ഐക്യരാഷ്ട്രസഭയും അർബൻ നക്സലൈറ്റ് ആണോ സംഘികളേ ?

207

Anil Sree

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം അടിസ്ഥാനപരമായി വിവേചനപരമായ സമീപനത്തോടു കൂടിയതാണെന്ന് ഐക്യരാഷ്ട്രസഭ

ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് യുണൈറ്റഡ് നേഷന്‍സ് (UN) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇന്നലെ ഇട്ട ട്വീറ്റ് ആണു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം അടിസ്ഥാനപരമായി വിവേചനപരമായ സമീപനത്തോടു കൂടിയതാണെന്ന് UN കരുതുന്നു. ഇന്ത്യയുടെ സുപ്രീം കോടതി ഈ ബില്ലിനെ ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളുമായി തുലനം ചെയ്ത് പരിശോധിക്കുമെന്ന് കരുതുന്നതായും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

CAB-യെ എതിര്‍ക്കുന്നത് അര്‍ബന്‍ നക്സലുകളും കമ്യൂണിസ്റ്റുകളുമാണെന്നാണു ഇവിടെ പല സംഘി നേതാക്കളും അവരുടെ ആരാധകരും പറയുന്നത്. മതം എന്ന ലേബല്‍ കുത്തിക്കയറ്റുന്നതും രാജ്യത്ത് അന്തച്ഛിദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും അവരാണെന്നാണു ഈ കൂട്ടരുടെ വാദം. ബാക്കി കുറച്ച് ആരോപണങ്ങള്‍ ഇപ്പൊഴത്തെ കോണ്‍ഗ്രസുകാര്‍ മുതല്‍ രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവരിലൂടെ നെഹ്രു വരെ നീളുന്നുണ്ട്.

സംഘപരിവാര്‍ അജണ്ടകള്‍ മോദിയും അമിത് ഷായും ഓരോന്നായി നടപ്പാക്കുമ്പോള്‍ കയ്യടിക്കുന്ന മതഭ്രാന്തന്മാരെ, നിങ്ങള്‍ അറിയുന്നില്ല നിങ്ങളില്‍ നിന്നകലുന്ന മാനുഷിക മൂല്യങ്ങള്‍ക്കു തന്നെയാണു നിങ്ങള്‍ കയ്യടിക്കുന്നതെന്ന്. സ്വന്തം മതത്തോടുള്ള സ്നേഹത്തേക്കാളുപരി അന്യമതവിരോധം തലക്കു പിടിച്ച നിങ്ങള്‍ ഇനിയും കയ്യടിച്ചേക്കാം. ഒരിക്കലെങ്കിലും നിങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

അതാത് രാജ്യത്തെ നേതാക്കന്മാരുമായി നിങ്ങളുടെ നേതാവ് സെല്‍ഫി എടുത്തത് കൊണ്ട് അവിടുത്തെ ജനങ്ങള്‍ മുഴുവന്‍ നമ്മുടെ കൂടെയാണെന്ന് കരുതരുത്. അന്താരാഷ്ട്ര സമൂഹം നമ്മളെ എങ്ങനെ കാണുന്നു എന്ന് മുകളിലെ ട്വീറ്റില്‍ നിന്ന് വ്യക്തമാണു. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും UN ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും പറയുന്നവരെയും കണ്ടു. ഇന്ത്യയിലെ ഇരു സഭാകളും ഭൂരിപക്ഷത്തോടെ പാസാക്കിയതാണത്രെ! ഭരിക്കുന്നതിനു ഭൂരിപക്ഷം കിട്ടി എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല എന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ !!.

ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമൂഹം കുറെയേറെ കരാറുകളുടെയും, ഒത്തുതീര്‍പ്പുകളുടെയും, പെരുമാറ്റച്ചട്ടങ്ങളുടെയും, രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സഖ്യങ്ങളുടെയും, രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള താല്‍ക്കാലിക സന്ധികളുടെയും, സമാധാന ഉടമ്പടികളുടെയും ഒക്കെ മുകളിലാണു നിലനില്‍ക്കുന്നത്. അന്യോന്യം അതൊക്കെ പാലിക്കുക എന്നത് എല്ലാവര്‍ക്കുമുള്ള ധാര്‍മിക ഉത്തരവാദിത്വം ആണു. പലപ്പോഴും അത് ലഘിക്കപ്പെടുമ്പോള്‍ ആണു UN ഇടപെടണം എന്നൊക്കെ പലരും ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവിടെയിപ്പോള്‍ UN നേരിട്ട് ഇടപെട്ടു അഭിപ്രായം പറഞ്ഞു എന്നേയുള്ളു.

എന്തായാലും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യ വീണ്ടും ചര്‍ച്ചയാകുന്നു. നെഗറ്റീവ് പബ്ലിസിറ്റി ആണു കിട്ടുന്നതെന്ന് മാത്രം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുറച്ച് എം പി മാരെ കൂടി ഇന്ത്യ സന്ദര്‍ശിക്കാന്‍ നമുക്ക് ക്ഷണിക്കാം. അതിനായി മാഡി ശര്‍മ്മയെ നമുക്ക് ചട്ടം കെട്ടാം. നാടകം നമുക്ക് ഇനിയും തുടരൂ..