Aneesh Nirmalan
ഉയരങ്ങളിൽ തുടങ്ങി വർണ്ണപകിട്ട് വരെയുള്ള ഇരുപതിനടുത്ത് സിനിമകളുടെ ഐ വി ശശി സിനിമകളുടെ credits നോക്കിയാൽ അതിൽ സംവിധാന സഹായിയായി നമ്മുക്ക് കാണാവുന്ന ഒരു പേരാണ് ഷാജൂൺ കാര്യാൽ. ഐ വി ശശിയുടെ ശിഷ്യന്മാരായ സി പി ജോമോന്റെയും, അനിലിന്റെയുമൊക്കെ ഒക്കെ സിനിമകളിലും അദ്ദേഹം കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ജോമോന്റെ ഹിറ്റ് ചിത്രമായ ജാക്ക്പോട്ടിന്റെ കഥയും അദ്ദേഹത്തിന്റെ ആയിരുന്നു.
ഷാജൂൺ കാര്യാൽ എന്നും പ്രിയപ്പെട്ട സംവിധായകൻ ആകാനുള്ള കാരണം എന്നത് അദ്ദേഹം ചെയ്ത സിനിമകളുടെ ഴോണറുകളിലുള്ള വൈവിദ്ധ്യമാണ്. പക്കാ ആക്ഷൻ മൂഡിലുള്ള ഒരു റിവഞ്ച് ഡ്രാമയാണ് രഞ്ജിത്ത് തിരക്കഥ എഴുതിയ “രജപുത്രൻ” എങ്കിൽ, പിന്നെ ചെയ്ത “തച്ചിലേടത്ത് ചുണ്ടൻ” വള്ളംകളിയുടെ പശ്ചാത്തലത്തിൽ കുടുംബങ്ങൾ തമ്മിലുള്ള പകയും, പ്രണയവും ഒക്കെ പറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയിരുന്നു.ത്രികോണപ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരു മർഡർ മിസ്റ്ററി കൂടെ പറഞ്ഞ ഡ്രീംസ്, പ്രതികാരത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഫാമിലി ഡ്രാമയായ സായ്വർ തിരുമേനി, ഒരു ബോളിവുഡ് പ്രണയരീതി പിന്തുടർന്ന ഗ്രീറ്റിംഗ്സ്, മോഹൻലാലിന്റെ അഭിനയപ്രതിഭ രണ്ടായിരത്തിന് ശേഷം ഉപയോഗിക്കപ്പെട്ട കുറച്ച് സിനിമകളിൽ ഒന്നെന്ന് പറയാവുന്ന മ്യൂസിക്കൽ പ്രണയകഥ പറഞ്ഞ വടക്കുംനാഥൻ, വളരെ ലളിതമായി നർമ്മത്തിൽ പൊതിഞ്ഞു പറഞ്ഞ സൗഹൃദത്തിന്റെ കഥയായ ചേട്ടായീസ്, പിന്നെ അവസാനം വന്ന സർ സി പി തുടങ്ങി എട്ട് സിനിമകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. രവീന്ദ്രസംഗീതത്തിൽ മലയാളികൾ കേട്ട അതിമനോഹരമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ പല സിനിമകളുടെയും ഒരു പ്രത്യേകതയാണ്.
ഇപ്പോൾ പുതുമുഖങ്ങളെ പ്രധാനവേഷങ്ങളിൽ അഭിനയിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ “മൃദു ഭാവേ ദൃഡ കൃത്യേ” എന്ന സിനിമ എത്തുമ്പോൾ അവിടെയും സംഗീതമേഖലയിൽ ഒരു രവീന്ദ്രസാനിദ്ധ്യമായി അദ്ദേഹത്തിന്റെ പുത്രൻ സാജൻ മാധവ് ഉണ്ട്. മനോഹരമായ ഗാനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു നല്ല സിനിമ ആയിരിക്കട്ടെ ഇത് എന്ന് ആശംസിക്കുന്നു.
(‘മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ ഇതാണ് കേരള പൊലീസ് സേനയുടെ ആപ്തവാക്യമായ ‘മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന സംസ്കൃത വാക്യത്തിന്റെ അർത്ഥം വരുന്നത്. ഇതുമായി എന്തെങ്കിലും ബന്ധം സിനിമക്ക് ഉണ്ടോയെന്ന് അറിയില്ല. എങ്കിലും മൃദുലഭാവങ്ങളുള്ള, ദൃഡമായ കർമ്മങ്ങൾ ചെയ്യുന്ന ആ കഥാപാത്രങ്ങളേയും, സിനിമയേയും കാണാൻ കാത്തിരിക്കുന്നു. ❤🙏