സീതാരാമത്തെ പുകഴ്ത്തി ബോളിവുഡ് നടി കങ്കണ റണൗത് . പ്രത്യേകിച്ച് , മൃണാലിന്റെ അഭിനയത്തെയാണ് കങ്കണ പുകഴ്ത്തിയത്. ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ സീതാരാമം നൂറു കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. ആദ്യ പതിനഞ്ചു ദിവസത്തിനുള്ളിൽ തന്നെ 65 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം പിന്നീട് നൂറു കോടി ക്ലബിൽ ഇടംപിടിച്ചു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദുൽഖറിന്റെ കരിയറിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് സീതാരാമം. സീതാ മഹാലക്ഷ്മിയായി മൃണാൾ താക്കൂറും മികച്ച അഭിനയമാണ് കാഴ്ചവച്ചത്. അഫ്രീനായി രശ്മിക മന്ദാനയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
ചിത്രത്തിൽ അക്ഷരാർത്ഥത്തിൽ രാജ്ഞിയെ പോലെയാണ് മൃണാൽ താക്കൂറെന്ന് തന്റെ ഇൻസ്റ്റ്ഗ്രാം സ്‌റ്റോറീസിൽ കങ്കണ പറയുന്നു. കങ്കണയുടെ വാക്കുകൾ ഇങ്ങനെ ‘ഒടുവിൽ സീതാരാമം കാണാൻ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു… ഇതിഹാസ സമാനമായ പ്രണയകഥ… അസാധാരണ തിരക്കഥയും സംവിധാനവും…. ഹനു രാഘവപുടിക്കും (സംവിധായകൻ) അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എല്ലാ അഭിനേതാക്കളും വിസ്മയകരമായ രീതിയിലാണ് സിനിമയിൽ അഭിനയിച്ചത് . ഇതിൽ മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ചിത്രത്തിൽ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂർ മാഡം”.- ക്വീൻ ഇമോജി ചേർതാണ് കങ്കണ കുറിച്ചത്. .