പല്ലുള്ള യോനിയും ജന്മിയും: കെട്ടുകഥകളുടെ ചരിത്രം
മധ്യ ഇന്ത്യയില്‍ പണ്ട് *ബൈഗ വിഭാഗത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. തന്റെ വിവാഹ നാളുകള്‍ സ്വപ്നം കണ്ടാണ് അവള് ജീവിച്ചിരുന്നത്. നിരവധി പേര് അവളെ പ്രേമിച്ചിരുന്നെങ്കിലും ആരും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. കാരണം യോനിയില്‍ മൂന്നു പല്ലുകളുള്ള പെണ്‍കുട്ടിയെ ആരാണ് ധൈര്യത്തോടെ വിവാഹം ചെയ്യുക ?അവള് ആരെങ്കിലുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാളുടെ ലിംഗം മൂന്നു കഷ്ണമായി മുറിയും. വളര്‍ന്നു വലുതായപ്പോള്‍ ഒരു ജന്മി അവളെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു. പക്ഷെ, തന്റെ നാലു സേവകരുമായി ആദ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നതായിരുന്നു ജന്മിയുടെ നിബന്ധന. ഇത് യുവതി അംഗീകരിച്ചു.
തുടര്‍ന്ന് ജന്മി ഒരു ബ്രാഹ്മണനായ സേവകനെ അയച്ചു. ലിംഗം മുറിഞ്ഞ ബ്രാഹ്മണന് ഓടി രക്ഷപ്പെട്ടു. ശേഷം ഒരു ഗോണ്ട് വിഭാഗക്കാരനായ സേവകനെ അയച്ചു. താന്‍ ദരിദ്രനാണെന്നും തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ നാണം മൂലം ഒന്നും ചെയ്യാനാവില്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഒരു തുണികൊണ്ട് യുവതിയുടെ മുഖം മറച്ചു.ഉടന്‍ തന്നെ ബൈഗ, അഗാര് വിഭാഗങ്ങളില്‍ പെട്ട രണ്ടു സേവകര്‍ മുറിയിലേക്ക് കയറി. ഗോണ്ട് സേവകന് യുവതിയെ ബലമായി പിടിച്ചുവെച്ചു. ബൈഗ സേവകന് യുവതിയുടെ യോനിയില്‍ കട്ടിയുള്ള കല്ല് കടത്തി ഒരു പല്ല് കൊഴിച്ചു. അഗാരിയ നാവ് കടത്തി മറ്റു രണ്ടു പല്ലുകളും മാറ്റി. വേദന കൊണ്ട് കരഞ്ഞ യുവതിയെ സേവകര്‍ ആശ്വസിപ്പിച്ചു. സ്ഥലത്തെത്തിയ ജന്മി വിവാഹം ഉടന്‍ നടക്കുമെന്നും അറിയിച്ചു.മിത്ത്സ് ഓഫ് മിഡില്‍ ഇന്ത്യ എന്ന പേരില്‍ വെറ്യര്‍ എല്വിന് എഴുതിയ പുസ്തകത്തിലെ വജൈന ഡെന്റാറ്റ എന്ന അധ്യായത്തിലെ 11ാമത്തെ കഥയാണിത്.
സ്ത്രീകളുടെ യോനിയില്‍ പല്ലുകളുണ്ടെന്ന് ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ വിശ്വസിച്ചിരുന്നു. പലരും ഇപ്പോഴും വിശ്വസിക്കുന്നു.
‘ബോറാത്ത് സബ്സീക്വന്റ് മൂവി ഫിലിം’ (2020) എന്ന പ്രശസ്തമായ സിനിമയിലെ നായികയായ ടൂട്ടാറിന് മറ്റൊരു വിശ്വാസമാണുണ്ടായിരുന്നത്. സ്വയംഭോഗം ചെയ്യുന്ന പെണ്‍കുട്ടികളെ സ്വന്തം യോനി വിഴുങ്ങുമെന്നായിരുന്നു ടൂട്ടാറിന്റെ വിശ്വാസം. അത് പഠിപ്പിച്ചതാകട്ടെ കസാക്കിസ്താന്‍ സര്‍ക്കാരും ആ നാട്ടിലെ പുരുഷാധിപത്യ സമൂഹവും.യോനിയില്‍ പല്ലുകളുണ്ടെന്നും ധാര്‍മിക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകടം വരുമെന്നും വിശ്വസിക്കുന്നവര്‍ ഏറെയാണ്. അപരിചിതരായ സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവരെയും ബലാല്‍സംഗം ചെയ്യുന്നവരെയും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയും ഈ പല്ലുകള്‍ ആക്രമിക്കുമെന്ന തരത്തിലുള്ള വിശ്വാസങ്ങളാണ് ഇവ.ദക്ഷിണാഫിക്രയിലെ ചാക്കോ, ഗയാന ട്രൈബുകള്ക്കിടയിലെ വിശ്വാസം മറ്റൊന്നാണ്. ലോകത്തിലെ ആദ്യ പുരുഷന് തന്റെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ലായിരുന്നു. കാരണം യോനിയിലെ പല്ല് തന്നെ. അവസാനം നായകന് യോനിയിലെ പല്ലുകള്‍ ബലം പ്രയോഗിച്ച് അടിച്ചു കൊഴിച്ചു കളയും. അങ്ങനെയാണത്രെ ഭൂമിയിലെ യോനിയിലെ പല്ലുകള്‍ ഇല്ലാതായതും ലൈംഗികവേഴ്ച്ച സുഗമമായി നടക്കാന്‍ വഴിയൊരുങ്ങിയതും.
വാപ്സിഷിയാന, തരുമ ഇന്ത്യക്കാരുടെ വിശ്വാസപ്രകാരം ആദ്യ സ്ത്രീയുടെ യോനിയില്‍ മാംസഭോജിയായ ഒരു മല്സ്യമുണ്ടായിരുന്നു. അതിനെ മാറ്റിയ ശേഷമാണ് ലൈംഗികവേഴ്ച്ച ലോകത്തുണ്ടാവുന്നത്രെ.ഷണ്ഡനാക്കപ്പെടുന്ന ഭീതിയില്‍ നിന്നും സ്ത്രീകളോടുള്ള ഭയത്തില്‍ നിന്നും ഉറവെടുത്ത വിശ്വാസങ്ങളാണ് ഇവയെന്നാണ് ലോകപ്രശസ്ത മനശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ഡ് ഫ്രോയിഡ് നിരീക്ഷിക്കുന്നു.
പുരാതന ഗ്രീസ്, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക, ജപ്പാന്, ന്യൂസിലാന്‍ഡ്, ചിലി, റഷ്യ, ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കഥകളുണ്ട്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ന്യായം ഇത്തരം കഥകള്‍ സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വേണ്ടി തയ്യാറാക്കിയതാണെന്ന് ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ സീനിയര്‍ ലെക്ച്ചറര്‍ ആയ എമ്മ റീസ് പറയുന്നു. ബലാല്‍സംഗത്തെയും നിര്‍ബന്ധിത വിവാഹത്തെയും കൊലപാതകത്തെയും ന്യായീകരിക്കാനാണ് ഇത്തരം കഥകള്‍ രൂപീകരിച്ചതെന്നാണ് എമ്മയുടെ അഭിപ്രായം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം ഭാഷയിലും സാഹിത്യത്തിലും ആഴത്തില്‍ അടങ്ങിയിരിക്കുന്നു.
*മധ്യഇന്ത്യയിലെ ഒരു സാമൂഹിക വിഭാഗമാണ് ബൈഗകള്‍.