Entertainment
മോഹൻലാൽ എന്ന നടൻ സ്ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

മോഹൻലാൽ ജീവിച്ചിരിപ്പുണ്ട് – അയാൾ 12th മാൻ അല്ല, അയാൾ ഇന്നും ഒന്നാമരിൽ ഒരാൾ ആണ്.
Aneesh Nirmalan
12th മാൻ എന്ന സിനിമയിൽ നിങ്ങൾ തേടുന്ന പുതുമകൾ ഒന്നുമില്ല. വിദേശസിനിമകൾ കാണുന്നവർക്ക് ഒരിക്കലും കണ്ടെത്താനും കഴിയില്ല. വളരെ സാധാരണ ഒരു കഥയാണ് ഇതിൽ പറയുന്നത്. ക്രൈം ത്രില്ലറുകൾ വായിച്ച് വളർന്ന തലമുറയ്ക്ക്, വിദേശ ത്രില്ലർ സിനിമകൾ കണ്ട് വളർന്നവർക്ക് ഒരിക്കലും ഗംഭീരമെന്ന് പറയാൻ കഴിയാത്ത ഒരു സിനിമ. പക്ഷേ, ഇത് രണ്ടും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ എനിക്ക് പൂർണ്ണതൃപ്തി ലഭിച്ച ഒരു സിനിമയാണ് ഈ ചന്ദ്രശേഖർ പന്ത്രണ്ടാമന്റെ കഥ. മലയാളത്തിലെ investigation genre എടുത്താൽ ഈ പന്ത്രണ്ടാമനും, കൂടെയുള്ള പതിനൊന്ന് പേർക്കുമുള്ള സ്ഥാനം മുൻപന്തിയിൽ ഉണ്ടാകുമെന്ന് തീർച്ച.
വളരെ വ്യക്തമായി പറഞ്ഞ് പോകുന്ന investigation ത്രില്ലർ എന്ന് ഈ സിനിമയെ കുറിച്ച് പറയാം. ഒരു പക്ഷേ ഇത് കണ്ട് കഴിയുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന് നിങ്ങൾ കരുതുന്നവരെ സംശയത്തോടെ നോക്കാം. നിങ്ങളുടെ കൂടെ താമസിക്കുന്ന നിങ്ങളുടെ മറുപാതിയെ സംശയിച്ചു തുടങ്ങാം. വിശ്വാസം അതല്ലേ എല്ലാം എന്ന തത്ത്വത്തെ മറന്ന് തുടങ്ങാം. പക്ഷേ, ഇത് നന്നായി ചിന്തിച്ച് എടുത്ത സിനിമ എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പറയാൻ കഴിയും. ഓരോ കഥാപാത്രങ്ങളെയും വ്യക്തമായി എഴുതി വെച്ച സിനിമയാണ് ഈ പന്ത്രണ്ടാമന്റെ കഥ. (ഒരു പ്രത്യേക സാഹചര്യത്തിൽ ലിയോണ സൈജുവിന്റെ കൈ പിടിച്ച് കൊണ്ട് ഓടിയത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല എന്നൊരു കുറ്റം കണ്ടെത്താൻ കഴിഞ്ഞു.)
മോഹൻലാൽ എന്ന നടൻ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നതാണ് ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ തോന്നിയ ഒരു സന്തോഷം. അതിലും മുകളിൽ നിന്നത് Chandhunadh G എന്ന എന്റെ സഹോദരൻ നാളെ മലയാളസിനിമ ശ്രദ്ധിക്കാൻ പോകുന്ന ഒരു നടൻ ആണെന്ന് അടിവരയിടുന്ന ഒരു സിനിമയാണ് ഇതെന്ന് പറയാൻ കഴിയുന്നു എന്നുള്ളതാണ്. മോഹൻലാൽ എന്ന നടൻ സ്ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു എന്നത് അയാളിലെ നടന്റെ വലിയൊരു വിജയമാണ്. അവസരങ്ങൾ വേണ്ട രീതിയിൽ കിട്ടിയാൽ അയാൾക്ക് മികച്ച വേഷങ്ങൾ തീർച്ചയായും ചെയ്യാൻ കഴിയും.
സംഭാഷണങ്ങളിലെ ചില സമയങ്ങളിലുള്ള നാടകീയത ഇടക്ക് അലോസരപ്പെടുത്തുണ്ടെങ്കിലും, സിനിമ തുടങ്ങി അവസാനം വരെ നിങ്ങൾക്ക് ആ സിനിമ കണ്ട് കൊണ്ടിരിക്കാൻ തോന്നും എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയം. വലിയൊരു താരനിരയുള്ള ഈ സിനിമയിൽ എല്ലാവർക്കും അർഹിച്ച പ്രാധാന്യം കൊടുത്ത ജിത്തു ജോസഫിന് വലിയൊരു കയ്യടി. ചിലരുടെ അഭിനയങ്ങളിൽ മുൻപ് പറഞ്ഞ നാടകീയ സംഭാഷണങ്ങൾ ഉണ്ടാക്കിയ അലോസരത മാറ്റി നിർത്തിയാൽ ഈ പന്ത്രണ്ടാമനെ നിങ്ങൾ സ്നേഹക്കുമെന്ന് ഉറപ്പാണ്.
My Rating: 4/5
812 total views, 4 views today