തകഴിയുടെ ചെമ്മീൻ – ഒരു പുനർചിന്തനം.
അനീഷ് നിർമ്മലൻ
രണ്ട് മാസത്തോളം ദിവസത്തിന്റെ നല്ലൊരു ഭാഗം ചെമ്മീനിലെ പരീക്കുട്ടിക്കൊപ്പം ആണ് ചിലവഴിച്ചത്. ആദ്യം തോന്നിയ സംശയം തകഴി എന്ത് കൊണ്ട് ഈ കൃതിക്ക് “ചെമ്മീൻ” എന്ന് പേരിട്ടു എന്നതാണ്. ഈ സംസാരസാഗരത്തിലെ തിരമാലകളിൽ പെട്ട് ഉഴലുന്ന മനുഷ്യർ എന്ന ചെറുമീനുകളുടെ കഥ കടലിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥക്ക് മറ്റെന്ത് പേരാണ് കൊടുക്കാൻ കഴിയുക. ഒരേ സമയം തന്നെ വിശ്വാസവും, രാഷ്ട്രീയവും സമന്വയിപ്പിച്ച് പറഞ്ഞ ആ കഥക്ക് ചേരുന്ന പേരാണ് അത് എന്ന് പിന്നെ പിന്നെ തെളിഞ്ഞു വന്നു. “അരയത്തിപെണ്ണ് പിഴച്ച് പോയി, അവനെ കടലമ്മ കൊണ്ട് പോയി” എന്ന വിശ്വാസം തകഴിയെ പോലൊരു സോഷ്യലിസ്റ്റ് അരക്കിട്ടുറപ്പിക്കാൻ ഒരു സിനിമയിലൂടെ എന്തിന് ശ്രമിച്ചു എന്നതായി അടുത്ത ചിന്ത. പരീക്കുട്ടിയുടെ വേഷം അഴിച്ച് വെച്ചതിന് ശേഷം ആ സിനിമ വീണ്ടും പുതിയൊരു കണ്ണിലൂടെ കാണാൻ ശ്രമിച്ചു. അപ്പോഴാണ് തകഴി എന്ന ജീനിയസ് പറയാതെ പറഞ്ഞു വെച്ച പലതും ശ്രദ്ധയിൽ പെട്ടത്. ചിലപ്പോൾ ഇത് ശരിയാകണമെന്നില്ല. തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചിടണമെന്ന് തോന്നി.
തിരമാലകൾ പോലെ തന്നെയാണ് മനുഷ്യജീവിതങ്ങൾ. ഉയർച്ചയും, താഴ്ച്ചയും ജീവിതത്തിൽ ജനനവും, മരണവും പോലെയാണ്. അത് തുടർന്ന് കൊണ്ടേയിരിക്കും. ഇവിടെ കറുത്തമ്മയുടെ പരിശുദ്ധിയെയാണ് പലരും ശ്രദ്ധിക്കുന്നതെങ്കിലും അത് tip of the iceberg മാത്രമാണ്. ശരിക്കും കഥ ആരംഭിക്കുന്നത് കറുത്തമ്മയുടെയും, പരീക്കുട്ടിയുടെയും പൊട്ടിച്ചിരികളിലൂടെയാണ്. അവർക്കിടയിൽ പ്രണയവും, ആകർഷണവും, പിന്നെ ഒന്നിക്കാൻ സമ്മതിക്കാത്ത സാമൂഹികരീതി വരച്ചിടുന്ന ലക്ഷ്മണരേഖയുമുണ്ട്. ഇവിടെ ചെമ്പൻകുഞ്ഞിന്റെ പണത്തോടുള്ള ആർത്തിയേക്കാളും, കറുത്തമ്മയുടെ പരിശുദ്ധിയേക്കാളും വലിയ വില്ലൻ എന്ന് പറയുന്നത് സമൂഹമാണ്.

കടലിൽ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന മീനുകളെ വിശപ്പടക്കാനായി പിടുക്കുന്നവരാണ് മീൻപിടിത്തക്കാർ. അതിനപ്പുറം സ്വന്തം സ്വാർത്ഥതകൾക്കായി അത് ഉപയോഗിച്ച് തുടങ്ങുന്നിടത്ത് പ്രകൃതി പ്രതികരിക്കും. തീണ്ടാരിയായ കടലിൽ മീൻ പിടിക്കാൻ പോകാൻ മടിയില്ലാത്ത, പൈസ വരുമ്പോൾ ഒരു ചെറുമീൻ എടുക്കാൻ മകളെ പോലും സമ്മതിക്കാത്ത, സ്വന്തം കാര്യലാഭത്തിനായി മകളോടുള്ള അന്യസമുദായക്കാരന്റെ പ്രണയത്തെ പോലും കണ്ടില്ലെന്ന് നടിച്ച് അയാളിൽ നിന്ന് പണം വസൂലാക്കുന്ന, എന്നിട്ട് അയാളെ ചതിക്കുന്ന ചെമ്പൻകുഞ്ഞ് ദുരയുടെ നേർരൂപമാണ്. അത് അയാളെ അനിവാര്യമായ ഏകാന്തതയിലേക്കും, ഭ്രാന്തിലേക്കും എത്തിക്കുന്നു. അത്യാർത്ഥി മനുഷ്യനെ നാശത്തിലേക്ക് നയിക്കും എന്ന ഗീതാവചനത്തിന് ഇവിടെ വലിയ പ്രസക്തിയുണ്ട്. അത് വരെ പാലിക്കപ്പെട്ട എല്ലാ ആചാരങ്ങളെയും ലംഘിച്ചത് കൊണ്ടാകണമെന്നില്ല ചെമ്പൻകുഞ്ഞിന് ആ ഗതി വന്നത്. അത് അയാളുടെ ആർത്തി പിടിച്ച മനസ്സിന് ലഭിച്ച അനിവാര്യമായ ശിക്ഷ മാത്രമാണ്. മറ്റൊരുവന്റെ മുതലിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന മനുഷ്യന് കിട്ടുന്ന ശിക്ഷ.
തന്റെ കർമ്മം കൃത്യതായോട് ചെയ്യുന്ന വ്യക്തിയാണ് പളനി. “എന്നെ നീ കടലമ്മയുടെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകുകയാണോ” എന്ന് ചോദിച്ചും പിടി വിടാതെ കടലിന്റെ മടിത്തട്ടിലേക്ക് പോയ പളനിയുടെ ശരീരം പോലും പിന്നെ ആരും കാണുന്നില്ല. മോക്ഷമാർഗ്ഗം എന്ന ഒരു തത്വത്തെ തകഴി വരച്ചിട്ടു എന്ന് കാണാനാണ് വീണ്ടും കണ്ടപ്പോൾ തോന്നിയത്. ആ രാത്രിയിൽ അയാൾക്ക് കാവലായ നക്ഷത്രം പോലും ആകാശത്ത് നിന്ന് മറഞ്ഞു പോയി.തന്റെ കർമ്മം പൂർത്തികരിക്കാനായി അവസാനനിമിഷം വരെ ശ്രമിക്കുന്നതിനിടയിൽ ആണ് പളനിയുടെ ജീവൻ പോകുന്നത്. അത് വരെ അയാളും കേട്ട് പരിചയിച്ച ആ നാടോടികഥ അയാളുടെ മനസ്സിൽ പോകുന്നിടത്താണ് അയാളുടെ “കറുത്തമ്മ” എന്ന നിലവിളി കേൾക്കുന്നത്.
പരീക്കുട്ടിയും, കറുത്തമ്മയും തമ്മിലുള്ള പ്രണയവും, അതിന്റെ അന്ത്യവും വളരെ സിമ്പോളിക്ക് ആയിട്ടാണ് തോന്നിയത്. പുരുഷനും സ്ത്രീയും, ചന്ദ്രനും, ചന്ദ്രകിരണവും പോലെയാണ്. ഒന്നിൽ നിന്ന് മറ്റൊന്നിന് മോചനമില്ല. മരണത്തിലും ഒന്നിച്ച് കൈകോർത്ത് യാത്ര പറഞ്ഞ അവർ അതിന്റെ പ്രതീകമാണ്. ഓർമ്മ വെച്ച പ്രായം മുതൽ സ്നേഹിച്ച, എന്നാൽ സമൂഹം സൃഷ്ടിച്ച മതിലുകൾക്ക് അപ്പുറവുമിപ്പുറവും നിന്ന നിസ്സഹായരായ രണ്ട് പേർ ആ മതിലുകൾ തകർത്ത് ഒന്നിച്ചപ്പോൾ അവിടെ പൂർണ്ണതയാണ് സംഭവിച്ചത്. അതിനപ്പുറം പിന്നെ മറ്റെന്താണ്? പക്ഷേ, പിറ്റേ ദിവസം കടപ്പുറത്ത് അടിഞ്ഞ സ്രാവിനെയും, ഇവരുടെ ശവശരീരങ്ങളും കാണുമ്പോൾ സമൂഹം അത് വരെ അവർ വിശ്വസിച്ച ആ തിയറി സത്യമാണെന്ന് ഉറപ്പിക്കും. ഇവിടെ തകഴി ഒരു ചോദ്യം അറിയുന്നുണ്ട്. ഇവിടെ യഥാർത്ഥ വില്ലൻ എന്ന് പറയുന്നത് നിങ്ങൾ തന്നെയല്ലേയെന്ന്.
മതത്തിന്റെയും, അന്ധവിശ്വാസങ്ങളുടെയും വേലിക്കെട്ടുകൾക്കുള്ളിൽ തളക്കപ്പെട്ട കറുത്തമ്മമാർ ഒരുപാടുണ്ട്. സ്നേഹം ഉള്ളിലുണ്ടെങ്കിലും സമൂഹം എന്ത് കരുതുമെന്ന് വിചാരിക്കുന്ന ഒരു ഭർത്താവിനോടും (പല ഘട്ടങ്ങളിലും അവൾ അയാളെ സ്നേഹിച്ച് തുടങ്ങുമ്പോഴും ചുറ്റുപാടിലുള്ളവരുടെ വാക്കുകൾ കേട്ട് അത് വരെ പരിശുദ്ധി വിട്ട് കളയാത്ത അവളെ അയാൾ സംശയിക്കുന്നുണ്ട്. സ്വന്തം അമ്മയുടെ മരണം അറിഞ്ഞിട്ട് പോലും അവസാനമായി അവരെ ഒന്ന് കാണാൻ പോലും പളനിയോ, അവളുടെ തുറക്കാരോ, അച്ഛനോ അനുവദിക്കുന്നില്ല.), സ്വന്തം കാര്യസാദ്ധ്യം മാത്രം ചിന്തിച്ച് ഒരു ബന്ധങ്ങൾക്കും വില കൊടുക്കാത്ത അച്ഛനോടും, സ്വന്തം ആഗ്രഹങ്ങളെ കുഴിച്ച് മൂടാൻ ആചാരങ്ങളുടേയും, മതത്തിന്റെയും പേരിൽ നിർബന്ധിക്കുന്ന സമൂഹത്തിനോടും ഒക്കെയുള്ള ഒരു സമരമായും , അല്ലെങ്കിൽ പ്രതിഷേധമായുമൊക്കെ കറുത്തമ്മയുടെ പ്രവർത്തിയെ കാണാൻ കഴിയും. അതിന്റെ കൂടെ മനസ്സിലെ ഉൽക്കടമായ പ്രണയം കൂടെ ചേർന്നപ്പോൾ അതിന്റെ പരിണിതഫലം എന്ന് തന്നെ വേണം തകഴിയുടെ ആ ക്ലൈമാക്സിനെ കാണാൻ എന്നാണ് എന്റെ വിവക്ഷ. ഇവിടെ കറുത്തമ്മ അടിച്ചമർത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെ പ്രതിനിധി തന്നെയാണ്.
പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു പൈങ്കിളി നോവൽ അല്ലെങ്കിൽ സിനിമ എന്ന് തോന്നുന്ന “ചെമ്മീൻ” ഒരു ക്ലാസ്സിക്ക് ആകുന്നതും അത് കൊണ്ട് തന്നെയാണ്. മലയാളത്തിന് ലഭിച്ച ഒരു ഷേക്ക്സ്പീരിയൻ ക്ലാസ്സിക്ക് ട്രാജഡി എന്ന് നമ്മുക്ക് ഈ തകഴിയൻ സൃഷ്ടിയെ കുറിച്ച് പറയാം.
(പരീക്കുട്ടിയുടെ വേഷം അഴിച്ച് വെച്ചിട്ടും എന്തോ ഒരു അലട്ടൽ ഉണ്ടായിരുന്നു. മനസ്സിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങളും എന്നെ ആ കടപ്പുറത്ത് തന്നെ കുറച്ച് ദിവസം നിർത്തി. ഇപ്പോൾ ഒരു സുഖമുണ്ട്. ഇനി ആ വേഷം അഴിച്ച് വെച്ച് സുഖമായി ഉറങ്ങാം. പരീക്കുട്ടിമാരുടേയും, കറുത്തമ്മമാരുടെയും പ്രണയത്തിന് ഒരു tribute ആയി, ഈ സംസാരസാഗരത്തിലെ തിരകളിൽപ്പെട്ട് നീങ്ങുന്ന ഒരു ചെമ്മീൻ ആയ എന്റെ വക ഈ കുറിപ്പ് ഇരിക്കട്ടെ.)