ഓരോ തവണ കാണുമ്പോഴും റേറ്റിങ് കൂടുതൽ കൊടുക്കാൻ തോന്നുന്ന സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
297 VIEWS

മാതംഗ “ലീല”.

അനീഷ് നിർമലന്റെ പോസ്റ്റ്

ഉണ്ണി ആറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചെറുകഥകളിൽ ഒന്നാണ് ലീല. ഒരുപാട് പേരെ വെച്ച് അന്നൗൺസ്‌ ചെയ്ത് അവസാനം ബിജു മേനോനെ വെച്ച് രഞ്ജിത്ത് 2016-ൽ ഈ സിനിമ തീയേറ്ററുകളിൽ എത്തിച്ചു. വളരെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു സിനിമയാണ് ലീല. സാഹിത്യകൃതിയെ സിനിമയാക്കുമ്പോൾ അത് വളരെ വലിയ ഒരു റിസ്ക് ആണ്. ഇവിടെ ഉണ്ണി തന്നെ അത് തിരക്കഥ ആക്കിയിട്ടും അതിന്റെ സംഭാഷണങ്ങളും, തിരക്കഥയും അത്രയ്ക്ക് ശക്തമായില്ല എന്നൊരു പോരായ്മ ആ സിനിമയിലുണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ ഇത്രയധികം മലയാളിയുടെ പാട്രിയാർക്കൽ ചിന്താഗതികളേയും, ഇരട്ടത്താപ്പിനേയും ചോദ്യം ചെയ്ത ഒരു സിനിമ അധികം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

സി കെ ബിന്ദു എന്ന പ്രിയങ്ക നായർ ചെയ്ത ആ കഥാപാത്രം തൊട്ട്, ലീല എന്ന് വിളിക്കപ്പെടുന്ന പാർവതി നമ്പ്യാർ ചെയ്ത അവസാന കഥാപാത്രം വരെ കുട്ടിയപ്പൻ എന്ന ബിജു മേനോൻ ചെയ്‌ത കഥാപാത്രത്തിന്റെ ചിന്താഗതികളെ ചോദ്യം ചെയ്യുന്നവരും, അയാളുടെ കുറവുകളെ മറച്ച് പിടിക്കാൻ അയാൾ അണിയുന്ന നെറ്റിപ്പട്ടങ്ങളെ പറിച്ച് എറിയുന്നവരുമാണ്. വത്സല മേനോന്റെ ആ റിട്ടയേർഡ് ആയ വേശ്യ കഥാപാത്രം പോലും അവന്റെ പ്രവർത്തികളിലൂടെ അവന് കിട്ടുന്ന ആനന്ദത്തിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നുണ്ട്. നമ്മളുടെ തീരുമാനങ്ങൾ പലതും പ്രകൃതിയുടെ രീതികൾക്ക് എതിരെയാകുമ്പോൾ അതിനോട് പ്രകൃതി എങ്ങനെ റിയാക്ട് ചെയ്യുന്നു എന്നത് ക്ലൈമാക്സിലൂടെ പറയാതെ പറഞ്ഞ് വെക്കുന്നുമുണ്ട്. ഇന്ദ്രൻസ്സും, ബിജു മേനോനും തമ്മിലുള്ള രംഗങ്ങളിൽ പലതിലും ഡാർക്ക്‌ ഹ്യൂമർ ഉപയോഗിച്ച രീതിയും പലയിടത്തും രസകരമാണ്.

ഇടതുപക്ഷചിഹ്നങ്ങളോട് ഒപ്പം തന്നെ, വെസ്റ്റേൺ ചിഹ്നങ്ങളേയും, മതരീതികളേയുമൊക്കെ നല്ല രീതിയിൽ ലീലയിലൂടെ രഞ്ജിത്ത് വരച്ചിടുന്നുണ്ട്. സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ തമ്പുരാൻ എന്നറിയപ്പെട്ട ഈ സംവിധായകന്റെ മുൻകാല ചിത്രങ്ങൾ ഇതിറങ്ങിയ സമയത്ത് പ്രേക്ഷകന്റെ ആസ്വാദനരീതിയെ ബാധിച്ചിട്ടുണ്ട് എന്നത് ഈ സിനിമയെ കുറിച്ച് അന്ന് വന്ന പല കമന്റുകളും കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. വളരെ സ്ത്രീവിരുദ്ധതയുള്ള ഒരു പ്ലോട്ട് തന്നെയാണ് ലീല എന്ന് പറയുമ്പോഴും, സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും, അവൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ലീലയിലൂടെ സംവിധായകൻ കാണിക്കുന്നുണ്ട്. മുന്നറിയിപ്പ് എന്ന സിനിമയിൽ ഉണ്ണി അവലംബിച്ച ഏഴുത്തിന്റെ രീതി ലീലയിലും പിന്തുടർന്നിരുന്നെങ്കിൽ ലീല മികച്ച ഒരു സിനിമാനുഭവം ആയേനെ.

ബിജു മേനോൻ, വിജയരാഘവൻ, ഇന്ദ്രൻസ്, ജഗദീഷ് തുടങ്ങിയവരുടെ മികച്ച പെർഫോമൻസുകൾ ഉള്ള ഈ സിനിമയിൽ, അച്ഛനാൽ പീഡിപ്പിക്കപ്പെട്ട നിസ്സംഗഭാവമുള്ള, ജീവനില്ലാത്ത കണ്ണുകളുള്ള ലീലയായ്‌ പാർവതി നമ്പ്യാരും നല്ല വേഷമാണ് ചെയ്തത്. നാലാമത്തെ തവണ ഈ സിനിമ വീണ്ടും കണ്ടപ്പോൾ ഈ സിനിമയിൽ പറയാതെ പറയുന്ന, കാണാതെ പോയ പല ആങ്കിളുകളും കാണാൻ കഴിഞ്ഞത് കൊണ്ടാണ് ഈ റിവ്യൂ എഴുതുന്നത്. ചിലപ്പോൾ ഒരു പത്ത് കൊല്ലം കൂടെ കഴിയുമ്പോൾ, വീണ്ടും ചർച്ചകളിലൂടെ ശ്രദ്ധ ലഭിക്കാൻ സാദ്ധ്യത ലീലക്കുണ്ട് എന്നൊരു അഭിപ്രായം പങ്ക് വെക്കാൻ തോന്നി. ആദ്യം കണ്ടപ്പോൾ 3-3.5 കൊടുക്കാൻ തോന്നിയ ഈ സിനിമക്ക് നാലാമത്തെ തവണ കാണുമ്പോളൊരു 4/5 കൊടുക്കാൻ ആണ് മനസ്സ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST