1986 ജൂലൈ മാസവും, മോഹൻലാലിന്റെ റെയ്ഞ്ചും.

Aneesh Nirmalan

36 വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂലൈ മാസം ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടൻ മോഹൻലാൽ ആയിരിക്കും. ഒരു നടന് തുലോം വ്യത്യസ്തമായ രണ്ട് വേഷങ്ങൾ ലഭിക്കുക. അത് രണ്ടും വിജയങ്ങളാകുക. ഇന്നും പ്രേക്ഷകമനസ്സുകളിൽ ആ സിനിമകളിലെ കഥാപാത്രങ്ങൾ മരണമില്ലാതെ നിലനിൽക്കുക എന്ന്‌ പറയുമ്പോൾ മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാൻ കഴിയും. രണ്ട് സിനിമകളിലും മോഹൻലാൽ എന്ന നടനെ കാണുമ്പോൾ ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. പക്ഷേ രണ്ടും, രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ആണെന്നതിൽ തർക്കമൊന്നുമുണ്ടാകില്ല.

1986 ജൂലൈ ആദ്യവാരം പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഭീംസിംഗ് കാ ബേട്ട രാംസിംഗ് എന്ന സേതു കുടിയേറി പാർത്തു. തൊഴിൽരഹിതനായ ഒരു സാധാരണമലയാളിയുടെ പ്രതിരൂപമായ സേതു മലയാളികൾക്ക് വളരെയധികം മനസ്സിലാക്കാൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു. (അതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് അതേ കൊല്ലം തന്നെ ടി പി ബാലഗോപാലനായും മോഹൻലാൽ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിന് അദ്ദേഹത്തിന് തന്റെ ആദ്യസംസ്ഥാന അവാർഡും ലഭിച്ചു.) മായയുടെ സ്നേഹം നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ നിന്നുണ്ടാകുന്ന അയാളുടെ പെരുമാറ്റം, സ്ഥലംമാറ്റം എന്ന്‌ പറഞ്ഞ് പറ്റിച്ച് പോകുന്ന മാധവനും, കുടുംബവും തിരിച്ച് എത്തുമ്പോൾ കള്ളം പറഞ്ഞ് കഴിഞ്ഞ ശേഷമുള്ള അയാളുടെ നോട്ടം, വർഷങ്ങൾക്ക് ശേഷം കണ്ട കാമുകി വിധവയാണെന്ന് അറിയുമ്പോഴുള്ള ഭാവം, കോളനിയിൽ വന്ന് കാണിക്കുന്ന അഭ്യാസപ്രകടനങ്ങൾ, ടോമി മായയോട് മോശമായി പെരുമാറുന്നത് കാണുമ്പോൾ കാണിക്കുന്ന ഹീറോയിസമൊക്കെ മോഹൻലാൽ എന്ന നടൻ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് കണ്ട് നമ്മൾ ഇപ്പോഴും അമ്പരന്ന് പോകാറുണ്ട്. സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ ടീമിന്റെ സിനിമകളിൽ ഇന്നും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന സിനിമകളിൽ മുൻനിരയിൽ തന്നെ ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റിന് സ്ഥാനമുണ്ട്. പ്രിയപ്പെട്ട മോഹൻലാൽ – കാർത്തിക ജോടികൾ ഒന്നിക്കുന്ന വളരെ ചുരുക്കം സിനിമകളിൽ ഒന്നായത് കൊണ്ട് ഇതിനോട് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ട്.

ഗാന്ധിനഗർ ഇറങ്ങി രണ്ടാഴ്ച്ചക്കുള്ളിൽ അയാൾ വീണ്ടും മലയാളികളെ ഞെട്ടിച്ചു. തീയ്യേറ്ററുകളെ പൂരപ്പറമ്പാക്കി അയാൾ സൂപ്പർസ്റ്റാർ പദവിയിലേക്ക് നടന്ന് കയറി ചരിത്രം സൃഷ്‌ടിച്ച സിനിമ. ഒറ്റ നോട്ടത്തിൽ ഫോട്ടോ എടുത്തവനെ കൊണ്ട് ക്യാമററോൾ കീറി കളയിപ്പിക്കുന്ന, 2255 എന്ന ഫോൺ നമ്പറുള്ള, ചതിക്കപ്പെട്ടാൽ തലയെടുക്കാൻ മടിക്കാത്ത, എങ്കിലും ലഭിക്കാതെ പോകുന്ന പ്രണയത്തിന് മുന്നിൽ നിസ്സഹായൻ ആകുന്ന, മന്ത്രിയുടെ വീട്ടിലേക്ക് മെഷീൻ ഗണ്ണുമായി കയറി ചേർന്ന് വെടിയുതിർക്കുന്ന, അവസാനം ആൻസിയുടെ വാക്കുകളിൽ സ്തബ്ധനായി പോലീസ്ക്കാരുടെ വെടിയുണ്ടകൾക്ക് മുന്നിൽ മരിച്ച് വീഴുന്ന, രാജുമോൻ കളിയാക്കി കൊണ്ട് പ്രിൻസ് എന്ന്‌ വിളിക്കുന്ന അധോലോകങ്ങളുടെ രാജകുമാരൻ – വിൻസെന്റ് ഗോമസ്. തമ്പി കണ്ണന്താനാവും, ഡെന്നീസ് ജോസഫും ചേർന്ന് മോഹൻലാലിന് താരപദവി ചാർത്തി കൊടുത്ത സിനിമ എന്ന് രാജാവിന്റെ മകനെ നിസ്സംശയം പറയാം.

അതേ കൊല്ലം തന്നെയിറങ്ങിയ ഇനിയും കുരുക്ഷേത്രം പോലുള്ള ആക്ഷൻ ചിത്രങ്ങൾ മുൻപ് വന്നിട്ടുണ്ടെങ്കിലും ആക്ഷൻ ഹീറോ എന്ന പദവി മോഹൻലാലിന് പ്രേക്ഷകർ ചാർത്തി കൊടുത്തത് ഈ വിൻസെന്റ് ഗോമസിലൂടെ തന്നെയാണ്. അങ്ങനെയൊരു ക്ലൈമാക്സിന് സമ്മതിച്ച മോഹൻലാലിനെക്കാളും, അതെഴുതിയ ഡെന്നിസ് ജോസെഫിനേക്കാളും ഒരു കയ്യടി കൂടുതൽ സംവിധായകൻ എന്നതിലുപരി അതിന്റെ നിർമ്മാതാവ് കൂടിയായ തമ്പി കണ്ണന്താനത്തിന് കൊടുക്കണം .വളരെ നിസ്സഹായനായ, തൊഴിരഹിതനായ, സേതുവിനെയും, പലർക്കും ജോലി നൽകുന്ന, പലരുടെയും ജീവനെടുക്കുന്ന അധോലോകനായകനായ, ഹീറോയിസത്തിന്റെ അർത്ഥതലങ്ങളെ മാറ്റിയെഴുതിയ വിൻസെന്റ് ഗോമസിനെയും സമ്മാനിച്ച ഈ ജൂലൈ മാസത്തിന് നന്ദി.

Leave a Reply
You May Also Like

അമ്മയുടെ മരണ വാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് ദാസൻ വായിക്കുന്ന ഒരു രംഗമുണ്ട്…..

രാഗീത് ആർ ബാലൻ ദാസൻ ❣️ നാടോടിക്കാറ്റ് എന്ന സിനിമ ഓരോ പ്രാവശ്യവും കാണുമ്പോഴും ഏറ്റവും…

“തറ വർത്തമാനം എന്നോട് വേണ്ട, ഭാവനയെ ക്ഷണിച്ചത് എന്റെ തീരുമാനം”

രാജ്യാന്തര ചലച്ചിത്രമേളയിൽ ഭാവനയെ ക്ഷണിച്ചതും മുഖ്യമന്ത്രിക്കൊപ്പം ഭാവന തിരിതെളിച്ചതും ഒക്കെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. തീർച്ചയായും ഭാവനയ്ക്ക്…

മലയാള സിനിമയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി

മലയാള സിനിമയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. മാസ്സ് പോലീസ് വേഷത്തിൽ വീണ്ടും മമ്മുക്ക..…

‘വാതില്‍’ ഇന്നു മുതൽ

വാതില്‍ ഇന്നു മുതൽ. വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…