ഭംഗിയായി ഉത്സവം നടത്തിയ ജഗന്നാഥന്റെ ചേട്ടൻ ആയിരുന്നു നമ്മുടെ ജയദേവൻ

95

ഉത്സവമേളവും, ആറാം തമ്പുരാനും

Aneesh Nirmalanന്റെ കുറിപ്പ്

മലയാളത്തിലെ ലക്ഷണമൊത്ത കൊമേർഷ്യൽ സിനിമകളിൽ ഒന്നാണ് ആറാം തമ്പുരാൻ. പക്ഷേ, ഈ സിനിമയുടെ കഥയുമായി ഒരുപാട് സാമ്യങ്ങൾ ഉള്ള അത് ഇറങ്ങുന്നതിന് മുൻപ് ഇറങ്ങിയ ലക്ഷണമൊത്ത മറ്റൊരു entertainer ആയിരുന്നു ഉത്സവമേളം. രണ്ടു തറവാട്ടുക്കാരുടെ കുടിപ്പകക്കിടയിൽ, ബലിയാടാകേണ്ടി വന്ന ശാന്തിക്കാരനായ അച്ഛന്റെ മക്കളാണ് ജയദേവനും, ജഗന്നാഥനും. ഉർവശിയും, മഞ്ജുവും ചെയ്ത കഥാപാത്രങ്ങൾ ഭ്രാന്തിന്റെ താളവട്ടങ്ങളിൽ അകപ്പെട്ടു പോയ രണ്ടു പേരുടെ മക്കളാണ്. ഭ്രാന്തിളകിയാണ് കണിമംഗലം ദത്തനും നാട് വിടുന്നത്. ഇവിടെ സീനത്തിന്റെയും, ഒടുവിലിന്റെയും കഥാപാത്രങ്ങൾ ഇവരെ പിന്നെ മക്കളെ പോലെ വളർത്തുകയാണ്. നരേന്ദ്രപ്രസാദിന്റെ വില്ലൻ മാനറിസങ്ങൾ ആദ്യമായി ഉപയോഗിച്ച സിനിമകളിൽ ഒന്ന് ഉത്സവമേളമാണ്. അതിന്റെ കൊടുമുടിയിൽ എത്തിയ കഥാപാത്രമായിരുന്നു അപ്പൻ. നരേന്ദ്രപ്രസാദിന്റെ കൈ കൊണ്ടുള്ള മാനറിസങ്ങളും ആദ്യമായി ഉപയോഗിച്ചത് ഉത്സവമേളത്തിലൂടെ തന്നെയാണ്.

അപ്പന് ചാത്തൻ സേവ ആണെങ്കിൽ, തിരുമേനിക്ക് അത്യാവശ്യം മന്ത്രങ്ങളും, തന്ത്രങ്ങളും ഒക്കെ അറിയാം. വെച്ച് ആരാധനയുടെയും, ഗുണ്ടാബലത്തിന്റെയും പുറത്ത് തന്നെയാണ് രണ്ടു വില്ലന്മാരുടെയും ബേസിക് എക്സിസ്റ്റൻസ് നില നിൽക്കുന്നത്. പഴയ ആന കുത്തി കൊന്ന കേസ് പൊക്കി അപ്പനെ പൂട്ടാൻ നോക്കുമ്പോൾ, പണ്ട് കുളത്തിൽ താഴ്ത്തിയ അസ്ഥികൂടം ആണ് ജയദേവന് തിരുമേനിയെ പൂട്ടാൻ ഉള്ള ആയുധം. അത് പോലെ തന്നെ സ്വയം കലാകാരൻ എന്ന് അവരോധിക്കുന്ന ജഗതിയെ ഉത്സവമേളത്തിൽ കാണാമെങ്കിൽ, തമ്പുരാനിൽ പപ്പുവിന്റെ കഥാപാത്രത്തെ കാണാൻ കഴിയും. പിന്നെ പാവം കഥാപ്രസംഗക്കാരനായ ജയദേവന് അങ്ങ് JNUവിലും, ഗ്വാളിയോറിലും പിടിയില്ലാത്തത് കൊണ്ടും, കേരള സംസ്ഥാനം വിലക്ക് വാങ്ങാൻ കഴിവുള്ള കൂട്ടുക്കാരനും ഒന്നും ഇല്ലാത്തത് കൊണ്ട് അന്വേഷിച്ച് വരാൻ നയൻതാരദേവൻ ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

മലയാളത്തിലെ ആ ഉത്സവം നടത്തുന്ന ധീരനായക പട്ടം മോഹൻലാലിന്റെയും, ഷാജി കൈലാസിന്റെയും, രഞ്ജിത്തിന്റേയും പേരിൽ ആണെങ്കിലും, അത് തുടങ്ങി വെച്ചത് സുരേഷ് ഗോപിയും, സുരേഷ് ഉണ്ണിത്താനും, ഭാസുരചന്ദ്രനും, ഉർവശിയും ഒക്കെ ആണെന്നതാണ് സത്യം. അങ്ങിനെ സ്വന്തം അച്ഛനെ കൊന്ന ഘാതകരെ തേടിയെത്തി, നാടിന്റെ പ്രശ്നങ്ങൾ തീർത്ത് ഭംഗിയായി ഉത്സവം നടത്തിയ ജഗന്നാഥന്റെ ചേട്ടൻ ആയിരുന്നു നമ്മുടെ ജയദേവൻ.