃഷ്ണൻ ,,ഇൻഡ്യാ സമുദ്ര തീരത്തെ വ്യാപാര കേന്ദ്രങ്ങൾ –പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ –പ്രകാരം .മൂന്ന് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ കേരള തീരത്തായിരുന്നു . ചിത്രം കടപ്പാട്: വിക്കിമീഡിയ കോമൺസ്

This is an original post no part of it is copied from any other post or article-rishidas s