ദാമ്പത്യജീവിതം ചിലർക്ക് മധുരവും ചിലർപ്പ് എരിവും ചിലർക്ക് കയ്പ്പും ആകാം. അങ്ങനെ ഉള്ളപ്പോൾ രണ്ടാമത് വിവാഹം ചെയ്യുന്നവരുടെ പ്രശ്നങ്ങൾ അതിലുമേറെ സങ്കീര്ണമാകും. അതിന്റെ കാരണം വിവാഹിതരാകുന്ന രണ്ടുപേർ മുൻ വിവാഹബന്ധത്തിൽ അനുവർത്തിച്ചിരുന്ന ജീവിതശൈലിയും അവർക്കു ആ ബന്ധത്തിൽ ഉണ്ടായ കുട്ടികളും ഒക്കെയാകാം. അങ്ങനെയുള്ളപ്പോൾ രണ്ടാമത് കല്യാണം കഴിക്കുന്നവരുടെ ജീവിത സുഗമമായി മുന്നോട്ടുപോകാൻ ചില പൊടിക്കൈകളും സമീപനങ്ങളും ആവശ്യമാണ്. Aneesh Omana Raveendran എഴുതിയ കുറിപ്പ് വായിക്കാം
രണ്ടാമത് കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്
1. നിങ്ങളുടെ പുതിയ പങ്കാളിക്ക് മുൻ ബന്ധത്തിൽ മക്കൾ ഉണ്ടെങ്കിൽ അവരെ സ്വന്തം മക്കളായി ഏറ്റെടുക്കാൻ കഴിയുമെങ്കിൽ മാത്രമെ രണ്ടാം വിവാഹത്തെ പറ്റി ചിന്തിക്കാവൂ.
2. പുതിയ ഭർത്താവിന്/ഭാര്യക്ക് മക്കൾ ഉണ്ടെങ്കിൽ അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നതായി അഭിനയിക്കാൻ എങ്കിലും കഴിയണം. ഇനി അത് പറ്റില്ല എങ്കിൽ അവരുടെ നല്ല സുഹൃത്ത് ആവാൻ എങ്കിലും ശ്രമിക്കുക.
3. പങ്കാളിയുടെ മുൻബന്ധത്തിൽ ഉള്ള മക്കൾഎന്തൊക്കെ സ്വാതന്ത്ര്യം അനുഭവിച്ചു ആണ് വളർന്നത് എന്ന് അറിയാൻ ശ്രമിക്കുക, അതിൽ വെട്ടിച്ചുരുക്കലുകൾ വരുത്താൻ ശ്രമിക്കാതെ ഇരിക്കുക.
4. നിങ്ങൾ പങ്കാളിയുടെ വീട്ടിലേക്ക് മാറുകയാണെങ്കിൽ അവിടെ ഉള്ള പല സാധനങ്ങളും അവിടെ ആദ്യമേ താമസിക്കുന്നവർക്ക് മാനസികം ആയി ബന്ധം ഉള്ളവ ആയിരിക്കും എന്നും അവയുടെ ഉപയോഗത്തിൽ അനാവശ്യ കൈകടത്തലുകൾ ചെയ്യാതെയും ഇരിക്കുക.
5. പാത്രങ്ങൾ, സാധനങ്ങൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ ഉള്ളവയും, മനുഷ്യർ സ്നേഹിക്കപ്പെടാൻ ഉള്ളവരും ആണ്. അത് മറന്ന് മനുഷ്യരെ ഉപയോഗിക്കുകയും, വസ്തുവകകളെ സ്നേഹിക്കുകയും ചെയ്യാതെ ഇരിക്കുക.
6. നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ, അവരെ പുതിയ വിവാഹത്തിന് ശേഷം അവഗണിക്കുന്നതായി തോന്നിപ്പിക്കാതെ ഇരിക്കുക. അവർക്ക് മുൻപുണ്ടായിരുന്ന എല്ലാ അവകാശങ്ങളും ഇപ്പോഴും അതേ അളവിലോ കൂടുതലോ ആയി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക. അത് വ്യക്തമായി പുതിയ പങ്കാളിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.
ലോകത്തു കാലാതീതമായും, സ്ഥലാതീതമായും പ്രചുരപ്രചാരം നേടിയ കഥകൾ എല്ലാം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും. അവയിൽ ഒന്നില്ലെങ്കിൽ സ്നേഹം, പ്രണയം എന്നിവ അവയുടെ നഷ്ടം ഒക്കെയാണ് പ്രധാനവിഷയങ്ങൾ. അതുപോലെ തന്നെ ശക്തമായ സാന്നിധ്യം രണ്ടാനമ്മ/രണ്ടാനച്ഛൻ എന്നിവരുടെ ക്രൂരതകൾക്കും ലോകക്ലാസിക്കുകളിൽ ഉണ്ട്.
സിൻഡ്രല്ല നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കുട്ടിക്കഥ ആണെങ്കിൽ, മഹാഭാരതം മൂലകാരണം ആക്കുന്നത് ഒരു രാജാവിന് രണ്ടു ഭാര്യമാരിൽ ഉണ്ടായ മക്കൾ തമ്മിൽ ഉടലെടുത്ത ശത്രുത ആണ്, രാമൻ പതിനാലു വര്ഷം വനവാസം ചെയ്തത് രണ്ടാനമ്മ മൂലം ആണ്. ഒരു പുതിയ സിൻഡ്രല്ലകഥയോ, മഹാഭാരതമോ, രാമായണമോ, രചിക്കാൻ നിങ്ങളുടെ ജീവിതം കാരണമാകാതെ ഇരിക്കട്ടെ.