രസകരമായ കുറച്ചു രുചിക്കൂട്ടുകളുള്ള സാജൻ ബേക്കറി

45

Aneesh Nirmalan എഴുതിയ റിവ്യൂ

രസകരമായ കുറച്ചു രുചിക്കൂട്ടുകളുള്ള സാജൻ ബേക്കറി

“Give people time. Give people space. Don’t beg anyone to stay. Let them roam. What is meant for you will always be yours.”
സാജൻ ബേക്കറി since 1962 എന്ന സിനിമ ഒരു സംഭവബഹുലമായ സിനിമ ആണോ എന്ന് ചോദിച്ചാൽ അങ്ങനെ ആണെന്ന് പറയാൻ കഴിയില്ല. പക്ഷേ ആ സിനിമയിൽ രസകരമായ ഒരുപാട് എലെമെന്റ്സ് ഉണ്ട്. ഒരു സൗദി ഷെയ്ഖ് കുടിക്കുമ്പോൾ അതിലുള്ള ചെറിയ ചെറിയ കഷ്ണങ്ങൾ എടുത്ത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഓർമ്മയുണ്ടോ? അതേ സുഖം നമ്മുക്ക് ഈ സിനിമ തരുന്നുണ്ട്. ലെനയുടേയും, ഗ്രേസ് ആന്റണിയുടെയും, രഞ്ജിത മേനോന്റെയും കഥാപാത്രങ്ങൾ ഒക്കെ വളരെ നോർമൽ ആയ, എന്നാൽ വളരെ കരുത്തുറ്റ കഥാപാത്രങ്ങളാണ്. പുരുഷന്റെ സാന്നിദ്ധ്യം ജീവിതത്തിൽ ആഗ്രഹിക്കുന്നവർ ആണെങ്കിലും, അതേ സമയം തന്നെ അവർ ഇല്ലാതെയും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് നല്ല ഉറപ്പുള്ള കഥാപാത്രങ്ങൾ ആണ്. വളരെ പതുക്കെയാണ് കഥാപാത്രങ്ങൾ ഈ സിനിമയിൽ ഡെവലപ്പ് ആകുന്നത്.

Sajan Bakery Since 1962 first look: 'Sajan Bakery Since 1962' first look:  Aju Varghese and Ganesh head to bathe in Pamba river | Malayalam Movie News  - Times of Indiaസ്ത്രീകളുടെ ജീവിതത്തിൽ പുരുഷന്മാരുടെ കൈകടത്തലുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ subtle ആയി ഈ സിനിമയിലൂടെ പറയുന്നുണ്ട്. വേണോ എന്ന് ചോദിക്കാതെ കരുതൽ കൊടുക്കുന്ന ആൺമേൽക്കോയ്മ വലിയ ഇടിവെട്ട് സംഭാഷണങ്ങളുടെ പിന്തുണയില്ലാതെ തന്നെ നന്നായി കാണിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിന്റെ പല അവസ്ഥകളും നോൺ ലീനിയർ ആയി ഈ സിനിമയിൽ കാണിക്കുന്നുണ്ട്. സൗഹൃദം പ്രണയമെന്നു തെറ്റിദ്ധരിക്കുന്ന പിന്നെ പിരിയുന്ന ദമ്പതിമാരും, പ്രണയം സീരിയസ് ആണോ എന്ന് തിരിച്ചറിഞ്ഞു കെട്ടാമെന്ന് തിരിച്ചറിവുണ്ടാകുന്ന പ്രണയിതാക്കളും, നല്ല കുടുംബജീവിതത്തിന് വേണ്ടി മദ്യം ഉപേക്ഷിക്കാൻ തയ്യാർ ആകുന്ന sensible ആയ ഭർത്താവിനെയും ഒക്കെ ഈ സിനിമയിൽ കാണാൻ കഴിയും.

അപ്പനും, മകനും ആയി അഭിനയിച്ച അജു വളരെ കൺട്രോൾഡ് ആയ അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത്. പക്ഷേ അച്ഛൻ അജുവിന്റെയും, ലെനയുടേയും കഥാപാത്രങ്ങൾ കുറച്ചു കൂടെ ഡീറ്റേയിൽ ആയി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി. ബോബിൻ എന്ന കഥാപാത്രത്തിന്റെ ട്രാൻസ്ഫോർമേഷൻ വളരെ സാവധാനം നല്ല രീതിയിൽ കാണിച്ചിട്ടുണ്ടെങ്കിലും, അത് കുറേ കൂടെ convincing ആയി കാണിക്കാം ആയിരുന്നു എന്ന് തോന്നി. ഗണേഷ് കുമാറിന് ഒരുപാട് കാലങ്ങൾക്ക് ശേഷം ലഭിച്ച നല്ലൊരു വേഷമാണ് ഇതിലെ അങ്കിളിന്റെ കഥാപാത്രം. ആനന്ദ് മന്മഥൻ എന്ന നടന്റെ comic ടൈമിംഗ് ഇനിയും ഒരുപാട് കാലങ്ങൾ മലയാളികൾ ആസ്വദിക്കുമെന്നതിന്റെ ഒരു തുടക്കം നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും. റാന്നിയുടെ മനോഹാരിത ഗുരു പ്രസാദ് വളരെ മനോഹരമായി ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതം വളരെ ഫ്രഷ് ആയി ഫീൽ ചെയ്തു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. മോണോലോഗ് സ്റ്റൈലിലുള്ള നായികയുടെ കഥപറച്ചിൽ നല്ല ഒരു ഫ്രഷ്നെസ്സ് ഈ സിനിമക്ക് കൊടുത്തിട്ടുണ്ട്.

നല്ല സുഖകരമായ ഫീലിലൂടെ മൂവ് ചെയ്ത് പെട്ടെന്ന് ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ബന്ധങ്ങളുടെ പ്രാധാന്യവും, ബന്ധങ്ങളിൽ പരസ്പരം ബഹുമാനത്തോടെ സ്പേസ് കൊടുത്ത് ജീവിക്കേണ്ടതിന്റെ ആവശ്യകതയെയും വളരെ രസകരമായി നവാഗതനായ അരുൺ ചന്തു ഇതിലൂടെ കാണിച്ചിട്ടുണ്ട്. നല്ല രുചിയുള്ള പലഹാരത്തിനിടയിൽ, കുറച്ചു കുഞ്ഞു കൽത്തരികൾ ഉള്ളതിനെ പെറുക്കി കളഞ്ഞാൽ വളരെ നല്ല ഒരു വിഭവം തന്നെയാണ് സാജൻ ബേക്കറിയിൽ നമ്മുക്ക് ലഭിക്കുക. മനസ്സിൽ തട്ടുന്ന ചില സംഭാഷണങ്ങളും ഈ സിനിമയിൽ ഉടനീളം നമ്മുക്ക് കാണാൻ കഴിയും. പക്ഷേ, ഒന്ന് കൂടെ ശ്രദ്ധിച്ച് കുഴച്ചിരുന്നെങ്കിൽ കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഈ ബേക്കറിക്ക് കഴിഞ്ഞേനെ എന്നുറപ്പാണ്. സുഖമുള്ള ഒരു കുടുംബചിത്രം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു നല്ല “ക്രീം ബൺ” തന്നെയാണ് ഈ സിനിമ.