ഡോക്ടർ എബ്രഹാം ജോസഫ് എന്ന ക്വിസ് മാസ്റ്ററും വിലങ്ങിടപ്പെട്ട സിനിമാമോഹവും

0
50


Aneesh Nirmalan

ഡോക്ടർ എബ്രഹാം ജോസഫ് കേരളത്തിലെ അറിയപ്പെടുന്ന ഒരു ക്വിസ്സ് മാസ്റ്റർ ആണ്. എ ജെ എന്ന പേരിൽ ആയിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും അധികം ക്വിസ്സുകൾ നടത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്രാൻഡ്മാസ്റ്റർ ക്വിസ്സിന്റെ ക്വിസ്സ്മാസ്റ്റർ, കെ ആർ എൽ ക്വിസ്റ്റിന്റെ ഒരു കാലത്തെ റെഗുലർ ക്വിസ്സ്മാസ്റ്റർ എന്ന ഖ്യാതിയുള്ള ഇദ്ദേഹം ദൂരദർശനിലും പരിപാടികൾ ചെയ്തിട്ടുണ്ട് എന്നാണ് കുട്ടിക്കാല ഓർമ്മ. എൺപതുകളിലെ ബ്രെയിൻ ഓഫ് കേരള ക്വിസ്സിലെ വിജയി ആയിരുന്ന ഇദ്ദേഹം മാർ ഇവാനിയോസിലെ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു.

ഇതൊക്കെ ഇപ്പൊ സിനിമ ഗ്രൂപ്പിൽ എഴുന്നള്ളിക്കുന്നതെന്തിനാ എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ അൻപതുകളിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു സിനിമാമോഹവുമായി നടന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ചെറിയൊരു പോക്ക് നടത്തണം. ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലൂടെ ആണ് ജഗതി ശ്രീകുമാർ എന്ന നടൻ ബാലതാരമായി സിനിമയിൽ എത്തുന്നത്. 1957ൽ ഇറങ്ങിയ ആ സിനിമയിൽ വിക്രമൻ എന്ന കഥാപാത്രത്തിന്റെ ബാല്യകാലം ആയിരുന്നു ജഗതി ശ്രീകുമാർ അവതരിപ്പിച്ചത്. അതിൽ വലതുതായ വിക്രമന്റെ വേഷത്തിലൂടെയായിരുന്നു ഞാൻ മേൽപ്പറഞ്ഞ ചെറുപ്പക്കാരന്റെ സിനിമയിലേക്കുള്ള പ്രവേശം. അത് കഴിഞ്ഞു അൻപത്തെട്ടിൽ മുട്ടത്തു വർക്കി – പി സുബ്രമണ്യം ടീമിന്റെ മറിയക്കുട്ടിയിൽ ചാക്കോ എന്ന കഥാപാത്രവും അദ്ദേഹം ചെയ്തു (ഫോട്ടോ ആ സിനിമയിലേത് ആണ്). പിന്നെ ഒരു പോലീസ് റോൾ ഒരു സിനിമയിൽ അദ്ദേഹം ചെയ്തെങ്കിലും സെൻസറിന്റെ കത്തിക്ക് ഇരയായി ആ വേഷം തിരശീലയിൽ വന്നില്ല.

ഇത്രയും ആയപ്പോഴേക്കും വിദ്യാസമ്പന്നനായ പുത്രന്റെ സിനിമാമോഹങ്ങൾക്കു വീട്ടുക്കാർ വിലങ്ങിട്ടു. പിന്നെ അദ്ദേഹം അഭിനയിച്ചിട്ടില്ല എന്നാണ് അറിവ്. അദ്ദേഹത്തിന്റെ പേര് എബ്രഹാം ജോസഫ്. ആ നടനമോഹിയുടെ മകനാണ് ഞാൻ മേൽപ്പറഞ്ഞ എബ്രഹാം ജോസഫ് എന്ന പ്രശസ്തനായ ക്വിസ്സ് മാസ്റ്റർ.