ബാഹ്യരൂപമോ വസ്ത്രമോ അല്ല ഒരാളുടെ ജെന്റർ നിർണയിക്കുക


ബിഗ്‌ബോസ് എന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിൽ Dr.രജത് കുമാറും ജസ്‌ല മാടശ്ശേരിയും തമ്മിൽ നടന്ന സംവാദത്തിൽ ബയോളജി വിഷയത്തിൽ phd ഉള്ള രജത്, പ്രതീപ് എന്ന മത്സരാർത്ഥിയെ ചൂണ്ടിക്കാട്ടി ഇയാൾ ആണാണോ പെണ്ണാണോ എന്ന് ചോദിച്ചപ്പോൾ അത് അയാളാണ് പറയേണ്ടത് എന്ന് ജസ്‌ല പറഞ്ഞതും ബാഹ്യരൂപമോ വസ്ത്രമോ അല്ല ഒരാളുടെ ജെന്റർ നിർണയിക്കുക എന്ന് പറഞ്ഞതും പൊതുബോധത്തിൽ നിൽക്കുന്ന കൂടുതൽ ആളുകൾക്കു മനസിലായില്ല എന്ന് പ്രതികരണങ്ങളിൽ നിന്ന് വെക്തമായി.
അതുപോലെ സെക്‌സും ജന്ററും 2 ആണെന്ന് പോലും പലർക്കും അറിയില്ലെന്നും വൈവിധ്യമാർന്ന ആയിരകണക്കിന് സെക്ഷ്യാലിറ്റികൾ ഉണ്ടെന്ന് ഇപ്പോഴും അറിയാത്തവർ ഉണ്ടെന്നത് നമ്മുടെ സിസ്റ്റത്തിലെ sex എഡ്യൂകേഷന്റെ കുറവാണെന്നു മനസിലാകുന്നു. അതിനാൽ ഈ വിഷയങ്ങളിൽ എന്റെ സുഹൃത്ത് അക്കു വിൽനിന്നും,ക്യൂർ റിഥം ഗ്രൂപ്പിൽ നിന്നും, dacd ഗ്രൂപ്പിൽ നിന്നും, ഗൂഗിളിൽ നിന്നും, സയൻസ് പുസ്തകങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങൾ ശേഖരിച്ചു ഞാൻ ഇട്ട പഴയൊരു fb പോസ്റ്റ്‌ വീണ്ടും റിപോസ്റ്റ്‌ ചെയ്യുന്നു. നീളം കൂടിയ പോസ്റ്റ്‌ ആണെങ്കിലും പലർക്കും ഈ വിഷയങ്ങളിൽ ഒരു മിനിമം അവഗാഹം ഉണ്ടാക്കാൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു. മുഴുവൻ വായിച്ചു സംശയങ്ങളും അഭിപ്രായങ്ങളും വിമര്ശനങ്ങളും രേഖപ്പെടുത്തുക….
ലിംഗസ്വത്വത്തെ ദ്വന്ദരൂപത്തില് (Binary) മാത്രം അടയാളപ്പെടുത്തുന്ന സാമൂഹികസ്ഥിതിയില് പുരുഷ, സ്ത്രീ ലിംഗാവസ്ഥകള്ക്ക് പുറത്തും യാഥാര്ത്ഥ്യങ്ങളുണ്ടെന്ന വസ്തുത ബോധപൂര്വ്വം മറച്ചുവെയ്ക്കപ്പെടുകയോ ആ സാധ്യതകളെ അടിച്ചമര്ത്തപ്പെടുകയോ ചെയ്യുന്നുണ്ട്.
ആണും പെണ്ണുമെന്ന ദ്വന്ദ്വത്തിലേക്ക് മാത്രം വ്യവസ്ഥാപിത സമൂഹം എത്തിച്ചേര്ന്നത് നിരന്തരമായ അധിനിവേശ പ്രക്രിയകളിലൂടെയാണ്. ഇതിന് കുടുംബം, മതം, വിദ്യാഭ്യാസം, ഭരണകൂടം, നിയമം, തൊഴിലിടം തുടങ്ങിയ എല്ലാ സ്ഥാപനവല്കൃത മേഖലകളും കരുത്തു പകര്ന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വാഭാവികമായ വളര്ച്ചയില് പങ്കുചേരുന്ന ഈ വ്യവസ്ഥാപിത സ്ഥാപനങ്ങളെല്ലാം ഒന്നുപോലെ ഒരു ട്രാന്സ്ജെന്ഡറിനെ, തന്റെ ലിംഗസ്വത്വത്തിന്റെ പ്രത്യേകതകള് കൊണ്ട്, തീര്ത്തും അവഗണിക്കുകയും നിശബ്ദമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശാരീരികമായ അടയാളങ്ങളെ മാത്രം കണക്കിലെടുത്ത് ശൈശവദശയില് തന്നെ നിര്ണയിക്കപ്പെടുന്ന ലിംഗാവസ്ഥയില് ജീവിതകാലം മുഴുവന് കഴിയാന് ഓരോ വ്യക്തിയെയും സമൂഹം ബാധ്യസ്ഥരാക്കുന്നുണ്ട്. എന്നാല് ആണ്ശരീരത്തിലെ പെണ്മനസോ പെണ്ശരീരത്തിലെ ആണ്മനസോ സാധ്യമാണെന്ന് ബോധപൂര്വം വിസ്മരിക്കുന്ന സമൂഹത്തില് അങ്ങനെയുള്ളവര് ജന്മം കൊണ്ടു തന്നെ കുറ്റവാളികളാകുന്നു, തടവുകാരാകുന്നു, തന്റേതല്ലാത്ത സ്വത്വത്തിനുള്ളില് ഒളിച്ചു താമസിക്കാന് വിധിക്കപ്പെടുന്നു.
ആണ്/പെണ് ദ്വന്ദ്വത്തിന്റെ പരമ്പരാഗത മാതൃകകള്ക്കും അടയാളങ്ങള്ക്കും വെളിയിലാണ് ഒരു ട്രാന്സ്ജെന്ഡറിന്റെ സ്വത്വം (Identity) നിലകൊള്ളുന്നത്. ലിംഗനിര്ണയം നടത്തുന്നതിലെ വ്യവസ്ഥാപിത രീതിയില് നിന്ന് തുടങ്ങുന്നതാണ് വ്യത്യസ്തമായ ലിംഗ-ലൈംഗിക സ്വത്വങ്ങളെ തള്ളിക്കളയാനുള്ള ശീലം. ഓരോ വ്യക്തിയും ജനിക്കുമ്പോള് അയാളുടെ ബാഹ്യശരീരത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ആണ് അല്ലെങ്കില് പെണ്ണ് എന്ന് രേഖപ്പെടുത്തുന്നതാണ് #ലിഗം (Sex). (ഇവിടെയും ആണ്, പെണ് ദ്വന്ദ്വങ്ങള്ക്കപ്പുറം രണ്ടിന്റെയും ലൈംഗികാവയവങ്ങളുള്ള, രണ്ടിന്റെയും ബാഹ്യശരീരപ്രകൃതികളുള്ള ഇന്റര്സെക്‌സ് എന്ന ലിംഗസ്വത്വത്തെ ഒഴിവാക്കുന്നുണ്ട്. ഇന്റര്സെക്‌സ് സ്വത്വത്തെ ഒരു വൈകല്യമായാണ് കാണാറുള്ളത്.) എന്നാല് ഒരു വ്യക്തി വളര്ന്നുവരുമ്പോള് ഉണ്ടാകുന്ന ശാരീരികമായ മാറ്റങ്ങളെയോ പുറമെ കാണുന്ന അവയവങ്ങള്ക്കപ്പുറത്ത് സെക്‌സ് ക്രോമോസോമുകള്ക്കും ഹോര്മോണുകള്ക്കും ജനനഗ്രന്ഥികള്ക്കും ഉണ്ടാകുന്ന മാറ്റം ഈ നിര്ണയരീതിയില് പരിഗണിക്കപ്പെടുകയോ അതനുസരിച്ച് ലിംഗനിര്ണയം പുതുക്കപ്പെടുകയോ ചെയ്യുന്നില്ല.
ബാഹ്യശരീരത്തില് നിന്ന് വിട്ട് ഒരു വ്യക്തിയുടെ വളര്ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള് കൂടി പരിഗണിച്ചാണ് അയാളുടെ #ലിംഗാവസ്ഥ (Gender) നിര്ണയിക്കേണ്ടത്. ലിംഗാവസ്ഥ പരിശോധിച്ചാല് നിരവധി വ്യത്യസ്തതകള് ഇതിനുള്ളില് തന്നെ ഉണ്ടെന്ന് കാണാം. പ്രാദേശികമായി ഇത്തരം ലിംഗാവസ്ഥകളെ പല പേരുകളില് പറയപ്പെടാറുണ്ട്. ഹിജഡ, കോത്തി, ജോഗപ്പ, അറവാണി തുടങ്ങിയവ അതില് ചിലതാണ്. ആണ്, പെണ് ദ്വന്ദ്വങ്ങള്ക്ക് വെളിയിലുള്ള ഇത്തരം എണ്ണമറ്റ ലിംഗാവസ്ഥകളെ കൂട്ടമായി വിളിക്കുന്ന പേരാണ് #ട്രാൻസ്‌ജെൻഡർ.
ആൺ ശരീരവും പെണ്ണിന്റെ മനസ്സുമുള്ളവര് (Transwoman), പെണ് ശരീരവും ആണിന്റെ മനസ്സുമുള്ളവര് (Transman) എന്നിങ്ങനെ രണ്ട് തരം ട്രാന്സ്‌ജെന്ഡറുകളെയും പൊതുവായി വര്ഗീകരിച്ചിട്ടുണ്ട്. വേഷം, പെരുമാറ്റരീതി, സംസാരശൈലി, ശരീരചലനങ്ങള് എന്നിവയില് ട്രാന്സ്‌ജെന്ഡറുകള് വ്യവസ്ഥാപിതമായി നിര്ണയിക്കപ്പെട്ട ലിംഗത്തിന് എതിര്വശത്ത് നിലകൊള്ളും. ഈ ഒരൊറ്റ കാരണത്താല് പൊതുസമൂഹത്തില് ഇവര് വളരെ വേഗം തിരിച്ചറിയപ്പെടും. ആണ്, പെണ് ലിംഗപദവികള് മാത്രമാണ് സ്വാഭാവികമെന്നും മറ്റെല്ലാം വൈകല്യമാണെന്നും വിശ്വസിക്കുന്ന പൊതുസമൂഹത്തില് ഇവര് പരിഹസിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യും. ട്രാന്സ്‌ജെന്ഡറുകളുടെ സാമൂഹികമായ അന്യവത്കരണം ഇവിടെയാണ് തുടങ്ങുന്നത്.
ലിംഗം (Sex), ലിംഗാവസ്ഥ (Gender), ലൈംഗികത (sexuality) എന്നിവ ഒറ്റനോട്ടത്തില് സമാനപദങ്ങളായി തോന്നാമെങ്കിലും വ്യത്യസ്തമായ, എന്നാല് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മൂന്നു കാര്യങ്ങളാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ നിലനില്പിന്റെ അടിസ്ഥാനമാണ് ഇവ മൂന്നും. സ്വത്വബോധ(identity)ത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന ഇവ ഓരോന്നും എന്താണെന്ന് നോക്കാം.
സാധാരണയായി ഒരു വ്യക്തി ജനിക്കുമ്പോള് ജനനസമയത്ത് ആണ് അല്ലെങ്കില് പെണ്ണ് എന്ന് അടയാളപ്പെടുത്തുന്നതാണ് ആ വ്യക്തിയുടെ ലിംഗം. വളരെ സ്വാഭാവികമെന്ന് കരുതിപോരുന്ന ഈ നിര്ണയത്തിന്, ശരീരത്തിന് പുറമെ കാണുന്ന ലൈംഗികാവയവങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. അതില്ത്തന്നെ സ്ത്രീ എന്നതിനെ വികലമായ പുരുഷന് (imperfect man) എന്നും ചില ശരീരശാസ്ത്രജ്ഞര് വിളിക്കുന്നുണ്ട്. ഇത് ലിംഗ നിര്ണയത്തിലെ സ്വാഭാവികതയെ ചോദ്യം ചെയ്യാന് പോരുന്ന ഒരു കാര്യമാണ്. രണ്ടും രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് എന്നതിലുപരി, ഒന്നിന്റെ കുറവാണ് മറ്റൊന്ന് എന്ന രീതിയിലുള്ള മനസിലാക്കല് ‘Natural’-നെ പരിമിതപ്പെടുത്തുന്നു. വാസ്തവത്തില് ഒരു വ്യക്തിയുടെ വളര്ച്ചയുടെ പല ഘട്ടങ്ങളിലും പുറമെ കാണുന്ന അവയവങ്ങള് കൂടാതെ സെക്‌സ് ക്രോമസോമുകള്, ഹോര്മോണുകള്, ജനന ഗ്രന്ഥികള്, ഉള്ളിലും പുറമെയുമുള്ള പ്രത്യുല്പാദനശേഷി നിര്ണയിക്കുന്ന അവയവങ്ങള് തുടങ്ങിയവ മാറ്റത്തിനു വിധേയമാകുകയോ ലിംഗപരമായ ഇടപെടലുകള് നടത്തുകയോ ചെയ്യുന്നുണ്ട്. ലിംഗനിര്ണയത്തില് ഇവയ്ക്കുള്ള പങ്ക് വളരെ പ്രധാനപെട്ടതാണ്. അതുകൊണ്ട് ചിലരിലെങ്കിലും പ്രത്യക്ഷമായി രണ്ട് വിധത്തിലുള്ള അവസ്ഥകളോ അപൂര്ണമോ അവ്യക്തമോ ആയ അവയവങ്ങളോ വിവിധ രീതിയിലുള്ള ക്രോമസോം ഘടനയോ ഒക്കെ കണ്ടുവരുന്നു. വളരെ സ്വാഭാവികമായി വരാവുന്ന ഈ മാറ്റങ്ങള് കൊണ്ട് ഒരു വ്യക്തി ചിലപ്പോള് #intersex (മിശ്രലിംഗം) അല്ലെങ്കില് hermaphrodite ആയി കാണപ്പെടുന്നു. മത്സരങ്ങളിലുണ്ടാകുന്ന തര്ക്കങ്ങളെ തുടര്ന്ന് അത്ലറ്റിക്സിലും മറ്റും കായികതാരങ്ങള്ക്ക് നടത്തിവരാറുള്ള ലിംഗ നിര്ണയ പരിശോധനകളുടെ (sex-determination test) ഫലങ്ങള് പലപ്പോഴും ഇത്തരം വ്യത്യസ്തതകളെ കൂടുതലായി വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.
#ലിംഗാവസ്ഥ (Gender)
ജനനസമയത്ത് നിര്ണയിക്കപെട്ട ലിംഗത്തിനനുസൃതമായി, നിലനില്ക്കുന്ന സാമൂഹികഘടനയും ലഭ്യമായിട്ടുള്ള മാതൃകകളും അടിസ്ഥാനമാക്കി, തുടരുന്നതാണ് പൊതുവെ ഒരു വ്യക്തിയുടെ ജെന്ഡര് അഥവാ ലിംഗാവസ്ഥയായി കണ്ടുവരുന്നത്. ആണായി ‘ജനിച്ചാല്‘ ആണിനെപോലെ, പെണ്ണായി ‘ജനിച്ചാല്‘ പെണ്ണിനെപ്പോലെ എന്നിങ്ങനെ കൃത്യമായി നിര്മിക്കപ്പെട്ട ചട്ടക്കൂടിനുള്ളില് നിരവധി സ്വഭാവസവിശേഷതകളെ (വസ്ത്രധാരണം,തലമുടി, താടി, സംസാരശൈലി, നടത്തം എന്നിങ്ങനെ) ഒരുമിച്ച് ചേര്ത്ത് ഒരു വ്യക്തിയുടെ ലിംഗാവസ്ഥ തീരുമാനിക്കപ്പെടുന്നു. ആണ് അല്ലെങ്കില് പെണ്ണ് എന്ന രീതിയില് ശരീരത്തെ തീരുമാനിക്കുകയും അതിന് അടിസ്ഥാനമാക്കി ജെന്ഡര് രൂപപ്പെടുത്തുകയും ചെയ്യുന്ന സാമൂഹികപ്രക്രിയ, അധികാരശ്രേണിയില് ആണ്/പെണ് സ്ഥാനങ്ങള്ക്ക് തുല്യ എതിര്ലിംഗ പദവിക്കുപകരം ഉയര്ന്നതും താഴ്ന്നതുമായ സ്ഥാനങ്ങള് നല്കുകയും ചെയ്യുന്നു. ഇവിടെയും സ്വാഭാവികത എന്നത് സാമൂഹികവും സാംസ്‌കാരികവുമായ ഒരു നിര്മിതിയാണ്. ഒരു വ്യക്തിയ്ക്ക് കല്പ്പിച്ചു നല്കിയ ലിംഗാവസ്ഥയ്ക്കപ്പുറം ആ വ്യക്തി സ്വയം മനസിലാക്കുന്ന അവസ്ഥയോ പെരുമാറുന്ന രീതിയോ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒക്കെ സംഭവിക്കാവുന്നതാണ്. ഇത്തരം ലിംഗാവസ്ഥ സാമൂഹികമായ പഠിപ്പിക്കലിനു വെളിയില് സ്വാഭാവികമായി രൂപപെടുന്നതുമാണ്.(Gender അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങള്, വസ്ത്രങ്ങള്, പെരുമാറ്റരീതികള് ഒക്കെ. ഒരു വിധത്തില് നോക്കിയാല് ഒരാളെ അയാള് ജനിച്ച സെക്‌സില് തുടരാനായി പരിശീലനം നല്കുന്ന കാര്യങ്ങളാണ്). ഇത്തരത്തില് സ്വാഭാവികമായി രൂപപ്പെടുന്ന ലിംഗാവസ്ഥകളില് തന്നെ നിരവധി വൈവിധ്യങ്ങള് കണ്ടുവരാറുണ്ട്. Transgender, Transsexual, Transvestites, ഹിജഡ, കോത്തി തുടങ്ങിയവ ഇത്തരം വൈവിധ്യങ്ങളില് ചിലതാണ്. എന്നാല് ഇവയെ Transgender എന്ന പൊതുവായ ലിംഗാവസ്ഥയായാണ് സാധാരണയായി പരിഗണിക്കാറുള്ളത്.
ഒരു വ്യക്തിയുടെ ലിംഗം, ആ വ്യക്തി സ്വയം അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ലിംഗാവസ്ഥ, മറ്റുള്ളവരോട് തോന്നാവുന്ന ലൈംഗിക പ്രതികരണങ്ങള് (Sexual Orientation) എന്നിവയെ കൂട്ടായി ലൈംഗികതയായി കണക്കാക്കാം. സെക്ഷ്വാലിറ്റി അഥവാ ലൈംഗികത പ്രധാനമായും ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യവുമായി (Orientation) ബന്ധപ്പെട്ടുകിടക്കുന്നു. ആണും പെണ്ണും എന്ന ദ്വന്ദ്വബോധത്തിന്റെ സ്വാധീനം ഈ ലൈംഗിക താത്പര്യത്തിലും വ്യക്തമായി കാണാം. ആണ്, പെണ് ദ്വന്ദ ലിംഗാവസ്ഥയില് എതിര്ലിംഗത്തോട് തോന്നുന്ന ലൈംഗിക താത്പര്യം (#Heterosexual) അതുകൊണ്ട് തന്നെ ഒരു സ്വാഭാവികതയും ശീലവുമായി മാറിയിട്ടുണ്ട്. എന്നാല് സ്വന്തം ലിംഗാവസ്ഥയിലുള്ളവരോടു തോന്നുന്ന ലൈംഗിക താത്പര്യം അഥവാ സ്വവര്ഗലൈംഗികതയും (#Homosexuality) സ്വാഭാവികം തന്നെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. #Lesbian (സ്ത്രീകള്ക്ക് പരസ്പരം തോന്നുന്ന ലൈംഗികതാത്പര്യം), #Gay (പുരുഷന്മാര്ക്ക് പരസ്പരം തോന്നുന്ന ലൈംഗികതാത്പര്യം) എന്നിവയ്ക്കൊപ്പം #bisexual (ഇരു ലിംഗങ്ങളോടും ഒരുപോലെ തോന്നുന്ന ലൈംഗിക ആകര്ഷണം), #asexual (പ്രത്യേകിച്ച് ലൈംഗിക താല്പര്യം ഇല്ലാത്ത അവസ്ഥ) ഇവയെല്ലാം സ്വാഭാവികതകള് തന്നെയാണ്.