അയാൾ പുറകിൽ നിന്ന് വെട്ടിവീഴ്ത്തപ്പെടുമ്പോൾ നമുക്കാണ് മനസ്സ് നൊന്തത്

0
93

അനിൽ വടക്കാഞ്ചേരി

ഇന്നലെ രാത്രി ….ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായാണ് അവസാനിച്ചത് … ഇല്ല… ദൈവങ്ങൾക്ക് മരണമില്ല …ആരായിരുന്നു അയാൾ എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ കാൽപന്ത് കളിയുടെ ദൈവമായിരുന്നു അയാൾ …86 ൽ നാട്ടിൻപുറം നഗരം എന്ന വ്യത്യാസമില്ലാതെ നമ്മുടെ കൊച്ചു Image may contain: one or more people and outdoorടെലിവിഷനുകളിൽ അയാൾ പന്തുരുട്ടി ലോകത്തെ വരുതിയിലാക്കി .. അല്ല ലോകം ഒരു പന്തിലേക്ക് ചുരുങ്ങുമ്പോൾ അയാൾ തൻ്റെ മാന്ത്രികതയുമായി ഫുൾബോൾ ദൈവമായി മാറി എന്നതാണ് സത്യം ..പീറ്റർ ഷിൽട്ടൻ്റെ കണ്ണീരിനൊപ്പം ലോകത്തിനായ് ദൈവത്തിൻ്റെ കൈ പിറന്നു ….

കളിക്കളങ്ങളിൽ ആ കുറിയ മനുഷ്യൻ നൃത്തം ചവിട്ടി.. ഗാലറികൾ നിർത്താതെ ത്രസിച്ച് അയാളുടെ നാമം വിളിച്ച് പറഞ്ഞു നമ്മളിവിടെ ആർപ്പ് വിളിച്ച് അയാളുടെ മാന്ത്രിക നിമിഷങ്ങൾ വർണ്ണിച്ച് മതിയാവാതെ വിസ്മയം കൊണ്ടു .. അയാൾ കളിക്കളം നിറഞ്ഞാടുമ്പോൾ പന്തുമായി കുതിക്കുമ്പോൾ നാം ശ്വാസമടക്കി പ്രാർത്ഥിച്ചു .. അയാൾ പുറകിൽ നിന്ന് വെട്ടിവീഴ്ത്തപ്പെടുമ്പോൾ നമുക്കാണ് മനസ്സ് നൊന്തത് . എതിർ കളിക്കാരെ നമ്മുടെ ശത്രുക്കളായി .. അയാൾ സഹകളിക്കാർക്കായി റഫറിയോട് കെഞ്ചുമ്പോൾ കലഹിക്കുമ്പോൾ നിസ്സഹായനാവുമ്പോൾ നമ്മളയാളെ ചേർത്ത് പിടിച്ചു …കാലിൽ ഒട്ടിച്ച് വച്ച പന്തുമായി അയാൾ സ്വസിദ്ധമായ ശൈലിയിൽ ഡ്രിബ്ലിങ്ങ് നടത്തി മൈതാനത്തിൻ്റെ അരിക് പറ്റി പായുമ്പോൾ നീട്ടിക്കുറുക്കി ഷോട്ടുകൾ പായിക്കുമ്പോൾ ഈ ലോകമാണ് നിശബ്ദമായത് ..94 ൽ അയാൾ നമ്മെ കരയിച്ചു .. ലഹരി മരുന്നിൻ്റെ കഥകൾ കേട്ട് നമ്മൾ വേദനിച്ചു… . എങ്കിലും നെഞ്ചിലയാൾ സ്നേഹത്തിൻ്റെ പെരുമ്പറ കൊട്ടിക്കൊണ്ടേയിരുന്നു .. കാരണം അയാളായിരുന്നു നമ്മുടെ ലഹരി .. ഫുൾബോളെന്നാൽ മറഡോണയെന്നും രാജ്യമെന്നാൽ അതയാളുടെ അർജ്ജൻ്റീനയുമായിക്കഴിഞ്ഞിരുന്നു നമുക്ക് …

2010 ലോകകപ്പിൽ വലിയ ശരീരവും ചെറിയ മനസ്സുമായി അർജ്ജൻ്റീന ടീമിൻ്റെ കോച്ചായി ദൈവം വീണ്ടും അവതരിച്ചു … അന്ന് കളിക്കളത്തിന് പുറത്ത് അയാളുടെ ടെൻഷനും സന്തോഷവും നിരാശയും നമ്മൾ കണ്ടു . ആ മനുഷ്യൻ ഒരിക്കലും തോറ്റ് പോകരുതേ എന്ന് നമ്മളും ആത്മാർത്ഥമായി പ്രാർത്ഥിച്ചു ..അയാളാണ് കളിക്കളത്തിലെന്ന പോലെ രണ്ടു കൈയ്യും ഉയർത്തി ഇന്നലെ മരണത്തിന് കീഴടങ്ങി എന്ന് ലോകം പറഞ്ഞത് …അത് വിശ്വസിക്കാൻ സൗകര്യമില്ല .. അതിനാവുന്നില്ല എന്നതാണ് സത്യവും ..ലോകത്തിൻ്റെ ഏതോ ഒരു കോണിൽ അയാൾ നമ്മേപ്പോലെ മിടിച്ച് കൊണ്ടിരിക്കുന്നു എന്ന വിശ്വാസമായിരുന്നു മനസ്സിലെപ്പോഴും അതിനിയും തുടരും ..പത്ത് എന്നത് വെറും ഒരക്കമല്ല ഇളം നീലയും വെള്ളയും വെറും നിറങ്ങളല്ല അർജ്ജൻ്റീന വെറുമൊരു രാജ്യവുമല്ല …അയാൾ ഏറെ സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്ന ഫിദൽ കാസ്ട്രോ വിടവാങ്ങിയ നവംബർ 25 തന്നെ അദ്ദേഹവും തിരഞ്ഞെടുത്തു എന്നത് യാദ്യശ്ചികം ആയിരിക്കാം ….ഇല്ല ദൈവം മരിക്കുന്നില്ല …എത്രയെഴുതിയാലും തീരാത്ത സ്നേഹത്തോടെ