Sports
ഒരു ഹാർഡ്കോർ സച്ചിനിസ്റ്റിന്റെ ഷെയിൻ വോണിനുള്ള ഒബിച്വറി നോട്ട്

ഒരു ഹാർഡ്കോർ സച്ചിനിസ്റ്റിന്റെ ഷെയിൻ വോണിനുള്ള ഒബിച്വറി നോട്ട്.
അനീഷ് നിർമലൻ എഴുതിയത്
മുണ്ടക്കൽ ശേഖരനെ തോൽപ്പിക്കുന്ന മംഗലശ്ശേരി നീലകണ്ഠൻ, മോഹൻ തോമസിനെ തോൽപ്പിക്കുന്ന ഭരത് ചന്ദ്രൻ, ജയകൃഷ്ണൻ എം പിയെ തറ പറ്റിക്കുന്ന ജോസഫ് അലക്സ്, കീരിക്കാടനെ വീഴ്ത്തിയ സേതുമാധവൻ; അതായിരുന്നു ഷാർജ കപ്പ് കണ്ട് കൊണ്ടിരുന്ന ആ ചെറിയ പയ്യന് ഷാർജയിൽ sand storm innings കളിച്ച സച്ചിൻ ടെൻഡുൽക്കർ. അന്ന് ഏറ്റവും ആരാധന ആ ചെറുക്കന് അയാളോട് തോന്നാൻ അയാൾ ഷെയിൻ വോൺ എന്ന സ്പിൻ മാന്ത്രികനെ അടിച്ച് തകർക്കുന്നത് കണ്ട ആവേശം കൊണ്ടും കൂടിയാണ്. അവന് ഷെയ്നിനെ ഭയം ആയിരുന്നു. പ്രിയപ്പെട്ട വിക്കറ്റ് എപ്പോൾ വേണമെങ്കിലും എടുക്കാൻ കഴിവുള്ള ഒരാളോട് തോന്നുന്ന ദേഷ്യം. ഇന്ത്യക്ക് എതിരെ പന്തെറിയുന്ന വോൺ ആ പയ്യന് ഗബ്ബർ സിംഗ് ആയിരുന്നു. ക്ഷമിക്കണം ഷെയ്ൻ…നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നെങ്കിൽ സച്ചിനോട് തോന്നിയ അതേ സ്നേഹം നിങ്ങളോടും തോന്നുമായിരുന്നു.
അയാൾക്ക് ഗ്ലാസ്സ് സർഫസ്സിൽ പോലും പന്ത് തിരിപ്പിക്കാൻ കഴിയുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അയാൾ ഒരു ഇതിഹാസം ആയിരുന്നു. അന്ന് വില്ലൻ ആയാണ് കണ്ടതെങ്കിലും, അയാളോട് ഉള്ളിന്റെയുള്ളിൽ കടുത്ത ആരാധന ആയിരുന്നു. അയാളോടും, വസീം അക്രത്തിനോടും, ഹാൻസി ക്രോണ്യേയോടും മാത്രമാണ് ആ പയ്യനന്ന് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരോടുള്ള പോലെ ഇഷ്ടം തോന്നിയിട്ടുള്ളത്. പിന്നെ രാജസ്ഥാൻ റോയൽസ് എന്ന Underdogs ടീമിനെ IPL കിരീടം അണിയിച്ച കോച്ചും, ക്യാപ്ടനും ആയ വോണിനോട്, അന്നത്തെ കടുത്ത CSK, MI ആരാധകനായ കുറച്ച് കൂടി പ്രായം ചെന്ന എനിക്ക് പിന്നെയും ബഹുമാനം തോന്നിയെന്നത് മറ്റൊരു സത്യം.
വോൺ, നിങ്ങൾ എന്നിലെ ക്രിക്കറ്റ് ആരാധകന്റെ മനസ്സിൽ മരിക്കില്ല. വൈഡ് എന്ന് വിചാരിച്ച് ബോൾ ലീവ് ചെയ്ത ബാറ്റ്സ്മാനെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് പവലിയനിലേക്ക് മടക്കി അയക്കുന്ന ആ ബോൾ ഇന്ന് രാത്രിയിൽ എന്നെ പോലെയുള്ള പല ക്രിക്കറ്റ് ആരാധകരും ഓർക്കും. ഉറക്കത്തിൽ നിന്ന് ഒരിറ്റ് കണ്ണീരോടെ വീണ്ടും ഞെട്ടി എഴുന്നേൽക്കും.
വാൽ : ഇന്നൊരു പക്ഷേ ഏറ്റവുമധികം വേദനിക്കുന്ന ഒരു വ്യക്തി സച്ചിൻ ടെണ്ടുൽക്കർ ആയിരിക്കും. അന്ന് അപ്പുറത്ത് വോൺ ഇല്ലായിരുന്നെങ്കിൽ സച്ചിന്റെ ആ ട്രേഡ്മാർക്ക് sandstorm innings സംഭവിക്കില്ലായിരുന്നു. വോൺ എന്ന ലെജൻഡിന് എതിരെ കളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പ് അന്ന് സച്ചിൻ എടുത്തതിന്റെ ഫലം തന്നെയാണ് ഷാർജ കപ്പിലെ ആ ഇന്നിംഗ്സ് . ലവ് യൂ ഷെയ്ൻ.
2,349 total views, 6 views today