മോഹൻലാലിനെയും, മമ്മൂട്ടിയെയും ഒരുമിപ്പിച്ച പന്ത്രണ്ട് സിനിമകൾ

39

Aneesh Nirmalan

മലയാളസിനിമയുടെ മുഖഛായ മാറ്റിയ സംവിധായകൻ

മലയാളസിനിമയിലെ എണ്ണം പറഞ്ഞ സൂപ്പർഹിറ്റുകളുടെ സംവിധായകൻ ആരാണെന്ന് ചോദിച്ചാൽ അതിന് മിക്കവാറും ആളുകൾ പറയുന്ന ഒരുത്തരം ആയിരിക്കും ഐ വി ശശി. വലിയ മേന്മ അവകാശപ്പെടാൻ ഇല്ലാത്ത കോമഡി സിനിമകളും, കുടുംബചിത്രങ്ങളും, അരയും തലയും ഇല്ലാത്ത ഡിറ്റക്റ്റീവ് സ്റ്റോറികളും നിറഞ്ഞു നിൽക്കുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള പ്രവേശം. സിനിമയുടെ ഭൂമികയും, രീതികളും ഒക്കെ മാറ്റുന്നതിൽ ഇദ്ദേഹത്തിന്റെ സിനിമകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മമ്മൂട്ടി -മോഹൻലാൽ-സീമ എന്നിവരെയൊക്കെ താരപദവിയിലേക്ക് എത്തിക്കുന്നതിലും, സഹനടന്മാരിൽ പലർക്കും കാമ്പുള്ള റോളുകൾ കൊടുക്കുന്നതിലും ഒക്കെ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച തിരക്കഥകൾക്ക് അതിന് ചേർന്ന രംഗഭാഷ നിർവഹിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതായിരുന്നു. എം ടി വാസുദേവൻ നായർ, പി പദ്മരാജൻ, ടി ദാമോദരൻ, എ കെ ലോഹിതദാസ് തുടങ്ങി ഒരുപാട് മികച്ച എഴുത്തുക്കാരുടെ തിരക്കഥകൾക്ക് ഇദ്ദേഹം ദൃശ്യഭാഷ നൽകി.

ഐ വി ശശി സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യചിത്രമായിരുന്നു ഉത്സവം. മികച്ച വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കെ പി ഉമ്മറിനെ ആയിരുന്നു ശശി അതിൽ നായകവേഷത്തിലേക്ക് പരിഗണിച്ചത്. എഴുപത്തിയഞ്ചിൽ പുറത്തിറങ്ങിയ ഈ ഹിറ്റിനു ശേഷം അടുത്ത നാല് വർഷങ്ങളിൽ അദ്ദേഹം സംവിധാനം ചെയ്തത് ഇരുപ്പത്തിയൊൻപതോളം ചിത്രങ്ങൾ ആയിരുന്നു. ഇതിൽ തന്നെ ഇതാ ഇവിടെ വരെ, ആറാട്ട്, അങ്ങാടി, അവളുടെ രാവുകൾ, ഏഴാം കടലിനക്കരെ, മനസ്സാ വാചാ കർമ്മണാ തുടങ്ങിയ വ്യത്യസ്ത ഴോണറിലുള്ള സിനിമകൾ നമ്മുക്ക് കാണാൻ കഴിയും. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമടക്കം നൂറ്റിയമ്പതിൽ അധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. എൺപത് തുടങ്ങി തൊണ്ണൂറു വരെയുള്ള ഒരു ദശാബ്ദം പിന്നെ അദ്ദേഹത്തിന്റെ തേരോട്ടം ആയിരുന്നു എന്ന് പറയാം. എണ്ണം പറഞ്ഞ മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു പിന്നീടങ്ങോട്ട്. അടിയൊഴുക്കുകൾ, അതിരാത്രം, ആവനാഴി, അബ്കാരി തുടങ്ങിയ ചിത്രങ്ങൾക്ക് ഒപ്പം തന്നെ അനുബന്ധവും, ആൾക്കൂട്ടത്തിൽ തനിയെയും, ആരൂഢവും പോലെയുള്ള ചിത്രങ്ങളും അദ്ദേഹം ചെയ്തു. തൃഷ്ണ, ഉയരങ്ങളിൽ പോലെയുള്ള ആന്റിഹീറോ പരിവേഷമുള്ള നായകന്മാരെ അവതരിപ്പിക്കാനും അദ്ദേഹം മടി കാണിച്ചില്ല.

ഈ നാട്, അടിമകൾ ഉടമകൾ പോലെയുള്ള തികഞ്ഞ രാഷ്ട്രീയ ചിത്രങ്ങൾക്ക് ഒപ്പം തന്നെ ഇണ, കാണാമറയത്ത് പോലെയുള്ള സിനിമകളും, മൃഗയ പോലെയുള്ള നായകസങ്കല്പങ്ങളെ തകർത്തെറിഞ്ഞ സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. സംവിധായകന്റെയും-തിരക്കഥാകൃത്തിന്റെയും സിനിമകൾ എന്നതിൽ നിന്ന് മാറി താരാധിപത്യത്തിന്റെ വഴിയിലേക്ക് സിനിമ മാറി തുടങ്ങിയപ്പോഴും ഇൻസ്പെക്ടർ ബൽറാമും, ദേവാസുരവും പോലുള്ള സിനിമകൾ ഒരുക്കി അദ്ദേഹം പ്രദർശനശാലകളെ പൂരപ്പറമ്പുകൾ ആക്കി. പക്ഷെ പിന്നെ അദ്ദേഹത്തിന് ആ ഒരു സൂപ്പർഹിറ്റ് പരിവേഷം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതൊക്കെ തന്നെ ആയാലും ചെറിയ സിനിമകളിൽ നിന്നും വലുതിലേക്ക് ചിന്തിക്കാൻ സിനിമാലോകത്തെ പഠിപ്പിച്ച സംവിധായകൻ എന്ന് ഐ വി ശശിയെ കുറിച്ച് തീർച്ചയായും പറയാൻ കഴിയും. അദ്ദേഹം സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത ഭൂമികകളും വളരെ വ്യത്യസ്തമായിരുന്നു. മൃഗയയിലെ മലയോരഗ്രാമവും, അങ്ങാടിയിലെ കോഴിക്കോട്ടങ്ങാടിയും, ഏഴാംകടലിനക്കരയിലെ പ്രവാസജീവിതവും, 1921 എന്ന ചരിത്രസിനിമയും, ഇണയിലെ കാടിന്റെ ഭംഗിയും, ദേവാസുരത്തിലെ മാടമ്പി ജീവിതരീതികളും, ഈറ്റയിലെ മുളങ്കാടുകളും, അടിമകൾ ഉടമകളിൽ ഫാക്ടറി ജീവിതവും, ഉയരങ്ങളിലെ ഹൈറേഞ്ചിന്റെ ഭംഗിയും, ഈ നാടിന്റെ രാഷ്ട്രീയപശ്ചാത്തലങ്ങളും ഒക്കെ ഒന്നിനൊന്നു വ്യത്യസ്തത പുലർത്തിയ ഭൂമികകൾ ആയിരുന്നു. ചുമട്ടുതൊഴിലാളിയും, കൂട്ടിക്കൊടുപ്പുക്കാരനും, അലക്കുകാരനും, മീൻക്കാരനും, തോണിക്കാരനും പോലെയുള്ള സാധാരണക്കാരെ ശശി വെള്ളിവെളിച്ചത്തിലൂടെ പ്രിയങ്കരരാക്കി. ഒരു പക്ഷേ മാറുന്ന കേരളത്തിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ പശ്ചാത്തലങ്ങളെ മലയാളിക്ക് സുപരിചിതമാക്കി തന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആണെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

എം ടി യുടെയും, പദ്മരാജന്റെയും, ടി ദാമോദരന്റേയും ഒക്കെ സൂപ്പർഹിറ്റുകളായ കച്ചവടസിനിമകൾ ഒരുക്കിയ സംവിധായകനും ഐ വി ശശി തന്നെയാണ്. രതിയുടെയും, പുരുഷത്വത്തിന്റെയും പ്രതിരൂപങ്ങളായ കഥാപാത്രങ്ങളെയും നമ്മുക്ക് അദ്ദേഹത്തിൻ്റെ സിനിമകളിൽ കാണാൻ കഴിയും. ശ്രീവിദ്യയും, ഷീലയും, ജയഭാരതിയും, സീമയും, മമ്മൂട്ടിയും, സുകുമാരനും, ശുഭയും, സോമനും, രതീഷും, ജയനും, മോഹൻലാലും ഒക്കെ ഈ വേഷങ്ങളിൽ നിറഞ്ഞാടിയപ്പോൾ കുതിരവട്ടം പപ്പു, ശങ്കരാടി, മീന, ബാലൻ കെ നായർ, ടി ജി രവി തുടങ്ങിയ നടീനടന്മാർക്കൊക്കെ ശക്തമായ വേഷങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലൂടെ നൽകി. നാല് സംസ്ഥാന അവാർഡുകളും, ഒരു ദേശീയ അവാർഡും നേടിയ അദ്ദേഹത്തിനെ ജെ സി ഡാനിയൽ അവാർഡും നൽകി സംസ്ഥാനം ആദരിച്ചു. കലാസംവിധാനത്തിനും, സംവിധാനത്തിനും സംസ്ഥാന അവാർഡ് നേടിയ വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. മോഹൻലാലിനെയും, മമ്മൂട്ടിയെയും ഒരുമിപ്പിച്ച പന്ത്രണ്ട് സിനിമകൾ ചെയ്ത സംവിധായകൻ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. മാസ്റ്റർ ഡയറക്ടർ എന്ന് തീർത്തും പറയാവുന്ന ഇരുപ്പം വീട് ശശിധരൻ എന്ന ഐ വി ശശിക്ക് ഒരു സമർപ്പണമായി ഈ കുറിപ്പിരിക്കട്ടെ.