‘പട’ നിഷ്കാസിതരുടെ ചിത്രമാണ്. തലചായ്ക്കാൻ മണ്ണില്ലാത്ത , വേട്ടക്കാരുടെ ആയുധങ്ങളെ ഭയന്ന് കഴിയുന്നവരുടെ കഥയാണ്. അവരുടെ പ്രതികരണങ്ങളുടെ കഥയാണ്. അനീഷ് നിർമലന്റെ ആസ്വാദനം വായിക്കാം
Aneesh Nirmalan
ഒരോർമ്മപ്പെടുത്തലുമായി “പട”.
“അവരുടെ ഭൂമി അവർക്കുള്ളതാണ്. അവിടെ നിന്ന് അവരെ നിഷ്കാസിതരാക്കാൻ ഭരണവർഗ്ഗം നിയമഭേദഗതികൾ കൊണ്ട് വരുമ്പോൾ പ്രകൃതിയെയും, പ്രകൃതിവിഭവങ്ങളെയും, കാടിനെയുമൊക്കെ ദൈവമായി കണ്ട് സംരക്ഷിക്കുന്ന വനത്തിന്റെ യഥാർത്ഥ അവകാശികളോട് വലിയ അനീതിയാണ് ചെയ്യുന്നത്. മനുഷ്യത്വമൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നവർ അതിനെതിരെ അണി ചേരും. ജീവൻ പോലും പണയം വെച്ച് ഒരു പടയായി പോരാടും.”
തമിഴിൽ പരിയേറും പെരുമാളും, കർണ്ണനും, റൈറ്ററും പോലെയുള്ള ഒരുപാട് സിനിമകൾ കാണുമ്പോൾ മലയാളത്തിൽ ഇത് പോലെയുള്ള ശ്രദ്ധിക്കപ്പെടുന്ന അധികം സൃഷ്ടികൾ ഉണ്ടാകുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. നായാട്ട് ഇതിന് ചെറിയ രീതിയിൽ ഒരപവാദമായിരുന്നു. പക്ഷേ നായാട്ട് സംസാരിച്ച രാഷ്ട്രീയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇനി ധൈര്യമായി നമ്മുക്ക് പറയാം. വ്യക്തമായി പാ രഞ്ജിത്തിനേയും, മാരി സെൽവരാനിനെയും ഒക്കെ പോലെ രാഷ്ട്രീയം സംസാരിക്കുന്ന, അതിനെ വളരെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്ന ഒരു സംവിധായകൻ നമ്മുക്കുമുണ്ടെന്ന്. അയാളുടെ പേര് കമൽ കെ എം. ഈ ആഴ്ച്ച റിലീസ് ചെയ്‌ത പട എന്ന സിനിമ വളരെ മികച്ച ഒരു റിയലിസ്റ്റിക് ഹോസ്റ്റേജ് ത്രില്ലറാണ്. വളരെ സത്യസന്ധമായ് ഒരു നടന്ന സംഭവത്തെ ദൃശ്യവൽക്കരിച്ച ചിത്രമാണ് പട.
തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പാലക്കാട് കളക്ടറായ റെഡ്ഢിയെ ബന്ധിയാക്കിയ വാർത്തക്ക് വളരെ അധികം പ്രാധാന്യം ലഭിച്ചിരുന്നു. ഇടതും, വലതും മാറി മാറി തട്ടിക്കളിച്ച ഒരു നിയമത്തെ പുനസ്ഥാപിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ നടത്തിയ പ്രതിഷേധത്തിന്റെ കഥയാണ് പടയിലൂടെ സംവിധായകൻ പറയുന്നത്. ആദിവാസി ഭൂപരിഷ്കരണ നിയമഭേദഗതി ബിൽ ഒരിക്കലും അവർക്ക് ഗുണം ചെയ്തിട്ടില്ല എന്നതൊരു സത്യമാണ്. പ്രതിഷേധങ്ങളും, പ്രക്ഷോഭങ്ങളും അവർക്ക് എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ഒരുപാട് നടന്നിട്ടുണ്ട്. ആദിവാസികൾക്ക് വേണ്ടി പ്രഖ്യാപിച്ച പല നിയമങ്ങളും അവരിലേക്ക് എത്തിയിരുന്നെങ്കിൽ അവരുടെ അവസ്ഥ ഇന്നത്തെ പോലെ ആകുമായിരുന്നില്ല എന്ന സത്യം ഈ സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നു. ഒട്ടും ലാഗ് ഇല്ലാതെ കമൽ കെ എം എന്ന രചയിതാവ് കൂടിയായ സംവിധായകൻ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിനും, അവസരവാദികളായ ഭരണകൂടങ്ങൾക്കുമെതിരെ ഈ സിനിമ ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്.
വലിയ ഒരു താരനിരയുള്ള ഈ സിനിമയിൽ എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, പ്രകാശ്രാജ്, ഇന്ദ്രൻസ്, അർജ്ജുൻ രാധാകൃഷ്ണൻ, ഷൈൻ ടോം, ജഗദീഷ്, ഉണ്ണിമായ പ്രസാദ്, കനി, ടി ജി രവി, സലിംകുമാർ, സാവിത്രി ശ്രീധരൻ, സുധീർ കരമന, കണ്ണൻ നായർ, കോട്ടയം രമേഷ്, ജെയിംസ് ഏലിയ തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സമീർ താഹിറിന്റെ മനോഹരമായ ഫ്രെയ്മുകളും, വിഷ്ണു വിജയ് പശ്ചാത്തലത്തിൽ ഉപയോഗിച്ച സംഗീതോപകരണങ്ങളുമൊക്കെ പടയ്ക്ക് വളരെ അധികം മിഴിവേകി. പ്രധാനപ്പെട്ട നാല് പേരുടെയും, കളക്ടറുടേയുമൊക്കെ കാസ്റ്റിംഗ് ഒക്കെ പിക്ചർ പെർഫെക്ട് എന്ന് തന്നെ പറയാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, അവസാനം കാണിക്കുന്ന ആ ഡോക്യുഫിക്ഷൻ ഫോർമാറ്റിൽ സഖാക്കളുടെ ഫോട്ടോ തെളിഞ്ഞു കാണുമ്പോൾ തീയ്യേറ്ററിൽ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കാൻ തോന്നി എന്ന് പറയുന്നതിൽ ഒരു തരിമ്പ് പോലും അതിശയോക്തിയില്ല എന്ന് നിസ്സംശയം പറയാം.
ഈ സിനിമ കൊണ്ടൊന്നും മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുണ്ടാകില്ല. പക്ഷേ നീതിനിഷേധങ്ങൾക്ക് എതിരെ പ്രതിഷേധങ്ങൾ അനിവാര്യമാണ്. ജനാധിപത്യമൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, പ്രതികരിക്കാൻ ആകാതെ തളർന്നിരിക്കുന്ന സമൂഹങ്ങൾ ചൂഷണം നേരിടേണ്ടി വരുമ്പോൾ, അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഇത് പോലെയുള്ള പടകൾ ഇനിയുമുണ്ടാകും എന്നതിന്റെ ഒരോർമപ്പെടുത്തലാണ് കമൽ 26 വർഷങ്ങൾക്ക് ശേഷം തന്റെ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഒരുപാട് വാർത്തകൾ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മറക്കപ്പെട്ട് പോയ നീതിനിഷേധത്തിന്റേയും, പ്രതിഷേധത്തിന്റേയും കഥ പറഞ്ഞ പടയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ പടയാളികൾക്കും അഭിവാദ്യങ്ങൾ. ❤
എത്രയും പെട്ടെന്ന് തന്നെ അടുത്ത തീയേറ്ററിൽ പോയി ഈ സിനിമ കാണുക. ഇത് പോലെയുള്ള സിനിമകൾ വിജയിക്കേണ്ടത് ഒരു അനിവാര്യതയാണ്.
My Rating: 5/5