ജോജിയിലെ തെറി കുട്ടികൾ കേൾക്കുമെന്നോ ? നിങ്ങളെത്ര കാലം കുഞ്ഞുങ്ങളെ പൊതിഞ്ഞുകൊണ്ട് നടക്കും ?

69

Ancy M Kurian

ഈയടുത്തു വന്ന മലയാള സിനിമകളിൽ , ….. പോലുള്ള തെറികൾ ഉള്ളതിനാൽ കുട്ടികളോടൊത്ത് കാണാൻ വയ്യെന്ന ചില പരാതികൾ കണ്ടു. അവരോടു ചോദിക്കാനുള്ളത്, നിങ്ങളെത്ര കാലം ഈ കുഞ്ഞുങ്ങളെയിങ്ങനെ പൊതിഞ്ഞു കൊണ്ടുനടക്കുമെന്നാണ്. വീട്ടിലെ നാലുചുവരുകൾ വിട്ടു അവരീ സമൂഹത്തിലേക്ക് തന്നെയല്ലേ ഇറങ്ങിച്ചെല്ലാനുള്ളത്. വാക്കുകളല്ല ശരിക്കും പ്രശ്നം. വിളിക്കുന്ന രീതിയാണ്. കൗമാരക്കാരായ പെൺകുട്ടികളെ, ലൈംഗിക ചുവയോടെ, “മോളെ ..” എന്ന് പ്രത്യേക രീതിയിൽ വിളിക്കുന്ന മധ്യവയസ്കരായ ചില ആളുകളുണ്ട്.

സ്‌കൂൾ അവസാന കാലത്തും കോളേജ് ആദ്യകാലത്തും ഏറ്റവും കൂടുതൽ വെറുത്തിരുന്നത്, അകന്ന ബന്ധുവിൽ നിന്നും, ബസിലെ ചില മുതിർന്ന ആളുകളിൽ നിന്നും കേട്ടിരുന്ന, ഈ മോളെ വിളിയായിരുന്നു. ഇന്നും ഇഷ്ടമില്ലാത്ത ഒരു വാക്കു എന്തോ കൊണ്ടോ ഇതാണ്.
“വണ്ടിയെടുക്കെടാ ജോജി ..” എന്നല്ല, “വണ്ടിയെടുക്കെടാ മൈ#$ ..” എന്ന് തന്നെയാണ് അന്നേരത്തെ വൈകാരികതയെ സൂചിപ്പിക്കാനുള്ള ഏറ്റവും ആപ്റ്റായ പദം. മൈ#$ എന്നത് എന്താണെന്ന് കുട്ടികൾ ചോദിക്കുമ്പോൾ, ഓരോ സന്ദർഭങ്ങളിലെ ആശയം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണെന്നും , കൂടുതൽ അടുപ്പമുള്ളവർ തമ്മിലും അത് ഉപയോഗിക്കുമെന്നും, അതിന്റെ വാക്കർത്ഥം കക്ഷത്തിലും മറ്റു ഭാഗങ്ങളിലും വളരുന്ന മുടിയാണെന്നും കുട്ടികളോട് പറഞ്ഞു കൊടുത്താൽ പ്രശ്നം തീർന്നു. നാളെ അവർ സമൂഹത്തിൽ ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ പകച്ചും പേടിച്ചും നിൽക്കേണ്ട അവസ്ഥയും ഒഴിവായി കിട്ടും.

ഈ സിനിമകൾ നമ്മൾ അറിയേണ്ട ചില സാമൂഹിക പരിസരങ്ങളെക്കൂടെ പരസ്യപ്പെടുത്തുന്നു എന്ന നിലയ്ക്ക് അഭിനന്ദനാർഹമാണ് എന്നാണു തോന്നിയത്. കുട്ടികളെ പഠിപ്പിക്കേണ്ടത്, വാക്കുകളേക്കാൾ, അതുപയോഗിക്കുന്ന രീതിയും അതിനു പിന്നിലെ ഉദ്ദേശ്യവും മനസ്സിലാക്കാനുള്ള പരിശീലനമാണ്. അതിപ്പോ ബസിലിരുന്നു പ്രത്യേക ഭാവത്തിൽ മോളെ/മോനെ ന്നു കുശുകുശുക്കുന്ന മധ്യവയസ്കരായാലും ശരി, മതപഠന കേന്ദ്രങ്ങളിലും ആരാധനാലങ്ങളിലും ഇരുന്നു താളത്തിൽ വിളിക്കുന്ന പുരോഹിതന്മാരായാലും ശരി. നമ്മുടെ ഡിക്ഷണറി മനഃസ്സാക്ഷി ആയിരിക്കട്ടെ.