Anil Zain എഴുതുന്നു

“മോനെ, കത്തി താഴേഡ്രാ, കത്തി താഴേടാനാ പറഞ്ഞേ…
നിന്റെ അച്ഛനാടാ പറയ്ണേ, കത്തി താഴേഡ്രാ”

ഇതൊന്നു മാത്രം മതി, ചിത്രത്തെ തിരിച്ചറിയാൻ..
സേതുമാധവനേം അച്യുതൻനായരേം തിരിച്ചറിയാൻ..
കിരീടം എന്ന ചിത്രത്തെ തിരിച്ചറിയാൻ..

ഒരു ജൂലൈ 7 കൂടി നമുക്കരികിലേക്കു
പടികടന്നെത്തുമ്പോൾ ഈ ചിത്രത്തിന്
30 ആണ്ടു തികയുകയാണ്..
1989 ജൂലൈ മാസം 7 നായിരുന്നു കിരീടം എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം.

മലയാളിമനസ്സിന്റെ നൊമ്പരമായി വീണുടഞ്ഞ കിരീടത്തിന്റ ഓർമ്മയ്ക്ക് മുപ്പതു വയസ്സ്..

Anil Zain
Anil Zain

ഈ കാലഘട്ടത്തിലും കിരീടത്തെ ഓർത്തെടുക്കുന്നവർ ഒരുപിടിയാണ്.
ഒരു ചെറു കാറ്റുപോലെ, കൊച്ചരുവി പോലെ, അലിയുന്ന നിലാവുപോലെ,
വിടരുന്നിളം പൂ പോലെ തെളിമയാർന്ന
ഒരു കൊച്ചു ചിത്രമായിരുന്നു കിരീടം.

സ്നേഹനിധിയായ അച്ഛന്റെയും, അച്ഛനെ ജീവനേക്കാളേറെ സ്നേഹിച്ച മകന്റേയും
കഥ.
നൈർമ്മല്ല്യം തുളുമ്പുന്ന ഇത്തരം സ്നേഹബന്ധങ്ങൾ തനിയാവർത്തനങ്ങളാകുന്നു.

ഈ ചിത്ര കാലഘട്ടത്തിൽ നമ്മിൽ പലരും
അന്നാ മകനായിരുന്നെങ്കിൽ, കാലം പോകെ ഇന്നാച്ഛനായി മാറിയിരിക്കുന്നു..

ഓർമ്മകൾക്കെന്തു സുഗന്ധമാണ്..
ഇന്നിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നന്ന് .

Image result for kireedam filmപഠനശേഷമുള്ള ജോലിയന്വേഷണം, അതൊരു പരീക്ഷണ കാലഘട്ടം തന്നെയായിരുന്നു..

ജോലി എന്തായി എന്ന നൂറായിരം നാവുകൾക്കിടയിൽ നീറിപുകഞ്ഞ കാലം.
ഇന്നത്തെ പോലെ കൈ എത്തും ദൂരത്തായിരുന്നില്ല ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകളും..
എംപ്ലോയ്‌മെന്റ് എക്‌സ്ച്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തതിനുശേഷം psc അടക്കമുള്ള പത്രപരസ്യങ്ങളിൽ ജോലി അപേക്ഷിച്ചു പോസ്റ്റ്മാനെ കാത്തിരുന്ന കാലം..

പാടത്തോ, പറമ്പിലോ പന്തു കളിച്ചോ, ലൈബ്രറിയിലെ വായനക്ക് ശേഷമോ,
കൂട്ടുകാരുമൊത്തുള്ള കൊച്ചു കൊച്ചു സൊറപറച്ചിലിനു ശേഷമോ സന്ധ്യമയങ്ങി
വീട്ടിലെത്തുമ്പോൾ അച്ഛന്റെ ഒരു ശാസനയുണ്ടാകും..
മറുപടി പറയാതെ ഒരു തെറ്റുകാരനെ പോലെ തലയും കുമ്പിട്ടു കടന്നുപോകുമ്പോൾ, അടുക്കളയിൽ നിന്നും കടുകു പൊട്ടുന്ന ശബ്ദവും ഉള്ളിയും മുളകും മൂക്കുന്ന ഗന്ധവും അലയടിക്കുന്നുണ്ടാകും..
‘അമ്മ വിളമ്പിതരുന്ന ചോറും കഴിച്ചു മിണ്ടാതെ മുറിയിലേക്ക് കടക്കുമ്പോൾ പിന്നീടെപ്പോഴോ അവനെന്തെങ്കിലും കഴിച്ചോ എന്നു സ്നേഹസ്വരത്തിൽ ചോദിക്കുന്ന അച്ഛന്റെ ശബ്ദത്തിൽ അതുവരെ തോന്നിയിരുന്ന സകല പരിഭവങ്ങളും അലിഞ്ഞില്ലാതാകും..

Image result for kireedam filmആ കാലത്തിന്റെ പരിച്ഛേദമായിരുന്നു കിരീടം.
അച്ഛൻ-മകൻ ആത്മബന്ധത്തിന്റെ സൂഷ്മാംശങ്ങളിലൂടെ വികസിക്കുന്ന സിനിമയായിരുന്നത്.
നേർമ്മയോടെ വാക്കുകൾ കൊണ്ട് ഹൃദയത്തെ തഴുകി തലോടാൻ കെൽപ്പുള്ള പ്രിയ ലോഹിയിൽ നിന്നും തന്നെയാണതിന്റെ പിറവി.
സിബി മലയിലിന്റെ സംവിധാനവും..

അഭിനയ ജീവിതത്തിൽ മോഹന്ലാലിനെ പോലുള്ള അതുല്യ നടനെ വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷേ ഒന്നുണ്ട്, ഇതുവരെ ലാൽ അഭിനയിച്ച മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് കിരീടമായിരിക്കുമെന്നു നിസ്സംശയം പറയാം.

ഒരു പ്രായത്തിൽ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ പ്രതിനിധി തന്നെയായിരുന്നു സേതുമാധവൻ.
മനസ്സിലാഗ്രഹിക്കുന്ന ജോലിയും, കൊച്ചു കൊച്ചു കുസൃതികളും, ചെറു പ്രണയവുമൊക്കെയുള്ള ഒരു സാധാരണ യുവത്വം.
ഒരു കാലത്തെ യുവതയുടെ പ്രതീകം..

ഒരിക്കൽ ഞാനും അങ്ങിനായിരുന്നല്ലോ❤️

Related imageഇത്രമേൽ പ്രഗത്ഭനായ ലാലിനൊപ്പം നിൽക്കാൻ അത്രമേൽ കരുത്തനാകേണ്ടേ അച്ഛനും?
ഉന്നം തെറ്റിയില്ല..
കോൺസ്റ്റബിൾ ആയ അച്യുതൻനായരായി അതാ സാക്ഷാൽ തിലകൻ.

മത്സരിച്ചഭിനയിക്കുന്നവർക്കിടയിൽ പ്രേക്ഷകൻ അത്ഭുതപരതന്ത്രനായി..
അഭിനയത്തിനും ജീവിതത്തിനും ഇടയിലുള്ള നേർരേഖ നേർത്തു നേർത്തില്ലാതായി, തിരശീലയുടെ തിരിവിൽ നിന്നും അവൻ തീവ്ര ജീവിത്തിന്റെ ഭാഗഭാക്കായി…

ഒരു എഴുത്തുകാരന്റെ പൂർണ്ണ വിജയം.

ഈ സിനിമയെ ചുറ്റിപറ്റി ഒരുപാട് രസകരമായ വിശേഷങ്ങളുണ്ട്..

എൻ കൃഷ്ണകുമാർ-ദിനേശ്പണിക്കർ കൂട്ടുകെട്ടാണ് ഈ ചിത്രം നിർമ്മിച്ചത്.

ഈ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിനുശേഷം പിന്നീട് എൻ. കൃഷ്ണകുമാർ അറിയപ്പെട്ടത് കിരീടം ഉണ്ണി എന്ന പേരിലായിരുന്നു..

കിരീടം എന്ന പേര് ഐ വി ശശിയുടെ ചിത്രത്തിനായ് മാറ്റി വച്ച ഒന്നായിരുന്നു,
അദ്ദേഹത്തിന് ഇഷ്ട്ടപ്പെടാതിരുന്നതിനാൽ
സിബി മലയിൽ ഈ പേര് ഏറ്റെടുക്കുകയുമായിരുന്നു..
മുക്തി എന്നാക്കി മാറ്റി ഐ വി ശശി ചിത്രത്തിന്റെ പേര്..

Image result for kireedam filmഅന്ന് മോഹൻലാലിന്റെ പ്രതിഫലം നാലര ലക്ഷം രൂപയായിരുന്നു..
സൗഹൃദത്തിന് നൽകിയ വിട്ടുവീഴ്ചയിൽ നാലു ലക്ഷത്തിനാണ് മോഹൻലാൽ ചിത്രം പൂർത്തിയാക്കിയത്..

മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ,ഹിന്ദി,തമിഴ് ഭാഷകളിലേക്ക് ചിത്രം പുനർ സൃഷ്ടിക്കപ്പെട്ടു..
തമിഴ് ചിത്രത്തിന്റെ പേരും കിരീടം എന്നു തന്നെയായിരുന്നു..

ചിത്രത്തിലെ വില്ലനും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻ രാജ് എന്ന ഉയരക്കാരനായിരുന്നു കീരിക്കാടൻ ജോസ് എന്ന വില്ലനെ അവതരിപ്പിച്ചത്..
പിൽക്കാലത്തു അദ്ദേഹം അറിയപ്പെട്ടതും ഇതേ പേരിലായിരുന്നു..

Image result for kireedam film1989 വരെ പ്രധാനമായും വില്ലൻ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരുന്ന കൊച്ചിൻ ഹനീഫ യുടെ തമാശയിലേക്കുള്ള പ്രയാണമായിരുന്നു കിരീടം..
ഇന്നും മിമിക്രിക്കാർക്കിടയിൽ കൊച്ചിൻ ഹനീഫ എന്നാൽ ഹൈദ്രോസ് തന്നെയാണ്.

സിനിമാ പാക്കപ് ആയതിനുശേഷം
സിബിമലയിലിന്റെ പ്രത്യക അഭ്യർത്ഥന മാനിച്ചു ഒരു ദിനം കൂടി മോഹൻലാൽ വന്നഭിനയിക്കുകയുണ്ടായി..
ദേവിയെന്ന കാമുകിയോട് യാത്രാമൊഴിയർപ്പിച്ചു വിങ്ങിപൊട്ടാൻ വെമ്പുന്ന വേദനയോടെ, വിധിയുടെ തീച്ചൂളയിൽ മനമുരുകി കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടിന്റെ അകമ്പടിയോടെ നടന്നു പോകുന്ന സേതുമാധവനെ ആർക്കാണ് മറക്കാനാകുക?
അതായിരുന്നു ചിത്രീകരണം പൂർത്തിയായതിനുശേഷം കൂടുതലായി എടുത്ത സീൻ.
ആ ഒരു സീൻ ഇല്ലാതിരുന്നെങ്കിൽ ഈ ചിത്രത്തിന്റെ തീവ്ര നൊമ്പരം പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കപ്പെടുമായിരുന്നോ
എന്ന സംശയം ഉള്ളിൽ ബാക്കി നിൽക്കുന്നു.

ആ ഗാനത്തിന്റെ ശില്പികൾ കൈതപ്രവും ജോൺസൺ മാഷുമായിരുന്നു..
ഭാവസാന്ദ്രമായാലപിച്ചത് എം ജി ശ്രീകുമാറും.. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നുവത് .

നേരത്തെ സൂചിപ്പിച്ച പോലെ അച്ഛനും മകനും തമ്മിലുള്ള ഒരു പിടി വൈകാരികത നിറഞ്ഞ രംഗങ്ങൾ പ്രേക്ഷകനയനങ്ങളെ ഈറനണിയിക്കുന്നു.
അതിലൊന്നാണ് അച്യുതൻനായരും സഹ പോലീസുകാരനും രാത്രി റോന്തുചുറ്റലിൽ കടത്തിണ്ണയിൽ തല കുനിച്ചിരിക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തിനു നേരെ ടോർച്ചു തെളിയിക്കുമ്പോൾ കാണുന്ന സേതുവിന്റെ മുഖം.
നിസ്സഹായനായ സേതുവിന്റെ മുഖം കണ്ടു നെടുവീർപ്പിടുന്ന അച്ഛന്റെ നൊമ്പരം.
ലോക്കപ്പിലാകുന്ന മകനെ മർദ്ദിക്കേണ്ടി വരുന്ന അച്ഛന്റെ മാനസികാവസ്ഥയും
പ്രേക്ഷക ഹൃദയങ്ങളെ പൊള്ളിച്ചതാണ്.

ഒരിക്കൽ സേതു തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്,
നമ്മൾ പിരിയുകയാണ്, ഞാൻ മരിച്ചുപോയാൽ എന്റെ അച്ഛനോട് നീ പറയണം, ഈ ലോകത്ത് ഒരാളേയും ഞാനിത്രമാത്രം സ്നേഹിച്ചിട്ടില്ലെന്ന്.
മാപ്പു പറഞ്ഞൂന്നു പറയണം.
ആർദ്രത വറ്റാത്ത മനസ്സുകളൊക്കെ ആ നിമിഷമൊന്നു തേങ്ങിക്കാണും..

ജീവിതത്തിനും സ്വപ്നത്തിനുമിടയിൽ തനിക്കു മകൻ നഷ്ടമാകുന്നുവെന്നു തിരിച്ചറിയുന്ന പിതാവ്, തന്റെ മകൻ പോലീസ് ഇൻസ്‌പെക്ടറാകാൻ യോഗ്യനല്ലെന്നു മേലുദ്യോഗസ്ഥനു റിപ്പോർട്ട് കൊടുക്കുമ്പോൾ ആ മനപതർച്ച പ്രേക്ഷകനിലും പ്രതിഫലിച്ചിരുന്നു.
ഒരു പോലീസ് ഇൻസ്‌പെക്ടറായി കാണാൻ കൊതിച്ച മകന്റെ ചിത്രം നോട്ടീസ് ബോർഡിലെ നോട്ടപുള്ളികളുടെ സ്ഥാനത്തേക്ക് മാറ്റപ്പെടുന്നതോടെ ചിത്രമവസാനിക്കുമ്പോൾ കരയാൻ മറന്ന
അച്യുതൻനായർക്കൊപ്പം വ്രണിത
ഹൃദയനായി പ്രേക്ഷകനും പടിയിറങ്ങുന്നു..
മുപ്പതാണ്ട് തികയുന്ന ഈ വേളയിൽ എവിടൊക്കെയോ ചില നൊമ്പരങ്ങളെന്നിലും ഉള്ളുപൊള്ളിക്കുന്നു.
ഞാനുമെന്റെയച്ഛനെയോർക്കുന്നു..
പരാതികളും
പരിഭവങ്ങളും
അച്ഛനുണ്ടായിരുന്നില്ല.
മോഹങ്ങൾ ഉണ്ടായിരുന്നിരിക്കാം..
ഒന്നും പറഞ്ഞിരുന്നില്ല..
പറയാൻ ബാക്കിവച്ച ആ മോഹങ്ങൾ ഉള്ളിലുരുക്കി ഞാനീ കിരീടം ഇവിടെ അഴിച്ചുവയ്ക്കുന്നു..

#അനിൽസെയിൻ ❤️

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.