സച്ചിനേക്കാൾ മികച്ചവനെന്ന് വിലയിരുത്തപ്പെട്ട കാംബ്ലി എങ്ങുമെത്താതെ പോയതിന്റെ പിന്നിലെ കളി

0
218

Aneesh Plankamon

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി രണ്ട് ഡബിൾ സെഞ്ചുറി നേടിയിട്ടും 23-ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്താകാനായിരുന്നു വിനോദ് കാംബ്ലിയുടെ വിധി. ഓർമ്മയുണ്ടോ നിങ്ങൾക്ക്, തല മുണ്ഡനം ചെയ്ത്, നിറഞ്ഞ ചിരിയോടെ സ്റ്റൈലിഷായി ഗ്രൗണ്ടിൽ എപ്പോഴും ഷൈൻ ചെയ്ത കാംബ്ലിയെ. ഇന്ത്യൻ ടിവി സംസ്‍കാരം അത്ര വികാസം പ്രാപിക്കാതിരുന്നൊരു കാലത്തിന്റെ കരുതലായിരുന്നു കാംബ്ലി. നമ്മളൊക്കെ കാംബ്ലിയുടെ കേളിമികവ് കണ്ടാസ്വദിച്ചതിനേക്കാൾ കൂടുതൽ, അക്കാലത്തിറങ്ങിയ പത്രങ്ങൾ, സ്പോർട്സ് മാസിക എന്നിവയിലൂടെയാണ് ഈ മുംബൈകാരനെ കുറിച്ച് ഒരുപാടറിഞ്ഞത്. ആ അറിവാകട്ടെ, ക്രിക്കറ്റിന്റെ ദൈവത്തോടൊപ്പമാണ് എന്നും അവതരിപ്പിക്കപ്പെട്ടത്.

Loss in '96 World Cup semifinal still hurts, reveals Vinod Kambli |  CricketSoccer1988 ലാണ് കാംബ്ലി – സച്ചിൻ കൂട്ടുകെട്ട് ലോകശ്രദ്ധ നേടുന്നത്. മുംബൈയിൽ, ഹാരിസ് ഷീൽഡ് ടൂർണ്ണമെന്റിന്റെ സെമിഫൈനലിൽ കാംബ്ലി – സച്ചിൻ നേടിയ 664 റൺസിന്റെ കൂട്ടുകെട്ട് ലോകറെക്കോർഡായി. കോച്ച് രമകാന്ത് അജ്ജരേക്കറിന്റെ കീഴിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ച കാംബ്ലി 1989-90 സീസണിലാണ് മുംബൈയ്ക്ക് വേണ്ടി ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ദേശിയടീമിലേക്കുള്ള വഴി തുറന്നു. 1991 ഷാർജയിൽ പാകിസ്താനെതിരെ അരങ്ങേറ്റം. ’93 ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ പാഡണിഞ്ഞ വിനോദ്, തന്റെ രണ്ടാം ടെസ്റ്റിൽ ഇരട്ടശതകം നേടി ലോകത്തെ അമ്പരപ്പിച്ചു. പ്രതിഭയുടെ ധാരാളിത്തം 1992, 96 കാലങ്ങളിലെ ലോകകപ്പിൽ കളിയ്ക്കാൻ കാംബ്ലിക് അവസരം നൽകി. 96 ലെ ലോകകപ്പിൽ തന്റെ ബാറ്റിംഗ് മികവ്കൊണ്ട് മാത്രം സിംബാവെക്കെതിരായ മത്സരത്തിൽ ഇന്ത്യ വിജയതീരമണഞ്ഞു. സെമിഫൈനലിൽ ശ്രീലങ്കയോട് തോറ്റ് (മത്സരം ഉപേക്ഷിച്ചു. ലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.) ഇന്ത്യ ടൂർണ്ണമെന്റിൽ നിന്നും പുറത്താകുമ്പോൾ ഓർമ്മയിൽ തങ്ങിനിൽക്കുന്ന കാഴ്ച കാംബ്ലിയുടെ കരച്ചിൽ തന്നെയായിരുന്നു.

ലോകകപ്പിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട വിനോദ് കാംബ്ലി പിന്നീടൊരിക്കലും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല. എന്നിരുന്നാലും, എന്നും എവിടെയും ആരാധകഹൃദയങ്ങളിൽ കാംബ്ലിക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. ഒരുകാലത്ത് സച്ചിനേക്കാൾ മികച്ചവൻ എന്ന് ക്രിക്കറ്റ് നിരൂപകർ വിലയിരുത്തിയ ഈ കളിക്കാരൻ എങ്ങും എത്താതെ പോയതിന്റെ പിന്നിലെ കളി എന്താണെന്ന് ഗാലറികൾക്ക് ഇന്നും അജ്ഞാതം. സച്ചിൻ എന്ന മഹാരഥന്റെ പേരും ചരിത്രവും കേൾക്കുന്നിടത്തൊക്കെ കാംബ്ലി ഒരു വലിയ കൂട്ടുകെട്ടായി നിൽക്കുന്നു. ഒപ്പം 90,95 കളിലെ ക്രിക്കറ്റ് പ്രേമികളുടെ മനസിലും.