ഉത്സവപിറ്റേന്ന് – ഭാരം താങ്ങാൻ കഴിയാതെ വീണുടഞ്ഞ നീർമണിയായ അനിയൻ തമ്പുരാന്റെ കഥ.
Aneesh Nirmalan
ചേട്ടന്റെ മുൻപിൽ ഇരിക്കാൻ ഒരവസരം കിട്ടുക എന്നത് പഴയ കോവിലകങ്ങളിലെ ഒക്കെയൊരു സ്ഥിരം സീൻ ആയിരിക്കും. അതിപ്പോൾ അനിയന്റെ അവകാശം എഴുതി ഒപ്പിട്ട് വാങ്ങാൻ മാത്രമായി ചേട്ടൻ കൊടുക്കുന്ന ഒരു നിമിഷത്തേക്കുള്ള സ്വാതന്ത്ര്യം ആണെങ്കിൽ പോലും അത് അനിയന് അംഗീകാരമാണ്. ജോൺപോൾ തിരക്കഥയെഴുതി, ഭരത് ഗോപി സംവിധാനം ചെയ്ത “ഉത്സവപിറ്റേന്ന്” എന്ന സിനിമയിലെ ഒരു രംഗമാണിത്. ഈ ഒരു സീൻ മാത്രമെടുത്താൽ ആ തറവാട്ടിലെ ഒരു അധികാരക്രമം കൃത്യമായി മനസ്സിലാക്കാൻ കഴിയും.
ജോൺപോൾ എന്ന എഴുത്തുക്കാരന്റെ ബ്രില്ലിയൻസ് ഈയൊരു സീനിൽ തന്നെ നമ്മുക്ക് മനസ്സിലാക്കാൻ കഴിയും. ധാരാളിത്തജീവിതത്തിൽ നിന്നിറങ്ങി വരാൻ കഴിയാതെ ജീവിക്കുന്ന ചേട്ടൻ, ആഡംബരത്തിൽ മതി മറന്ന് ജീവിക്കുന്ന ചേട്ടത്തി, അനിയനെ നോക്കി വളർത്തിയ അമ്മയുടെ സ്ഥാനത്തുള്ള ഒരു സ്ത്രീ, തമ്പുരാനെ പറ്റിച്ച് കാശ് അടിച്ച് മാറ്റാൻ ഒട്ടി നിൽക്കുന്ന കാര്യസ്ഥൻ (വിവാഹം കഴിഞ്ഞ മകളെ പോലും അതിന് തമ്പുരാന്റെ കൂടെ കിടത്താൻ അയാൾക്ക് മടിയില്ല); ഇങ്ങനെയുള്ള വീട്ടിലേക്കാണ് ഇന്നും പുലരിത്തൂമഞ്ഞുത്തുള്ളിയുടെ നൈർമ്മല്ല്യമുള്ള അനിയൻ തമ്പുരാൻ കാർത്തികയെ കൈ പിടിച്ച് കൊണ്ട് വരുന്നത്.
മുങ്ങുന്ന കപ്പലിലേക്കാണ് അവളെ കൊണ്ട് വരുന്നത് എന്ന് അനിയൻ മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിലും കുട്ടികളുടെ കൂടെ കളിച്ച് നടക്കുന്ന, കുട്ടിത്തം വിടാത്ത അയാൾ എങ്ങനെ ഇതൊക്കെ മനസ്സിലാക്കാൻ. സവർണ്ണഹിന്ദു കുടുംബത്തിലെ രാഷ്ട്രീയം വരച്ച് കാട്ടിയ മികച്ച സിനിമകളിൽ ഒന്നാണ് ഉത്സവപ്പിറ്റേന്ന്. ജാതിചിന്തകൾ, ക്ഷേത്രങ്ങളിലെ അധികാരം നേടിയെടുക്കാനും, പ്രമാണിത്വം കാത്ത് സൂക്ഷിക്കാനുമുള്ള ധൂർത്ത്, മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തി അതിൽ ആനന്ദം കണ്ടെത്തുന്ന അകത്തുള്ളോരുടെ ജീവിതരീതി, അതിന് കൂട്ടായി ഭാര്യയുടെ കൂടെയിരിക്കുന്ന കാര്യസ്ഥപുത്രിയുടെ കൂടെ രാത്രിയുടെ മറ പറ്റി പോകുന്ന കാരണവർ തുടങ്ങി ഒരുപാട് റഫറൻസുകൾ ഈ സിനിമയിൽ കാണാം. പഠിപ്പുണ്ടെങ്കിലും നിവൃത്തിക്കേടിന്റെ മൂർദ്ധന്യാവസ്ഥയിൽ മകളെ, പ്രമാണിത്ത്വത്തിന്റെ ധാരാളിമയിൽ വീണ് കല്ല്യാണം കഴിച്ച് കൊടുക്കേണ്ടി വരുന്ന അച്ഛനെയൊക്കെ ഇന്നത്തെ സിനിമകളിൽ നമ്മുക്ക് സ്വീകരിക്കാൻ കഴിയില്ല. പക്ഷേ അന്നത്തെ സാഹചര്യത്തിലുള്ള ഒരു തറവാടിന്റെ നേർക്കാഴ്ച്ച എന്ന് ഈ സിനിമയിലെ തറവാടിനെ കുറിച്ച് പറയാൻ കഴിയും.
നമ്പൂതിരിസ്ത്രീയുടെ കൂടെ ഒളിച്ചോടുന്ന “so called” താഴ്ന്ന ജാതിയിൽപ്പെട്ട സുഹൃത്തിനെ അംഗീകരിക്കാൻ മനസ്സുള്ള, ചേട്ടൻ പൊളിക്കാൻ പറയുന്ന വീട് പൊളിക്കുന്നത് തടുക്കാൻ പോകുന്ന, ഭാര്യയെ സ്നേഹിച്ചിരുന്ന മാഷോട് ക്ഷമ ചോദിക്കുന്ന, ചെറുപ്പത്തിൽ നഷ്ടപ്പെട്ട അമ്മയെ മിസ്സ് ചെയ്യുന്ന അനിയൻ മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. അധികം വിദ്യാഭ്യാസമില്ലാത്ത, നൈർമ്മല്യമുള്ള മനസ്സിന്റെ ഉടമയായ അനിയനെ വില കൽപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വളരെ നന്നായി എഴുതി വെച്ചിട്ടുള്ള അനിയൻ തമ്പുരാൻ മോഹൻലാലിന്റെ നിഷ്കളങ്കതയിലും, കുട്ടിത്തം വിട്ട് മാറാത്ത ചിരിയിലും ഭദ്രമാണ്. ഇങ്ങനെയുള്ള ഒരു കോവിലകത്തെ ഐഡിയൽ ആയ ഭാര്യയാകാൻ പാർവ്വതി കഴിഞ്ഞേ മറ്റൊരു ചോയ്സ് കാണാൻ കഴിയുകയുള്ളൂ. ആ വലിയ കണ്ണുകളും, നോട്ടവും ഒക്കെ തന്നെ ആ കഥാപാത്രത്തെ രജിസ്റ്റർ ചെയ്യാൻ ധാരാളമാണ്. സുകുമാരൻ, ദേവൻ, ജയറാം, ജഗതി ശ്രീകുമാർ, കവിയൂർ പൊന്നമ്മ, സുമിത്ര, കുതിരവട്ടം പപ്പു, സുകുമാരി, ഫിലോമിന, ശങ്കരാടി തുടങ്ങി ഒരു വലിയ താരനിര ഈ സിനിമയിലുണ്ട്.
പുലരിത്തൂമഞ്ഞുത്തുള്ളിയിൽ എന്ന ഒരു പാട്ടിലൂടെ മുഴുവൻ സിനിമയുടെ കഥയും കാവാലം നമ്മുക്ക് മനസ്സിലാക്കി തരും. ദേവരാജൻ മാസ്റ്ററുടെ സംഗീതം കൂടിയാകുമ്പോൾ അതിന്റെ മാറ്റ് പതിന്മടങ്ങ് കൂടിയതിൽ അതിശയമൊന്നുമില്ല. അനിയൻ എന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കത ജോൺപോൾ ക്ലൈമാക്സിലെ ആത്മഹത്യസീനിൽ പോലും വിട്ട് കളയുന്നില്ല. മോഹൻലാലിന് കേരള സംസ്ഥാന സ്പെഷ്യൽ ജൂറി അവാർഡ് നേടി കൊടുത്ത ഈ സിനിമ ജോൺപോളിന്റെയും വളരെ underrated ആയ സിനിമകളിൽ ഒന്നാണ്.