Featured
“ഈ തണുത്ത വെളുപ്പാൻ കാലത്ത്” എന്ന സിനിമയോട് സാദൃശ്യം തോന്നിയത് എനിക്ക് മാത്രമാണോ ?

പാപ്പൻ – An emotional investigative thriller.
Aneesh Nirmalan
പാപ്പൻ കണ്ടു. എന്നിലെ പ്രേക്ഷകനെ ഈ സിനിമ നിരാശപ്പെടുത്തിയില്ല. പത്രം, ലേലം, വാഴുന്നോർ മോഡലിലുള്ള ജോഷി – സുരേഷ്ഗോപി സിനിമ കാണാൻ പ്രതീക്ഷിച്ച് പോകുന്നവർക്ക് അത്രയ്ക്ക് സുഖിക്കുന്ന ഒരു സിനിമയല്ല പാപ്പൻ. ഇമോഷണൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന് ഈ സിനിമയെ കുറിച്ച് പറയാം. ആദ്യ പകുതി പതിഞ്ഞ താളത്തിൽ ആണെങ്കിലും, രണ്ടാം പകുതി അത്യാവശ്യം എൻഗേജിങ് ആകുന്നുണ്ട്. ഒരു വട്ടം കാണാൻ വകുപ്പുള്ള ഒരു സിനിമ തന്നെയാണ് പാപ്പൻ. വളരെ കോൺട്രോൾഡ് ആയി തന്നെ എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനെ സുരേഷ്ഗോപി അവതരിപ്പിച്ചെങ്കിലും, നീത പിള്ളയുടെ വിൻസി കുറച്ച് മുകളിൽ നിന്നു എന്ന് പറയേണ്ടി വരും. നല്ല അവസരങ്ങൾ കിട്ടിയാൽ സാദ്ധ്യതയുള്ള നടനാണ് ഗോകുൽ സുരേഷ്. അച്ഛന്റെ ഫാൻബോയ് തണലിൽ നിന്ന് ഒന്ന് മാറി നടക്കാൻ കഴിഞ്ഞാൽ ഗോകുലിന് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും.
വിൻസിയുടെ ഭർത്താവായി ചന്തുനാഥ് നന്നായി ചെയ്തു. ഇൻട്രോ സീനിലെ ആ തീയേറ്റർ പെർഫോമൻസിലൊക്കെ ഇനിയും ഒരുപാട് ഉപയോഗിക്കാൻ കഴിയുന്ന ഒരു നടനെ കാണാൻ കഴിയും. അജ്മൽ അമീർ, വിജയരാഘവൻ, ആശ ശരത്, നയ്ല ഉഷ, കനിഹ, മാളവിക, മാനസ, രാഹുൽ മാധവൻ തുടങ്ങി ചെറിയ വേഷങ്ങളിൽ എത്തിയ നടന്മാരെ വരെ ജോഷി മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. തന്നിൽ ഒരു മികച്ചനടൻ ഉണ്ടെന്ന് കാലങ്ങളോളമായ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഷമ്മി തിലകന്റെ മറ്റൊരു ഗംഭീര പ്രകടനമാണ് പാപ്പനിലേത്. രണ്ട് മിനിറ്റിൽ അധികം വരുന്ന ആ മോണോലോഗ് ഒക്കെ അത്ഭുതത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അജയ് ഡേവിഡിന്റെ മനോഹരമായ ഫ്രയ്മുകൾ ഉള്ള ഈ സിനിമയിൽ, പല സ്ഥലത്തും എഡിറ്റിങ്ങ് കുറച്ച് കൂടെ മികച്ചത് ആകാമെന്ന് തോന്നി. സിനിമയുടെ നീളകൂടുതലും, പലപ്പോഴുമുള്ള ലാഗും കുറച്ച് അരോചകമാകുന്നുണ്ടെങ്കിലും മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ അത് അറിയിക്കാതെ കൊണ്ട് പോയിട്ടുണ്ട്. ഷാനിന്റെ തിരക്കഥ ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ എന്ന് തോന്നി.
വാൽ: ഇനിയങ്ങോട്ടുള്ള ഭാഗം സിനിമ കാണാത്തവർ വായിക്കരുത്. വലിയ സ്പോയിലേഴ്സ് ഉണ്ട്.
പല സീനുകളിലും ജോഷി തന്നെ സംവിധാനം ചെയ്ത “ഈ തണുത്ത വെളുപ്പാൻ കാലത്ത്” എന്ന സിനിമയോട് സാദൃശ്യം തോന്നിയത് എനിക്ക് മാത്രമാണോ? ബേസിക്ക് പ്ലോട്ടിലുള്ള അടിസ്ഥാന സാമ്യത മാറ്റി നിർത്തിയാൽ തന്നെ പല സീനുകളിൽ പോലും ഈ സാമ്യം വ്യക്തമായി തോന്നുന്നുണ്ട്.
* ഒരു വീട്ടിൽ അന്വേഷിക്കാൻ കൂടെയുള്ള ആളെ തന്നെ അന്വേഷിക്കാൻ വിടുന്നത് (ലാലു അലക്സ് നെടുമുടി വേണുവിന്റെ വീട്ടിൽ വേഷം മാറി കയറുന്ന ETVKയിലെ സീൻ.)
* കോളേജ് കണക്ഷൻ. പിന്നെ പഴയ ഫോട്ടോയിൽ നിന്ന് കണ്ടെത്തുന്ന തെളിവ്.
*മുൻപും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന വസ്തുത.
* ഒരു കൊലപാതകിയെ ഉറപ്പായി കാണിച്ച് (സുരേഷ്ഗോപി ഇൻ ETVK, ഷമ്മി തിലകൻ ഇൻ പാപ്പൻ), അയാളെ ഉപയോഗിച്ച് കൊലകൾ നടത്തുന്ന രീതി.
948 total views, 4 views today