വിവാഹമോചനവും മലയാളസിനിമയും

0
52

Aneesh Nirmalan

വിവാഹമോചനവും മലയാളസിനിമയും

വിവാഹമോചനം എന്ന് പറയുന്നതിൽ നിന്ന് നായികമാരെ പിന്തിരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരുപാട് സംവിധായകരും, എഴുത്തുകാരും നമ്മുക്കിടയിലുണ്ട്. അത് ഇനി എത്ര വിഷലിപ്തമായ ജീവിതമായാലും സ്ത്രീ വിവാഹജീവിതത്തിനോട് പരമാവധി സഹകരിച്ചു പോകണമെന്നാണ് കാലങ്ങളായുള്ള ഒരു പ്രവണത (ചില സമയങ്ങളിൽ ആണുങ്ങളെയും ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ച മഹത്തരങ്ങളായ സൃഷ്ടികളും ഉണ്ടായിട്ടുണ്ട്). വിവാഹമോചനം നേടി എന്ന് പറയാനുള്ള വിമുഖത കാരണം ഭർത്താവ് മരിച്ചു പോയി എന്ന് പറഞ്ഞു സമൂഹത്തിൽ ജീവിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. വിവാഹമോചനം എന്ന് കേൾക്കുമ്പോൾ തന്നെ സ്ത്രീയെ വേറൊരു വീക്ഷണകോണിലൂടെ നോക്കി തുടങ്ങുന്ന സമൂഹം ഇവിടെ ഉണ്ട് എന്ന പേടി തന്നെയാണ് പ്രധാന പ്രശ്നം. സന്തുഷ്ടമല്ലാത്ത ഒരു കുടുംബജീവിതം എന്ന് പറയുന്നത് ഒന്നും നമ്മുടെ കഥകളിൽ വിവാഹമോചനത്തിന് ആവശ്യമായ ഒരു കാരണമേയല്ല. മദ്യപാനിയായ ഒരു ഭർത്താവോ, അഹങ്കാരിയായ തലയ്ക്കു മുകളിൽ താണ്ഡവം ആടുന്ന ഭാര്യയോ, അവിഹിതബന്ധമോ ഇല്ലാതെ പ്രേക്ഷകനെ കൺവിൻസ് ചെയ്യാൻ ഭയങ്കര പാടായിരിക്കും. പക്ഷേ, പല സിനിമകളിലും ഇൻഫിഡലിറ്റിയും, മദ്യപാനവും വരെ മതിയായ കാരണങ്ങൾ അല്ലാതാകുന്ന അവസ്ഥയും ഉണ്ട്. എല്ലാം സഹിച്ചു കഴിഞ്ഞു അവസാനം തിരിച്ചു എത്തുമ്പോൾ വീട്ടുകാർക്ക് വേണ്ടിയോ, മക്കൾക്ക് വേണ്ടിയോ ഒക്കെ സ്ത്രീകൾ വിവാഹജീവിതം തുടർന്ന് കൊണ്ട് പോകണം എന്ന സന്ദേശമാണ് അധികവും കൊടുക്കാറുള്ളത്. ഇന്നത്തെ ചിന്താവിഷയം ഇതായത് കൊണ്ട് ആ സിനിമ വെച്ച് തന്നെ തുടങ്ങാം. മൂന്ന് സ്ത്രീകൾക്കും മതിയായ കാരണങ്ങളുണ്ട് ഈ വിവാഹമോചനത്തിന്. പക്ഷേ, നല്ലവനായ നായകൻ ഇവരെ എങ്ങനെയെങ്കിലും ഭർത്താക്കന്മാരുമായി ഒന്നിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണ്. ഇമ്പം ഇല്ലാത്ത ജീവിതത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നത് എന്തോ വലിയ തെറ്റാണെന്നുള്ള പാഠം ഇടയ്ക്കിടയ്ക്ക് നായകൻ പ്രേക്ഷകന് പഠിപ്പിച്ചു തരുന്നുണ്ട്.

പഴയ ചില ജയറാം ചിത്രങ്ങളിൽ ഒക്കെ ഭാര്യയെ അവസാനം ഭർത്താവിന്റെ അടുത്തേക്ക് എത്തിക്കാൻ കഷ്ടപ്പെടുന്ന എഴുത്തുക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. ചാഞ്ചാട്ടത്തിലെ ഭാര്യയെ ചതിക്കുന്ന ഭർത്താവ്, കളിവീടിലെ ഭാര്യയെ ചട്ടം പഠിപ്പിക്കാൻ കൂട്ടുക്കാരൻറെ ഭാര്യയെ വേലക്കാരി ആയി കൊണ്ട് വരുന്ന ഭർത്താവ്, ഭാര്യയെ കൊല്ലാൻ വരെ ശ്രമിക്കുന്ന മിന്നാമിനുങ്ങിന്റെ മിന്നുകെട്ടിലെ ഭർത്താവ്, സ്വപ്നലോകത്തെ ബാലഭാസ്ക്കരനിലെ സ്ത്രീതല്പരനായ ഭർത്താവ്, വെറുതെ ഒരു ഭാര്യയിലെ ഭാര്യയെ വീട്ടുജോലിക്കായി മാത്രമെന്ന് ചിന്തിക്കുന്ന ഭർത്താവ്, പാവക്കൂത്തിലെ ഭാര്യയെ ചതിക്കുന്ന ഭർത്താവ്, ഇരട്ടക്കുട്ടികളിൽ ഒന്നിനെ ഭാര്യ അറിയാതെ കൊടുക്കുന്ന ഭർത്താവ്, ഭാര്യയെ ചതിക്കുന്ന ഞാനും എന്റെ ഫാമിലിയുമിലെ ഭർത്താവ് തുടങ്ങി ഒരുപാട് ജയറാം ചിത്രങ്ങളിൽ എല്ലാം സഹിച്ചു തിരിച്ചു അവസാനം ഭർത്താവിനോട് ക്ഷമിക്കുന്ന ഭാര്യമാരെ നമ്മുക്ക് കാണാൻ കഴിയും. ഇതിൽ മിക്കതും ജനപ്രിയചിത്രങ്ങൾ ആയിരുന്നു എന്നതാണ് അതിന്റെ ഹൈലൈറ്റ്. കുടുംബവിശേഷം എന്ന സിനിമയിൽ ഉഷയുടെ കഥാപാത്രത്തിന്റെ അടുത്തു നിന്ന് തിരിച്ചെത്തുന്ന മണിയൻപിള്ള രാജുവിന്റെ കഥാപാത്രത്തെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന സർവ്വംസഹയായ ശാന്തികൃഷ്ണയെ കാണാൻ കഴിയും. ഭർത്താവ് പകുതിയിൽ താഴെ പ്രായമുള്ള പെണ്ണുമായി പ്രണയത്തിൽ ആകുമ്പോഴും, അതെല്ലാം സഹിച്ചു അയാളെ വീട്ടിലേക്കു തിരിച്ചു എത്തിക്കാൻ ശ്രമിക്കുന്ന കാറ്റത്തെ കിളിക്കൂടിലെ ശ്രീവിദ്യയും, വീട് നോക്കാതെ തെണ്ടി നടന്നു അവസാനം തിരിച്ചു വരുമ്പോൾ വിജയനെ കുറച്ചൊന്ന് വട്ടം കറക്കിയാലും അത്ര കഴിഞ്ഞു രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന ശ്യാമളയും, ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞിട്ടും അയാളെ ദൈവത്തെ പോലെ കാണുന്ന തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയിലെ സുധയുടെ കഥാപാത്രവും (ഹാസ്യരൂപേണ പറയാൻ ഒരു ശ്രമം നടത്തിയാൽ ബാലേട്ടനിലും നെടുമുടി വേണുവിന്റെ കഥാപാത്രത്തിന് അവരെ ചതിക്കാൻ ഉള്ള ധൈര്യം കിട്ടുന്നത് അത് കൊണ്ട് തന്നെ ആയിരിക്കും) ഒക്കെ സിനിമയിൽ മഹത് വ്യക്തിത്വങ്ങൾ ആയാണ് കാണിക്കുന്നതെങ്കിലും ഇവർ ഇതിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഹാപ്പി ഹസ്ബൻഡ്സ്, കോക്ക്ടെയ്ൽ തുടങ്ങിയ സിനിമകളിലൊക്കെ അത് പോലെ തങ്ങളെ ചതിക്കുന്ന ഭർത്താക്കന്മാരെ സ്വീകരിക്കുന്ന ഭാര്യമാരെ കാണാൻ കഴിയും.

അവിടുത്തെ പോലെ ഇവിടെയും എന്ന സിനിമയിൽ മോഡേൺ ആയ ഭാര്യയെ നന്നാക്കാൻ ശ്രമിക്കുന്ന നന്മയുള്ള മമ്മൂട്ടിയുടെ ഭർത്താവിനെ കാണിക്കുന്നുണ്ട്. കുറ്റം പറയരുതല്ലോ, ഭാര്യ അവസാനം അയാൾ ആഗ്രഹിക്കുന്ന പോലെ ആകുന്നുമുണ്ട്. പക്ഷേ ക്ലൈമാക്സിൽ ശോഭനയുടെ കഥാപാത്രം കുറച്ചു കരുത്തോടെ തന്നെ ഉപേക്ഷിച്ച മോഹൻലാലിന്റെ ഭർത്താവ് കഥാപാത്രത്തിനോടൊപ്പം പോകില്ലെന്ന് പറയുമ്പോൾ, ശകാരിച്ചു അങ്ങോട്ട് എത്തുന്ന മുത്തശ്ശി ആ സീൻ ഹാപ്പി എൻഡിങ്ങ് ആക്കുന്നുണ്ട്. പെങ്ങളെ വീട്ടിൽ കൊണ്ടാക്കിയ അളിയനോട് പ്രതികാരം ചെയ്യാൻ അയാളുടെ പെങ്ങൾ ആയ ഒരു തെറ്റും ചെയ്യാത്ത സ്വന്തം ഭാര്യയെ വീട്ടിൽ ആക്കിയ “നിസ്സാര പ്രശ്നം” അങ്ങനെ എളുപ്പത്തിൽ പരിഹരിക്കപ്പെട്ടു. വിവാഹമോചനം നേടി കഴിഞ്ഞ ദമ്പതിമാരെ ഒന്നിപ്പിക്കുന്ന ഒരു ട്രെൻഡും പലപ്പോഴും കാണാറുണ്ട്. കക്ഷി അമ്മിണിപ്പിള്ള പോലുള്ള സിനിമകളെ ഭർത്താവിനെ മനസ്സിലാക്കിപ്പിച്ചു, വിവാഹമോചനത്തിന് ശേഷം അവന്റെ കൂടെ തന്നെ ഭാര്യയെ പറഞ്ഞു വിട്ടു വക്കീൽ തന്നെ മാതൃക ആക്കുന്നുണ്ട്. ഒഴിമുറിയിൽ കുറച്ചു കൂടി വിപ്ലവാത്മകമായ രീതി സംവിധായകൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഭർത്താവിനെ നോക്കേണ്ട ആ കടമ ഭാര്യയെ കൊണ്ട് ഏറ്റെടുപ്പിച്ചു അവരുടെ ഇമേജ് കാത്തു സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. സ്പിരിറ്റ്, ജോസഫ് പോലുള്ള സിനിമകളിലെ വിവാഹമോചനം നേടി കഴിഞ്ഞു ഭാര്യയുടെ രണ്ടാം ഭർത്താവുമായുള്ള സൗഹൃദം ഒരു വെൽക്കം ചേഞ്ച് ആണെന്ന് പറയാം. ഒരു പത്ത് വർഷം മുൻപ് ആണെങ്കിൽ, അതെ സിനിമയിൽ കാൻസർ ചികിത്സക്ക് പോകുന്ന ഭർത്താവ് കഥാപാത്രം മരിച്ചു കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തുന്ന കനിഹയെ സ്വീകരിക്കുന്ന മഹാൻ ആയ രഘുനന്ദനനിൽ സിനിമ അവസാനിച്ചിരുന്നേനെ. ബലാത്സംഗം ചെയ്യുന്ന പുരുഷനെ സ്വീകരിക്കേണ്ട “മഹാഭാഗ്യം” ലഭിക്കുന്ന എന്റെ ഉപാസനയിലെ സുഹാസിനിയുടെ കഥാപാത്രവും, മകളുടെ പ്രായമുള്ള പെണ്ണിനെ വീട്ടിൽ കൊണ്ട് വന്നു നിർത്തുന്ന കുട്ടേട്ടനോട് ക്ഷമിക്കുന്ന സരിതയുടെ കഥാപാത്രവും പോലെ ഒരുപാട് കഥാപാത്രങ്ങൾ ഇനിയുമുണ്ട്.

വേർപ്പെടുന്ന ബന്ധങ്ങളിലെ കുട്ടികളുടെ ജീവിതം കഷ്ടം തന്നെയാണ്. അച്ഛനും, അമ്മയും തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെ അവരുടെ വഴക്കും കണ്ടു ജീവിക്കേണ്ട കുഞ്ഞിന്റെ അവസ്ഥ അതിലും കഷ്ടം ആയിരിക്കും. ദശരഥം സിനിമയിലെ നായക കഥാപാത്രം ഇത്രക്ക് വഷളായ ഒരവസ്ഥയിലേക്ക് എത്താനുള്ള ഒരു പ്രധാന കാരണമായി സിനിമയിൽ കാണിക്കുന്ന ഒരു കാരണം മറ്റൊരാളുടെ കൂടെ പോകുന്ന അമ്മയാണ്. ആ അമ്മ ആ വീട്ടിൽ സന്തോഷമില്ലാതെ ജീവിച്ചിരുന്നെങ്കിൽ അയാൾ നന്നാകുമായിരുന്നോ? ഒരിക്കലും ചേരാത്ത രണ്ടു പേരെ കുഞ്ഞുങ്ങളുടെ പേര് പറഞ്ഞു ചേർത്തു വെക്കാൻ ശ്രമിക്കുമ്പോൾ അതായിരിക്കും കുഞ്ഞുങ്ങളുടെ ജീവിതം കൂടുതൽ തകർക്കുക എന്നാണ് എനിക്ക് തോന്നുന്നത്. (സുനിൽ വയസ്സ് ഇരുപത് എന്ന സിനിമയിലെ റഹ്മാന്റെ കഥാപാത്രം ഇതിന്റെ നല്ലൊരു ഉദാഹരണം ആണ്.) ബാംഗ്ലൂർ ഡേയ്സിലെ അജുവിന്റെ അച്ഛന്റെയും അമ്മയുടെയും വേര്പിരിയലിനേക്കാൾ, അവന്റെ സ്വഭാവരൂപീകരണത്തിന് കാരണമായിട്ടുണ്ടാകുക, അവനെ ആ കണ്ണ് കൊണ്ട് മാത്രം കാണാൻ ശ്രമിച്ച ബന്ധുക്കളും, സമൂഹവും ആയിരിക്കും. ഇത് തന്നെ ആയിരിക്കണം രാജീവ് മേനോന്റെയും പ്രശ്നം. അല്ലാതെ ഒട്ടും ചേരാത്ത രണ്ട് പേര് പിരിഞ്ഞതായിരിക്കില്ല അതിന് കാരണം. പൂക്കാലം വരവായി എന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോൾ ഇന്നും മനസ്സിൽ ഉയരാറുള്ള ഒരു ചോദ്യമുണ്ട്. ഗീതയുടെ അമ്മയും, മുരളിയുടെ ബന്ധുക്കളും ഒക്കെ ജീവിച്ചു ഇരിക്കുന്നിടത്തോളം കാലം അതിനൊരു രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ ടീനേജിൽ എത്തി നിൽക്കുന്ന ശ്യാമിലിയുടെ കഥാപാത്രം വീട്ടിലെ അച്ചനമ്മമാരുടെ വഴക്കുകൾ കാരണം അനുഭവിക്കുന്ന പ്രശ്നങ്ങളും, അങ്ങനെ അവൾ ഒരു പ്രണയത്തിൽ അകപ്പെടുന്നതും ഒക്കെ തന്നെയെ കമലിന് ചെയ്യാൻ കഴിയുകയുള്ളു. (കാളിദാസനെ നായകൻ ആക്കി രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യതയും തള്ളി കളയാൻ ആകില്ല.)

ഭാര്യയുടെ എല്ലാ കൊള്ളരുതായ്മകളും സഹിച്ചു കഴിയുന്ന പുണ്യവാൻ ഭർത്താക്കന്മാരുടെയും ഉദാഹരണങ്ങൾ ഒരുപാടുണ്ട്. പക്ഷേ, ഇവിടെയൊക്കെ ഭാര്യയെ കടുത്ത ഈഗോയിസ്റ് ആയിട്ടായിരിക്കും എഴുത്തുക്കാരൻ കാണിച്ചിട്ടുള്ളത്. ഇവിടെയൊക്കെ അവസാനം പിടി വിടുന്ന ഭർത്താവ് ഒരടിയിലൂടെ ചട്ടം പഠിപ്പിക്കുന്ന ക്ലിഷെകളും നമ്മുക്ക് “ആദ്യത്തെ കണ്മണി” (ജനാർദ്ദനൻ-ലളിത) പോലെ ഒരുപാട് സിനിമകളിൽ കാണാൻ കഴിയും. സമൂഹത്തിലുള്ള മാറ്റങ്ങൾ നമ്മുക്ക് സിനിമയിലും കാണാൻ കഴിയും. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളിൽ വരുന്ന മാറ്റങ്ങൾ സിനിമയിലും നമ്മുക്ക് കാണാൻ കഴിയും. പ്രൊഫഷണൽ ഈഗോ മൂലം വരുന്ന വിവാഹമോചന കേസ്സുകൾ ഉള്ള സിനിമകളിലും സ്ത്രീയെ കൂടുതൽ ഈഗോയിസ്റ്റു ആക്കുന്നത് കാണാൻ കഴിയും. യൂണിഫോംഡ് വേഷങ്ങളിൽ ഉള്ള ഭാര്യയും, ഭർത്താവും ഇവിടെയൊരു സ്ഥിരം കാഴ്ച്ചയാണ്. എൻട്രിയിലെ രഞ്ജിനി- ബാബുരാജ് പോലീസ് ദമ്പതികൾ, ഇവർ വിവാഹിതരായാലിലെ സിദ്ദിഖ്-രേഖ വക്കീൽ ദമ്പതികൾ, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ രതീഷ്-വിനയപ്രസാദ് വക്കീൽ ദമ്പതികൾ, ഗ്രാൻഡ്മാസ്റ്ററിലെ മോഹൻലാൽ-പ്രിയാമണി പോലീസ്-വക്കീൽ ദമ്പതികൾ തുടങ്ങി ഉദാഹരണങ്ങൾ നമ്മുക്ക് കാണാൻ കഴിയും. രാമന്റെ ഏദൻതോട്ടത്തിലെ അനു സിതാരയുടെ കഥാപാത്രത്തെ പോലെയും, ട്രിവാൻഡ്രം ലോഡ്ജിലെ ഹണി റോസിന്റെ കഥാപാത്രത്തെ പോലെയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയെ പോലെയും ഒക്കെ സ്വന്തം ജീവിതം സ്വന്തം അവകാശം ആണെന്ന് തിരിച്ചറിഞ്ഞു പോകുന്ന കഥാപാത്രങ്ങൾ സ്ക്രീനിൽ കാണാമെന്ന് ഉള്ള ശുഭപ്രതീക്ഷയോടെ ഈ കുറിപ്പ് നിർത്തട്ടെ.

വാൽ: അച്ഛന്റെയും, അമ്മയുടേയും വേർപിരിയൽ വളരെ കൂൾ ആയി എടുക്കുന്ന ഒരു കഥാപാത്രത്തെ ഈയടുത്ത് രഞ്ജിത് ചെയ്ത ടെലിഫിലിം ആയ മാധവിയിൽ കണ്ടു. പിന്നെ മറ്റൊരു വെൽക്കം ചേഞ്ച് ഭർത്താവിന്റെ ദ്രോഹം സഹിക്കാൻ കഴിയാതെ അയാളെ ഉപേക്ഷിക്കുന്ന മഞ്ജു വാരിയരുടെ കഥാപാത്രത്തെ “സത്യൻ അന്തിക്കാട്” ചിത്രമായ എന്നും എപ്പോഴുമിലും കണ്ടു എന്നതാണ്. സിനിമയോട് പ്രത്യേകിച്ച് ഇഷ്ടം ഒന്നും തോന്നിയില്ലെങ്കിലും, എന്തൊക്കെ വന്നാലും ആ ബന്ധത്തിൽ കടിച്ചു തൂങ്ങി ഇരിക്കണമെന്ന് ഏറ്റവുമധികം പറയാൻ ശ്രമിച്ചിട്ടുള്ള ഇന്നത്തെ ചിന്താവിഷയം പോലെയുള്ള ചിത്രങ്ങൾ ചെയ്ത സത്യൻ അന്തിക്കാട് ചിത്രത്തിൽ ഇങ്ങനെ കണ്ടത് സന്തോഷം തന്ന ഒരു കാര്യം ആയിരുന്നു.